കുളിക്കുമ്പോൾ ആണ് അക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇടത്തെ നെഞ്ചിൽ തെന്നിനീങ്ങുന്ന ഒരു ഒരു മുഴ! ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മേഘ ആ മുഴ ഒന്നുകൂടി പരിശോധിച്ചു. വേദനയോടെ തെന്നി കളിക്കുന്ന മുഴ പുറമേ നിന്നും കാണാവുന്ന അവസ്ഥയിലാണ്. ക്യാൻസർ….? പെട്ടെന്ന് കാലിനടിയിൽ നിന്ന് ഒരു വിറയൽ പാഞ്ഞു കയറി. അത് തലച്ചോറിനകത്തുകൂടി നെഞ്ചിൽ തിരികെയെത്തിയ പോലെ.

മരണം തൊട്ടുമുന്നിൽ കണ്ട രോഗിയെ പോലെ അവൾ കിതച്ചു. മനസ്സിലേക്ക് ശ്രേയയുടെയും ശിവിന്‍റെയും പുഞ്ചിരിക്കുന്ന മുഖം കടന്നുവന്നത് അവൾ പോലുമറിയാതെ ആണ്. എന്‍റെ മക്കൾ… അവർ അനാഥരാകുമോ? അടച്ചിട്ട ബാത്റൂമിനുള്ളിൽ ശ്വാസം മുട്ടുന്നതുപോലെ മേഘയ്ക്കു തോന്നി.

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഭയങ്കര ക്ഷീണം അനുഭവപ്പെട്ടിരുന്നു. രാകേഷിനോട് പറഞ്ഞപ്പോൾ ലീവ് എടുക്കാൻ നിർബന്ധിച്ചു. കഴിഞ്ഞ എത്രയോ വർഷങ്ങളായി രാപകലില്ലാതെ ജോലി ചെയ്യുന്നു. തളർച്ചയും പ്രയാസങ്ങളും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.

രാകേഷ് ഉടൻ വന്നെങ്കിലെന്ന് മേഘ ആശിച്ചു പോയി. വിളിക്കാൻ ഫോൺ എടുത്തതാണ്. പിന്നെ അത് വേണ്ടെന്ന് വെച്ചു. രാകേഷിന് ഇന്ന് ഓഫീസിൽ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതു കഴിയാതെ എന്തായാലും ഇറങ്ങാൻ പറ്റില്ല.

ക്യാൻസറിനെ കുറിച്ചുള്ള ചിന്ത മനസ്സിനെ കാർന്നു തുടങ്ങിയപ്പോൾ മേഘ മുറ്റത്തേക്കിറങ്ങി. പക്ഷേ, പുറത്തെ കാഴ്ചകളിലും മനമുറച്ചില്ല. എവിടെ നോക്കിയാലും ശ്രേയയുടെയും ശിവിന്‍റെയും മുഖമാണ് തെളിയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾ എന്തു ചെയ്യും? വിഭ്രമ ചിന്തകളിൽ മരണം കാത്ത ഒരു രോഗിയുടെ മുഖം അവൾ സ്വയം ഏറ്റുവാങ്ങി.

വൈകീട്ട് രാകേഷ് വന്നപ്പോൾ വാടിത്തളർന്ന മുഖത്തെ ആശങ്ക ഒളിപ്പിക്കാൻ മേഘയ്ക്ക് കഴിഞ്ഞില്ല.

നിനക്ക് അസുഖം വല്ലതും?

ഏയ്, ഒന്നുമില്ല.

പക്ഷേ, നിന്‍റെ മുഖം പറയുന്നത് അതല്ലല്ലോ?

രാകേഷ് എന്‍റെ ബ്രസ്റ്റിൽ ഒരു മുഴ വളരുന്നു. ക്യാൻസർ ആകുമോ? അവൾ ആകുലതയോടെ പറഞ്ഞു.

വേണ്ടാത്തതൊന്നും നാവിൽ വരല്ലേ മേഘാ.

പക്ഷേ, ലക്ഷണങ്ങൾ കണ്ടിട്ട് എനിക്ക് സംശയം കൂടി രാകേഷ്.

