യാത്ര ചെയ്യുക, കാഴ്ചകൾ കാണുക ഇതൊക്കെ നല്ല സുഖമുള്ള ഏർപ്പാടാണ്. മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കുവാനും ജോലിഭാരം മാറ്റിവച്ച് ഒന്ന് അടിച്ചുപൊളിക്കാനും യാത്രകൾ നമ്മെ സഹായിക്കാറുണ്ട്. സുഹൃത്തുക്കളുമൊത്തോ കുടുംബസമേതമോ ഒക്കെ ഒരു ദിവസമെങ്കിലും യാത്ര പോകാത്തവർ നമുക്കിടയിൽ വിരളമാണ്. അതേസമയം, തനിച്ച് യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഏർപ്പാടല്ല. അതും ഒരു സ്ത്രീ, ഒറ്റയ്ക് ഒരു ബൈക്കിൽ 102 ദിവസം യാത്ര ചെയ്യുക എന്നത് അല്പം പ്രയാസമേറിയതാണ്. ധീരജവാന്മാരുടെ വിധവകൾക്ക് ഊർജ്ജം പകരുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ട ആ യാത്രയെക്കുറിച്ചാണ് സോളോ റൈഡറായ അംബിക കൃഷ്ണയ്ക്ക് പറയാനുള്ളത്.
“ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട് ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ. പക്വതയെത്തും മുമ്പേ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ശിവരാജ് ഡൽഹിയിൽ വച്ച് ഒരു ബൈക്കപകടത്തിൽ മരിക്കുമ്പോൾ മകൾക്ക് വെറും മൂന്നുമാസം മാത്രമായിരുന്നു പ്രായം. എനിക്ക് പത്തൊമ്പതും. ചെറുപ്പത്തിൽ വീട്ടിൽ ഒതുങ്ങി വളർന്നതുകൊണ്ടു തന്നെ ഞാൻ അല്പം റിസേർവ്ഡ് ആയിരുന്നു. എന്‍റെ വിഷമങ്ങളും കഷ്ടപ്പാടുകളുമെല്ലാം എന്‍റെ ഉള്ളിൽത്തന്നെ തളം കെട്ടിക്കിടന്നു.” ജോലി ചെയ്ത് പഠിപ്പിച്ച് വലുതാക്കിയ മകൾ ആര്യ ഇന്ന് ഇൻഫോസിസ് ജീവനക്കാരിയാണ്.
“ബൈക്ക് ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. മകൾ വളർന്ന് വലുതായപ്പോൾ എനിക്ക് അല്പം കൂടി ധൈര്യമായി. എന്‍റെ കഴിവുകളെയും ആഗ്രഹങ്ങളെയും ഞാൻ പലപ്പോഴും തിരിച്ചറിയാൻ ശ്രമിച്ചിരുന്നില്ല. ഒരുപക്ഷെ, എന്നെപോലെ ഒരുപാട് പേർ ചുറ്റിലുമുണ്ടാകാം. ജവാന്മാരുടെ വിധവകൾ മക്കളെ വളർത്തി, ഒതുങ്ങി ജീവിക്കുന്നവരുണ്ടെങ്കിൽ അവർക്ക് കരുത്ത് പകരണം എന്നൊരു തോന്നൽ എന്നിലുടലെടുത്തു. പരസഹായമില്ലാതെ കഷ്ടപ്പെടുന്നതിന്‍റെ വേദന നന്നായി അറിയുന്നതുകൊണ്ടാകാം എനിക്ക് ഇത്തരമൊരു ആശയമുദിച്ചത്. നീണ്ട ഒന്നര മാസത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം ഞാൻ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. കൊച്ചി ആകാശവാണി റയിൻബോ നിലയത്തിൽ റേഡിയോ ജോക്കി കൂടി ആയതിനാൽ, യാത്രയിൽ ആകാശവാണി നിലയങ്ങൾ കൂടി സന്ദർശിക്കണമെന്നും തീരുമാനിച്ചു. ആകാശവാണി നിലയത്തിലെ സുഹൃത്തുക്കളും ഉദ്യോഗസ്ഥരും തന്ന കട്ട സപ്പോർട്ട് കൂടിയായപ്പോൾ ഞാൻ ഉറപ്പിച്ചു.”
“അങ്ങിനെ ഏപ്രിൽ 11ന് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വാസൂട്ടൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന ബൈക്കിൽ. എന്‍റെ മുമ്പിൽ ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് കേരളത്തിന് പുറത്ത് പോകുന്നത്, അതും തനിച്ച്! യാത്ര തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ തമിഴ്‌നാട്ടിലെ കല്പാക്കത്ത് വച്ച് ചെറിയൊരു അപകടമുണ്ടായി. ബൈക്ക് സ്കിഡായി കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി. അത് എന്‍റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇനി എന്ത് ചെയ്യും? എങ്ങിനെ മുന്നോട്ട് പോകും? ഇത്തരം ചിന്തകൾ അസ്വസ്ഥയാക്കിയെങ്കിലും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നവരും നിരന്തരം തന്ന സപ്പോർട്ട് എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ലക്ഷ്യത്തിലേക്കു യാത്ര തുടർന്നു.”
