വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഒരു വർഷം ഗർഭധാരണം വേണ്ട എന്ന് ആഗ്രഹിക്കുന്നവരുണ്ട്. കൃത്യമായ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കാനുള്ള അജ്ഞതയോ സങ്കോചമോ നിമിത്തം അപ്രതീക്ഷിതമായി ഗർഭം ധരിക്കുകയും അതിന്‍റെ പേരിൽ വിഷമിക്കുകയും ചെയ്യുന്നവരും ധാരാളം.
അനാവശ്യ ഗർഭധാരണം എങ്ങനെ ഒഴിവാക്കാം, ഗർഭ നിരോധന മാർഗ്ഗങ്ങളുടെ വിജയ സാധ്യത എത്രത്തോളമാണ് അവയുടെ ഉപയോഗക്രമം എങ്ങനെ… വിവാഹിതരാകാൻ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഇത്തരം സംശയങ്ങളുണ്ടാകും. ഇവയ്ക്ക് മറുപടി നൽകുകയാണ് സ്ത്രീ രോഗ വിദഗ്ദ്ധ ഡോ. മീത വർമ്മ.
എന്താണ് സ്ത്രീ കോണ്ടം?
ഗർഭ നിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും പുതിയതാണ് സ്ത്രീകൾക്കു വേണ്ടിയുള്ള കോണ്ടം. വളരെ കനം കുറഞ്ഞ റബറു കൊണ്ടുള്ള ഉറയുടെ തുറക്കാത്ത ഭാഗം ഗർഭാശയമുഖത്തേക്ക് കടത്തി വയ്ക്കുന്നു ബന്ധപ്പെടലിനു ശേഷം 8 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. ഈ സുരക്ഷാ മാർഗ്ഗത്തിന്‍റെ വിജയസാധ്യത 80 ശതമാനം ആണ്. പക്ഷേ ഈ മാർഗ്ഗത്തിന് അത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.
സ്ത്രീയും പുരുഷനും കോണ്ടം ധരിക്കണോ?
അതിന്‍റെ ആവശ്യമില്ല. ആരെങ്കിലും ഒരാൾ ഉപയോഗിച്ചാൽ മതി.
സ്ത്രീ കോണ്ടത്തിനൊപ്പം ലൂബ്രിക്കന്‍റ് ഉപയോഗിക്കണോ?
സ്ത്രീ കോണ്ടത്തിന്‍റെ നിർമ്മാണസമയത്ത് തന്നെ ആവശ്യത്തിന് ലൂബ്രിക്കന്‍റ് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് പുതിയതായി ലൂബ്രിക്കന്‍റ് ഉപയോഗിക്കേണ്ട ആവശ്യമില്ല. എങ്കിലും ലൂബ്രിക്കേഷൻ കൂടുതൽ വേണമെന്നുള്ളവർക്ക് K-Y ജെല്ലി അഥവാ ല്യൂബ്രിക് ജെല്ലി ഉപയോഗിക്കാവുന്നതാണ്.
എന്തെങ്കിലും ദോഷമുണ്ടോ?
ഒരു കുഴപ്പവുമില്ല. ഗർഭനിരോധനത്തിന് സാധ്യമാകുന്നതിനു പുറമേ, എച്ച് ഐ വി, എയ്ഡ് തുടങ്ങിയ മാരകരോഗങ്ങളിൽ നിന്നുള്ള രക്ഷയും ലഭിക്കുന്നു. ആദ്യമായി ഉപയോഗിക്കുന്നവർക്ക് ചില്ലറ പ്രയാസങ്ങൾ തോന്നാം. പക്ഷേ, പരിചയമായാൽ സ്ത്രീ കോണ്ടത്തിന്‍റെ ഉപയോഗം എളുപ്പമാണ്.
എവിടെ കിട്ടും?
എല്ലാ മരുന്നു ഷോപ്പുകളിലും ലഭ്യമാണ്.
ഗർഭായശയത്തിനകത്ത് വയ്ക്കുന്ന കോപ്പർ ടി, മൾട്ടിലോഡ് മറിന എന്നിവയുടെ ഉപയോഗം എങ്ങനെയാണ്?
ഇതിന് ഡോക്ടറുടെ പരിശോധനയും സഹായവും ആവശ്യമാണ്. 3, 5, 10 വർഷങ്ങൾ വരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോപ്പർ ടികളുണ്ട്. നിങ്ങൾക്കേതു തരം വേണമെന്ന് പറഞ്ഞാൽ മതി.
