മലയാളത്തിന്‍റെ മുഖശ്രീയാണ് അനു സിത്താര. കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന നടി. മികച്ചൊരു നർത്തകി കൂടിയായ അനു സിത്താര മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ മികവുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. അനു സിത്താരയ്ക്ക് 2023 ഏറെ പ്രതീക്ഷയുള്ള വർഷം കൂടിയാണ്.
പുതിയ വർഷം
എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വർഷമാണിത്. 3 സിനിമകൾ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരിയിൽ സന്തോഷം, മോമൊ ഇൻ ദുബായ്, മാർച്ചിൽ ഒരു തമിഴ് പടം എന്നിവയാണ് റിലീസ് ആകുന്ന പടങ്ങൾ.
ഇഷ്ട കഥാപാത്രം
മനസ്സിൽ ഇപ്പോഴും തറഞ്ഞു നിൽക്കുന്ന കഥാപാത്രം എന്ന് പറയുമ്പോൾ ഒന്ന് ക്യാപ്റ്റനിലെ അനിത സത്യനും പിന്നെ രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനിയുമാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങൾ. സന്തോഷവും സംഘർഷങ്ങളും പേറുന്ന കഥാപാത്രങ്ങൾ, അവരുടെ പ്രതീക്ഷകൾ. പോസിറ്റിവിറ്റി ഒക്കെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നുണ്ട്. മോമൊ ഇൻ ദുബായിലെ കഥാപാത്രവും ഇഷ്ടമാണ്.
നൃത്തം തരുന്ന ഊർജ്ജം
ഡാൻസ് ഒരുപാടിഷ്ടമാണ്. പക്ഷെ നൃത്തം പ്രാക്ടിസ് ചെയ്യാൻ മടി കാട്ടുന്ന കൂട്ടത്തിലാണ് ഞാൻ. ഒരു ഗ്യാപിനു ശേഷം നൃത്തം പ്രാക്ടീസ് ചെയ്‌തു തുടങ്ങുമ്പോൾ വല്ലാത്ത സ്റ്റാർട്ടിംഗ് ട്രബിൾ തോന്നാറുണ്ട്. ഒന്നു തുടങ്ങി കഴിഞ്ഞാൽ പിന്നെ തുടർച്ചയായി പ്രാക്ടീസ് ചെയ്യും. നൃത്തമെന്ന് പറയുന്നത് മനസ്സിന് സന്തോഷം പകരുന്ന ഒന്നാണ്. പ്രോഗ്രാമിന്‍റെ ഭാഗമായി സ്റ്റേജിൽ ചെയ്യുമ്പോഴും വെറുതെ നൃത്തം ചെയ്യുമ്പോഴും മറ്റ് ആർട്ടിസ്റ്റുകൾ പെർഫോം ചെയ്യുന്നത് കാണുമ്പോഴുമൊക്കെ മനസിനുണ്ടാക്കുന്ന ഊർജ്ജവും സന്തോഷവും വളരെ വലുതാണ്.
സന്തോഷവും സങ്കടവും
പ്രത്യേകിച്ച് കാരണമൊന്നും വേണ്ട സന്തോഷിക്കാൻ വളരെ ചെറിയ കാര്യത്തിൽ പോലും സന്തോഷിക്കുന്ന ആളാണ് ഞാൻ. അതുപോലെയാണ് സങ്കടവും ദേഷ്യവും വരുന്നത്. ദേഷ്യം വരാൻ നിസാര കാര്യം മതി. എല്ലാ ഇമോഷൻസിലൂടെയും കടന്നു പോകുന്നയാളാണ് ഞാൻ.
ഒഴിവ് വേളകൾ
ഒഴിവ് സമയങ്ങളിൽ സിനിമ കാണാറുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുണ്ട്. പിന്നെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങൾ സാധിക്കും. ചെറിയ യാത്രകൾ നടത്തും. നാട്ടിലാണെങ്കിൽ എനിക്കിഷ്ടമുള്ള കുറച്ച് സ്ഥലങ്ങൾ ഉണ്ട്. അവിടെ ഒന്ന് പോയി വരും.
പ്രിയപ്പെട്ട ബാല്യകാല സ്മരണ
മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഓർമ്മയെന്ന് പറയുന്നത് എന്‍റെ രണ്ട് കൂട്ടുകാരെ ചുറ്റിപറ്റി ഉള്ളതാണ്. അപ്പുവും മണിക്കുട്ടിയും. ഇവർ രണ്ടുപേരും എന്‍റെ അടുത്ത കൂട്ടുകാരായിരുന്നു. രണ്ടുപേരുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. വല്ലപ്പോഴുമാണ് അവരെ കാണുന്നത്. അതിൽ മണിക്കുട്ടി തമിഴ്നാട്ടുകാരിയാണ്. അവളിപ്പോഴും തമിഴ്നാട്ടിലാണ് ഉള്ളത്. ഇടയ്ക്ക് ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അപ്പുവിന്‍റെയും മണിക്കുട്ടിയുടെയും കൂടെയുള്ള നിമിഷങ്ങൾ എനിക്ക് വിലപ്പെട്ട ഓർമ്മകളാണ്. ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കാറുണ്ട്.