എന്തിനാ ടെൻഷൻ? നമുക്ക് ഡോക്ടറെ കാണാം. രാകേഷ് പറഞ്ഞപ്പോൾ മേഘയ്ക്ക് ആശ്വാസം തോന്നി.

രാത്രി 8 മണിയായി കാണും ഡോക്ടർ നിർമ്മലയുടെ നഴ്സിംഗ് ഹോമിൽ ചെല്ലുമ്പോൾ. അവർ സ്നേഹപൂർവ്വം രോഗവിവരം തിരക്കിയപ്പോൾ മേഘ എല്ലാം തുറന്നു പറഞ്ഞു.

ഇതിന് പേടിക്കുന്നതെന്തിന്? നമുക്ക് ഇപ്പോൾ തന്നെ ടെസ്റ്റ് ചെയ്യാം. റിപ്പോർട്ട് നാളെ എത്തും.

ആശുപത്രിയിൽ നിന്ന് മടങ്ങിയശേഷം മേഘ ഉദാസീനയായി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. കുഞ്ഞുങ്ങളെ കുറച്ച് ഓർക്കുമ്പോഴാണ് അസ്വസ്ഥത ഏറുന്നത്. ശ്രേയയും ശിവും ഒന്നുമറിയാതെ കളിച്ചു ചിരിച്ചു നടക്കുന്നു. ആ പുഞ്ചിരി മായാതെ നോക്കാൻ തനിക്ക് കഴിയുമോ?

അവരുടെ കളിചിരികളാൽ ഈ ലോകം എത്ര സുന്ദരമാണ്. അത് ഉപേക്ഷിച്ച് വേദനയുടെ കയങ്ങളിലേക്ക് വിധി തന്നെ വലിച്ചിടുമോ?

രാത്രി ഉറക്കം അകന്നു നിന്നു. രാകേഷിന്‍റെ ആശ്വാസ വാക്കുകളിൽ വിളറിയ ചിരി സമ്മാനിച്ച് അവൾ കണ്മിഴിച്ചു കിടന്നു.

പിറ്റേന്ന് റിപ്പോർട്ട് വാങ്ങാൻ രാകേഷാണ് ആശുപത്രിയിൽ പോയത്. ഡോക്ടർ റിപ്പോർട്ട് പരിശോധിക്കുമ്പോൾ രാകേഷ് പ്രാർത്ഥിക്കുകയായിരുന്നു. ഒരു കുഴപ്പവും ഉണ്ടാകല്ലേയെന്ന്.

രാകേഷ് ഭയക്കാൻ ഒന്നുമില്ല. സ്താനാർബുദത്തിന്‍റെ ആരംഭമാണ്. മരുന്ന് കഴിച്ചാൽ മതി.

മേഘ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നു. നാവിൽ വെള്ളം വറ്റി. പ്രയാസപ്പെട്ട ചുണ്ട് നനച്ച് ഒരു മറുപടി പറയാനാകാതെ അയാൾ വിളറി. അത് കണ്ടു ഡോക്ടർ നിർമ്മല ആശ്വസിപ്പിച്ചു.

നെർവസ് ആകേണ്ട കാര്യമില്ല. ഇതൊക്കെ സാധാരണമല്ലേ.

പക്ഷേ ഡോക്ടർ മേഘയോട് ഞാനിതെങ്ങനെ പറയും? എനിക്ക്…

ശരി, എങ്കിൽ ഞാൻ തന്നെ പറയാം. മേഘയോട് ഇങ്ങോട്ട് വരാൻ പറയട്ടെ. ഡോക്ടർ നിർമ്മല മേഘയെ ഫോണിൽ വിളിച്ചു.

മേഘ, നഴ്സിംഗ് ഹോം വരെ ഒന്നു വരൂ. റിപ്പോർട്ട് വന്നിട്ടുണ്ട്.

രാകേഷ് വന്നില്ലേ ഡോക്ടർ?

