കട്‍ലറ്റിന്‍റെ പേരു പറഞ്ഞാൽ വായിൽ വെള്ളമൂറും. നിങ്ങൾ ഉരുളക്കിഴങ്ങ്, ചിക്കൻ, വെജ് കട്‍ലറ്റുകൾ കഴിച്ചിട്ടുണ്ടാകും എന്നാൽ ഇത്തവണ പനീർ കട്‍ലറ്റ് ട്രൈ ചെയ്താലോ.
ചേരുവകൾ
300 ഗ്രാം പനീർ നന്നായി പൊടിച്ചത്
മൂന്ന് ബ്രെഡ് കഷ്ണങ്ങൾ
ഒന്നര ടീസ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്
2- 3 പച്ചമുളക്
ഒരു സവാള അരിഞ്ഞത്
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി
1.5 ടീസ്പൂൺ ചാട്ട് മസാല
1 ടീസ്പൂൺ മുളകുപൊടി
മൂന്ന് ടീസ്പൂൺ പുതിനയില
1 കപ്പ് ബ്രെഡ് ക്രംബ്സ്
2 ടീസ്പൂൺ മൈദ മാവ്
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാൻ
ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് മൈദ എടുത്ത് വെള്ളം ഒഴിച്ച് ലൂസ് മാവാക്കി കുഴച്ചു വെയ്ക്കുക. അതുപോലെ ബ്രെഡ് ക്രംബ്സ് മറ്റൊരു പ്ലേറ്റിൽ വയ്ക്കുക. ഇനി കട്‍ലറ്റ് ഉണ്ടാക്കാൻ തുടങ്ങാം.
ആദ്യം ബ്രെഡ് കഷ്ണങ്ങൾ ഒന്ന് രണ്ട് സെക്കൻഡ് വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ് മാറ്റി വെയ്ക്കാം. ഒരു പാത്രത്തിൽ പനീർ ഇട്ട് നനഞ്ഞ ബ്രെഡ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, മഞ്ഞൾ, ചാട്ട് മസാല, ഉപ്പ്, പുതിനയില എന്നിവ ചേർത്ത് ഇളക്കുക.
ഈ മിശ്രിതം മിക്സ് ചെയ്ത ശേഷം കട്‍ലറ്റ് ആകൃതിയിൽ ഓരോന്നായി ഉരുട്ടി എടുക്കുകക. ഇതിനു ശേഷം മൈദ മാവിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിയുക.
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടായ ശേഷം കട്‍ലറ്റ് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്യുക. വെന്തതിനു ശേഷം എണ്ണയിൽ നിന്ന് കോരി മാറ്റുക. അവ ചൂടോടെ വിളമ്പുക.