കുഞ്ഞുങ്ങൾ നല്ല സ്വഭാവഗുണമുള്ളവരാകണം, ആരോഗ്യവാന്മാരാകണം, മികച്ച വ്യക്തിത്വമുള്ളവരാകണം എന്നൊക്കെ ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണല്ലോ. എന്നാൽ മാറി വരുന്ന സാമൂഹിക- സാമ്പത്തിക- ജീവിത സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകളും മറ്റും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വാസ്തവം.
കുട്ടികളിലുണ്ടാകുന്ന നിസാരവും ഗുരുതരവുമായ വ്യക്തിത്വ വൈകല്യങ്ങളെയും മാനസിക പ്രയാസങ്ങളെയും മാതാപിതാക്കൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അതിന് ശാസ്ത്രീയമായ പരിഹാരം തേടണം. മാതാപിതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെയും ശാസ്ത്രീയമായ പരിഹാരത്തിലൂടെയും ഉണ്ടാകുന്ന തിരുത്തലിലൂടെ അവനിൽ/ അവളിൽ ഒരു മികച്ച വ്യക്തിത്വം സൃഷ്ടിച്ചെടുക്കാം.
കുട്ടികൾ നേരിടുന്ന ചില മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്തെല്ലാമാണെന്നറിയാം:
ഓൺലൈൻ വിദ്യാഭ്യാസം എന്ന രീതിയിലേക്ക് പഠനം മാറിയിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ, ലാപ്ടോപ്പ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുട്ടികളിൽ വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തെ മാതാപിതാക്കൾ എങ്ങനെയാണ് നേരിടേണ്ടത്?
- ഒരു കുട്ടി ഓൺലൈൻ അടിമത്തത്തിലാണോ എന്നറിയുന്നതിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്. ഒന്ന് രാവിലെ തൊട്ട് വൈകുന്നേരം വരെ കൂടുതൽ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുകയോ അതുപയോഗിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ ചെയ്യുന്ന അവസ്ഥ.
- ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സമയം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. അരമണിക്കൂർ കളിച്ചിട്ട് ഗെയിം നിർത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ട് മണിക്കൂറുകളോളം കളിച്ച് രാത്രി മൊത്തം ഉറക്കമിളിച്ചിരുന്ന് കളിക്കുന്ന തരത്തിലേക്ക് നിയന്ത്രണം വിട്ട് പോകുന്ന അവസ്ഥ.
- ക്രമേണ ഈ ഓൺലൈൻ ഉപയോഗത്തിന്റെ സമയം കൂടി കൂടി വരും. ആദ്യത്തെ ആഴ്ച അരമണിക്കൂർ, പിന്നീട് അത് ഒരു മണിക്കൂർ ആകുന്നു. അങ്ങനെ സമയം കൂടി വരുന്ന അവസ്ഥ.
- എന്തെങ്കിലും കാരണവശാൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അതായത് കറന്റില്ലാതെ വരിക, നെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ മൊബൈൽ കിട്ടാത്തതുകൊണ്ടോ അതുപയോഗിക്കാൻ പറ്റാതെ വന്നാൽ അവരിൽ ചില പിൻവാങ്ങൽ (withdrawal syndrome) ലക്ഷണങ്ങൾ പ്രകടമാവും. മദ്യം കിട്ടാതെ വരുമ്പോൾ കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണം (withdrawal syndrome) പോലെ ഇവരും അമിത ദേഷ്യം, ഉത്കണ്ഠ, നിരാശ, സങ്കടം ചിലപ്പോൾ ആത്മഹത്യ പ്രവണത വരെ അതിന്റെ ഭാഗമായി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അത് പോകാം.
- മറ്റ് സന്തോഷമുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി സന്തോഷം കിട്ടുന്ന ഏക പോംവഴിയായി മാറുന്നു ഈ ഓൺലൈൻ ഉപാധികൾ. വ്യായാമം ചെയ്യാനോ പാട്ട് കേൾക്കാനോ പുറത്തു പോകാനോ എന്നിങ്ങനെയുള്ള ഒന്നിലും കുട്ടികൾക്ക് താൽപര്യമില്ലാതെയാകുന്നു.
- ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് ശരിയാവില്ലെന്നും, ഇത് നമ്മുടെ നിയന്ത്രണത്തിലാകുന്നില്ലെന്നും മിക്കവാറും കുട്ടികൾക്കറിയാം. എന്നിട്ടും അവർക്ക് ഓൺലൈൻ ദുരുപയോഗം ഇല്ലാതാക്കാൻ സാധിക്കാതെ വരുന്നു.
മേൽവിവരിച്ച ഈ 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു കുട്ടി പ്രദർശിപ്പിച്ചാൽ ഓൺലൈൻ അടിമത്തത്തിന് വിധേയമായിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. പല രൂപത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ ഉണ്ട്. ഓൺലൈൻ ഗെയിം അടിമത്തം ആണ് അതിലേറ്റവും പ്രധാനം. അടുത്തത് അശ്ലീല സൈറ്റുകളുടെ (പോൺ സൈറ്റുകൾ) അടിമത്തം, സോഷ്യൽ മീഡിയ അടിമത്തം അങ്ങനെ പലതരത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ കാണപ്പെടുന്നു.
ഓൺലൈൻ അടിമത്തം ഇല്ലാതാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
കുട്ടിക്ക് ഒരു ഡിജിറ്റൽ ഉപകരണം നൽകുമ്പോൾ തുടക്കത്തിൽ തന്നെ അത് ഉപയോഗിക്കേണ്ട സമയപരിധി നിശ്ചയിക്കണം. എത്ര സമയം ഓൺലൈൻ ഉപാധികൾ ഉപയോഗിക്കാമെന്ന് മാതാപിതാക്കൾ വ്യക്തമായി നിഷ്ക്കർഷിച്ചിരിക്കണം. കുട്ടികൾ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തുകയും വേണം.
പേരന്റൽ കൺട്രോൾ ആപ്പുകൾ
പേരന്റൽ കൺട്രോൾ ആപ്പുകളുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ അമിതമായ ഓൺലൈൻ അടിമത്തം നിയന്ത്രിക്കാൻ സഹായിക്കും. ലാപ്ടോപ്പ് ഉപയോഗം നിയന്ത്രിക്കുന്നതിനായി adamax keylogger എന്ന പേരന്റൽ കൺട്രോൾ ആപ്പുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ കുട്ടി ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്റെ സമയം നിയന്ത്രിക്കാൻ പറ്റും, ഏതെങ്കിലും സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അത് ബ്ലോക്ക് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ഇനി മൊബൈൽ ഫോൺ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്കായി mspy സെൽഫോൺ ട്രാക്കർ എന്നൊരു ആപ്പുണ്ട്. കുട്ടിയുപയോഗിക്കുന്ന മൊബൈലിൽ ഇത് ഇൻസ്റ്റാൾ ചെയ്താൽ കുട്ടി ഏതൊക്കെ കാര്യത്തിനുവേണ്ടി മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന വിശദാംശങ്ങൾ സ്ക്രീൻ ഷോട്ടായിട്ട് രക്ഷിതാക്കളുടെ മൊബൈലിൽ കിട്ടികൊണ്ടിരിക്കും. പക്ഷെ സമ്പൂർണ്ണമായി കുട്ടികളുടെ സ്വകാര്യത വയലേറ്റ് ചെയ്യുന്ന കാര്യമായതുകൊണ്ട് അതത്ര അഭികാമ്യമല്ല.
ഇവ രണ്ടും പണചെലവുള്ള ആപ്പുകളാണ്. എന്നാൽ പൊതു സമൂഹത്തിന് ഏറ്റവും അഫോർഡബിളായിട്ടുള്ള ഫ്രീ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആന്റ് ടീൻസ് എന്ന ആപ്പ് കുട്ടി ഉപയോഗിക്കുന്ന മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ ഫാമിലി ഫോർ പേരന്റ്സ് എന്ന ആപ്പ് രക്ഷിതാവിന്റെ മൊബൈലിലും ഇൻസ്റ്റാൾ ചെയ്ത് ഇവ രണ്ടും കൂടി പെയർ ചെയ്യാം. പെയർ ചെയ്ത് കഴിഞ്ഞാൽ 3 തരത്തിലുള്ള നിയന്ത്രണങ്ങൾ സാധ്യമാകും.