ഹാ! രാജേഷ് വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല. അത്യാവശ്യ കാര്യം ഉള്ളതിനാൽ മടങ്ങിപ്പോയത്ര. ഉച്ചയ്ക്കു ശേഷം ഞാൻ ഉണ്ടാവില്ല. വേഗം വരൂ.

മേഘയുടെ നെഞ്ച് ഉച്ചത്തിൽ മിടിച്ചു. റിപ്പോർട്ട് വന്നിരിക്കുന്നു. ഡോക്ടർക്ക് എന്താവും പറയാനുള്ളത്? എന്തോ പ്രശ്നമുണ്ട്. അല്ലെങ്കിൽ അവിടെ ചെല്ലാൻ പറയില്ല.

കലുഷമായ മനസ്സിനെ ശാസിച്ച് വരുതിയിലാക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഡോക്ടർ നിർമ്മലയുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടന്നു. അവിടെ രാകേഷ് ഉണ്ടായിരുന്നു. കാൻസർ എന്ന് പറയാനില്ലെങ്കിലും ചെറിയൊരു സൂചനയുണ്ട്.

ഡോക്ടർ നിർമ്മലയും രാകേഷും കസേരയും എല്ലാം അവ്യക്തമായ കാഴ്ചയായി മറയുന്നത് അവളറിഞ്ഞു. പിന്നിലേക്ക് ചാഞ്ഞ മേഘയെ രാകേഷ് ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ രണ്ട് തുള്ളികൾ അടരാതെ വിതുമ്പി. ധൈര്യമായിരിക്കൂ മേഘ…. ഉടൻ സുഖമാകും. ഞങ്ങൾ ഇല്ലേ കൂടെ. ഇന്ന് തന്നെ നമുക്ക് ചികിത്സ തുടങ്ങാം. അടുത്തയാഴ്ച ഓപ്പറേഷൻ നടത്തണം. കീമോതെറാപ്പിയും ആയി പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസം പിന്നെ ഒരു പ്രശ്നവുമില്ല.

ഡോക്ടർ നിർമ്മലയുടെ വാക്കുകൾ മിന്നൽപിണർ പോലെ നെഞ്ചിലൂടെ പാഞ്ഞു. ആ നിമിഷവും അവൾ ഓർത്തത് ശ്രേയയെയും ശിവിനെയുമാണ്. എന്‍റെ മക്കൾ! അവർ എന്‍റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ…. രണ്ടു പേരും ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.

മേഘയുടെ സങ്കടം കുറയ്ക്കാൻ തന്നാലാവുന്നത് ചെയ്ത് രാകേഷ്. പക്ഷേ… ഏറെ നേരവും പൊട്ടാൻ പാകത്തിനുള്ള അണയായി മാറി അവളുടെ മിഴികൾ. രോഗവിവരം മക്കളെ അറിയിക്കേണ്ട എന്ന് മേഘ പറഞ്ഞപ്പോൾ രാകേഷ് എതിർത്തില്ല. കീമോതെറാപ്പിയും മരുന്നിന്‍റെ ശക്തിയും അവളെ തീർത്തും പരീക്ഷീണയാക്കി കഴിഞ്ഞു. മുഖം വാടിത്തളർന്നു മുടി കൊഴിഞ്ഞ്!

കുട്ടികൾ വീട്ടിൽ വന്നപ്പോൾ അമ്പരന്നുപോയി. അമ്മയുടെ ഈ അവസ്ഥ അവർ അവർ ഒട്ടും പ്രതീക്ഷിച്ചതല്ല.

പപ്പാ, എന്താ ഇക്കാര്യം ഞങ്ങളെ അറിയിക്കാതിരുന്നത്?

അമ്മ പറഞ്ഞു വേണ്ട എന്ന്. ഇപ്പോൾ രോഗം ഇല്ലല്ലോ. കുറച്ചു ദിവസത്തിനകം എല്ലാം ശരിയാകും.

