ഓർക്കുക, ഈ വിഷപ്പുകയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ നാം ഇനിയും മറന്നു പോകരുതാത്ത ചില പ്രധാന കാര്യങ്ങൾ ഉണ്ട്. നമ്മുടെ എക്കോ സിസ്റ്റത്തെയും ഫുഡ്‌ ചെയിനെയും വരെ കടന്നാക്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒരിക്കലും കത്തിക്കരുത് എന്ന് പറയുന്നതിന്‍റെ ആരോഗ്യപരമായ വസ്തുതകൾ പങ്കു വെയ്ക്കുന്നു കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. പ്രവിൺ വൽസലൻ.

വർഷങ്ങളായി ബ്രഹ്മപുരത്ത് തള്ളിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തീ പിടിച്ചപ്പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങൾ എറണാകുളം മൊത്തം പുകഞ്ഞു, പുക ശ്വസിച്ചു ശ്വാസം മുട്ടി. ദിവസങ്ങളുടെ പരിശ്രമം കൊണ്ട് പുക അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞു. എന്നാൽ പോലും പുക അന്തരീക്ഷത്തിൽ കൂടുതൽ അകലങ്ങളിൽ വരെ വ്യാപിച്ചു കഴിഞ്ഞു. വീശുന്ന കാറ്റിന്‍റെ ഗതി അനുസരിച്ചു പുക സമീപ ജില്ലകളിലേക്കും വ്യാപിക്കുകയുണ്ടായി.

വളരെ അധികം പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ലോകമെമ്പാടുമുള്ള ഒരു വലിയ പ്രശ്നമാണ്. എന്നാൽ ബ്രഹ്മപുരത്ത് സംഭവിച്ച മലിനീകരണം ഇതിലും വലിയ തോതിലാണ്. ഏക്കറുകണക്കിന് സ്ഥലത്ത് പ്ലാസ്‌റ്റിക്കും മറ്റ് മാലിന്യങ്ങളും വൻ കൂമ്പാരമായി കുമിഞ്ഞു കൂടുന്നതും കത്തിക്കുന്നതും എല്ലാം കൊച്ചിയെ സദാ മാരകമായ അന്തരീക്ഷ മലിനികരണത്തിന്‍റെ ഭീഷണിയിലാക്കുന്നുണ്ട് .

ഒരു പ്രദേശത്തു പ്ലാസ്റ്റിക് മാലിന്യം തീപ്പിടിക്കുമ്പോൾ ഉണ്ടാകുന്ന ഷോർട് ടെം പ്രശ്നങ്ങൾ വളരെ വലുതാണ്. ഈ പുക ശ്വസിക്കുന്നത് മൂലം പെട്ടെന്ന് ശ്വാസതടസവും തുടർന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും അക്യൂട്ട് ബ്രോങ്കൈറ്റിസ് ഉണ്ടാക്കുകയും ചെയ്യും. പുക നിറഞ്ഞ അന്തരീക്ഷത്തിൽ കഴിഞ്ഞാൽ ചുമ, ഓക്കാനം, തലവേദന, കാഴ്ച മങ്ങൽ തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ ഇത് റിയാക്ടീവ് എയർവേ ഡിസ്‌ഫംഗ്ഷൻ സിൻഡ്രോം (RADS), അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രോം (ARDS) പോലുള്ള കാര്യമായ ശ്വസന ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

പലപ്പോഴും ഈ അവസ്ഥ ആശുപത്രിവാസത്തിലേക്ക് രോഗിയെ എത്തിക്കാനിടയുണ്ട്. ചിലർക്കെങ്കിലും ICU, വെന്‍റിലേഷൻ ആവശ്യങ്ങൾ നേരിട്ടേക്കാം. ഇത് കെമിക്കൽ ന്യൂമോണിറ്റിസിന് കാരണമാകും. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ഇന്‍റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരെയാണ് പൊതുവെ അന്തരീക്ഷ മലിനീകരണം കൂടുതൽ ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ കത്തി ഉണ്ടാകുന്ന ദോഷകരമായ വാതകങ്ങളുമായുള്ള സമ്പർക്കം മൂലം ഈ രോഗ അവസ്ഥകൾ വീണ്ടും വഷളാകുന്നത് ആശുപത്രിവാസത്തിലേക്ക് നയിച്ചേക്കാം. കോമോർബിഡിറ്റികളുള്ള അതായത് രണ്ടിൽ കൂടുതൽ രോഗവസ്ഥകൾ ഉള്ള ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെ വിഷപ്പുക വളരെ മോശമായി ബാധിക്കാനിടയുണ്ട്. അതുപോലെ, ഗർഭിണികൾ, ശിശുക്കൾ, എന്നിവരെയും കൂടുതൽ ബാധിക്കുന്നു. അതിനാൽ നവ ജാത ശിശുക്കളെയും കുട്ടികളെയും ഈ വിഷ വാതകങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്.