- കുട്ടിയുടെ മൊബൈൽ ഒരു ദിവസം എത്രനേരം പ്രവർത്തിക്കണമെന്നത് രക്ഷിതാവിന് സെറ്റ് ചെയ്ത് വയ്ക്കാം. ഒരു മണിക്കൂർ നേരത്തേക്ക് സെറ്റ് ചെയ്ത് വച്ചിട്ടുള്ള മൊബൈൽ ആ സമയപരിധി കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
- മൊബൈൽ, തവണയനുസരിച്ച് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും സെറ്റ് ചെയ്യാം. 20 പ്രാവശ്യം അൺലോക്ക് ചെയ്യുന്ന വിധത്തിൽ സെറ്റ് ചെയ്ത് വയ്ക്കുന്ന മൊബൈൽ അത്രയും തവണ കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
ചില സൈറ്റുകൾ ബ്ലോക്കും ചെയ്യാം. ഗെയിമിംഗ് സൈറ്റുകളോ പോൺ സൈറ്റുകളോ അങ്ങനെയുള്ളവ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ഗൂഗിൾ ഫാമിലി ലിങ്ക് സൗജന്യമായതിനാൽ അത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സൈബർ ഉപാധികളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്ത പല മാതാപിതാക്കളുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വിശ്വസ്തരായിട്ടുള്ള ആരുടെയെങ്കിലും സഹായം ഇക്കാര്യത്തിൽ തേടാവുന്നതാണ്.
മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക
മാതാപിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികളോടൊപ്പം ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം. ഈ ക്വാളിറ്റി ടൈം കുട്ടികളെ ശാസിക്കാനോ കുറ്റപ്പെടുത്താനോ ഉള്ളതല്ല. മറിച്ച് അവർക്ക് പറയാനുള്ളത് മാതാപിതാക്കൾ കേൾക്കേണ്ട സമയമാണ്. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കും. അവർ ആരുമായിട്ട് ചങ്ങാത്തം കൂടുന്നു, അവർ ഓൺലൈനിൽ ആശയവിനിമയം നടത്തുന്നുണ്ടോ അത് അനാരോഗ്യകരമായിട്ടുള്ളതാണോ, എന്തെങ്കിലും ചൂഷണത്തിലേക്ക് പോകുന്നുണ്ടോ എന്നൊക്കെ തുടക്കത്തിലെ അറിയാൻ പറ്റും. അതൊക്കെ തുടക്കത്തിൽ തന്നെ കൃത്യമായി മനസിലാക്കി മാതാപിതാക്കൾക്ക് വേണ്ട ഇടപെടലുകൾ നടത്താം.
ക്രിയാത്മകമായ ലോകത്തേക്ക്
കുട്ടികൾക്ക് ആഹ്ലാദം നൽകുന്ന ഒന്നായിട്ടാണ് മൊബൈൽ ഫോണിന്റെ ഉപയോഗവും അടിമത്തവും വരുന്നത്. അതുകൊണ്ട് ആഹ്ലാദം പകരുന്ന മറ്റ് പ്രവർത്തികളിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടാം. ഉദാ: സംഗീതം കേൾക്കുക, വ്യായാമം ചെയ്യുക, കളിക്കാൻ വിടുക, പുറത്ത് സുഹൃത്തുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക എന്നിങ്ങനെയുള്ള ആരോഗ്യകരമായിട്ടുള്ള വിനോദങ്ങളിൽ സമയം വിനിയോഗിക്കാൻ ശക്തമായിട്ട് കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മൊബൈൽ അടിമത്തത്തിലേക്ക് ചുരുങ്ങി പോകാനുള്ള സാധ്യത വളരെ കുറയും.
മൊബൈലിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പഠനത്തേയും ഓർമ്മശക്തിയേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്താം.
ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ശേഷം പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കുട്ടികളിൽ ഭൂരിഭാഗവും പിന്നാക്കം പോയിരിക്കുന്നു. ചിലരിൽ ക്ഷീണം, തളർച്ച, അലസത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണുന്നു. ഇതെങ്ങനെ പരിഹരിക്കാം?
ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ശേഷം പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കുട്ടികളിൽ ക്ഷീണവും പഠനത്തിൽ പിന്നാക്കം പോയ അവസ്ഥയും കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 600 ഓളം കുട്ടികളെ കാണാനിടയായി. ഓൺലൈൻ വിദ്യാഭ്യാസത്തിന് മുമ്പ് നന്നായി പഠിച്ചിരുന്നവരായിരുന്നു മിക്കവരും. ഇവരിൽ പലരും പകൽ സമയത്ത് ഉറക്കം, ക്ഷീണം, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, ആരോഗ്യക്കുറവ് സദാസമയം കിടക്കാനുള്ള തോന്നൽ, ശാരീരികാസ്വാസ്ഥ്യങ്ങൾ, ഒന്നും ചെയ്യാൻ താൽപ്പര്യമില്ലാതിരിക്കൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമായി വന്നവരായിരുന്നു. പരിശോധനയിൽ 86% കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. സൂര്യപ്രകാശം കൊള്ളുമ്പോൾ ശരീരം സ്വയം നിർമ്മിക്കുന്ന ഒരു ജീവകമാണ് വൈറ്റമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയുമൊക്കെ ക്ഷമതയ്ക്ക് വൈറ്റമിൻ ഡി അത്യാവശ്യമാണ്. തലച്ചോറിന്റെ വിശകലനശേഷിയ്ക്കും ഏകാഗ്രതയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെയും മനസിന്റെയും ഊർജ്ജസ്വലതയ്ക്കും ഒപ്പം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ഈ ജീവകമാവശ്യമാണ്.
വൈറ്റമിൻ ഡിയുടെ അളവ് തീരെ കുറയുമ്പോൾ പകലുറക്കം, ക്ഷീണം, ശാരീരിക വേദനകൾ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വ്യാപകമായി കാണപ്പെടും. ഈ 86% കുട്ടികൾക്ക് കൃത്യമായിട്ട് വൈറ്റമിൻ ഡി നൽകിയതോടെ അവരുടെ പ്രശ്നങ്ങൾ മാറുകയും അവർ പഠനത്തിലേക്ക് ശക്തമായി തിരിച്ചു വരികയും ചെയ്തു. ദിവസം ഒരു മണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശമേറ്റു കൊണ്ട് വ്യായാമം ചെയ്യാൻ കുട്ടികളെ നിർബന്ധമായും പ്രേരിപ്പിക്കാം.
രാവിലെ 7 മുതൽ 9 വരെയോ വൈകിട്ട് 4 മുതൽ 6 വരെയോ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും (2 മണിക്കൂറായാൽ നന്ന്) വെയില് കൊള്ളണം.സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം ആകുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് ബി കിരണങ്ങൾ നമ്മുടെ തൊലിയിലുള്ള കൊളസ്ട്രോൾ ഘടകങ്ങളുടെ മേൽ പ്രവർത്തിച്ച് കോളികാൽസിഫെറോൾ എന്ന വൈറ്റമിൻ ഡിയായി രൂപാന്തരം പ്രാപിക്കുന്നു. ഇത് ഏറ്റവും പ്രധാനമാണ്. ഓൺലൈൻ വിദ്യാഭ്യാസമായതിനാലും വാക്സിൻ ഇല്ലാതെ കുട്ടികളെ പുറത്ത് വിടാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലും വെയിൽ കൊള്ളാനുള്ള അവസരം കുറയുകയാണ് ചെയ്യുന്നത്. കുട്ടികളിൽ വൈറ്റമിൻ ഡി കുറയുന്നതിന് പിന്നിലുള്ള പ്രധാന കാരണമാണിത്. കൂടാതെ രാത്രി വളരെ നേരം മൊബൈൽ ഉപയോഗിക്കുന്നതിനാൽ കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ട്. അതെ സമയം രാവിലെ ഉറക്കമുണർന്ന് ഓൺലൈൻ ക്ലാസിന് ഇരിക്കേണ്ടി വരുമ്പോൾ പകൽ ഉറക്കം തൂങ്ങുന്ന അവസ്ഥ വളരെ വ്യാപകമായി കുട്ടികളിൽ കണ്ടുവരുന്നു.