മനസ്സിലെ വ്യഥ പുറത്തു കാണിക്കാതിരിക്കാൻ മേഘ പാടുപെട്ടു. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന മരുന്നും ചികിത്സയും. അവളുടെ മനസ്സ് തളർന്നു തുടങ്ങി. ഓഫീസിൽ പോകാൻ തോന്നുന്നില്ല. സമർത്ഥയായ ഉദ്യോഗസ്ഥയായിരുന്ന മേഘാ ഇപ്പോൾ ഒന്നിനും കൊള്ളാത്ത ഒരു രോഗി! സഹതാപം ജനിപ്പിക്കുന്ന രൂപം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. രാകേഷ് വളരെ നിർബന്ധിച്ചു. ജോലിക്ക് പോകാൻ.

പൂർണ്ണമായും രോഗം മാറട്ടെ… എന്നിട്ടേ ഓഫീസിലേക്ക് ഉള്ളൂ… മേഘ ശഠിച്ചു.

മമ്മി, വീട്ടിൽ വെറുതെ ഇരുന്നാൽ രോഗത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് ആരോഗ്യം വീണ്ടും വഷളാക്കും. ശ്രേയ പറഞ്ഞു.

മോളെ, എന്നെ നിർബന്ധിക്കരുത്. എനിക്ക് സ്വയം വിശ്വാസം തോന്നണം. അന്നേ ഞാൻ പോകു.

മേഘയുടെ മനസ്സു മാറാത്തത്തിൽ രാകേഷിന് ദുഃഖം തോന്നി. പക്ഷേ നിർബന്ധിക്കാൻ വയ്യ. ഈ അവസ്ഥയിൽ ആരും ഇങ്ങനെയൊക്കെ ചിന്തിക്കാം. ചിലർക്ക് ജീവിതത്തോട് അടങ്ങാത്ത ആസക്തി തോന്നാം. ചിലർക്കാകട്ടെ വിരക്തിയും.

ഓരോ കീമോതെറാപ്പിയും കടുത്ത വിഷമഘട്ടത്തിന്‍റെ നാളുകൾ. വേദന, ഛർദ്ദി… കൂടെക്കൂടെയുള്ള ആശുപത്രിവാസം. വീട്ടിനകത്തും മരുന്നിന്‍റെ ഗന്ധം. ജീവിതം മടുത്തു തുടങ്ങിയോ തനിക്ക്! മേഘ ചിന്തിച്ചു.

രോഗിയുടെ ആത്മവിശ്വാസമാണ് പ്രധാനം. ഡോക്ടർ നിർമ്മല കൂടെ കൂടെ അവളെ ഓർമ്മിപ്പിച്ചു. പക്ഷേ മേഘ മരണത്തെ കുറിച്ച് തന്നെ ചിന്തിച്ചു. ജീവിതം അവളോടു പിണങ്ങി നിൽപ്പാണല്ലോ. ഇതിനിടയിലാണത് സംഭവിച്ചത്. ഒരു ഫോൺ കോൾ. ഓഫീസിലെ ഫിനാൻസ് കമ്മിറ്റിയുടെ സെക്രട്ടറി സുഭാഷാണ്.

മാഡം, ഞാൻ സുഭാഷാണ്. വരുന്ന ബുധനാഴ്ച കമ്മിറ്റി മീറ്റിംഗ് ഉണ്ട്. എമർജൻസി ആണ്. മാഡം തീർച്ചയായും എത്തണം.

അയ്യോ സുഭാഷ്, എനിക്ക് തീരെ സുഖമില്ല.

മാഡം, പ്ലീസ്. അൽപ സമയം മതി.

ശരി നോക്കട്ടെ. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ അവൾ ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞു.

ഒരു മണിക്കാണ് മീറ്റിംഗ്. 12 മണിക്ക് സുഭാഷിന്‍റെ ഫോൺ വീണ്ടും. മാഡം വരുമല്ലോ?

ഇല്ല സുഭാഷ്, എനിക്ക് വയ്യ.

ഇത് കേട്ടുകൊണ്ടിരുന്ന രാകേഷ് മേഘയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.

സുഭാഷ്, മേഘയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും അവൾ വരും. 5 മിനിറ്റ് മാത്രം. അവളെ കണ്ടാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും.

