വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ചിലർക്കത് സ്വീകരണ മുറിയാകാം അല്ലെങ്കിൽ കിടപ്പുമുറി അതുമല്ലെങ്കിൽ സ്റ്റഡി റൂം… ഇതൊന്നുമല്ലാതെ വീട്ടിലെ ഏതെങ്കിലുമൊരു കോൺ ഇഷ്ടപ്പെടുന്നവരുമുണ്ട്. ശരിക്കും പ്രണയം തോന്നുന്നയിടം. ഈ ഇത്തിരിയിടത്തിരുന്ന് ചായ കുടിക്കാനോ പുസ്തകം വായിക്കാനോ സ്വപ്നം കാണാനോ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്കവരും. അത്തരം സ്പേസിനെ വളരെ സ്പെഷ്യലായി ഇഷ്ടമനുസരിച്ച് ഒരുക്കിയെടുക്കാം. ചുവരിന് മനസ്സിനേറെ ഇഷ്ടമുള്ള നിറം പകരാം. ഒപ്പം കംഫർട്ടിബിൾ ആയ ചെയറോ കോഫി ടേബിളോ ഇട്ട് ഇഷ്ടയിടത്തിന് പ്രൗഡി നൽകാം.

ഇഷ്ടനിറം

വീടിനകത്തളത്തിനും പുറത്തും ഫ്രഷ്നസ് നിറയ്ക്കുകയെന്നതാണ് മുഖ്യം. ഇന്‍റീരിയറിന് കൂൾ ആന്‍റ് സൂതിംഗ് നിറങ്ങൾ തെരഞ്ഞെടുക്കാം. ചുവരിന്‍റെ പഴയ പെയ്ന്‍റിൽ നിന്നും തികച്ചും വ്യത്യസ്തമായ നിറം വേണം തെരഞ്ഞെടുക്കാൻ. വീടിന് മൊത്തത്തിൽ ന്യൂലുക്ക് നൽകാം. ആഘോഷവേളയെ വരവേൽക്കാനാണ് മൊത്തത്തിൽ മോടിപിടിപ്പിക്കുന്നതെങ്കിൽ ഡെഡ് ലൈനിനുള്ളിൽ തന്നെ തീർക്കാൻ ശ്രമിക്കുക. അതുകൊണ്ട് പ്രൊഫഷണലായിട്ടുള്ളവരെ കൊണ്ട് വീട് മോടിപിടിപ്പിക്കുന്നതാണ് നല്ലത്. മികച്ച ബ്രാന്‍റിലുള്ള പെയ്ന്‍റ് തെരഞ്ഞെടുക്കാം.

ബെഡ്റൂം ഏറ്റവും റിലാക്സിംഗ് ഏരിയ ആയതിനാൽ ചുവരിന് റൊമാന്‍റിക് നിറം നൽകാം. ബ്രൈറ്റ് നിറങ്ങൾക്ക് പകരം ലൈറ്റ് കൂൾ നിറങ്ങളാണ് ബെഡ്റൂം ചുവരുകൾക്ക് ഇണങ്ങുക. ഇക്കാര്യത്തിൽ ബെഡ്റൂം ഉപയോഗിക്കുന്ന ആളുടെ പ്രായവും ഇഷ്ടങ്ങളും പരിഗണിക്കണം. റിച്ച് റെഡ്, വാം ബ്രൗൺ നിറങ്ങൾ റൊമാന്‍റിക് ഫീൽ നൽകുന്നവയാണ്. കിടക്ക വിരിയുടെ നിറങ്ങളും പ്രധാനമാണ്. തലഭാഗത്ത് വരുന്ന ചുവരിന്‍റെ നിറം അൽപം ബ്രൈറ്റ് ആകുന്നതിൽ തെറ്റില്ല. ഒലീവ് ഗ്രീൻ, പിങ്ക്, ഡാർക്ക് പീച്ച്, ബ്ലൂ തുടങ്ങിയ നിറങ്ങൾ അനുയോജ്യമാണ്.

