വാക്കുകൾക്ക് അതീതമായ അപൂർവ്വമായൊരു സുഖാനുഭവമാണ് രൂപയുടെ ഓരോ വയലിൻ സംഗീതം. സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കോടിക്കണക്കിന് സംഗീതപ്രേമികളുടെ മനസിൽ കുളിർ മഴ പെയ്യിക്കുന്ന സംഗീതം. അതേ! രൂപയ്ക്ക് ജീവിതം തന്നെ സംഗീതമാണ്. കരിയറും ഹോബിയും വേറെ വേറെ നിൽക്കാത്തത്ര രീതിയിൽ 24×7 സംഗീത ലോകത്ത് ജീവിക്കുന്ന രൂപയുടെ വിശേഷങ്ങൾ.
പനിയും ചുമയുമൊക്കെ വന്ന് അവശയായിരിക്കുമ്പോഴാണ് രൂപയോട് സംസാരിക്കാനിട വന്നത് എങ്കിലും സംഗീതത്തെക്കുറിച്ച് പറയുമ്പോൾ അവർ എല്ലാ അസ്വസ്ഥതകളും മറന്നു. ഇത്രയേറെ ആഴത്തിൽ സംഗീതത്തെ ഉൾക്കൊള്ളുന്നതു കൊണ്ടാകാം, രൂപയുടെ വയലിനിലെ പാട്ടുകൾ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്.
രൂപയുടെ വയലിൻ എന്താണിത്ര എക്സ്ട്രാ ഓർഡിനറി ഫീൽ നൽകുന്നത്?
അങ്ങനെ എക്സ്ട്രാ ഓർഡിനറി എന്നു ചിന്തയിലല്ലാ വയലിൻ പ്ലേ ചെയ്യാറുള്ളത്. ഞാൻ പാട്ടിലെ വരികൾ ഒരുപാട് ഇഷടപ്പെടുന്ന ഒരാളാണ്. അത് മുറിഞ്ഞു പോകാതെ വായിക്കാൻ ശ്രമിക്കാറുണ്ട്, ആഗ്രഹിക്കാറുണ്ട്. എന്‍റെ ഗുരുനാഥന്മാർ എന്നെ ട്രെയിൻ ചെയ്യിപ്പിച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ്. പാട്ടിന്‍റെ സോൾ കളയാതെ വയലിൻ വായിക്കണം. യഥാർത്ഥത്തിൽ സോൾ കളയാതെ വായിക്കാൻ പറ്റുന്നതാണ് അതിനെ എക്സ്ട്രാ ഓഡിനറി ആക്കുന്നത്.
ഒരു പെർഫോമൻസിന് മുന്നേയുള്ള റൂട്ടീൻ തയ്യാറെടുപ്പുകൾ?
പ്രാക്ടീസ് ചെയ്യാറുണ്ട് ദിവസവും. എന്നാലും പ്രോഗ്രാമിനു മുമ്പ് അല്ലെങ്കിൽ ഒരു പെർഫോമൻസിനു മുമ്പ് കാര്യമായിട്ടൊന്നും ചെയ്യാറില്ല. പ്ലാൻഡ് അല്ല പ്രോഗ്രാമൊന്നും. പല തരക്കാരായ ഓഡിയൻസ് ഉണ്ടാകുമല്ലോ. ചിലപ്പോൾ റിസർവ്ഡ് ആയ കർണാടിക് മാത്രം ഇഷ്ടപ്പെടുന്നവർ ആയിരിക്കും. എന്‍റെ ഗുരുനാഥൻ പറയുന്നത്, സ്റ്റേജിൽ കയറുമ്പോൾ വന്നിരിക്കുന്ന എല്ലാ ആളുകളെയും രസിപ്പിക്കുന്ന രീതിയിൽ പ്ലേ ചെയ്യുക എന്നതാണ്. ഓഡിയൻസിന്‍റെ ഇഷ്ടമനുസരിച്ച് ചെയ്യുന്നതാണ് പ്രധാനം. കുട്ടിക്കാലത്തൊക്കെ പെർഫോമൻസിനു മുമ്പ് ഭയങ്കര ടെൻഷനുണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ കൂൾ ആണ്. കീബോർഡ് പ്ലെയറായ സുമേഷ് ആനന്ദ്, ഗിറ്റാറിസ്റ്റുകളായ ജോബി പയസ്, ജെറിൻ സാം, ഡ്രം പ്ലെയർ ജിയോ ജേക്കബ് ഇവരുൾപ്പെട്ട നല്ലൊരു ടീം എനിക്കൊപ്പമുണ്ടല്ലോ. അവരൊക്കെ കൂടെ ഉള്ളതിനാൽ ഞാൻ വളരെ കംഫർട്ടാണ്.
