കടപ്പുറം. സന്ധ്യ… ഹേമന്ത് തനിച്ചാണോയെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ടീച്ചർ…
കാലത്തിന്‍റേതായ യാതൊരു പരുക്കുകളുമില്ലാത്ത ദേഹത്തിൽ പഴയ പ്രസന്നതയിൽ…
ടീച്ചർ തനിച്ചാണോയെന്ന് ചോദിച്ചില്ല. ഭർത്താവിന്‍റെ മരണശേഷം ടീച്ചറെ എവിടേയും തനിച്ചേ കണ്ടിട്ടുള്ളൂ… എന്‍റെ സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടിലേക്ക് നോക്കി ഹേമന്ത് നീയങ്ങ് വളർന്നു പോയല്ലോയെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ച് നിന്നതേയുള്ളൂ.
താഴ്ന്ന ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും മുന്തിയ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും ടീച്ചറുടെ വീട്ടിലെ ട്യൂഷൻ കൂടെ കഴിഞ്ഞേ എനിക്ക് സ്കൂൾ വിട്ടാലും വീട്ടിലെത്താനാവൂ…
വീട്ടിലെത്തിയാലും അമ്മ കാപ്പിയും പലഹാരങ്ങളുമൊക്കെ തന്ന് പാഠപുസ്തകങ്ങൾക്ക് മുന്നെ പിടിച്ചിരുത്തും. ഉറക്കം വന്ന് തൂങ്ങുമ്പോഴാകും അമ്മ അവിടെ നിന്ന് എന്നെ എഴുന്നേൽപ്പിക്കുക. ചിലപ്പോ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാവും ഉറങ്ങുക.
താൻ നല്ലൊരു പഠിപ്പിസ്റ്റാവണമെന്ന് അച്ഛനെക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. ഇങ്ങനെ പഴയ കാലങ്ങളെ ഒരിക്കൽ കൂടെ ഓർത്തെടുക്കുമ്പോൾ ടീച്ചർ ചോദിച്ചു.
“ഹേമന്ത് ആ രാമൻ നായരെ അറിയോ?” ഞാൻ അറിയാമെന്ന ഭാവത്തിൽ തല കുലുക്കി.
നഗര ഹൃദയത്തിൽ തന്നെ അയാൾക്കൊരു സ്റ്റേഷനറി ഹോൾസെയിൽ കടയുണ്ട്.
കച്ചവടത്തിനായി നേർച്ചയർപ്പിക്കപ്പെട്ട ജീവിതമാണ് അയാളുടെതെന്നൊരു കുഴപ്പമേയുള്ളൂ.
ഒരു ദുശ്ശീലത്തിനും കീഴ്പ്പെടാത്ത ആൾ. സുമുഖൻ, സുന്ദരൻ. ടീച്ചറുമായി നല്ല ചേർച്ചയാകും അയാൾക്ക്… ഒരു മകൻ മാത്രമാണ് അയാൾക്കുള്ളത്.
പിന്നെ ആർക്ക് വേണ്ടിയാ അയാളിങ്ങനെ സമ്പാദിച്ച് കൂട്ടണതെന്നാ അയാളെ അറിയുന്നവരൊക്കെ ചോദിക്കുന്നത്. അയാളുടെ ഭാര്യ കടുത്ത ഹൃദരോഗിയാണെന്ന് ഹേമന്തിന് അറിയാമല്ലോ? അവർ അടുത്ത് തന്നെ മരിക്കും. അവർ മരിച്ചാൽ പിന്നെ എന്നെ വിവാഹം കഴിക്കണമെന്നാ അയാളുടെ ആഗ്രഹം.
ഈ ആവശ്യാർത്ഥം അയാളെത്ര കുറിയായി എന്‍റെ വീട്ടിൽ വരുന്നു. ഇങ്ങനെയൊരു ആവശ്യവുമായി വരരുതെന്ന് പറഞ്ഞിട്ടും അയാൾ വരുന്നുണ്ട്. ചിലപ്പോ സുഖമില്ലാത്ത ഭാര്യയേയും കൂട്ടി. അവരും താണുകേണ് പറയാറുണ്ട്. ഈ ബന്ധത്തിന് സമ്മതിക്കണമെന്ന്. ആൺതുണയില്ലാത്ത വീടാണ് തന്‍റേതെന്നും കണ്മുന്നിൽ രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്ന് പറഞ്ഞിട്ടും ഈ ആവശ്യത്തിന്‍റെ ലഹരിയിൽ അയാളിതൊക്കെ മറന്ന് വീണ്ടും വരും.
ഹേമന്തിനറിയില്ലേ ഞാനുമെന്‍റെ ഭർത്താവുമായുണ്ടായിരുന്ന ജീവിതം… ഗൾഫിൽ നിന്ന് ലീവിന് വന്നിട്ട് ഒരു രാത്രി ഉറങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല…
ഇപ്പോഴും അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല.
അങ്ങനെയെങ്കിൽ എനിക്കിങ്ങനെ ജീവിച്ചിരിക്കാനാവില്ല. സാധാരണ ഭാര്യ ഭർത്താക്കന്മാരെ പോലൊരു പിണക്കമോ കലഹമോ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അങ്ങനെയൊന്നിന്നും ഇടം തരാത്ത വിധം ഭാര്യ മക്കൾ അവരോടുള്ള സ്നേഹം അതിനായാണ് അദ്ദേഹം ജീവിച്ചത്.
