കാരറ്റ് തിന്നാൽ കാഴ്ചശക്‌തി കൂടും… ഇനിയുമുണ്ട് ഒരുപാട്…

കാരറ്റ് കറുമുറെ കടിച്ചു തിന്നാൻ എന്ത് രസമാണ്. മിക്കവരും കാരറ്റ് സലാഡായും അല്ലാതെയും കഴിക്കാറുണ്ട്. ഓറഞ്ച് വർണ്ണത്തിലുള്ള കാരറ്റിന്‍റെ ഗുണം അറിഞ്ഞാൽ ആർക്കുമത് വെറുതെ കളയാൻ തോന്നില്ല.

വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഈ പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ സി, കെ, പ്രോട്ടീൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, ഡയറ്ററി ഫൈബർ മുതലായവയുടെ നല്ല ഉറവിടമാണിത്.

എല്ലാ സീസണിലും സുലഭമായി ലഭിക്കുന്ന ഈ പച്ചക്കറിയിൽ വളരെ കുറഞ്ഞ അളവിലെ കലോറി ഉള്ളൂ. അതിനാൽ ഡയറ്റ് നോക്കുന്നവർക്ക് കാരറ്റ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

ഡയറ്റിലൂടെ ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കാരറ്റ് അദ്ഭുതകരമായ ഒരു ലഘുഭക്ഷണമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ മുഖക്കുരു, ഡെർമറ്റൈറ്റിസ്, ചുണങ്ങ്, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കാരറ്റിന് കഴിയും. ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിരിക്കുന്നതിന് പുറമേ, അവയിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു

കാരറ്റിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തിനും രോഗശാന്തിയ്ക്കും പ്രധാനമാണ്. പച്ചക്കറികളിലെ വിറ്റാമിൻ എ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മ്യൂക്കസ് മെംബ്രേയിനിന്‍റെ രൂപീകരണത്തിലും സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. രോഗാണുക്കളെ ശരീരത്തിൽ നിന്ന് അകറ്റി നിർത്തി ഇത് പ്രതിരോധ കവചമായി പ്രവർത്തിക്കുന്നു.

കാഴ്ച മെച്ചപ്പെടുത്തും

വിറ്റാമിൻ എയുടെ കുറവ് ഡ്രൈ ഐ എന്ന അവസ്‌ഥയ്ക്ക് ഇടവരുത്താറുണ്ട്. ഇത് സാധാരണ കാഴ്ചയെ ബാധിക്കുകയും നിശാന്ധത ഉണ്ടാക്കുകയും ചെയ്യും. കാരറ്റിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്‍റി ഓക്സിഡന്‍റുകൾ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. റെറ്റിനയെയും ലെൻസിനെയും സംരക്ഷിക്കുന്നതിന് ഈ രണ്ട് പ്രകൃതിദത്ത സംയുക്തങ്ങൾ മികച്ചതാണ്. ആഴ്ചയിൽ രണ്ടിൽ കൂടുതൽ കാരറ്റ് കഴിക്കുന്ന സ്ത്രീകൾക്ക് കാരറ്റ് കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗ്ലോക്കോമ വരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ശാസ്ത്രീയ പഠനം പറയുന്നത്.

ശരീരഭാരം നിയന്ത്രിക്കാം

കഴിക്കാൻ ഏറ്റവും ആരോഗ്യകരമായ ലഘുഭക്ഷണമാണ് കാരറ്റ്. ഒരു കപ്പ് കാരറ്റിൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ. എന്നാൽ അതിനിരട്ടിയായി പോഷകങ്ങൾ ശരീരത്തിന് നൽകുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് കഴിക്കുന്നതിലൂടെ വയർ നിറഞ്ഞിരിക്കുന്ന അനുഭവം ഉണ്ടാകും. കഴിക്കുന്ന ഊർജ്ജത്തിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ കുറച്ച് കാരറ്റ് ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

ദഹനം മെച്ചപ്പെടുത്തും

കാരറ്റിൽ ധാരാളം നാരുകളും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഹ്രസ്വകാല, ദീർഘകാല ദഹനാ രോഗ്യത്തിന് പ്രധാനമാണ്. കൂടാതെ, ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുകയും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

കാരറ്റിൽ കുറഞ്ഞ അളവിൽ പ്രകൃതിദത്ത പഞ്ചസാരയുണ്ട്. ഈ പ്രകൃതിദത്ത പഞ്ചസാരയുമായി അവയിലുള്ള നാരുകൾ ചേരുമ്പോൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് നൽകുക. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് നിർഭയം കാരറ്റ് കഴിക്കാം. കുറഞ്ഞ പഞ്ചസാര അടങ്ങിയതും കാരറ്റ് പോലെ ധാരാളം നാരുകൾ അടങ്ങിയതുമായ പച്ചക്കറികൾ ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കും. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കാരറ്റിലുള്ള മറ്റ് പോഷകങ്ങൾ സഹായകരമാണ്.

എല്ലുകളെ ബലപ്പെടുത്തും

കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവ കാരറ്റിൽ വലിയ അളവിൽ ഇല്ലെങ്കിലും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇത് പ്രദാനം ചെയ്യുന്നുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും വികാസത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും ഈ മൂന്ന് പോഷകങ്ങളും അത്യന്താപേക്ഷിതമാണ്. അതിനാൽ കാരറ്റിനെ പ്രകൃതിദത്തവും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

और कहानियां पढ़ने के लिए क्लिक करें...