മ്യൂസിഷ്യൻ എന്ന കരിയറിലേക്ക് വരാൻ ഉള്ള സാഹചര്യം?
കുട്ടിക്കാലത്ത് പാട്ടുകൾ കേൾക്കുമ്പോൾ സ്വരങ്ങൾ പറയാൻ ശ്രമിക്കുമായിരുന്നു എന്ന് അച്‌ഛനും അമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയാണ് അച്‌ഛൻ വോക്കൽ പഠിപ്പിക്കാൻ 5 വയസിൽ ചേർക്കുന്നത്. കുറച്ചുനാൾ കഴിഞ്ഞ്, എനിക്ക് വയലിൻ എന്താണെന്നു പോലും അറിയാത്ത സമയത്താണ് വയലിൻ പഠിക്കുന്നത്. പത്താം ക്ലാസിലൊക്കെ ആയ സമയത്താണ് വയലിൻ പഠനവും സീരിയസായി തുടങ്ങിയത്. ഇതാണെന്‍റെ വഴി എന്ന് മനസിലാക്കിയതും തിരിച്ചറിഞ്ഞതും അപ്പോഴാണ്.
ഫേവറിറ്റായ വയലിൻ പീസ് ഉണ്ടോ…
അങ്ങനെ ഒരു കാര്യമില്ല. എല്ലാം ഇഷ്ടമാണ്. പ്ലാൻഡ് അല്ലാത്ത ചില സോംഗ്സൊക്കെ വായിക്കാൻ പെട്ടെന്ന് ഓഡിയൻസിൽ നിന്നൊക്കെ ചില ചോദ്യം വരാറുണ്ട്. ട്യൂൺ മനസിലായാൽ അതൊക്കെ ട്രൈ ചെയ്‌തു നോക്കും. അതെല്ലാം എന്‍റെ ഫേവറിറ്റ് ആണ്. പക്ഷേ ഞാൻ പ്ലേ ചെയ്ത സോംഗ്സിൽ ഏറ്റവും ഫേവറിറ്റ് ആയത് ഏത് എന്ന ചോദ്യം വളരെ ബുദ്ധിമുട്ടാണ് ഉത്തരം നൽകാൻ.
ഓപ്പൺ സ്റ്റേജ്, സോഷ്യൽ മീഡിയ പെർഫോമൻസുകളെ കുറിച്ച്
ഓപ്പൺ സ്റ്റേജിൽ ഓഡിയൻസിന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ടും കയ്യടിയും കേട്ടു വായിക്കുമ്പോൾ അതിന് എക്സ്ട്രാ എനർജി കൊടുത്താണ് പ്രോഗ്രാം ചെയ്യുക. ഓഡിയൻസിലേക്കിറങ്ങി അവരിലൊരാളായി മാറേണ്ടി വരും. സോഷ്യൽ മീഡിയയെ സംബന്ധിച്ചാണെങ്കിൽ ലൈവ് സ്റ്റേജിലെ എനർജി കൊടുക്കേണ്ടി വരാറില്ല. ഓപ്പൺ സ്റ്റേജിൽ പ്രോഗ്രാം ഹാൻഡിൽ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം.
