ചെറുപ്പം മുതലേ സ്വപ്നം കാണുന്ന ഒന്നാണ് വിവാഹ ദിനം. ഈ ദിനം എന്നും ഓർമ്മിക്കപ്പെടുന്നതിന് ചർമ്മം തിളക്കമുള്ളതും സുന്ദരവുമായിരിക്കണം. അതിന് വിവാഹത്തിന് മുന്നോടിയായുള്ള ചർമ്മ പരിപാലനം ആവശ്യമാണ്. വിവാഹത്തിന് മുമ്പുള്ള ചർമ്മ സംരക്ഷണം പതിവ് ചർമ്മ സംരക്ഷണ ദിനചര്യകൾക്ക് അപ്പുറമുള്ളതായതിനാൽ വളരെയധികം പരിശ്രമം ആവശ്യമായി വരും. ബ്രൈഡൽ സ്കിൻ കെയർ ദിനചര്യകൾ വീട്ടിൽ അനായാസം ചെയ്യാവുന്നതാണ്. ഭക്ഷണക്രമം, സൗന്ദര്യ പരിചരണ രീതികൾ തുടങ്ങിയ എല്ലാ വശങ്ങളും അതിൽ ഉൾക്കൊള്ളിക്കണം.

നല്ല മേക്കപ്പ് എന്നത് നല്ലൊരു പരിഹാരമാണ്. എന്നാൽ മുഖത്തെ സ്വാഭാവിക തിളക്കം ലുക്കിനെ മൊത്തത്തിൽ മാറ്റിമറിക്കും. അതൊരു പ്ലസ് പോയിന്‍റാണ്. പിന്നീട് വിവാഹ ആൽബത്തിലെ സ്വന്തം ചിത്രങ്ങൾ കാണുമ്പോൾ തന്നോടുതന്നെ സ്നേഹം തോന്നി പോകാം.

വിവാഹത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ചെയ്‌തു തുടങ്ങാം. വിവാഹത്തിന് 3 മാസം മുമ്പ് തുടങ്ങാവുന്ന വധുവിനുള്ള ചില സ്കിൻ – ഹെയർ, ബ്യൂട്ടി കെയർ ടിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ക്ലീനിംഗ്, ടോണിംഗ്, മോയ്സ്ച്ചറൈസിംഗ് (സിടിഎം)

വിവാഹത്തിന് മുമ്പുള്ള ചർമ്മ സംരക്ഷണ ദിനചര്യയിൽ പരമ പ്രധാനമായി ശ്രദ്ധിക്കേണ്ട അടിസ്‌ഥാന കാര്യങ്ങളാണിവ. എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും രാവിലെയും രാത്രിയും ചർമ്മ സംരക്ഷണ ദിനചര്യകൾ നിർബന്ധമായി പിന്തുടരണം. വൃത്തിയുള്ള ചർമ്മം, സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യും.

ടോണിംഗ്: ടോണിംഗ് ഒരു പരിധി വരെ സൂക്ഷ്മമായ വരകൾ കുറയ്ക്കുകയും സുഷിരങ്ങൾ മുറുക്കുകയും ചെയ്യുന്നു. മോയ്സ്ച്ചറൈസ് ചെയ്യുന്നതിലൂടെ സുഷിരങ്ങളിൽ ഈർപ്പം നിലനിർത്തി ചർമ്മത്തെ മൃദുലവും സ്നിഗ്ധവും ആക്കും. വിവാഹത്തിന് മുമ്പുള്ള ബ്രൈഡൽ റൂട്ടിനിൽ ഇവയൊന്നും ഇല്ലാതിരിക്കുന്നത് ചർമ്മ പരിപാലനത്തെ അപൂർണ്ണമാക്കും. നൈറ്റ് ക്രീം, നൈറ്റ് ജെൽ, ബ്രൈറ്റനിംഗ് സെറം എന്നിവ റൂട്ടിനിൽ ഉൾപ്പെടുത്തുക. പുറത്ത് പോകുന്നതിന് 20-30 മിനിറ്റ് മുമ്പെങ്കിലും സൺസ്ക്രീൻ നിർബന്ധമായും പുരട്ടിയിരിക്കണം.

