വിവാഹത്തിന്‍റെ സന്തോഷം തീരും മുമ്പ് ഗായത്രിയുടെ വീട്ടിൽ ശോകാന്തരീക്ഷം നിറയുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് വിവാഹാവശ്യത്തിനായി ചെലവഴിച്ചത്. സ്റ്റേജിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായി. വിവാഹം നടന്നില്ല എന്നു മാത്രമല്ല ഗായത്രിയുടെ പിതാവിന്‍റെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യവും സ്വപ്നങ്ങളും തകരുകയായിരുന്നു.
പെട്ടെന്നുണ്ടായ ഷോക്ക് ആ പിതാവിന്‍റെ ഹാർട്ട് അറ്റിക്കിന് കാരണമായി. വിവാഹ സ്ഥലത്തുണ്ടായ നഷ്ടങ്ങൾ മാത്രമല്ല മരുന്നിനും ഓപ്പറേഷനുമൊക്കെ വേറെ പണം കണ്ടെത്തേണ്ടിയും വന്നു.
വിവാഹമെന്നത് അവിസ്മരണീയമായ ഒരു മുഹൂർത്തമാണ്. വിവാഹത്തിന്‍റെ ശുഭനിമിഷങ്ങൾ ഒരു സുന്ദരസ്വപ്നം പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനാണ് ആരും ആഗ്രഹിക്കുക. അതിനാൽ അപ്രതീക്ഷിതമായി എത്തുന്ന ഇത്തരം ദുരന്തങ്ങളെ നേരിടാൻ വെഡ്ഡിംഗ് ഇൻഷുറൻസ് പോലുള്ള മുൻകരുതൽ നന്നായിരിക്കും. ഇൻഷുറൻസായി വലിയൊരു തുക നൽകേണ്ടി വരുമെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. ഈ ധാരണ ഒട്ടും ശരിയല്ല. 5 ലക്ഷം രൂപയുടെ ഇൻഷുറൻസിന് ഏകദേശം 0.5 മുതൽ 3.05 ശതമാനം വരെ എന്ന നിരക്കിലാണ് പ്രീമിയം അടക്കേണ്ടി വരുക.
ഇന്ന് ധാരാളം ഇൻഷുറൻസ് കമ്പനികൾ സേവനം നൽകി വരുന്നുണ്ട്. വിവാഹ ഇൻഷുറൻസ് പോളിസി എടുക്കാൻ ഒരുങ്ങുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
വെഡ്ഡിംഗ് ഇൻഷുറൻസ്
നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നിസ്സാര കാര്യങ്ങൾ പോലും കവർ ചെയ്യുന്ന തരത്തിലുള്ള വെഡ്ഡിംഗ് ഇൻഷുറൻസുകളുണ്ട്. കാറ്ററിംഗ്, പൂജാവിധികൾ, ബ്യൂട്ടിഷ്യൻ, കുക്ക്, ഡോക്ടർ, മാര്യേജ് ഹാൾ, ഫോട്ടോഗ്രാഫി, മ്യൂസിക് പാർട്ടി എന്നിവയെല്ലാം ഇൻഷുർ ചെയ്യാവുന്ന തരത്തിലുള്ളതാണിത്.
വിവാഹദിനത്തിൽ അശുഭമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും പെട്ടെന്ന് സുഖമില്ലാതെ വരിക, പൂജാരി സമയത്തിന് എത്താതിരിക്കുക, ഭക്ഷണം മോശമാവുക, പ്രകൃതിക്ഷോഭം മൂലം പരിപാടി അലങ്കോലമാക്കുക എന്നിങ്ങനെ) പോളിസിയിൽ ഏതൊക്കെ കാര്യങ്ങൾ കവർ ചെയ്തിട്ടുണ്ടോ അതിനനുസൃതമായ തുക ഇൻഷുറൻസിനത്തിൽ ലഭിക്കും.