എന്താണ് അടുത്ത അഞ്ചുവർഷത്തിൽ നേടാൻ ആഗ്രഹിക്കുന്ന ഒരു കാര്യം
ഒരു റെക്കോർഡിംഗിൽ നമ്പർ ഓഫ് ടേക്ക് കുറയ്ക്കുന്നതാണ് ഒരു മ്യൂസിഷ്യന്‍റെ ടാലന്‍റ് അതിനുവേണ്ടി പരിശ്രമിക്കണം. ഏതുപാട്ടും ഒറ്റ ടേക്കിൽ പെർഫെക്ഷനിലെത്തിക്കാനാണ് ഗുരുനാഥൻ പറയാറുള്ളത്. അതിനാൽ ഒരു സമയം വച്ച് ഞാൻ സംഗീതത്തെ സമീപിച്ചിട്ടില്ല. മ്യൂസിക് എന്ന് പറയുന്നത് ഒരിക്കലും പഠിച്ചു തീരില്ല.
യാത്രകൾ ഇഷ്ടമാണോ?
യാത്ര വലിയ താല്പര്യമില്ല. അതിനേക്കാളും മ്യൂസിക് ആണ്. ഹെക്ടിക് യാത്രകളാണ് കൂടുതലും ചെയ്തിട്ടുള്ളത്. പ്രോഗ്രാമിനു വേണ്ടി പോകുമ്പോൾ ശബ്ദം സൂക്ഷിക്കണമല്ലോ. അതിനാൽ യാത്രകൾ ആസ്വദിക്കാൻ കഴിയാറില്ല എന്നതാണ് സത്യം. ഫീൽഡിൽ വന്ന സമയത്ത് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ അങ്ങനെ സമയം കിട്ടാറില്ല. റെക്കോർഡിംഗിൽ തന്നെയാണ് കൂടുതൽ സമയവും എന്ന് വേണമെങ്കിൽ പറയാം. എന്നാൽ യാത്രകളിൽ ആസ്വദിക്കാൻ കിട്ടുന്ന ടേസ്റ്റുകൾ, ഒക്കെ. ഭക്ഷണം എനിക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും നാടൻ ഫുഡ്. അത് എവിടെയായാലും ട്രൈ ചെയ്യാറുണ്ട്.
ഫാഷൻ, ഇഷ്ടപ്പെട്ട കോസ്റ്റ്യൂം?
എനിക്ക് സിംപിൾ ആയ കോട്ടൺ ഡ്രസുകളാണ് ഇഷ്ടം. കുറച്ചു കൂടി പോഷ് സ്റ്റൈൽ ആകാം എന്നൊക്കെ ചിലരൊക്കെ പറയാറുണ്ട്. എന്നാൽ എനിക്ക് സിംപിൾ ആണിഷ്ടം. നല്ല സാരികൾ വാങ്ങിയിട്ട് ഇഷ്ടമുള്ള സ്റ്റൈൽ ഉണ്ടാക്കും. എന്‍റെ പ്രോഗ്രാമുകൾക്ക് ഞാൻ അങ്ങനെയാണ് വെറൈറ്റി ഡ്രസ്സുകൾ ഉണ്ടാക്കാറ്.
ഹോബികൾ എന്തെങ്കിലും?
എന്‍റെ ഹോബീസ് 24 മണിക്കൂറും മ്യൂസിക് മാത്രമാണ്. ഞാനൊരു അലർജിക് പേഴ്സൺ ആയതു കൊണ്ട് പെട്ടെന്ന് വീസിംഗ് ഒക്കെ വരും. കുട്ടിക്കാലത്ത് വീട്ടിൽ ലവ് ബേർഡിനെ ഒക്കെ വളർത്തിയപ്പോൾ വീസിംഗ് വരാറുണ്ടായിരുന്നു. എന്‍റെ ഹോബിയും കരിയറും എല്ലാം ഒന്നു തന്നെ. പുതിയ പാട്ട് പഠിക്കുക, 24×7 ഞാൻ മ്യൂസിക്കാണ്. അതിനപ്പുറം ഹോബിയില്ല.