ശരി സാർ, നന്ദി.

രാകേഷ് ഞാൻ പോവില്ല. പിന്നെ എന്തിനാണ്…

മേഘാ, നീ ഒന്നു മനസ്സിലാക്കുക നിനക്ക് രോഗമുണ്ട്. അത് ശരി തന്നെ. പക്ഷേ, നേരത്തെയേറ്റ മറ്റ് ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ… അത് ഒരു ദിവസം പെട്ടെന്ന് ഒഴിയാനാകില്ല.

രാകേഷിന്‍റെ വാദത്തിന് മറുപടിയൊന്നുമുണ്ടായില്ല മേഘയ്ക്ക്.

മീറ്റിംഗിന് രാകേഷിനൊപ്പം മേഘ ചെല്ലുമ്പോൾ മറ്റ് അംഗങ്ങൾ എല്ലാം നേരത്തെ എത്തിയിരുന്നു. ഒരാളൊഴികെ. പ്രകാശ് വർമ്മ. മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അയാൾ വരുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മീറ്റിംഗിലും പ്രകാശ് വർമ പങ്കെടുത്തിട്ടില്ലത്രേ.

അഞ്ചു മിനിറ്റ് മാത്രമേ ഇരിക്കൂ എന്ന് പറഞ്ഞു എങ്കിലും ഇടയ്ക്ക് ഇറങ്ങിപ്പോകാൻ മടി തോന്നി മേഘയ്ക്ക്.

മീറ്റിംഗ് തുടങ്ങി അരമണിക്കൂർ ആയപ്പോഴാണ് പ്രകാശ് വർമ്മ എത്തിയത്. ക്ഷമാപണത്തോടെയാണ് വരവ്.

സോറി സർ, അല്പം വൈകി.

കഴിഞ്ഞ രണ്ടു മീറ്റിംഗിലും പങ്കെടുത്തില്ല. എന്തുപറ്റി മിസ്റ്റർ വർമ്മ? ചെയർമാൻ ചോദിച്ചു.

നല്ല സുഖമില്ലായിരുന്നു. ഇടയിൽ ധാരാളം ജോലികളും.

കണ്ടിട്ട് കുഴപ്പമില്ലല്ലോ. എന്തുപറ്റി?

താങ്കൾക്കറിയാമല്ലോ എന്‍റേത് ടൂറിംഗ് ജോബാണ്. വീട്ടിൽ നിന്നും വിട്ടുനിന്നതിനാൽ രോഗം അല്പം വഷളായി.

എന്താണ്, തുറന്നു പറയൂ.

ഞാൻ ലുക്കിമിയ പേഷ്യന്‍റ് ആണ്. അയാൾ ഒട്ടും പതറാതെ പറഞ്ഞപ്പോൾ കേട്ടിരുന്നവർ കണ്ണുമിഴിച്ചു.

രണ്ടു വർഷമായി തുടങ്ങിയിട്ട്. ഇപ്പോൾ അല്പം കൂടുതലാണ്. കഴിഞ്ഞ മാസം രക്തം മാറ്റേണ്ടിവന്നു. അതുകൊണ്ട് രണ്ട് മീറ്റിംഗിന് വരാനൊത്തില്ല. അയാൾ വളരെ ലാഘവത്തോടെ പറഞ്ഞു.

മറ്റുള്ളവർ അതിശയത്തോടെ പ്രകാശിനെ നോക്കുന്നത് മേഘ ശ്രദ്ധിച്ചു. അവളും അയാളെ അമ്പരപ്പോടെ വീക്ഷിക്കുകയായിരുന്നല്ലോ. ഇത്രയും ഭീതിദമായ രോഗം ഉണ്ടായിട്ടും എത്ര ആത്മവിശ്വാസമാണ് അയാൾക്ക്.

പ്രകാശ് വർമ്മ ആരോഗ്യ കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം. ചെയർമാൻ പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിച്ചു.