അതേസമയം മാലിന്യം പുകഞ്ഞു പുറത്തു വരുന്ന ഈ കണികാ ദ്രവ്യങ്ങൾ ശ്വസിക്കുന്നതിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ എത്ര മാത്രം ഉണ്ട് എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാൽ പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ, ഡയോക്‌സിൻ പോലുള്ള രാസ പദാർത്ഥങ്ങൾ, ഫ്യൂറാൻ, മെർക്കുറി പോലുള്ള ഘനലോഹങ്ങൾ, പോളിക്ലോറിനേറ്റഡ് ബൈഫെനൈലുകൾ (പിസിബി), വിവിധതരം പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) തുടങ്ങിയ വിഷ ഉൽപന്നങ്ങൾ വലിയ അളവിൽ പുറത്തുവിടുന്നു. ഈ വിഷ പദാർത്ഥങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഭീഷണിയാണ്. പിവിസി കത്തിക്കുമ്പോൾ, അപകടകരമായ ഹാലൊജനേറ്റഡ്, ബ്രോമിനേറ്റഡ് സംയുക്തങ്ങൾ പുറന്തള്ളുന്നു, അവയെല്ലാം കാർസിനോജനുകളും മ്യൂട്ടജനുകളും ആണ്. അതായത് ക്യാൻസറിനും ജനിതക മാറ്റത്തിനും വരെ കാരണമായേക്കാം.

ഡയോക്‌സിനുകളും അതിന്‍റെ അന്തിമ ഉൽപ്പന്നങ്ങളിലൊന്നായ 2,3,7,8 ടെട്രാക്ലോറോഡിബെൻസോ- പി- ഡയോക്‌സിൻ (TCDD), ഏജന്‍റ് ഓറഞ്ചിന്‍റെ ഒരു ഭാഗമാണ്, ഇത് വിവിധതരം ക്യാൻസറുകൾ, തൈറോയ്ഡ് തകരാറുകൾ, പ്രമേഹം അടക്കം പല രോഗങ്ങൾക്ക് കാരണമാകും. ശിശുക്കളിലും കുട്ടികളിലും, ശാരീരികമായും ബുദ്ധിപരമായും ഉള്ള വളർച്ച വികാസത്തിനു തടസം ഉണ്ടാക്കാം. കരൾ, തൈറോയ്ഡ്, പല്ലുകൾ എന്നിവയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കാൻ കാരണമാകും. അവ പേഴ്സിസ്റ്റന്‍റ് ഓർഗാനിക് പൊല്യൂടന്‍റ്സ് അഥവാ നശിക്കാത്ത ഓർഗാനിക് മാലിന്യവസ്തുക്കൾ ആണ്. ഇവയ്ക്ക് എമിഷൻ സ്രോതസ്സിൽ നിന്ന് വളരെ ദൂരം സഞ്ചരിക്കാനും പല ഭക്ഷ്യ ശൃംഘലകളിലേക്ക് വരെ എത്തി ചേരാനും കഴിയും.

ഈ POP-കൾ വെള്ളത്തിലും നമ്മുടെ ആവാസവ്യവസ്ഥയിലും നിക്ഷേപിക്കപ്പെടുകയും അങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. അതുപോലെ, മൈക്രോപ്ലാസ്റ്റിക്‌സ്, ബിസ്‌ഫെനോൾസ്, താലേറ്റുകൾ തുടങ്ങിയ മറ്റ് വിഷ വസ്തുക്കളും ശരീരത്തിലെ ന്യൂറോ, എൻഡോക്രൈൻ, റിപ്രോഡക്റ്റീവ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിഷവസ്തുക്കളാണ്. വളരെ അധികം അളവിൽ ഇവ ശ്വസിക്കാൻ ഇടയായാൽ എംഫിസെമയ്ക്കും കാരണമാകും.

എന്നാൽ ഈ മാലിന്യപ്പുക ഉണ്ടാക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിന് കൂടുതൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്.

അതുകൊണ്ട് തന്നെ പുകയുടെ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചുറ്റും ധാരാളം പുകയോ പുകമഞ്ഞോ കാണുകയാണെങ്കിൽ പുറത്തിറങ്ങരുത്. ജനലുകളും വാതിലുകളും അടച്ചിടുക, വീടിനുള്ളിൽ എക്‌സ്‌ഹോസ്റ്റ് ഉണ്ടെങ്കിൽ അത് ഓണാക്കി വെയ്ക്കാം. N95 അല്ലെങ്കിൽ അതിലും നിലവാരമുള്ള മാസ്‌ക് ഉപയോഗിക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ ആ പ്രദേശത്തുനിന്നും മാറി താമസിക്കുന്നതും നന്നായിരിക്കും. മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ട സമയം ആണ്. പനി പടർന്നു പിടിക്കുന്ന കാലമാണിത്. പനിക്കൊപ്പം അന്തരീക്ഷ മലിനീകരണവും കൂടി ആവുമ്പോൾ ഫ്ലൂ ഒരു മാരകമായ പകർച്ചവ്യാധിയായി മാറാം. അതിനാൽ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും എപ്പോഴും മാസ്‌ക് ധരിക്കാനും ശ്രമിക്കുക.

– Dr. Pravin Valsalan, Senior Consultant Pulmonologist, Aster Medcity, Kochi

और कहानियां पढ़ने के लिए क्लिक करें...