കരിയറിനെ കുറിച്ച്
എനിക്ക് സംഗീതരംഗത്ത് വോക്കലിസ്റ്റ് ആയി എൻട്രി കിട്ടിയത് 2008ലെ സൂപ്പർ സ്റ്റാർ ഗ്ലോബൽ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. തുടർന്ന് എം ജയചന്ദ്രൻ സാർ സംഗീതം ചെയ്ത മാടമ്പി എന്ന ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടിലൂടെയാണ് സിനിമയിലേക്ക് വന്നത്. തുടർന്ന് വയലിനിസ്റ്റ് ആയിട്ട് ഇൻട്രൊഡ്യൂസ് ചെയ്യപ്പെട്ടത് തമിഴ് ചിത്രത്തിലാണ്. എംഎസ് വിശ്വനാഥൻ സാറിന്‍റെ ചിത്രത്തിലൂടെ. മലയാളത്തിൽ ആദ്യമായി വയലിൻ സിനിമയ്ക്കു വേണ്ടി ചെയ്തത് ഉറുമി എന്ന ചിത്രത്തിനാണ്. ദീപക്ദേവ് ആയിരുന്നു സംഗീതം. അതിനുശേഷം ഒരുപാട് നല്ല ചിത്രങ്ങളിൽ വായിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഏറ്റവും റീസന്‍റ് ആയിട്ട് എനിക്ക് ഗോൾഡൻ ഗ്ലോബ് ജേതാവ് കീരവാണി സാറിന്‍റെ ബിംബിസാര എന്ന ചിത്രത്തിൽ വയലിൻ വായിക്കാൻ അവസരം കിട്ടി. ബിജിബാൽ, ഷാൻ റഹ്മാൻ, ദീപക്ദേവ്, ഗോപി സുന്ദർ ഇങ്ങനെ നിരവധി സംഗീത സംവിധായകർ എനിക്ക് അവസരം നൽകി. 500 ഓളം ചിത്രങ്ങളിൽ വയലിനിസ്റ്റായി പ്രവർത്തിക്കാൻ കഴിഞ്ഞു.
പാട്ടുകാരിയായിട്ട് കുറച്ച് തെലുങ്ക്, കന്നട ചിത്രങ്ങളിൽ പാടി. കൂടുതലും എനിക്ക് അംഗീകാരം ലഭിച്ചത് വയലിനിസ്റ്റ് എന്ന നിലയിലാണ്. ഞാൻ വന്ന സമയത്ത് വയലിനിസ്റ്റുകൾ സ്ത്രീകൾ നിരവധി പേരുണ്ടെങ്കിലും പെർഫോമൻസ് ആയിട്ട് ആരും തന്നെ ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരുപാട് പെൺകുട്ടികൾ ഈ രംഗത്തുണ്ട്. പെൺകുട്ടികൾ വയലിൻ വായിക്കുമ്പോൾ ആളുകൾ കൗതുകത്തോടെ നോക്കി കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. എനിക്കും അത് കിട്ടിയിട്ടുണ്ട്. ഞാനത് നന്നായി എൻജോയ് ചെയ്തിട്ടുമുണ്ട്.
സെലിബ്രിറ്റി സ്റ്റാറ്റസ് ആസ്വദിക്കാറുണ്ടോ?
ആരെങ്കിലുമൊക്കെ ഫോട്ടൊ എടുക്കാനൊക്കെ വന്നാൽ വലിയ സന്തോഷമാണ്. എന്നെ തിരിച്ചറിയുന്നു എന്നറിയുന്നതു തന്നെ സന്തോഷമല്ലേ? അത്ര വലിയ സ്റ്റാറ്റസിലേക്കൊന്നും ഞാനെത്തിയിട്ടില്ലല്ലോ. ഈ ചോദ്യം ചിത്ര ചേച്ചിയ്ക്ക് ഒക്കെ അനുയോജ്യമായിരിക്കും.
