ജൂഹി ചാവ്‍ലയ്ക്ക് ശരിക്കും ഒരു മുഖവുരയുടെ ആവശ്യമില്ല. മലയാളികൾക്ക് വരെ ചിരപരിചതമായ മുഖം. ഹരികൃഷ്ണൻസിൽ ഹരികൃഷ്ണന്മാരുടെ കാമുകിയായ മീരയെ ആർക്കാണ് മറക്കാനാവുക. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ. കുഞ്ഞോളം തുള്ളി വന്നൊരഴകായ്… മലയാളികളുടെ മനസിലിടം പിടിച്ച ചുരുൾ മുടിയിളക്കി ചിരിച്ച ആ സുന്ദരി മീരയായി ജൂഹി ജീവിക്കുകയായിരുന്നല്ലോ.

ജൂഹി ചാവ്‍ലയെ ഓർക്കുമ്പോൾ ഏറ്റവുമാദ്യം നമ്മുടെ മനസിൽ ഓടിയെത്തുന്നത് നുണക്കുഴി വിരിയിച്ചുള്ള അവരുടെ വിടർന്ന ചിരിയും ഇടതൂർന്ന നീണ്ട ചുരുൾ മുടിയുമാണ്. കണ്ണിൽ വരെ ചിരിയുടെ അലകൾ. മുൻ മിസ് ഇന്ത്യാ താരം കൂടിയാണ് ജൂഹി ചാവ്‍ല.

ആദ്യ ചിത്രമായ ഖയാമത് സേ ഖയാമത് തക് ലെ നിഷ്കളങ്കയായ യുവകാമുകി മുതൽ ഗുലാബ് ഗാങ്ങ് ലെ അല്പം ഗ്രേ ഷേഡിൽ ഉള്ള കഥാപാത്രത്തെ വരെ എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കാണ് അവർ സിനിമയിൽ ജീവൻ പകർന്നിരിക്കുന്നത്.

ഖയാമത് സെ ഖയാമത് തക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന ജൂഹിയ്ക്കു പിന്നീട് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അക്കാലത്ത് സിനിമയുടെ വിജയ പരാജയങ്ങളെക്കുറിച്ച് അറിയുന്നതിനായി മറ്റൊരു പതിവും കൂടിയും ഉണ്ടായിരുന്നു.

സിനിമ ഹാളിന് പുറത്ത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം ആരായുക എന്നതായിരുന്നു. ഇത്തരത്തിൽ ജൂഹി ചാവ്‍ലയും അമീർ ഖാനും കൂടി അവരുടെ ആദ്യ ചിത്രത്തിന്‍റെ പ്രതികരണം അറിയുന്നതിനായി കാത്തുനിന്നിരുന്നു. പിന്നീട് ഇരുവരും ബോളിവുഡിലെ മുൻനിര നായികാ നായകന്മാരാവുകയായിരുന്നു. തുടർന്ന് ഡർ, അയന, ഹം ഹെ രാഹി പ്യാർ കെ, ബോൽ രാധ ബോൽ, യെസ് ബോസ്, ഇഷ്ക്, ഫിർ ഭി ദിൽ ഹെ ഹിന്ദുസ്താനി, ഡ്യൂപ്ലിക്കേറ്റ്, ലോഫർ, രാജു ബൻ ഗയാ ജെന്‍റിൽ മാൻ എന്നിങ്ങനെ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ജൂഹിയ്ക്കു മുതൽ കൂട്ടായുണ്ട്.

അമീറിനൊപ്പം ആദ്യ സിനിമയായ ഖയാ മത് സെ ഖയാമത് തക് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ജൂഹിയെയോ അമീറിനെയോ ആരും തന്നെ അറിഞ്ഞിരുന്നില്ല. പടം റിലീസ് ആയതോടെ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായി പിന്നീട് അവർ മാറുകയായിരുന്നു. അതേക്കുറിച്ച് രസകരമായ ഒരു കഥ തന്നെയുണ്ട്.

സിനിമയുടെ നിർമ്മാണം നടക്കുന്ന വേളയിൽ അക്കാലത്തു സിനിമ പോസ്റ്ററുകൾ ടാക്സി കാറുകളിൽ ഒട്ടിക്കുന്ന പതിവുണ്ടായിരുന്നു. ആ സമയത്ത് പോസ്റ്റർ ടാക്സി കാറിൽ ഒട്ടിക്കാമോയെന്ന ആവശ്യവുമായി ജൂഹി ടാക്സി ഡ്രൈവർമാരെ സമീപിക്കുകയുണ്ടായി. എന്നാൽ അവരെല്ലാവരും ആ ആവശ്യത്തിന് മുന്നിൽ കൈമലർത്തി. സിനിമ പോസ്റ്ററിലെ നായകന്‍റെ പടം ചൂണ്ടി ഇതാരാണ് എന്നവർ ചോദിച്ചു. ഇതാണ് നായകൻ അമീർ ഖാൻ എന്ന് ജൂഹി മറുപടി കൊടുത്തു. ഉടനടി നായികയുടെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് ഇതാരാണ് എന്നായി അവരുടെ അടുത്ത ചോദ്യം. “ഇത് ഞാനാണ്” എന്ന് ജൂഹി ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിക്കാൻ തയ്യാറായില്ല. ആ ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെയുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തിലവർ ഇടം പിടിക്കുകയായിരുന്നു.