ഒരുപക്ഷേ, നിസ്സാര പ്രശ്നങ്ങൾ നിങ്ങൾക്കു തന്നെ ഡീൽ ചെയ്യാൻ പറ്റുമെങ്കിലും ഏതെങ്കിലും കാരണവശാൽ വിവാഹം തന്നെ നിർത്തി വയ്ക്കേണ്ടി വന്നാലോ? അനാവശ്യ ധനനഷ്ടം പിന്നീട് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വച്ചേക്കാം.
വിവാഹാവശ്യത്തിനായി പോളിസി എടുത്തിട്ടുണ്ടെങ്കിൽ വിവാഹം മുടങ്ങിയാൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയും. ഈ സാഹചര്യത്തിൽ നഷ്ടമായ തുക കമ്പനി നൽകേണ്ടിയും വരും. എന്നാൽ ഈ വെഡ്ഡിംഗ് കാൻസലേഷൻ ക്ലെയിം വിവാഹത്തീയതിക്ക് 3 ദിവസം മുമ്പ് വിവാഹം മുടങ്ങുന്നുവെങ്കിൽ മാത്രം ക്ലെയിം ചെയ്യാവുന്നതായിരിക്കും.
തീപിടുത്തം, ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭം, ബന്ധുജനങ്ങളുടെ ആകസ്മിക മരണം, അപകടം, വരനോ വധുവിനോ അപകടം ഉണ്ടാവുക എന്നീ കാരണങ്ങളാൽ വിവാഹം നിർത്തി വയ്ക്കേണ്ടി വരുന്ന പക്ഷവും ക്ലെയിം ചെയ്യാനാവും. ഇത്തരം നിസ്സാരമല്ലാത്ത പ്രശ്നങ്ങൾക്ക് വെഡ്ഡിംഗ് ഇൻഷുറൻസ് ആശ്വാസമാവും. മാത്രമല്ല, വധുവിന്‍റെയും വരന്‍റെയും വിവാഹഡ്രസ്സുകൾക്ക് വരെ ഇൻഷുറൻസ് ലഭിക്കുന്ന പോളിസികളും നിലവിലുണ്ട്.
ക്ലെയിം സാധ്യമാകാത്ത ഘട്ടം
വെഡ്ഡിംഗ് ഇൻഷുറൻസ് കവർ ചെയ്യാനാകാത്ത സാഹചര്യങ്ങളുമുണ്ട്. ഉദാ: കുടുംബാംഗങ്ങൾക്കിടയിലെ അസ്വാരസ്യം മൂലം വിവാഹം മുടങ്ങുക, വധുവോ വരനോ വിവാഹത്തിന് വിസമ്മതിക്കുക എന്നീ സാഹചര്യങ്ങളിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാവില്ല. കൂടാതെ ക്രിമിനൽ കേസുകൾ, മോശമായ പെരുമാറ്റം, ക്ലെയിം നേടിയെടുക്കുന്നതിനായി തെറ്റിധരിപ്പിക്കുക, അശ്രദ്ധ, പാപ്പയെന്നു പ്രഖ്യപിച്ച് ക്ലെയിം ചെയ്യുക എന്നീ ഘട്ടങ്ങളിലും ക്ലെയിം ലഭിക്കില്ല. ബാലവിവാഹം പോലുള്ള ഘട്ടങ്ങളിലും വരന്‍റെയോ വധുവിന്‍റെയോ രക്ഷിതാക്കൾ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുന്ന പക്ഷവും ക്ലെയിം ലഭിക്കില്ല.
നിലവിലുള്ള ഇൻഷുറൻസ് കമ്പനികൾ
സാധാരാണക്കാരുടെ ആവശ്യം മനസ്സിലാക്കി പല ഇൻഷുറൻസ് കമ്പനികളും വെഡ്ഡിംഗ് ഇൻഷുറൻസ് പോളിസികൾ നടപ്പിലാക്കിയുണ്ട്. നാഷണൽ ഇൻഷുറൻസ് കമ്പനി, ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ബജാജ് അലയൻസ്, ഐ സി ഐ സി ഐ തുടങ്ങിയവയൊക്കെ വിവാഹ ഇൻഷുറൻസ് നൽകുന്ന കമ്പനികളാണ്.