ലിവിംഗ് റൂമിന് മറ്റ് മുറികളെ അപേക്ഷിച്ച് ലൈറ്റ് ഷെയ്ഡാണ് ഇണങ്ങുക. വൈറ്റ്, ഓഫ് വൈറ്റ്, ലൈറ്റ് പീച്ച്, ലൈറ്റ് യെല്ലോ, ലൈറ്റ് ക്രീം തുടങ്ങിയ നിറങ്ങൾ ലിവിംഗ് റൂമിന് യോജിച്ചവയാണ്. അലങ്കാര വസ്തുക്കൾ വലിച്ചുവാരി അണിനിരത്തി മുറിയുടെ ഭംഗി നഷ്ടപ്പെടുത്തരുത്. ആകർഷണീയമായ ഫർണീച്ചറുകൾക്കൊപ്പം ഇണങ്ങുന്ന ആർട്ട് പീസുകൾ വളരെ മിനിമം ആയി ഉപയോഗിക്കാം. ചുവരിൽ വലിയൊരു പെയ്ന്‍റിംഗ് തൂക്കി മുറിയ്ക്ക് പ്രൗഡി നൽകാവുന്നതാണ്. ഒപ്പം ഇൻഡോർ പ്ലാന്‍റ്സ് ഒന്ന് രണ്ടെണ്ണം വച്ച് ലിവിംഗ് റൂമിന് കൂളിംഗ് ഇഫക്റ്റ് പകരാം. ജനാല ഫ്രെയിമിന് ഇണങ്ങുന്ന വെനിഷ്യൻ ബ്ലൈൻഡ്സോ വുഡൻ ബ്ലൈൻഡ്സോ ഘടിപ്പിച്ച് മുറിയ്ക്ക് പ്രൗഢി നൽകാം.

വീടിന്‍റെ ചുവരുകൾക്ക് ഡാർക്ക് ഷെയ്ഡുകളെ അപേക്ഷിച്ച് ലൈറ്റ് ഷെയ്ഡുകളാണ് ഇണങ്ങുക. ഇത് ചൂടിനെ തടഞ്ഞ് മുറിക്കുള്ളിൽ കുളിർമ പകരും. തൂണുകൾക്കും ബെൽറ്റിനും ഡാർക്ക് ഷെയ്ഡ് ഇണങ്ങും.

വീടിനുള്ളിലെ സജ്ജീകരണങ്ങൾ

ഏത് വീടായാലും വൃത്തിയാണ് പരമ പ്രധാനം. ഓരോ വസ്തുവും അതാതിടത്ത് ഭംഗിയായും ചിട്ടയായും വയ്ക്കുന്നതിലാണ് സൗന്ദര്യം. സാധനങ്ങൾ വലിച്ചുവാരിയിട്ടാൽ വീടിന്‍റെ മൊത്തം ചന്തം നഷ്ടപ്പെടും. കൊച്ചു കുട്ടികളുള്ള വീടാണെങ്കിൽ ഇക്കാര്യം അത്ര ചിട്ടയോടെ പാലിക്കാൻ കഴിയില്ലെങ്കിലും അൽപം ശ്രമിച്ചാൽ ഭംഗിയായി മെയിന്‍റയിൻ ചെയ്യാം. എല്ലാ വസ്തുക്കളും അതാതിടത്ത് ചിട്ടയായി വയ്ക്കാൻ കുട്ടികളെയും പരിശീലിപ്പിക്കുക.

ഫർണ്ണീച്ചർ തെരഞ്ഞെടുക്കുമ്പോൾ…

വീട്ടിൽ അതിഥികളും ബന്ധുക്കളുമെത്തുന്ന അവസരമാണല്ലോ ആഘോഷങ്ങൾ. എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം എല്ലാ വീട്ടിലും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഫർണ്ണീച്ചർ തെരഞ്ഞെടുക്കുന്ന സമയത്ത് തീൻമുറിയുടെയും സ്വീകരണ മുറിയുടെയും വലിപ്പത്തിനനുസരിച്ച് കോംപാക്റ്റ് ഫർണ്ണീച്ചർ തെരഞ്ഞെടുക്കാം. ഉപയോഗം കഴിഞ്ഞാൽ മാറ്റി വയ്ക്കുകയും ചെയ്യാം. വലിയ വിശാലമായ തീൻ മുറിയാണെങ്കിൽ 12 കസേരകളുള്ള ഇന്ത്യൻ ടേബിൾ വാങ്ങാം. അതിന് വശത്തായി 8 കസേരകൾക്കുള്ള ടേബിളും കൂടി സജ്ജീകരിക്കുകയാണെങ്കിൽ 20 പേർക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാം.