ഇത്തരം ഇൻട്രാ യൂട്ടറൈൻ ഡിവൈസുകളുടെ നേട്ടമെന്താണ്?
ബോധം കെടുത്താതെയും ശസ്ത്രക്രിയ ഇല്ലാതെയും ഗർഭാശയമുഖത്ത് ഡോക്ടറുടെ സഹായത്താൽ ഈ ഉപകരണങ്ങൾ നിക്ഷേപിക്കാം. ലൈംഗിക ബന്ധത്തിന് ഒരു തടസ്സവും ഉണ്ടാക്കില്ല. ഇനി ഗർഭധാരണം ആവാമെന്ന ചിന്തയുണ്ടായാൽ ഡോക്ടറെ സമീപിച്ച് മിനിട്ടുകൾക്കകം ഈ ഉപകരണങ്ങൾ നീക്കുകയുമാവാം. മാസമുറയെ ഒരു തരത്തിലും ബാധിക്കാത്ത ഗർഭനിരോധനമാർഗ്ഗമാണിത്. വിജയസാധ്യത 99 ശതമാനം.
ഐയുഎസ് മറീന എന്ന സങ്കേതം ഉപയോഗിക്കുന്നതിലൂടെ മാസമുറ സമയത്തെ അധികരക്തസ്രാവത്തെ നിയന്ത്രിക്കാൻ കഴിയും. ഗർഭാശയത്തിൽ ഫൈബ്രോയിഡുകൾ വളരുന്നത് തടയാനും കഴിയുമെന്നതാണ് ഐയുഎസിന്‍റെ സവിശേഷത.
ഇൻട്രാ യൂട്ടറൈൻ ഡിവൈസുകൾക്ക് എന്തെങ്കിലും ദോഷവശമുണ്ടോ?
രഹസ്യരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയവയെ പ്രതിരോധിക്കുകയില്ല. അതാണ് ഒരു ദോഷവശം. ചിലരിൽ ഈ ഉപകരണങ്ങൾ താഴേക്കു തള്ളിപ്പോകുന്നതായി കണ്ടുവരാറുണ്ട്. ചിലരിൽ വെള്ളപോക്ക്, പുറംവേദന എന്നീ അസ്വസ്ഥതകളും കാണുന്നു.
ഗർഭനിരോധന ഗുളികകൾ എന്താണ്? എങ്ങനെയാണ് ഇവ ഗർഭധാരണം തടയുന്നത്?
ഇന്ന് ഏറ്റവും കൂടുതൽ പ്രചാരം ഈ മാർഗ്ഗത്തിനാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വളരെ സുരക്ഷിതവും എളുപ്പവും ആയ രീതിയാണിത്. അണ്ഡാശയങ്ങൾ ഉൽപാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളാണ് ഈ ഗുളികകളിലും അടങ്ങിയിരിക്കുന്നത് എന്നതിനാൽ ശരീരത്തിന് ഹാനികരമല്ല.
അണ്ഡാശയത്തിൽ അണ്ഡം രൂപപ്പെടുന്ന പ്രവർത്തനത്തെ മിനി പിൽസ് എന്നറിയപ്പെടുന്ന ഗർഭനിരോധന ഗുളികകൾ തടയുന്നു, അതേ സമയം മാസമുറ കൃത്യമായി സംഭവിക്കുകയും ചെയ്യും. ഈ ഗുളികകൾ ഗർഭാശയമുഖത്ത് ഉള്ള ദ്രാവകത്തിന്‍റെ കട്ടി കൂട്ടുന്നതിനാൽ ബീജത്തിന് ഗർഭായശയത്തിനകത്തേക്ക് കടക്കാനും കഴിയില്ല. അങ്ങനെയും ഗർഭധാരണം തടയും.
ഏതെല്ലാം തരം ഗർഭനിരോധന ഗുളികകളുണ്ട്?
ധാരാളം ഗുളികകളുണ്ട്. മാലാ ഡി, ട്രൈക്യുലാർ, ഓവറോൾ- എൽ, ലോയറ്റ്, നോവേലോൺ, ഫെമിലോൺ, ഡയൻ ഇങ്ങനെ പല പേരുകളിലിറങ്ങുന്നു.
ഗർഭനിരോധന ഗുളികകൾക്ക് ദോഷവശമുണ്ടോ?