എക്സ്ഫോളിയേഷൻ: വധുക്കൾക്കുള്ള ബ്യൂട്ടി റൂട്ടിനിൽ എക്സ്ഫോളിയേഷൻ നിർബന്ധമാണ്. കാരണം ഇത് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുകയും മൃതകോശങ്ങളിൽ നിന്ന് ചർമ്മത്തെ മുക്തമാക്കുകയും ചെയ്യുന്നു.

വീര്യം കുറഞ്ഞ എക്സ്ഫോളിയേറ്റർ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാം. എന്നാൽ വീര്യം കൂടിയവ ചർമ്മത്തിന് ദോഷം ചെയ്യും. അരിപ്പൊടി, ഗോതമ്പ് പൊടി, ഓട്ട്മീൽ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സ്ക്രബ്ബ് ഏറ്റവും മികച്ചതാണ്. ഇത് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം.

ഒരു കപ്പ് പഞ്ചസാര, അര കപ്പ് ഒലീവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്‌ത് മുഖത്തും ശരീരത്തിലും പുരട്ടി 2-3 മിനിറ്റ് സ്ക്രബ് ചെയ്‌ത് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.

ഫേസ് പായ്ക്ക്

മറ്റൊരു പ്രധാന കാര്യം ഫേസ്പായ്ക്കാണ്. വീട്ടിൽ മികച്ച ഫേസ് പായ്ക്കുകൾ തയ്യാറാക്കി ഉപയോഗിക്കാം.

അതുകൊണ്ട് വിവാഹത്തിന് മുമ്പായുള്ള ചർമ്മ സംരക്ഷണ സെഷനിൽ നാച്ചുറൽ ഫേസ് പായ്ക്കുകൾ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ. നല്ല മാറ്റം ഉണ്ടാകും. പുതിന, മഞ്ഞൾ ഫേസ് പായ്ക്ക്, നാരങ്ങ- തേൻ ഫേസ് പായ്‌ക്ക്, സാൻഡൽ പൗഡർ- റോസ് വാട്ടർ പായ്‌ക്ക്, തൈര്- ചെറുപയർ ഫേസ്പായ്‌ക്ക് എന്നിവ മികച്ച ഫലം നൽകും.

ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം തക്കാളി നീരും മോരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 10-15 മിനിറ്റിനു ശേഷം ചെറുചൂടു വെള്ളം കൊണ്ട് കഴുകുക.

വിവാഹത്തിന് 6 മാസം മുമ്പ് സൗന്ദര്യ സംരക്ഷണം ആരംഭിക്കുകയാണെങ്കിൽ മികച്ചതും ശാശ്വതവുമായ ഫലം ലഭിക്കും. നിശ്ചിത ഇടവേളകളിലായി ഫേഷ്യൽ ചെയ്യുക, ക്ഷീണിച്ചതും വീർത്തതുമായ കണ്ണുകൾക്കും കരിവാളിപ്പിനും ഗ്രീൻ ടീ ബാഗുകൾ, വെള്ളരിക്കാ കഷണങ്ങൾ, ഉരുളക്കിഴങ്ങ് കഷണങ്ങൾ എന്നിവ ഐ പാഡായി ഉപയോഗിച്ച് പരിഹാരം കാണാം.

ചുണ്ടുകളുടെയും നഖങ്ങളുടെയും സംരക്ഷണം

ചുണ്ടുകളുടെയും നഖങ്ങളുടെയും സംരക്ഷണവും പരിചരണവും വധുവിനുള്ള പ്രീ ബ്രൈഡൽ കെയറിൽ പ്രധാനമാണ്. ശക്തവും ആരോഗ്യകരവുമായ നഖങ്ങൾക്കായി കൈകൾ ഒലിവ് ഓയിലിൽ 10-15 മിനിറ്റ് നേരം മുക്കി വയ്ക്കുക. തുടർന്ന് മസാജ് ചെയ്യുക.

നാരങ്ങാനീരും പഞ്ചസാരയും ചേർന്ന സ്ക്രബും കൈകളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. പാദങ്ങൾക്കും ഇത് മികച്ചൊരു സ്ക്രബ്ബാണ്. ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ മാസത്തിലൊരിക്കൽ മാനിക്യൂർ, പെഡിക്യൂർ എന്നിവ ചെയ്യാം.