ചിത്ര ചേച്ചിയൊടൊപ്പം ഉള്ള അനുഭവം
ചിത്ര ചേച്ചിയോടൊപ്പം ഒമ്പതു വർഷമായിട്ട് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നു. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് ചിത്ര ചേച്ചിയുടെ കൂടെ പോകുമ്പോൾ ചേച്ചി നിർബന്ധമായും ഒരു വയലിൻ സെഷൻ ചെയ്യിക്കും. വോക്കൽ പ്രോഗ്രാം ആണെങ്കിൽ പോലും ചെയ്യിക്കാറുണ്ട്. രണ്ടു കഴിവും ഷോകോയ്സ് ചെയ്യണം എന്ന നിർബന്ധമുണ്ട് ചേച്ചിക്ക്. ലിവിംഗ് ഗോഡ്സ്സാണ് എനിക്ക് ചിത്ര ചേച്ചി. അടുത്തു നിൽക്കുമ്പോൾ അങ്ങനെയാണ് തോന്നാറ്. ചിത്ര ചേച്ചിയ്ക്കൊപ്പമുള്ള ഓരോ പ്രോഗ്രാമും ഒരു പഠനമാണ്.
ആൺപെൺ ഭേദമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട വയലിനിസ്റ്റ് ആയല്ലോ?
ഫീമെയിൽ ആർട്ടിസ്റ്റ്, മെയിൽ ആർട്ടിസ്റ്റ് എന്നതിനുപരി ആളുകൾ എന്തു പെർഫോമൻസിലും പുതുമ ആഗ്രഹിക്കുന്നുണ്ട്. കൊറോണയ്ക്കു ശേഷം എല്ലാ രംഗവും ഒരുപാട് സജീവമായി കഴിഞ്ഞു. പുതിയതായി എന്താ ഉള്ളത് എന്നാണ് സമൂഹം തിരയുന്നത്. പ്രോഗ്രാം ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, നമ്മൾ പ്രേക്ഷകരിലെ ഒരാളായി മാറി പ്രോഗ്രാം ചെയ്താൽ അവർ നമ്മെ ഒരുപാട് സപ്പോർട്ട് ചെയ്‌തു കണ്ടിട്ടുണ്ട്. ലൈവ് പെർഫോമൻസിൽ എനിക്ക് നല്ല അനുഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സമൂഹ മാധ്യമങ്ങൾ ഉള്ളതു കൊണ്ട് സാധ്യതകൾ കൂടുതലാണ്. കംപ്ലീറ്റ് മ്യൂസിഷ്യൻ ആവുക എന്ന ലക്ഷ്യത്തോടെ വർക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ. ഇപ്പോഴും വയലിൻ പഠിക്കുന്നുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഗൈഡൻസ് നൽകാൻ ചിത്ര ചേച്ചിയെപ്പോലെയൊക്കെ ഉള്ള ലജന്‍റുകളെ ലഭിച്ചു എന്നതു തന്നെയാണ്. മൂവി റെക്കോർഡിംഗിന് പോകുമ്പോൾ കിട്ടിയ ഏറ്റവും വലിയ ഗുണം വ്യത്യസ്ത സംഗീതജ്ഞരുടെ കൂടെ വ്യത്യസ്തമായ ജോബുകൾ ചെയ്യാനും പഠിക്കാനും കഴിഞ്ഞു എന്നതാണ്.
ജീവിതത്തോടുള്ള കാഴ്ചപ്പാട്
ഒരുപാട് എക്സ്പെക്റ്റേഷൻസ് വച്ച് ഒന്നിനെയും സമീപിക്കാറില്ല. ഒരുപാട് അപ് ആന്‍റ് ഡൗൺസ് ജീവിതത്തിൽ ചെറിയ പ്രായം മുതൽ അനുഭവിച്ച വ്യക്‌തിയാണ് ഞാൻ. എന്‍റെ അച്‌ഛനും അമ്മയും തന്നെയാണ് എന്‍റെ റോൾ മോഡലുകൾ. അത്രയും നല്ല മാതാപിതാക്കൾ തന്നെയാണ് എന്‍റെ ഭാഗ്യവും. പഠനത്തിലും മത്സരങ്ങളിലും ഒക്കെ ഒന്നാം സ്‌ഥാനം നേടാൻ അച്‌ഛൻ ഉപദേശിച്ചിട്ടില്ല. നന്നായി ചെയ്യണം എന്നേ ഉപദേശിച്ചിട്ടുള്ളൂ.
