സ്വന്തമായി യു ട്യൂബ് ചാനലും സൗന്ദര്യ വർദ്ധകങ്ങളുടെ ബിസിനസും നടത്തി മാസം ലക്ഷകണക്കിന് രൂപയുടെ വരുമാനവുമുണ്ടാക്കുന്ന ചെന്നൈയിലെ ഈ മലയാളി വനിതയുടെ ജീവിത കഥ ആരെയും അമ്പരിപ്പിക്കുന്നതാണ്. വളരെ എളിയ നിലയിൽ നിന്നും തുടങ്ങി ബിസിനസ്സ് രംഗത്ത് വിജയം വരിച്ച കവിത യോഗ- ഫിറ്റ്നസ് ട്രെയ്നറും കൂടിയാണ്. ഇന്ത്യയും വിദേശത്തു നിന്നുമായി ഒട്ടനേകം പേർ ഓൺലൈനിലൂടെ കവിതയുടെ ഫിറ്റ്നസ് ട്രെയിനിംഗ് പരിശീലനം നേടുന്നുണ്ട്. ഈ വളർച്ചയ്ക്ക് പിന്നിൽ കവിതയുടെ കഠിനമായ അധ്വാനവും അർപ്പണവുമാണ്. 3 വർഷം മുമ്പാണ് കവിത “കവിസ് ലൈഫ് സ്റ്റൈൽ ലാബ്” എന്ന യു ട്യൂബ് ചാനൽ തുടങ്ങുന്നത്. ഇന്ന് ഏകദേശം 4 ലക്ഷത്തിനടുത്തു സബ്സ്ക്രൈബേഴ്സ് ഉണ്ട് ചാനലിന്. ധാരാളം ബ്യൂട്ടി ചാനലുകളുള്ള ഈ കാലത്ത് ചുരുങ്ങിയ സമയം കൊണ്ടുള്ള ഈ വളർച്ചയ്ക്ക് പിന്നിൽ കവിതയുടെ കഠിനമായ അധ്വാനവും പരിശ്രമവുമാണ്. ഒപ്പം മികച്ച കണ്ടെയ്നറുകളും.
ചെന്നൈയിൽ സാധാരണ കമ്പനികളിൽ ജോലി ചെയ്‌തു പിന്നീട് ബിസിനസ്സ് സംരംഭകയായി മാറിയ കവിതയ്ക്ക് പറയാനുള്ളത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ സ്വന്തം ജീവിത കഥയെക്കുറിച്ചാണ്. കൊല്ലത്തെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന കവിത കോളേജ് വിദ്യഭ്യാസത്തിനുശേഷം വിവാഹിതയായി. തുടർന്ന് ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനും ജന്മം നൽകി. വ്യക്‌തിപരമായ കാരണങ്ങളാൽ പൊരുത്തപെടാനാവാതെ വന്ന സാഹചര്യത്തിൽ വിവാഹമോചിതയായി. തുടർന്ന് ചെന്നൈയിൽ എത്തിയ കവിതയ്ക്ക് ധാരാളം വെല്ലുവിളികളെയും അതിജീവിക്കേണ്ടി വന്നു. കവിത സ്വന്തം ജീവിതത്തെ കുറിച്ച് പറയുന്നു.