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ്സ, പശ്ചിമ ബംഗാൾ, ആസാം, മേഘലയ, ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ 17 സംസ്ഥാനങ്ങളിലൂടെ 33 ആകാശവാണി നിലയങ്ങൾ സന്ദർശിച്ച് കാടും മേടും നഗരങ്ങളും കടന്ന് വെയിലും മഴയും കാറ്റുമേറ്റ് 11,600ലധികം കിലോമീറ്ററുകൾ താണ്ടി 102 ദിവസത്തെ ഭാരതപര്യടനം പൂർത്തിയാക്കി ഒടുവിൽ ജൂലൈ 21ന് അംബിക നാട്ടിൽ തിരിച്ചെത്തി.
യാത്രയെക്കുറിച്ച് അംബിക വീണ്ടും വാചാലയായി- “ഓരോ നാട്ടിലൂടെ കടന്നുപോകുമ്പോഴും ഉള്ളിൽ ആകാംക്ഷയും പരിഭ്രാന്തിയും ഒരുപോലെയുണ്ടായി. അതുകൊണ്ട് തന്നെ സ്വയം കരുതൽ യാത്രയിലുടനീളം ഉണ്ടായിരുന്നു. പലതരം ചിന്തകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. തമിഴ്നാട്ടിലെ കാഴ്ചകളായിരുന്നില്ല രാജസ്ഥാനിൽ. പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുരുന്നുകളെയും സ്ത്രീകളെയും വഴിയരികിൽ കണ്ടപ്പോൾ, നമ്മൾ നമ്മളെക്കുറിച്ച് തന്നെ അറിയാതെ ചിന്തിച്ചുപോകും. ബീഹാറിലും ആസമിലും ചോളം കയറ്റികൊണ്ടു പോകുന്ന വണ്ടിയുടെ പുറകേ ഓടി നടന്ന് നിലത്ത് വീഴുന്ന ചോളത്തരികൾ പെറുക്കിയെടുക്കുന്ന കുറേ ബാല്യങ്ങൾ. അവർ കളിക്കുകയല്ല മറിച്ച് ഒരു നേരത്തേ വിശപ്പടക്കാൻ പെടപ്പാട് പെടുകയാണ്. തലയിൽ കുടവും മറ്റ് സാധനങ്ങളും വച്ച് കൊണ്ട് കിലോമീറ്ററുകൾ നടന്ന് ജീവിതം വീടിനുള്ളിൽ എങ്ങിനെയൊക്കെയോ ജീവിച്ച് തീർക്കുന്ന കുറേ സ്ത്രീകൾ.
ബൈക്ക് ഓടിച്ച് ഇതുവരെ എത്തിയത് ഒരു സ്ത്രീയാണെന്നറിഞ്ഞപ്പോൾ അവരുടെ കണ്ണിൽ ജ്വലിച്ച അഭിമാനത്തിളക്കം എനിക്ക് നിഷ്പ്രയാസം വായിച്ചെടുക്കാമായിരുന്നു. വീടിനുള്ളിൽ ഒന്ന് ഉറക്കെ ചിരിക്കാൻ പോലും അനുവാദമില്ലാത്തവർ “പോയി വരൂ സഹോദരി- നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു..” എന്ന് എന്നോട് പറയാതെ പറഞ്ഞു. “ആദ്യമൊക്കെ തന്‍റേടി എന്ന ഭാവത്തിൽ നിക്കിയിരുന്ന പുരുഷന്മാർ പോലും എന്‍റെ കഥകൾ അറിഞ്ഞപ്പോൾ യാത്രയുടെ ഉദ്ദേശം മനസ്സിലാക്കിയപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് സമീപിച്ചത്. നിറഞ്ഞ സ്നേഹത്തോടെ സല്യൂട്ട് ചെയ്താണ് അവർ എന്നെ യാത്രയയച്ചത്. ആ ഒരൊറ്റ കാര്യം മതിയായിരുന്നു തുടർന്നുള്ള യാത്രക്ക് കരുത്തു കൂട്ടാൻ. രാജ്യം എഴുപതിയാഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ ഒരു അവസരത്തിൽ തന്നെ യാത്ര ചെയ്യാൻ സാധിച്ചതിൽ എനിക്ക് അഭിമാനം തോന്നി.
“റോഡുകളുടെ കാര്യം നോക്കുകയാണെങ്കിൽ, കേരളത്തിലെ റോഡുകൾ പോലെയല്ല ബൈക്ക് ഓടിക്കുമ്പോൾ സുഖകരമായി തോന്നിയത് വിജയവാഡയിലും വിശാഖപട്ടണത്തുമാണ്. പിന്നെ ഉത്തർപ്രദേശിലും.”