ക്ലെയിം ചെയ്യാൻ
ഏതാവശ്യത്തിനാണോ ക്ലെയിം ചെയ്യുന്നത് അത് തെളിയിക്കുന്ന രേഖകൾ നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. മാത്രമല്ല നഷ്ടം സംഭവിച്ചതിന് തെളിവായി രേഖകളോ ബില്ലോ കമ്പനിക്ക് നൽകേണ്ടതുമാണ്.
ക്ലെയിം ചെയ്യുന്നത് ലാഭകരവും വളരെയേറെ എളുപ്പവുമായ ഒരു പ്രോസസാണ്. വിവാഹം തുടങ്ങിയ ശുഭാവസരങ്ങൾ ഭയം കൂടാതെ നടത്താൻ സാധിക്കും. ക്ലെയിം ചെയ്യുന്നതിന് ഇൻഷുററുമായി സംസാരിക്കുകയേ വേണ്ടൂ. ക്ലെയിം ചെയ്യുന്നതിന് ഒരു ഫോം പൂരിപ്പിക്കേണ്ടി വരും. ഇതിൽ പോളിസിയെക്കുറിച്ചുള്ള വിവരണം നൽകിയ ശേഷം മോഡ് ഓഫ് ക്ലെയിം കൂടി സ്പഷ്ടമാക്കണം. വേണമെങ്കിൽ ഓൺലൈൻ ആയും ക്ലെയിം ആവശ്യപ്പെടാം. ക്ലെയിം സ്വീകാര്യമെങ്കിൽ നിർദ്ദിഷ്ട തുക നിങ്ങൾക്ക് ലഭിക്കും.
ശ്രദ്ധിക്കേണ്ടത്
- വിവാഹാവശ്യങ്ങൾക്കായി കൂടുതൽ കോൺട്രാക്റ്റുകൾ നൽകാതിരിക്കുക, കോൺട്രാക്റ്റ് കൂടുന്നതനുസരിച്ച് പ്രീമിയവും അത്രയധികം അടക്കേണ്ടതായി വരും.
- പർച്ചേസിംഗ് ചെയ്യുന്ന അവസരത്തിൽ നിസ്സാര ലാഭത്തെച്ചോല്ലി ബിൽ വാങ്ങാത്തവരുണ്ടാകും. ബിൽ ഉണ്ടെങ്കിൽ മാത്രമേ ക്ലെയിം സാധ്യമാകൂ എന്നതിനാൽ പർച്ചേസിംഗ് വേളയിൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
- കുടുംബാംഗങ്ങളെയും ഇക്കാര്യം പ്രത്യേകം പറഞ്ഞ് മനസ്സിലാക്കുക.
- ക്ലെയിം ചെയ്യാൻ പോകുന്നതിന് മുമ്പ് എല്ലാ സുപ്രധാന കടലാസ്സുകളും രേഖകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സർട്ടിഫിക്കറ്റുകൾ, ബില്ലുകൾ എന്നിവ ക്ലെയിം ചെയ്യുന്ന പേപ്പറിനൊപ്പം വയ്ക്കാൻ മറക്കരുത്.
- കമ്പനി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഒറിജിനൽ ബില്ലുകളും സർട്ടിഫിക്കറ്റും നൽകാതിരിക്കുക. ഫോമിനൊപ്പം ഫോട്ടോസ്റ്റാറ്റ് കോപ്പി വയ്ക്കാം.
- ക്ലെയിം ചെയ്യുമ്പോൾ ഓരോന്നിനും പ്രത്യേകം വിവരണം നൽകുക. ക്ലെയിം ചെയ്യുന്ന അവസരത്തിൽ പ്രോപ്പർട്ടി ഡാമേജ്, ഡെക്കറേഷൻ ചെലവ്, വിവാഹമണ്ഡപത്തിന്‍റെ സെറ്റ്, ഡെക്കറേറ്റേഴ്സിന് നൽകിയ വാടക, ഹാൾ ബുക്കിംഗ് ചെലവ് എന്നിവയും പട്ടികയിൽ ഉൾപ്പെടുത്താം.