രസകരമായ അനുഭവം
ഒരു കുട്ടനാടൻ ബ്ലോഗിന്‍റെ ലൊക്കേഷനിൽ വച്ച് ഉണ്ടായ മനോഹരമായ ഒരു അനുഭവമുണ്ട്. ഒരു വിഷു സമയത്തായിരുന്നു ഷൂട്ടിംഗ്. വിഷുദിവസം ലൊക്കേഷനിലെ എല്ലാവർക്കും അഭിനേതാക്കൾ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർക്ക് വരെ മമ്മൂക്ക ഭക്ഷണം വിളമ്പി കൊടുത്തു. മമ്മൂക്കയ്ക്കൊപ്പം സദ്യ കഴിക്കാനുള്ള ഭാഗ്യമുണ്ടായത് വലിയൊരു ഓർമ്മയാണ്.
പ്രണയ വിവാഹവും അറേഞ്ച്ഡ് വിവാഹവും
വിവാഹം ഏത് രീതിയിൽ ഉള്ളതായാലും നമുക്ക് സന്തോഷമായിട്ട് ജീവിക്കാൻ കഴിയുകയെന്നതാണ് ഏറ്റവും വലിയ കാര്യം. പങ്കാളിയ്ക്ക് നമ്മളെ മനസിലാക്കാൻ കഴിയുക, നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സപ്പോർട്ട് ചെയ്യുക, സൗഹാർദ്ദപരമായ ബന്ധം ഉണ്ടാവുക, എന്തും തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടായിരിക്കുക, പങ്കാളിയ്ക്ക് പങ്കാളിയുടേതായ സ്പേസ് കൊടുക്കാനുള്ള മനസ്സ് കാട്ടുക ഇതൊക്കെയാണ് സന്തോഷകരമായ വിവാഹ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ.
ഭർത്താവിന്‍റെ ഇഷ്ടപ്പെട്ട ഗുണങ്ങൾ
വിഷ്ണുവേട്ടന്‍റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് പറയുന്നത് ക്ഷമയാണ്. അങ്ങനെ പെട്ടെന്നൊന്നും ദേഷ്യം വരില്ല. ഈയൊരു സ്വഭാവ ഗുണം കൊണ്ട് ചില സിറ്റ്വേവേഷനുകൾ വിഷ്ണുവേട്ടൻ തന്മയത്തോടെ കൈകാര്യം ചെയ്യും. അതുകൊണ്ട് അതിന്‍റേതായ ഗുണങ്ങൾ ഉണ്ടാകാറുണ്ട്. നേരെ മറിച്ച് എനിക്കാണെങ്കിൽ പെട്ടെന്ന് ദേഷ്യം വരും. അതുകൊണ്ട് വിഷ്ണുവേട്ടൻ കൂടെ ഉള്ളത് എനിക്ക് സഹായകരമായി തോന്നിയിട്ടുണ്ട്. പിന്നെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം വളരെ ആത്മാർത്ഥതയോടെ ചെയ്യുമെന്നതാണ് വിഷ്ണുവേട്ടന്‍റെ മറ്റൊരു ക്വാളിറ്റി. പക്ഷെ എടുത്ത് പറയേണ്ടത് വിഷ്ണുവേട്ടന്‍റെ ക്ഷമയെപ്പറ്റി തന്നെയാണ്. എനിക്കത് ഒട്ടുമില്ലതാനും.
സമീപകാലത്ത് നടത്തിയ യാത്രാനുഭവം
യാത്രകൾ ഇഷ്ടമാണ്. സമീപകാലത്ത് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള യാത്രകളാണ് ഏറെയും ഉണ്ടായിരുന്നത്. അങ്ങനെ ഇസ്രായേൽ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. യേശുദേവൻ ജനിച്ച സ്‌ഥലമായ ജറുസലേം, ബെത്ലേഹം ഒക്കെ കാണാൻ കഴിഞ്ഞു. ആ നാട്ടിലെ ജീവിതരീതിയെയും സംസ്കാരത്തെപ്പറ്റിയുമൊക്കെ അടുത്തറിയാനും മനസിലാക്കാനും കഴിഞ്ഞു. ഇന്ത്യക്കാരെ കണ്ടാൽ അവിടുത്തെ ആളുകൾ പെട്ടെന്ന് തിരിച്ചറിയും. അവർക്ക് ഇന്ത്യാക്കാരോട് പൊതുവെ ഒരിഷ്ടമുണ്ട്. ഇന്ത്യയിൽ എവിടെയാണ് എന്നവർ ചോദിക്കുകയും ചെയ്യും. കേരളമാണെന്ന് പറയുമ്പോൾ അവർക്ക് പെട്ടെന്ന് മനസിലാകും. നൈസ് പീപ്പിൾ എന്നവർ സ്നേഹപൂർവ്വം പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നും.