അദ്ദേഹം മരിക്കുമ്പോൾ മക്കൾ മുതിർന്നിരുന്നില്ല.
എന്നിട്ടും ഞാനവരെ വളർത്തി. അച്‌ഛനില്ലാത്ത കുട്ടികളെന്ന ഫീൽ അനുഭവിപ്പിക്കാതെ… അവർക്കൊന്നിനുമൊരു കുറവും വരുത്തിയിട്ടില്ല. വസ്ത്രത്തിനും ആഹാരത്തിനും ആഹ്ദളാത്തിനും…
ചിലരൊക്കെ പറയാറുണ്ട്. ടീച്ചറേയും മക്കളേയും കണ്ടാൽ ചേച്ചിയും അനിയത്തിമാരുമാണെന്നേ തോന്നുവെന്ന്. മൂത്തവൾ നിയമത്തിനും ഇളയവൾ മെഡിസിനും പഠിക്കുന്നു.
ഞാനിപ്പോഴും ഓർക്കുന്നുണ്ട്.
ടീച്ചറുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാൽ പിന്നെ പിറ്റേ ദിവസം ടീച്ചർ ക്ലാസിലെത്തുക ഫോറിൻ പെന്നും പെൻസിലും വാസനയുള്ള റബറുമായൊക്കെയാണ്.
എന്നിട്ട് മറ്റാരും കാണാതെ തനിക്കത് കൈമാറാൻ ശ്രമിക്കുമ്പോൾ താനത് കൈപ്പറ്റാൻ മടിക്കുമ്പോൾ ടീച്ചർ പറയും.
പ്ലീസ് ഹേമന്ത് ഇത് വാങ്ങൂ. നിന്നോടിഷ്ടമുള്ളത് കൊണ്ടല്ലേ ഞാനിതൊക്കെ നിനക്ക് കൊണ്ട് വന്ന് തരുന്നതെന്ന്.
സത്യത്തിൽ, സെയിൽ ടാക്സ് ഓഫീസർ മൂർത്തിയുടെ മകന് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അനാവശ്യമായിരുന്നു അത്.
സ്റ്റേറ്റ്സിൽ നിന്ന് അമ്മാവന്മാരും ഗൾഫിൽ നിന്ന് ഇളയച്ഛന്മാരും അയക്കുന്നതിന് പുറമേയായിരുന്നു അത്.
ഞാൻ സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അച്‌ഛൻ ദൂരെയുള്ള ഒരു പട്ടണത്തിലേക്ക് ട്രാൻസ്ഫറായത്. പിന്നെ അവിടെയായി തുടർ വിദ്യാഭ്യാസം… ഈ വിവരം ധരിപ്പിക്കുവാനായി ടീച്ചറുടെ വീട്ടിൽ ചെന്നപ്പോഴും ടീച്ചറൊന്നേ പറഞ്ഞുള്ളൂ. നല്ലോണം പഠിക്കണം…
അവിടെയെത്തിയ ശേഷം കുറച്ച് നാൾ ടീച്ചർ ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു. പ്രത്യേകിച്ചും പഠന കാര്യങ്ങൾ. പിന്നെ എപ്പോഴോ അതും നിലച്ചു…
ടീച്ചറോട് ഞാൻ മക്കളെ തിരക്കി.
അവർ സുഖമായിരിക്കുന്നുവെന്നും ഇടക്ക് അവർ നിന്നെ തിരക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു. ടീച്ചറെ പോലൊരു അമ്മയെ കിട്ടിയതാണാ കുട്ടികളുടെ ജന്മസുകൃതം… അടുത്ത് തന്നെ രാമൻ നായരുടെ ഭാര്യ മരിക്കും….
അപ്പോളയാളുടെ ജീവിത സഖിയാകാനുള്ള ക്ഷണവുമായി അയാൾ വരും.
അന്നേരം ഞാനെന്ത് മറുപടിയാ ഹേമന്ത് അയാളോട് പറയുക…
ടീച്ചറുടെ ഈ ചോദ്യത്തിന് ഞാനെന്ത് ഉത്തരമാണ് പറയുക?
രാമൻ നായരെ ടീച്ചർ വിവാഹം കഴിക്കണമെന്നോ. അങ്ങനെ ഞാൻ പറഞ്ഞാലുമത് നടക്കണമെന്നില്ലല്ലോ. പിന്നെ എന്തിലും ഏതിലും അവരവരുടെ തീരുമാനമല്ലേ മറ്റൊരാൾ പറയുന്നതിനെക്കാളും മുന്നിട്ട് നിൽക്കുക?
ഇങ്ങനെയൊരുപാടു വേവലാതികളാൽ വിയർത്തും ഒരു ഉത്തരത്തിന്‍റെയും സാന്ത്വനത്തിലേക്ക് എത്താനാവാത്തതിന്‍റെ മൗനത്തെ ആചരിച്ചും കൊണ്ട് ഞാൻ ടീച്ചർക്ക് മുന്നെ നിന്നു…