ഹെയർ സ്പാ

ബ്രൈഡൽ ഹെയർ സ്പാ: തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് 3-4 മാസം മുമ്പ് തുടങ്ങി ഹെയർ സ്പാട്രീറ്റ്മെന്‍റ് ചെയ്ത് തുടങ്ങാം. മാസത്തിലൊരിക്കലെന്ന രീതിയിൽ ഹെയർ സ്പാ ചെയ്യാം. ഇത് പാർലറിൽ പോയി ചെയ്യാവുന്നതാണ്.

ഒരു നാരങ്ങയുടെ നീര്, 1 മുട്ട, 1 കപ്പ് പാൽ, 2 ടീസ്പൂൺ ഒലീവ് എണ്ണ എന്നിവ യോജിപ്പിച്ച് തലയിൽ അപ്ലൈ ചെയ്ത് 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

തൈരും തേനും ചേർന്ന മാസ്ക് അല്ലെങ്കിൽ ബനാന ഹെയർ മാസ്ക് എന്നിവയും ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ഹെർബൽ ഓയിൽ എന്നിവയിൽ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഹെഡ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിച്ചു മുടിവേരുകളെ ബലപ്പെടുത്താൻ സഹായിക്കും.

സ്പാ

ശാന്തമായ മനസ്സ് സന്തോഷകരമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. മനസ്സ് പോസിറ്റീവ് ആണെങ്കിൽ, അത് മുഖത്ത് പ്രതിഫലിക്കുകയും ആന്തരിക സമാധാനം മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യാം.

സമ്മർദം കുറയ്ക്കാൻ മികച്ചൊരു സ്പാ ചെയ്യുന്നത് ഉത്തമമാണ്. ഇത് ശരീരത്തിനും മനസിനും ശാന്തതയും സമാധാനവും പകരും.

ഉറക്കം

സൗന്ദര്യത്തിന് നല്ലയുറക്കവും പ്രധാനം തന്നെ. കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറവും വീക്കവും അകറ്റാനും മുഖത്തിന് നല്ല പ്രസരിപ്പും ഊർജ്ജവും ലഭിക്കാനും 8-10 മണിക്കൂർ നീളുന്ന ഉറക്കം പ്രധാനമാണ്.

ചർമ്മത്തിന് നല്ല തിളക്കമുണ്ടായിരിക്കുകയും എന്നാൽ കൺതടങ്ങൾ ഇരുണ്ടിരിക്കുകയും ചെയ്താൽ അത് മൊത്തം ലുക്കിനെ വികലമാക്കും. അതിനാൽ, ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ മതിയായ വിശ്രമം എടുക്കുക. നല്ല ഉറക്കം കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കും. ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.

വ്യായാമം, യോഗ

ഏതൊരു വ്യക്‌തിയെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. കാർഡിയോ, സുംബ പോലെയുള്ള വ്യായാമങ്ങൾ ശരീരത്തെയും മനസ്സിനെയും ഫിറ്റാക്കി നിലനിർത്തു. കാരണം അത് ചർമ്മത്തിന് തിളക്കം നൽകും. അതിനാൽ 6 മാസം മുമ്പ് തുടങ്ങി ജിമ്മിൽ ജോയിൻ ചെയ്യാം. അല്ലെങ്കിൽ ശരീരം ടോൺ ചെയ്യാൻ യോഗ പരിശീലിക്കാം.

ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യോഗയും ധ്യാനവും ചേർന്നുള്ള കോമ്പിനേഷൻ ഫിറ്റ് ബോഡിക്ക് ഉള്ള ശക്തമായ അടിത്തറയാണ്. വ്യായാമം ചെയ്യുന്നത് ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിനും മനസ്സിനും മൊത്ത ത്തിൽ ചുറുചുറുക്കും നവോന്മേഷവും പകരും. അമിതമായ ശരീരഭാരമുള്ളവർ ആവശ്യമെങ്കിൽ ഒരു ഫിറ്റ്നസ് ട്രെയ്നറിന്‍റെ മേൽനോട്ടത്തിൽ വ്യായാമം പരിശീലിക്കാവുന്നതാണ്.

വെള്ളം കുടിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ

തിളങ്ങുന്ന ചർമ്മത്തിന്‍റെ താക്കോലാണ് ജലാംശം. വെള്ളം കുടിക്കുന്നത് ചർമ്മാരോഗ്യത്തിനും അഴകിനും നല്ലതാണ്. അതിനാൽ എല്ലായ്പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക തന്നെ വേണം.