ഒറ്റയ്ക്കിരിക്കുമ്പോൾ
അത്തരം അവസരങ്ങളിൽ പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരുപാടല്ല. ഡയറി എഴുതും. ചെറുപ്പം മുതലെയുള്ള ശീലമാണിത്. ഓരോ ദിവസത്തെ കാര്യങ്ങൾ എഴുതി വയ്ക്കും. പ്രധാനപ്പെട്ട ഓർത്തിരിക്കേണ്ട കാര്യങ്ങൾ, ജീവിതത്തിലുണ്ടായ നല്ല സംഭവങ്ങൾ, സങ്കടങ്ങൾ ഒക്കെയും ഡയറിയിൽ കുറിച്ചിടും.
ഏകാന്തത
ബഹളങ്ങൾ ഒഴിഞ്ഞു തനിച്ചിരിക്കാൻ ഇഷ്ടപെടാറുണ്ട്. എന്‍റേതായ ഒരു സ്പേസ് ഒരുപാടിഷ്ടപ്പെടുന്നയാളാണ്. ഇത്തരമവസരങ്ങൾ നന്നായി ആസ്വദിക്കാറുണ്ട്. ആ സമയത്ത് പ്രത്യേകിച്ച് കൂടുതലായൊന്നും ചെയ്യില്ല. എന്നും ചെയ്യുന്ന കാര്യങ്ങൾ തന്നെ ചെയ്യും. ചിലപ്പോൾ പാചകം ചെയ്യും. ടിവി കാണും. മറ്റ് ചിലപ്പോൾ വെറുതെ അങ്ങനെ ഇരിക്കും. കിടന്നുറങ്ങും. എന്നാൽ ഇത് ഒരു പരിധിയിൽ കൂടുതലായാൽ ബോറടിക്കും. ഷൂട്ടിംഗും പ്രോഗോമും ഒക്കെയുള്ള തിരക്കുകൾക്കിടയിൽ ഒരു ദിവസം അങ്ങനെ വീണ് കിട്ടുന്നത് രസകരമാണ്.
ഏറ്റവും അടുത്ത സുഹൃത്ത്
ഫിലിം ഫീൽഡിൽ മാത്രമല്ല, പൊതുവെ ഏറ്റവുമടുത്ത കൂട്ടുകാരി ആരാണെന്ന് ചോദിച്ചാൽ ഞാൻ നിമിഷ സജയന്‍റെ പേര് പറയും. നിമിഷയുമായിട്ടും നിമിഷയുടെ കുടുംബവുമായിട്ടും എനിക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. നിമിഷയുടെ വീട്ടിൽ ചെന്നാൽ നിമിഷയുടെ മമ്മി എനിക്കും വിഷ്ണുവേട്ടനും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി തരാറുണ്ട്. നിമിഷയും എന്‍റെ വീട്ടിൽ വരാറുണ്ട്. നിമിഷയുടെ ഏറ്റവും വലിയ ക്വാളിറ്റി അവൾ എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോഴോ എന്തെങ്കിലും കിട്ടിയാലോ നിനക്കിതു വേണോ നീ എന്‍റെ കൂടെ വരുന്നോ എന്ന് വിളിച്ച് ചോദിക്കും. പക്ഷെ എല്ലാവരും അങ്ങനെ ആവണമെന്നില്ല. എനിക്കത്രയും പ്രാധാന്യം തരുന്നതു കൊണ്ടാണ് അവൾ അങ്ങനെ ചെയ്യുന്നത്. ഗോൾഡൻ വിസ എടുക്കാൻ പോയപ്പോഴും നീ ഗോൾഡൻ വിസ എടുക്കുന്നില്ലേ. വാ നമുക്കൊരുമിച്ച് പോയി എടുക്കാം എന്നവൾ ചോദിച്ചിരുന്നു. പക്ഷെ അതിനു മുമ്പ് തന്നെ ഞാൻ വിസ എടുത്തിരുന്നു. അവളുടെ ആ ആറ്റിറ്റ്യൂട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇടയ്ക്കൊക്കെ അവൾ വിളിച്ച് വിശേഷങ്ങൾ തിരക്കും. നേരിട്ട് കാണാൻ പറ്റുന്നില്ലെങ്കിലും ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവൾക്ക് ഞാനും എനിക്ക് അവളും കൂടെ ഉണ്ടാകും.
ഇഷ്ട സ്ഥലം
എന്‍റെ നാടായ വയനാട് തന്നെയാണ് എന്‍റെ ഇഷ്ട സ്‌ഥലം. ജനിച്ചു വളർന്ന നാടിനോട് പ്രത്യേക സ്നേഹവും ഇഷ്ടവുമൊക്കെ ഉണ്ടാകുമല്ലോ. മാത്രവുമല്ല എന്‍റെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ വയനാട്ടിലാണ്. ഈ ലോകത്ത് എവിടെ പോയാലും വയനാട് തന്നെയാണ് എന്‍റെ ഫേവറേറ്റ് പ്ലേസ്. വയനാട്ടിൽ എവിടെ പോയാലും എനിക്ക് സന്തോഷമാണ്.
അനു സിത്താര സ്വയം വിലയിരുത്തുകയാണെങ്കിൽ ഒരുപാട് പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ ഏതൊരാളെയും പോലെയുള്ള ഒരു വ്യക്തി.