സമയം കിട്ടേണ്ട സാർ, എനിക്ക് ജോലിയാണ് പ്രധാനം. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്. കൂടുതൽ പ്രയാസം തോന്നുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആവും. അല്ലാതെന്തു ചെയ്യാൻ.

താങ്കൾ വളരെ പോസിറ്റീവായി ചിന്തിക്കുന്നു. അത്ഭുതം തന്നെ.

മുൻവിധികളോടെ ജീവിച്ചിട്ട് എന്തുകാര്യം. മരണം അനിവാര്യമാണ്. പക്ഷേ അവസാനശ്വാസം വരെ ഞാൻ ധൈര്യം കൈവിടില്ല. പ്രകാശ് വർമ്മയുടെ വാക്കുകൾ മേഘയുടെ ഹൃദയത്തെ സ്പർശിച്ചു.

ഇദ്ദേഹത്തിന്‍റെ അവസ്ഥ വച്ചു നോക്കുമ്പോൾ എനിക്ക് എന്താണ് ഭയക്കാൻ ഉള്ളത്? രോഗം പിടിപെട്ട ഭാഗം ഓപ്പറേഷൻ ചെയ്തു മുക്തമാക്കി. മരുന്നും കഴിക്കുന്നു. എന്നിട്ടും എന്നും ഞാൻ എന്തൊക്കെയോ ആണ് ചിന്തിച്ചു കൂട്ടുന്നത്? അവൾക്ക് ലജ്ജ തോന്നി.

രോഗത്തെ കുറിച്ചുള്ള ഭീതി മെല്ലെ നെഞ്ചിൽ നിന്ന് കുടിയൊഴിയുന്നോ? കാര്യങ്ങൾ ഗ്രഹിക്കാനും ചിന്തിക്കാനുള്ള ശേഷി തനിക്കും നഷ്ടപ്പെട്ടിട്ടില്ല. അവൾ മനസ്സിൽ ഓർത്തു. മീറ്റിംഗ് അവസാനിച്ചപ്പോൾ അവൾ പുറത്തേക്ക് നടന്നു. രാകേഷ് അവിടെ കാത്തു നിൽക്കുന്നുണ്ട്.

മേഘാ, ഇത്രയും സമയം ഇരുന്നത് എന്തിനാണ്? അസ്വസ്ഥതയുണ്ടോ?

ഇല്ല ഐ ആം ok.

മേഘയുടെ മുഖത്ത് വിടർന്ന ചിരിയിൽ കൃത്രിമത്വം ഇല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ഷോപ്പിനു മുന്നിൽ കാർ നിർത്താൻ മേഘ ആവശ്യപ്പെട്ടു.

എനിക്ക് ഒരു വിഗ് വേണം. നല്ല ഭംഗിയുള്ളത്. കുറെ നാളായില്ലേ സ്കാഫ് കെട്ടിക്കൊണ്ട് നടക്കുന്നു. രാകേഷ് വിസ്മയത്തോടെ നോക്കി.

അവൾ ഉത്സാഹത്തോടെ വിഗ് സെലക്ട് ചെയ്തു. ഡയാന കട്ടിലുള്ള വിഗ് തലയിൽ വച്ച് അവൾ മുന്നിൽ വന്നു നിന്നപ്പോൾ പണ്ടത്തേതിലും സുന്ദരിയായിരിക്കുന്നു.

എങ്ങനെ?

ഗംഭീരം.

നാളെ എനിക്ക് ഓഫീസിൽ പോകണം. അതിനാണ് ഇത്.

ജീവിക്കാനുള്ള ആഗ്രഹം മേഘയ്ക്കുണ്ടായിരിക്കുന്നു. രാകേഷിന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇനി നിങ്ങളെ ഞാൻ വിഷമിപ്പിക്കില്ല രാകേഷ്. എന്‍റെ തെറ്റ് ഞാൻ മനസ്സിലാക്കി. രാകേഷിന്‍റെ തോളോട് ചേർന്ന് തലചായ്ച്ചിരിക്കേ, അവൾ മനസ്സിൽ പ്രകാശ് വർമ്മയോട് നന്ദി പറയുകയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...