ഭൂരിഭാഗത്തിനും പ്രശ്നങ്ങളില്ല. എങ്കിലും സ്തനങ്ങൾക്ക് കല്ലിപ്പ്, വേദന, മുഖത്ത് നീര്, കുരു തുടങ്ങിയ പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഇതൊക്കെ അവഗണിക്കാവുന്ന പ്രശ്നങ്ങളാണ്. എന്നാൽ ചുരുക്കം ചിലർക്ക് മാസമുറ നേരത്തേ സംഭവിക്കുന്നു. അതായത് രണ്ടു മാസത്തെ കലയളവിൽ മൂന്നു പ്രവശ്യം എന്ന തോതിൽ. ഇവർ തീർച്ചയായും ഡോക്ടറെ കണ്ട് പരിഹാരം തേടണം. അനാവശ്യ ഗർഭധാരണവും അബോർഷനുമൊക്കെ ഉണ്ടാക്കുന്ന മാനസിക- ശാരീരിക പ്രയാസങ്ങളേക്കാൾ വളരെ തുച്ഛമാണ് ഗുളികകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചില്ലറ പ്രയാസങ്ങൾ.
ഗുളിക എങ്ങനെ ഉപയോഗിക്കണം? ഗുണവശങ്ങളെന്തൊക്കെ?
നവദമ്പതികൾക്ക് ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗം ഗർഭനിരോധന ഗുളികകളാണ്. ഇവയുടെ ഉപയോഗക്രമം ഓരോ മരുന്നു പാക്കറ്റുകളിലും ചേർത്തിട്ടുണ്ടാകും.
സുഗമമായ ഗർഭനിരോധന മാർഗ്ഗം എന്നതിലുപരി മറ്റു ചില നേട്ടങ്ങളും ഈ ഗുളികകൾക്കുണ്ട്.
20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളിൽ കണ്ടു വരുന്ന ക്രമം തെറ്റിയ ആർത്തവത്തിന് പരിഹാരമാണ് ഈ ഗുളികകൾ. ആർത്തവവേദന ലഘൂകരിക്കാനും ഇവ ഉപയോഗപ്രദമാണ്. മാത്രമല്ല. മുഖത്തെ അനാവശ്യരോമവളർച്ച തടയുന്നു. അണ്ഡാശയം, സ്തനം എന്നിവിടങ്ങളിൽ സിസ്റ്റ് വളരുന്നതും തടയും. പലതരത്തിലുള്ള കാൻസർ രോഗസാധ്യതകൾ കുറയ്ക്കുന്നു എന്നതും ഗർഭനിരോധന ഗുളികകളുടെ സവിശേഷതയാണ്.
- അണ്ഡാശയ കാൻസർ 40 ശതമാനം കുറവ്
- ഗർഭാശയ കാൻസർ 50 ശതമാനം കുറവ്
ഗർഭനിരോധന ഗുളിക കഴിക്കുന്നത് നിർത്തിയാലും ഇവയുടെ പ്രഭാവം ശരീരത്തിൽ 15 വർഷത്തോളം നിലനിൽക്കുമെന്നതിനാൽ കാൻസർ രോഗസാധ്യത തുലോം കുറയുന്നു.
എല്ലാവർക്കും ഉപയോഗിക്കാമോ?
അമിതവണ്ണം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ഹാർട്ട് അറ്റാക്ക് എന്നിവയുള്ളപ്പോൾ ഈ ഗുളിക ഒഴിവാക്കണം. കാരണം ഗർഭനിരോധന ഗുളികയുടെ ഉപയോഗം രക്തത്തിന്‍റെ കട്ടി കൂടാൻ ഇടയാക്കാറുണ്ട്. അതുകൊണ്ട് മേൽപ്പറഞ്ഞ രോഗാവസ്ഥയുള്ളവർ ഈ ഗുളിക ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.
ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സംബന്ധിച്ച് താഴെ പറയുന്ന ചില തെറ്റിധാരണകൾ ആളുകൾക്കുണ്ട്.
- ഭാരം വർദ്ധിപ്പിക്കും.
- ബുദ്ധിവൈകല്യമുള്ള കുട്ടികൾ ജനിക്കും അല്ലെങ്കിൽ അബോർഷൻ സംഭവിക്കും.
- ഗർഭധാരണം വൈകും.
- ലൈംഗികബന്ധത്തോട് താൽപര്യക്കുറവ്
എന്നാൽ ഇതൊന്നും ശരിയല്ല എന്നതാണ് വാസ്തവം. മുലയൂട്ടുന്ന അമ്മമാർക്കുപോലും പാർശ്വഫലങ്ങളില്ലാതെ ഈ ഗുളിക കഴിക്കാമെന്നതാണ് യാഥാർത്ഥ്യം.