മൊബൈലിന്റെ അമിതോപയോഗം മൂലം ഉറക്കം നഷ്ടപ്പെട്ട് വിഷാദരോഗം പോലെയുള്ള അവസ്ഥകളിലേക്ക് പോയിട്ടുള്ള കുട്ടികളുമുണ്ട്. രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള സങ്കടം, ദേഷ്യം, മുമ്പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, കാരണമില്ലാത്ത ക്ഷീണം, വിശപ്പില്ലായ്മ, ഏകാഗ്രത കുറവ്, ചിന്തകളുടെയും പ്രവർത്തികളുടെയും വേഗതയിലുണ്ടാകുന്ന മന്ദത, പ്രതീക്ഷയില്ലായ്മ, ആത്മഹത്യ പ്രവണത… എന്നീ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ച നീണ്ടു നിൽക്കുന്നുവെങ്കിൽ ആ വ്യക്തിയ്ക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം. വിഷാദരോഗം ചികിത്സിക്കാതിരുന്നാൽ ആത്മഹത്യയിലേക്ക് നയിക്കാൻ അത് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് കുട്ടികൾ വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അടിയന്തിരമായി ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ കണ്ട് ചികിത്സ തേടണം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യയിൽ വരെ എത്തിച്ചേരാൻ അത് കാരണമാകും.
മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികൾ സംസാരിക്കുന്നത് കുറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുമായി ഇടപഴകുന്നുതും കുറഞ്ഞിരിക്കുന്നു. സുഹൃത്തുക്കളുമായും വലിയ ചങ്ങാത്തമില്ല. സ്വന്തം മുറിയിൽ ഒതുങ്ങി കൂടുക, ഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കാതെയിരിക്കുക, അകാരണമായി ദേഷ്യപ്പെടുക, ശബ്ദങ്ങളോട് ഉറച്ച ശബ്ദത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കുക ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നുങ്കിൽ തീർച്ചയായും ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച് കൃത്യമായ ചികിത്സ തേടണം. അതുപോലെ അമിതമായ ഗെയിമിംഗ്, വളരെ വയലന്റായുള്ള ചടുലമായ ചലനങ്ങൾ ഉള്ള ഗെയിമുകൾ ദീർഘമായി കണ്ടുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികൾ അടക്കമുള്ള ചില കുട്ടികളിൽ ADHD (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ) എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നു.
ശ്രദ്ധക്കുറവ്, പിരുപിരുപ്പ്, അമിത വികൃതി, എടുത്തു ചാട്ടം, അമിത ദേഷ്യം ഇത്തരം ലക്ഷണങ്ങളാണ് ഇവരിൽ കാണപ്പെടുന്നത്. അടങ്ങിയിരുന്ന് പഠിക്കാനുള്ള അവരുടെ കഴിവിനെ ഇത് ഇല്ലാതെയാക്കും. പെട്ടെന്ന് എടുത്തു ചാടി പ്രതികരിക്കുകയും അക്രമം കാട്ടുകയും ചെയ്യുന്ന പ്രവണതയും ഉണ്ടാകും. അതോടെ അവരുടെ പഠനവും പെരുമാറ്റവും മോശമാകും. ഇത് വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കും. ഓഫ്ലൈൻ ക്ലാസ് തുടങ്ങുമ്പോൾ ക്ലാസിൽ അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ, പഠിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ സംജാതമാകും. തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തു കുറയുകയും തലച്ചോറിന്റെ രണ്ട് അർദ്ധ ഗോളങ്ങൾ തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന സാഹചര്യമാണിത്. കൃത്യമായ ചികിത്സയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയാണ് ഇതും. മരുന്നുകളിലൂടെയും മനഃശാസ്ത്ര ചികിത്സകളിലൂടെയും രക്ഷിതാക്കൾക്ക് വേണ്ട പരിശീലനങ്ങളിലൂടെയും തലച്ചോറിൽ ഡോപമിന്റെ അളവ് വർദ്ധിപ്പിച്ചും തലച്ചോറിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തിയും ADHD പരിഹരിക്കാൻ സാധിക്കും. ADHD യുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് കൃത്യമായ പരിഹാരം തേടണം.
– ഡോക്ടർ അരുൺ ബി നായർ, പ്രൊഫസർ, സൈക്യാട്രി വിഭാഗം
മെഡിക്കൽ കോളേജ്, തിരുവനന്തപുരം
Email:- arunb.nair@yahoo.com