സ്വീകരണമുറിയിൽ ജനാലക്കരികിലായി ദീവാൻ ഇടുന്നതാണ് നല്ലത്. ചായയും കോഫിയും മറ്റും കുടിക്കുന്നതിനൊപ്പം ജനാലയിലൂടെ ആകാശക്കാഴ്ച ആസ്വദിക്കുകയും ചെയ്യാം. ലീവിംഗ് റൂമിന്‍റെ വലിപ്പമനുസരിച്ച് എൽ ഷെയ്പിൽ സോഫയിടാം. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും മുഖാമുഖം നോക്കി സംസാരിച്ചിരിക്കാൻ ഇത് സൗകര്യപ്രദമായിരിക്കും. ഫോർമൽ മീറ്റിംഗിനായുള്ള ഇരിപ്പിടവും വീട്ടിൽ ഉചിതമായ ഇടത്ത് സജ്ജീകരിക്കാം.

അലങ്കാര വസ്തുക്കളുടെ നിറങ്ങൾ

വീട് മനോഹരമാക്കാൻ വളരെ നോർമലായ അലങ്കാരങ്ങൾ മതിയാവും. ചുവരിന് വെള്ള നിറമാണ് പൂശിയിരിക്കുന്നതെങ്കിൽ പ്ലെയിൻ ലുക്ക് ബ്രേക്ക് ചെയ്യാൻ ചുവരിൽ വലിയ പെയ്ൻറിംഗ് വച്ച് അലങ്കരിക്കാം. ഫർണ്ണീച്ചർ ലൈറ്റ് നിറത്തിലുള്ളതാണെങ്കിൽ കളർഫുൾ കുഷ്യനുകൾ കൊണ്ട് അലങ്കരിക്കാം. നിറങ്ങളാണ് വീടിന് ഹോംലി ലുക്ക് നൽകുന്നത്. ഉചിതമായവ തെരഞ്ഞെടുക്കുന്നതിലാണ് അതിന്‍റെ സൗന്ദര്യം. ലൈറ്റിംഗ് ശരിയായ ലൈറ്റ് അറേഞ്ച്മെന്‍റുകളിലൂടെ വീടിന്‍റെ മൊത്തത്തിലുള്ള ഭംഗി കൂട്ടാം. അതിനായി പ്രകാശം കുറഞ്ഞതും കൂടിയതുമായ അലങ്കാര വിളക്കുകൾ ഉപയോഗപ്പെടുത്താം. പകൽ വെളിച്ചം പോലെ പ്രകാശം പരത്തുന്ന ലൈറ്റുകളുമുണ്ട്.

പകൽ വെളിച്ചം ഉപയോഗിച്ചും ഓരോ മുറിയിലും ശരിയായ പ്രകാശ സംവിധാനമൊരുക്കാം. റെനോവേഷൻ സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകി വേണം വീട് പുതുക്കി പണിയാൻ. സ്വന്തം ഇഷ്ടത്തിനും സന്തോഷത്തിനും മുൻതൂക്കം നൽകണം. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഇടമാകുന്ന വിധത്തിൽ വീട് ഒരുക്കിയെടുക്കുക. ഏത് ആഘോഷവേളയിലും ഏറ്റവും സന്തോഷകരമായ സമയം ചെലവഴിക്കാൻ സ്വന്തം വീടല്ലാതെ മറ്റേത് ഇടമാണ് ചേരുക.

और कहानियां पढ़ने के लिए क्लिक करें...