പഴയ കവിതയിൽ നിന്നും പുതിയ കവിതയിലേക്കുള്ള യാത്ര
ഞാൻ ഇപ്പോൾ ആ പഴയ കവിതയേയല്ല. പഴയ എന്നെ ആർക്കൊക്കെ അറിയാമോ അതിൽ നിന്നും തികച്ചും ഡിഫറന്‍റായാ ആളാണ് ഞാൻ. പണ്ട് ഞാൻ വളരെ ഉൾവലിഞ്ഞു ഒരുപാട് സംസാരിക്കാത്ത ആളായിരുന്നു. പെട്ടെന്ന് ആരോടും അധികം അടുക്കുന്ന ആളായിരുന്നില്ല. പക്ഷെ തീവ്രമായ ലക്ഷ്യബോധമുള്ള ആളായിരുന്നു. എന്തൊക്കെയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷ അതെന്താണെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ജോലി ചെയ്തു ജീവിക്കണം എന്നാഗ്രഹത്തിലാണ് ജീവിച്ചു പോയികൊണ്ടിരുന്നത്. അങ്ങനെയാണ് ഞാൻ മക്കളെയും കൂട്ടി 2013ൽ ചെന്നൈയിൽ എത്തുന്നത്. തുടർന്ന് ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തു. മക്കളെക്കുറിച്ചുള്ള ചിന്തയിൽ നിന്നാണ് ജീവിതത്തിൽ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ച് തുടങ്ങിയത്. പഠനകാര്യങ്ങളിൽ അവൾ മുന്നിലായിരുന്നു. അതുകൊണ്ട് സാധാരണ സ്കൂളിൽ വിട്ടു പഠിപ്പിച്ചാൽ അവളുടെ പഠനത്തെയത് ബാധിക്കും. മികച്ച സ്കൂളിൽ തന്നെ അവളെ വിട്ട് പഠിപ്പിക്കണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കുട്ടികളെ ബാധിച്ചു കൂടായെന്ന് എിക്ക് നിർബന്ധമായിരുന്നു.
മറ്റൊരു ഘടകം ഓഫീസ് ജോലിയായിരുന്നു. 9-5.30 വരെ നമ്മൾ ജോലി ചെയ്യുന്നു. എന്നാൽ കയ്യിൽ കിട്ടുന്നതോ തുച്ഛമായ ശബളം. ഇങ്ങനെ പോയാൽ പറ്റില്ല എന്തെങ്കിലും ചെയ്യണം. ഓഫീസിലിരിക്കെ അടുത്തതായി എന്ത് ചെയ്യണമെന്നതിനെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടേയിരുന്നു. അന്നൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ഓഫീസിൽ പൊയ്ക്കൊണ്ടിരുന്നത്. എനിക്ക് ജോലിയിൽ താല്പര്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അങ്ങനെയാണ് 3 വർഷം മുമ്പ് ചാനൽ തുടങ്ങുന്നത്. ഓഫീസിൽ ഇരുന്നുകൊണ്ടായിരുന്നുവത്. ഭയങ്കര വരുമാനവും സബ്സ്ക്രൈബേഴ്സുമൊന്നും ആ സമയത്തുണ്ടായിരുന്നില്ല. എന്നാൽ ഇഷ്ടപ്പെട്ട് ഒരു കാര്യം ചെയ്യുമ്പോൾ തീർച്ചയായും വിജയം ഉണ്ടാകുമല്ലോ. തുടർന്ന് അതിനൊപ്പം ഹെർബൽ ഉത്പന്നങ്ങളുടെ ബിസിനസ്സും തുടങ്ങി.
ചാനൽ തുടങ്ങിയ സമയത്ത് എല്ലാവരും എന്നെ പരിഹസിച്ചിട്ടുണ്ട്. ഇത് നമ്മളെ കൊണ്ട് പറ്റുന്നതല്ല എന്നൊക്കെ. അതിന്‍റെ റീച്ചിൽ എത്തുകയെന്നുള്ളത് അന്ന് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. 