ഷാരൂഖ് ഖാൻ, അമീർ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള ജൂഹിയുടെ കെമിസ്ട്രി സിനിമ പ്രേമികൾ ഏറെ ആഘോഷിച്ചിരുന്നു. ഋഷി കപൂറിനൊപ്പമുള്ള ജൂഹിയുടെ ചില സിനിമകളും 90 വമ്പൻ ഹിറ്റായിരുന്നു. ബോൽ രാധ ബോൽ, ലക് ബൈ ചാൻസ് എന്നിവ അത്തരത്തിൽ ഉള്ള ചില സിനിമകളാണ്.

നല്ല സിനിമകൾക്ക് മുൻതൂക്കം

ജീവിത ഗന്ധിയായ കഥകൾ ആസ്പദമാക്കിയുള്ള സിനിമയ്ക്കാണ് അവർ ഏറെ മുൻതൂക്കം നൽകിയിരുന്നെതെന്ന് അവരുടെ ഓരോ സിനിമകൾ നിരീക്ഷിച്ചാൽ മനസിലാകും.

ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടം പിടിക്കാത്ത ചില സിനിമകളും ജൂഹിയുടേതായി ഉണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമായിരുന്നു ഗുലാബ് ഗാംഗ്. പിന്നെ അർജുൻ പണ്ഡിറ്റ്. അല്പം നെഗറ്റീവ് പ്രതിച്ഛായയിൽ ഉള്ളതായിരുന്നു ഈ രണ്ട് ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ. അവർ ഏറെ ആസ്വദിച്ച് ചെയ്ത ഒന്നായിരുന്നു ഗുലാബ് ഗാംഗിലെ കഥാപാത്രം. മറ്റൊരു ചിത്രം ഭൂതനാഥ് ആണ്. വളരെ രസകരവും ഹൃദയസ്പർശിയായതും മനോഹരവുമായ നിമിഷങ്ങൾ അടങ്ങിയ ചിത്രമാണത്.

ക്രിക്കറ്റ്, സിനിമ നിർമ്മാണം

ഷാരൂഖ് ഖാനൊപ്പം ചേർന്ന് റെഡ് ചില്ലിസ് എന്‍റർടെയിൻമെന്‍റ്സ് എന്ന പേരിൽ സിനിമ നിർമ്മാണ കമ്പിനിയിലും ജൂഹി സജീവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹഉടമ കൂടിയാണ് താരം. ഷാരൂഖ് ഖാനാണ് മറ്റൊരു ഉടമ.

മിനി സ്ക്രീനിൽ

പൊതുവെ ബോളിവുഡ് നായികമാർക്ക് നായകന്മാരെപ്പോലെ വളരെ സുദീർഘമായ കരിയർ സിനിമയിൽ ഉണ്ടാകാറില്ല. എന്നാൽ ജൂഹിയെ സംബന്ധിച്ച് ടെലിവിഷൻ രംഗം മികച്ച അവസരമാവുകയായിരുന്നു. ഝലക്ക് ദിഖലാ ജാ യിൽ ജഡ്ജായും കുട്ടികളുടെ ചാറ്റ് ഷോ ആയ ബദ്മാഷ് കമ്പിനിയുടെ അവതാരകയായും ജൂഹി എത്തിയിരുന്നു.

പ്രണയം, വിവാഹം

കരിയറിന്‍റെ തുടക്ക കാലത്താണ് ബിസിനസ്സുകാരനായ ജയ് മെഹ്ത്തയുമായി ജൂഹി പരിചയത്തിലാവുന്നത്. തുടർന്ന് ഒരു വർഷം കഴിഞ്ഞു ജയ് മെഹ്ത ജൂഹിയോട് തന്‍റെ പ്രണയം തുറന്ന് പറയുകയായിരുന്നു. 95ൽ അവർ വിവാഹിതരായി. കരിയറിന്‍റെ തുടക്ക കാലമായതിനാൽ വിവാഹക്കാര്യം പുറത്തറിഞ്ഞാൽ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. വ്യവസായിയാണ് ജയ് മെഹ്ത. ജാൻവി മെഹ്ത, അർജുൻ മെഹ്ത എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

और कहानियां पढ़ने के लिए क्लिक करें...