എല്ലാ ദിവസവും 6- 8 ഗ്ലാസ് (2.7 ലിറ്റർ) വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. വെള്ളം എത്രമാത്രം കുടിക്കുന്നുവെന്ന് നിരീക്ഷിക്കാൻ വാട്ടർ ട്രാക്കർ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഡയറ്റ്

ആരോഗ്യകരമായ ഭക്ഷണക്രമം ചർമ്മത്തിൽ പ്രതിഫലിക്കുമെന്നത് ഒരു വസ്തുതയാണ്. ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ ഡയറ്റിൽ പോഷക സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഉൾപെടുത്തേണ്ടത് പ്രധാനമാണ്. ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, മുഴു ധാന്യങ്ങൾ, മത്സ്യം, മുട്ട, പഴങ്ങൾ, നട്സ് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. വിവാഹ ശേഷവും അതെ ഡയറ്റ് നിലനിർത്തുക.

ഡയറ്റ് ശരിയായ വണ്ണം പിന്തുടരുന്നതിന് ഒരു ഡയറ്റ് ചാർട്ട് തയ്യാറാക്കുന്നത് നല്ലതായിരിക്കും. ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നതിന് ഒരു ഡയറ്റീഷ്യന്‍റെ സഹായം തേടാം. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്ലാനിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കുക. കാരണം ഈ സമയത്തു പോഷക സമ്പന്നമായ ഭക്ഷണമാണ് വേണ്ടത്. അല്ലാതെ പട്ടിണിക്കിടുന്ന ഭക്ഷണമല്ല. അതിനാൽ ഭക്ഷണം ഒഴിവാക്കരുത്. ചിപ്സ്, ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള പാനീയങ്ങൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. കാരണം അവ ചർമ്മത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും വീക്കമുണ്ടാക്കുന്നതിനും ഇടവരുത്തും. പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്‍റെയും ഉപയോഗം പരമാവധി കുറയ്ക്കാം.

കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ഗ്രീൻ ടീ ശീലമാക്കാം. അത്താഴ സമയത്ത് സൂപ്പ് കഴിക്കുന്നതും നല്ലതാണ്.

ചർമ്മത്തിന് തിളക്കം പകരാനുള്ള സമീകൃതാഹാരത്തിൽ പഴങ്ങൾ, പ്രോട്ടീൻ, ഇല വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയിരിക്കണം. പപ്പായ പോലുള്ള പഴങ്ങൾ ദിവസവും രണ്ടുനേരം കഴിക്കാം. ഇതിൽ സൂപ്പർ എൻസൈം പപ്പൈൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഫലപ്രദമായി ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

മുളപ്പിച്ച ധാന്യങ്ങൾ, ഓട്സ്, നട്‌സ്, വാൽനട്ട്, ബദാം തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ സ്നാക്കായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അനാവശ്യമായ ഭക്ഷ്യവസ്തുക്കൾ കഴിക്കാനുള്ള ആസക്തിയെ മറികടക്കാൻ ഈ രീതി പിന്തുടരാം. പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഒരു മികച്ച സ്രോതസ്സാണ് ബദാം. ഇത് ചർമ്മത്തെ മൃദുലമാക്കും.

ബീറ്റ്റൂട്ട്, കാരറ്റ്, കുക്കുമ്പർ തുടങ്ങിയ അസംസ്കൃത പച്ചക്കറികൾ ചർമ്മത്തെ പരിപോഷിപ്പിക്കുന്നവയാണ്. ഒന്നുകിൽ സാലഡായോ അല്ലെങ്കിൽ സ്മൂത്തിയായോ ഇത് കഴിക്കാവുന്നതാണ്. സാലഡിൽ തക്കാളി ചേർക്കുക. ചർമ്മാരോഗ്യത്തിനും അഴകിനും തക്കാളി മികച്ചൊരു പ്രതിവിധിയാണ്. തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഉയർന്ന ഇരുമ്പിന്‍റെ അംശമുള്ള ചീര കഴിക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ നല്ലതാണ്. അതിനാൽ ഡയറ്റിൽ ചീര ധാരാളമായി ഉൾപ്പെടുത്തുന്നത് മികച്ച ഫലം ലഭിക്കുന്നതിന് സഹായിക്കും. വിളർച്ചയെയും ഇല്ലാതാക്കും.

और कहानियां पढ़ने के लिए क्लिक करें...