1000 സബ്സ്ക്രൈബേഴ്സും 4000 വാച്ചിംഗ് അവേഴ്സും വേണമായിരുന്നു. അതൊക്കെ കിട്ടുകയെന്നത് അത്ര ഈസി ആയിരുന്നില്ല. ഇന്നത് കുറേക്കൂടി ഈസിയാണ്. പക്ഷെ ഫിനാൻഷ്യലി കുറച്ച് ഇൻഡിപെൻഡന്‍റ് ആകണം. മോളെ നല്ല രീതിയിൽ പഠിപ്പിക്കണം അതിനുള്ള വരുമാനം ഉണ്ടാക്കണം എന്ന് മാത്രമേ അപ്പോൾ ചിന്തിച്ചിരുന്നുള്ളൂ. കംപ്ലീറ്റ് എന്‍റർപ്രന്യൂർ ആയിയെന്നു വിചാരിക്കുന്നില്ല ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും ഞാൻ വിചാരിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള എന്‍റർപ്രന്യൂർ ആകാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
കവിസ് ലൈഫ് സ്റ്റൈൽ ലാബ് എന്ന പേരിന് പിന്നിലെ കഥ
യഥാർത്ഥത്തിൽ പേപ്പർ പോട്ട് എന്നായിരുന്നു എന്‍റെ ചാനലിന്‍റെ ആദ്യത്തെ പേര്. പിന്നീട് പേര് മാറ്റുകയായിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ട്. എനിക്ക് വളരെയടുപ്പമുള്ള കൂട്ടുകാരിയുണ്ട് കല. അവളിപ്പോൾ തിരുവനന്തപുരത്താണ്. അവളുടെ ഒരു സുഹൃത്തുണ്ട് വിനു. ഞങ്ങൾ മൂന്നുപേരും ഒരേ കോളേജിൽ പഠിച്ചവരാണ്. ഒരിക്കൽ ഞങ്ങൾ സൗഹൃദ സംഭാഷണം നടത്തികൊണ്ടിരിക്കെ വിനു എന്‍റെ മോളുമായി ഒരു ബെറ്റ് വച്ചു. ബെറ്റിൽ നീ തോൽക്കുകയാണെങ്കിൽ ഞാൻ പറയുന്ന കാര്യം നീ ചെയ്യണം എന്ന് വിനു മോളോട് പറഞ്ഞു. ഓകെ അങ്കിൾ എന്നവളും സമ്മതിച്ചു. ബെറ്റിൽ മോൾ തോറ്റുപോയി. ആ സമയത്തു വിനു അവൾക്കൊരു ടാസ്ക് കൊടുത്തു. നീ എന്തെലും ഇഷ്ടമുള്ള ഒരു വീഡിയോ ചെയ്‌തു എനിക്ക് അയച്ചു തരണമെന്നാണ് വിനു അവളോട് ആവശ്യപ്പെട്ടത്. അങ്ങനെ എന്‍റെ ചാനൽ പേപ്പർ പോട്ട്സിൽ അവൾ ചിക്കൻ കറി തയ്യാറാക്കുന്ന ഒരു വീഡിയോ ചെയ്തിട്ടു. വ്യക്‌തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആയിരുന്നുവത്. വളരെ കൂളായിട്ടാണ് മോളത് അവതരിപ്പിച്ചിരിക്കുന്നത്. ആ ഒരു വീഡിയോ അവൾ വിനുവിന് അയച്ചു കൊടുത്തു വീഡിയോ കണ്ടിട്ട് വിനു ഉടൻ തന്നെ ജിമെയിൽ ഐഡി ഉണ്ടാക്കി ചാനലിന് ഒരു പേരും കണ്ടുപിടിച്ചു. വിനുവിന്‍റെ കയ്യൊപ്പോടു കൂടി ഒരു സംരംഭം എന്ന നിലയിൽ എന്‍റെ ചാനൽ കവീസ് ലൈഫ് സ്റ്റൈൽ ലാബ് തുടക്കം കുറിക്കുകയായിരുന്നു.
അന്നതിന് 10-15 വ്യൂവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്തു മോൾ ഒമ്പതാം ക്ലാസ്സിൽ ആയിരുന്നു. പഠനത്തിന്‍റെ തിരക്കിലായതോടെ അമ്മയ്ക്ക് ചാനലിൽ എന്തെങ്കിലും ചെയ്തു കൂടെ എന്ന് അവൾ ചോദിച്ചു. അങ്ങനെ ഞാൻ മുഖം കാണിക്കാതെ വീഡിയോ ചെയ്യാൻ തുടങ്ങി. എന്‍റെ ഫസ്റ്റ് വീഡിയോ ഒരു ഡീറ്റോക്സ് ഡ്രിങ്ക് ആയിരുന്നു. അതിനു നല്ല വ്യൂസ് കിട്ടി. കുറച്ചുനാൾ കഴിഞ്ഞു പതുക്കെ പതുക്കെ ആ വീഡിയോക്ക് ഏകദേശം ഒരു മില്യാൺ വ്യൂസ് കിട്ടി. അതോടെ എനിക്ക് താല്പര്യം തോന്നി തുടങ്ങി. പിന്നീട് ഓരോ വീഡിയോസിനും 100-200 വ്യൂസ് വീതം കിട്ടാൻ തുടങ്ങി. ചാനൽ അതോടെ സജീവമായി.
സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ബിസിനസ് രംഗത്ത്
ആരോഗ്യ, സൗന്ദര്യ പരിപാലന കാര്യത്തിൽ വളരെയധികം താല്പര്യമുള്ള കൂട്ടത്തിലാണ് ഞാൻ. മാത്രവുമല്ല ചാനലിൽ അത്തരം കാര്യങ്ങളാണ് ഏറെയും ചെയ്യുന്നതും. അതുമായി ബന്ധപ്പെടുത്തിയാണ് ഹെയർ, സ്കിൻ കെയർ ഹെർബൽ ഉത്പന്നങ്ങൾ ഇറക്കി തുടങ്ങിയത്. നരയ്ക്കുള്ള ഹെന്ന ഇൻഡിഗോ പൗഡറാണ് അതിൽ പ്രധാനം. ഹെയർ ഡൈ ഉപയോഗിച്ച് പലർക്കും മുഖത്ത് പിഗ്മെന്‍റേഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഹോർമോൺ പ്രശ്നം ഒരു കാരണമാണെങ്കിലും ഡൈ ഒരു പരിധി വരെ പ്രശ്നമാകാറുണ്ട്. അതിനൊരു പരിഹാരമായാണ് ഹെന്ന ഇൻഡിഗോ പൗഡർ ഇറക്കിയത്.
ഹെയർ ഓയിൽ, ഹെയർ പായ്ക്ക്, ചർമ്മ സംരക്ഷണത്തിനായി ഹെർബൽ ഫേസ് വാഷ്, ബാത്ത് പൗഡർ, പിഗ്മെന്‍റേഷൻ പൗഡർ, പലതരത്തിലുള്ള സോപ്പുകൾ സ്കിൻ വൈറ്റനിംഗ് പായ്ക്കുകൾ, മോയ്സ്ച്ചുറൈസിംഗ് ക്രീം, നൈറ്റ് ക്രീം അങ്ങനെ തികച്ചും ഹെർബൽ ആയ ഉത്പന്നങ്ങളുടെ ഒരു നിര തന്നെയുണ്ട്. എന്‍റെ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഫലമുണ്ടായി എന്ന് കസ്റ്റമേഴ്സ് പറഞ്ഞു കേൾക്കുന്നതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രോത്സാഹനവും സമ്മാനവും. ഇതിൽ മിക്കതും പൗഡർ രൂപത്തിലുള്ള ഉത്പന്നങ്ങളാണ്. ഉത്പന്നങ്ങൾ തയ്യാറാക്കാനുള്ള ഹെർബുകൾ ശേഖരിച്ച് വളരെ ശ്രദ്ധയോടെയാണ് ഓരോ പ്രോഡക്റ്റും തയ്യാറാക്കുന്നത്. വളരെ ശ്രമകരമായ ജോലിയാണെങ്കിലും ഞാൻ അത് വളരെയധികം ഇഷ്ടത്തോടെയാണ് ഞാൻ അത് ചെയ്യുന്നത്.