കുറവുകൾ നികത്തി, ഇനിയും പരിശ്രമിക്കാമല്ലോ എന്ന പ്രേരണയും പ്രോത്സാഹനവും എന്നിൽ ഉണ്ടാക്കാൻ സഹായിച്ചത് അച്‌ഛന്‍റെ വാക്കുകളാണ്. ഇപ്പോഴും ഞാൻ ആ കാര്യം തന്നെയാണ് ഫോളോ ചെയ്യുന്നത്. ഏതു രംഗത്തായാലും മാക്സിമം പരിശ്രമിക്കുക. അങ്ങനെ ചെയ്താൽ നമ്മുടെ സ്പേസ് മറ്റാരും കൊണ്ടുപോകില്ല. ഇന്നല്ലെങ്കിൽ നാളെ നേട്ടങ്ങൾ നമ്മെ തേടിയെത്തും.
വോക്കലിൽ തുടങ്ങിയെങ്കിലും വയലിനിലാണ് പ്രശസ്തി
ഇടയ്ക്ക് വലിയൊരു ബ്രേയ്ക്ക് എടുത്തിട്ടാണ് ഞാൻ മ്യൂസിക്കിലേക്ക് തിരിച്ചു വന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ റീ എൻട്രി. അന്നെന്നെ ഹെൽപ്പ് ചെയ്തത് വയലിനാണ്. തുടർന്ന് അതിൽ തന്നെ ഉറച്ചു നിന്നു. എന്താണ് ഇനി ലക്ഷ്യം എന്ന് പലരും ചോദിക്കാറുണ്ട്. നല്ലൊരു മ്യൂസിഷനാവുക എന്നതു മാത്രമാണ് ലക്ഷ്യം. ഒരുപാട് സാധ്യതകൾ ഉണ്ട്.
വോക്കൽ പാടാത്തത് എന്തുകൊണ്ട് എന്നും ചോദിക്കാറുണ്ട്. ഡെലിവറിക്കു ശേഷം ചെറിയൊരു ബുദ്ധിമുട്ട് ശബ്ദത്തിനു വന്നു. ഈ വർഷത്തെ എന്‍റെ ഒരു ലക്ഷ്യം പാട്ടുപാടി വീഡിയോ ചെയ്യണം. എന്നതാണ് പാട്ടും വയലിനും ഒരുമിച്ച് ചെയ്ത് കുറച്ചു വീഡിയോസ് ഉടനെ ഉണ്ടാകും.
ഫാമിലിയെക്കുറിച്ച്
എന്‍റെ അച്‌ഛൻ രാമപൈ ചിത്ര കലാ അധ്യാപകനായിരുന്നു. അമ്മ പുഷ്പലത എൽഐസിയിൽ ജോലി ചെയ്യുന്നു. മകൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ശിവാരാധിക. കീരവാണി സാറിന്‍റെ ബിംബിസാര എന്ന ചിത്രത്തിനുവേണ്ടി പാടാൻ അവൾക്ക് ഭാഗ്യം ലഭിച്ചു. അവളുടെ ഒമ്പതാമത്തെ പിറന്നാളിന് വലിയൊരു സർപ്രൈസ് ആയിരുന്നു അത്. ഇൻഫോ പാർക്കിൽ ഉദ്യോഗസ്‌ഥനാണ് സഹോദരൻ ജിത്തു. അവനാണ് എന്‍റെ മ്യൂസിക്കൽ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. സത്യം പറഞ്ഞാൽ അച്‌ഛനും അമ്മയും എന്‍റെ ഗുരുക്കന്മാരും തന്ന സപ്പോർട്ടില്ലെങ്കിൽ ഞാൻ മ്യൂസിക്കിൽ എങ്ങും എത്തില്ലായിരുന്നു.