“യാത്രയിൽ മരണത്തെ മുഖാമുഖം കണ്ട ഒരു അനുഭവമുണ്ടായി. രാജസ്ഥാനിൽ വച്ച് തലനാരിഴക്കാണ് അപകടം ഒഴിവായത്. വടക്കേ ഇന്ത്യയിൽ മിക്കയിടത്തും പശുക്കളും കന്നുകാലികളുമെല്ലാം റോഡിലാണ് കിടപ്പ്. കന്നുകാലികൾക്ക് അത് നാഷണൽ ഹൈവേ ആണെന്നൊന്നും അറിയേണ്ടല്ലോ? ദൂരെ നിന്ന് നോക്കിയാൽ ഒട്ടും മനസ്സിലാകില്ല. അതുപോലെ ഇവ പെട്ടന്ന് റോഡ് മുറിച്ചു കടക്കുകയും റോഡിന് കുറുകെ നിൽക്കുകയുമൊക്കെ ചെയ്യും. ഓവർസ്പീഡിൽ വരുന്ന വണ്ടികൾക്ക് ഒരുപക്ഷേ പെട്ടന്ന് ബ്രേക്കിട്ടാൽ നിർത്താൻ പറ്റിയെന്ന് വരില്ല. അപ്പോൾ അത് തീർച്ചയായും അപകടം ഉണ്ടാക്കും. അവിടുത്തുകാർ അതിരാവിലെ തന്നെ റോഡിൽ വന്ന് പശുക്കളെ പൂജിച്ചിട്ടാണ് അവരുടെ ദിവസം തുടങ്ങുന്നത്. അങ്ങിനെയിരിക്കെ അബദ്ധത്തിലെങ്ങാനും പശുവിന്‍റെ മേലെ ഒന്ന് വണ്ടി മുട്ടിയാൽ, നാട്ടുകാർ നമ്മളെ ബാക്കിവയ്ക്കില്ല…”
“ഏറ്റവും ഇഷ്ടപ്പെട്ട നാട് പഞ്ചാബ് ആണ്. വഴികളാണെങ്കിലും ആളുകളുടെ പെരുമാറ്റമാണെങ്കിലുമെല്ലാം. പൊതുവെ സൽക്കാരപ്രിയരാണല്ലോ പഞ്ചാബികൾ. അവർ നമ്മളെ സ്നേഹിച്ച് കൊല്ലും.. അവർ ആഘോഷിക്കുകയായിരുന്നു വരവ്..”
“പിന്നെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ എനിക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഞാൻ പൊതുവെ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ്. ചോറും തൈരും പിന്നെ നമ്മൾ സാധാരണ കഴിക്കുന്ന വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് അങ്ങിനെ കിട്ടുന്നത് മാത്രമാണ് കഴിച്ചിരുന്നത്. ഓരോ നാടിന്‍റെ വൈവിധ്യമനുസരിച്ച് രുചി ആസ്വദിക്കാൻ തുനിഞ്ഞില്ല. കാരണം അത് യാത്രക്ക് ഗുണകരമാകില്ലെന്നും താൻ തനിച്ചാണെന്നുമുള്ള ബോധം എപ്പോഴുമുണ്ടായിരുന്നു.”
“ഒറ്റയ്ക്ക് ഒരു സ്ത്രീ ഒടിഞ്ഞകാലുമായി 11, 600 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുക എന്ന ദൗത്യത്തിലേക്ക് എനിക്ക് മനോവീര്യമേകിയത് സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പ്രാർത്ഥന മാത്രമാണ്. യാത്രതിലുടനീളം മോളെ മിസ്സ് ചെയ്തു. റൈഡിനിടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇടയ്ക്ക് പാട്ടുകൾ കൂട്ടിനുണ്ടായിരുന്നു.”
“തിരിച്ചെത്തിയപ്പോൾ, എന്‍റെ യാത്രാനുഭവം എന്നത് സത്യത്തിൽ എന്‍റെയുള്ളിൽ ഉറങ്ങിക്കിടന്ന തന്‍റേടത്തെ, ആർജ്ജവത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഉണ്ടായ ഒരു പരുവപ്പെടൽ ആയിരുന്നു. ധൈര്യം എല്ലാവരുടെയും ഉള്ളിലുണ്ട്. നാം അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. അതിന് എനിക്ക് ഈ യാത്ര വേണ്ടി വന്നു. ഇതൊരു തുടക്കം മാത്രമാണ്. ധീരജവാന്മാരുടെ വിധവകൾക്ക് വേണ്ടി ഞാൻ മനസ്സിൽ പലതും പ്ലാൻ ചെയ്യുന്നുണ്ട്. എനിക്ക് ഇനി പലതും ചെയ്യാനുണ്ട്. ഇപ്പോൾ അതിനുള്ള ഉറച്ച ആത്‍മവിശ്വാസവും ദൃഡനിശ്ചയവും എനിക്കുണ്ട്.”