ജീവിതം നൽകിയ പാഠം
ഭർത്താവിനെയായാലും മക്കളെയായാലും ആരെയും ആശ്രയിക്കരുത്. സ്വന്തം ജീവിതത്തെ ആരേയും ഏൽപ്പിക്കരുത്. നാളെ അവർ നമ്മുടെ കൂടെയുണ്ടാകും എന്ന് കരുതി ആശ്രയിക്കാതിരിക്കുക. സ്വതന്ത്യ്രമായി ജീവിക്കുക. ചെറിയ ജോലിയാണെങ്കിൽ കൂടി അത് ചെയ്‌ത് സ്വന്തം വരുമാനം കണ്ടെത്താമെന്ന ആത്മവിശ്വാസം ഉണ്ടാകണം. എപ്പോഴും നമുക്ക് എന്ന് ചിന്തിച്ചു കൊണ്ട് ഒരു ലൈഫ് സ്റ്റൈൽ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പ്രധാനം. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അവരെ വിശ്വസിച്ച് നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു ഒരു കാര്യവും ചെയ്യാതിരിക്കുക. നമ്മുടെ ബുദ്ധിയിലും ബലത്തിലും വിശ്വാസമർപ്പിച്ച് കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകുക. അതിൽ നിന്നുണ്ടാകുന്ന വിജയങ്ങൾക്ക് മാധുര്യം ഏറെയായിരിക്കും.
പ്രതിസന്ധികൾ
അത് ഓരൊരുത്തരെയും ആശ്രയിച്ചാണിരിക്കുന്നത്. അതിനെ അതിജീവിക്കാൻ കോമൺ സൊല്യൂഷൻ എന്നൊന്നില്ല. ഓരോത്തർക്കും ഓരോ രീതിയിലാണ് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരിക. വീട്ടിൽ നിന്നുള്ളത്, പ്രൊഫഷണൽ രംഗത്ത് നിന്നുള്ളത്. മറ്റ് മാനസിക പ്രയാസങ്ങൾ. സാമ്പത്തിക പ്രശ്നങ്ങൾ. അങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്. എന്താണ് നമ്മുടെ പ്രോബ്ലം എന്ന് നമ്മൾ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. അതിനുശേഷം അതിജീവിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങാം. ആരും അതിനുള്ള പരിഹാരം പറഞ്ഞു തരാൻ വരില്ല. നമ്മളെ സ്വയം കൂളാക്കി ആലോചിക്കാം. മെഡിറ്റേഷൻ ഇതിനെ നല്ലവണ്ണം സഹായിക്കും. എന്നെ സംബന്ധിച്ചാണെങ്കിൽ വ്യക്തിപരമായ കാരണത്താലാണ് ചെന്നൈ പോലെയുള്ള നഗരത്തിൽ ഞാൻ എത്തിയത്. അത്ര ഈസിയായ് ടാസ്ക് ആയിരുന്നില്ല. നാട്ടുകാർ അതേപ്പറ്റി പല രീതിയിൽ പ്രതികരിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് ആ സാഹചര്യത്തെ അതിജീവിച്ചെ പറ്റുമായിരുന്നുള്ളൂ.
അതിനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ ആത്മവിശ്വാസം നമ്മൾ വളർത്തി കൊണ്ടുവരണം. നമ്മൾ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിൽ ഉറച്ച് നിൽക്കുക. അതിനെ പരിപോഷിപ്പിച്ച് വളർത്തി കൊണ്ടു വരുന്നതിനെ പറ്റി ആലോചിക്കുക. നമ്മളെ സ്വയം കൂളാക്കുക എന്നതാണ് ആദ്യം വേണ്ടത്. നമ്മുടെ മേൽ നമുക്ക് വിശ്വാസം വേണം മറ്റുള്ളവർ എന്ത് പറഞ്ഞാലും എനിക്കെങ്ങനെ മൂവ് ചെയ്യണമെന്ന് അറിയാം. ജോലി ചെയ്യാനുള്ള കഴിവുണ്ട് എന്ന വിശ്വാസം മനസ്സിൽ ശക്തമായി തന്നെയുണ്ടാകണം. കുറച്ചു കഷ്ടപ്പെടേണ്ടി വരാം. ആരും നമ്മുടെ കൂടെ വരില്ല, ഒപ്പമുണ്ടാവില്ല എന്ന് ചിന്തിച്ചാൽ തന്നെ നമ്മുടെ പകുതി പ്രശ്നങ്ങൾ തീരും.
പിന്നെ വരുന്നതെല്ലാം ബോണസായിരിക്കും. ആരെങ്കിലും സഹായിക്കാൻ വരും എന്നൊക്കെ ചിന്തിച്ചാൽ ഒന്നും നടക്കില്ല.