മേക്കപ്പ്, ഹെയർ സ്റ്റൈൽ, ഡ്രസ്സ് ഒക്കെ ഉഗ്രനായിട്ടുണ്ട്. പക്ഷേ ഈ വിണ്ടുകീറിയ പാദങ്ങൾ… പരസ്യ വാചകം ഒന്നുമല്ല. പലർക്കും ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിരിക്കും. അനാകർഷകമായ പാദങ്ങൾ സൗന്ദര്യത്തിന് മാറ്റ് കുറയ്ക്കുമെന്ന് നിസ്സംശയം പറയാം.
കണ്ണാടിയിൽ നോക്കി മുഖമൊന്നു മിനുക്കിയാൽ എല്ലാം ഓകെയായി എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു വ്യക്തിയുടെയും പേഴ്സണാലിറ്റി ആകർഷകമാക്കുന്നതിൽ പാദങ്ങളുടെ പങ്ക് പ്രധാനമാണ്. തെല്ലൊരു ശ്രദ്ധയും പരിചരണവും പാദങ്ങൾക്കും നൽകി നോക്കൂ…
കുളിക്കുമ്പോൾ പതിവായി 5 മിനിറ്റ് പാദം പരിചരിക്കുന്നതിനുവേണ്ടി മാറ്റി വയ്ക്കുക. പ്യുമിക് സ്റ്റോൺ കൊണ്ട് ഉപ്പൂറ്റി നന്നായി ഉരച്ചു കഴുകുക. സോപ്പു പുരട്ടിയ ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് വിരലുകളും പാദങ്ങളുടെ മുകൾ ഭാഗവും വൃത്തിയാക്കണം. സോപ്പുപത കഴുകി കളഞ്ഞ് വൃത്തിയുള്ള തുണി കൊണ്ട് കാലിലെ ഈർപ്പം തുടച്ചു മാറ്റി ഫുട് ക്രീം പുരട്ടുക.
ആഴ്ചയിൽ ഒരു തവണ
ഒരു ടബ്ബിൽ ഇളം ചൂട് വെള്ളം എടുത്ത് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ നാരാങ്ങാനീരോ ചേർത്ത് നന്നായി യോജിപ്പിക്കുക. പത്തുപതിനഞ്ചു മിനിറ്റോളം പാദങ്ങൾ ഈ ലായനിയിൽ മുക്കി വയ്ക്കുക. പ്യുമിക് സ്റ്റോണോ സ്ക്രബ്ബറോ ഉപയോഗിച്ച് ഉരച്ചു കഴുകി ശുദ്ധജലത്തിൽ കഴുകി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച ശേഷം ഗുണനിലവാരമുള്ള ഫുട് ക്രീം പുരട്ടുക. അവധി ദിവസങ്ങളിലോ രാത്രി ഉറങ്ങുന്നതിനു മുമ്പോ പാദങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തണം.
ഏവൺ ഫുട് റിഫ്രഷിംഗ് സിട്രസ് ഫുട് സോപ്പ്, ഫോറസ്റ്റ് എസ്സൻഷ്യൽസ് ലക്ഷ്വറി ഫുട് ക്രീം എന്നിവ ഉപയോഗിക്കാം.
വരണ്ട പാദങ്ങൾക്ക് ബദാം അടങ്ങിയ ക്രീമുകളും എ കുളിംഗ് ലോഷനുകളും ഉപയോഗിക്കാം.
ശരീരത്തിലെ ഏറ്റവും ചലനാത്മകമായ ശരീരഭാഗങ്ങളാണ് കാലും പാദങ്ങളും. ശരീരഭാരം മുഴുവനും താങ്ങി നിർത്തുന്നതും പാദങ്ങൾ ആണെന്നതിനാൽ ഇവയുടെ ആരോഗ്യവും പരിചരണവും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
ഇതേക്കുറിച്ച് സ്പാ എക്സ്പെർട്ട് പറയുന്നു, “മണ്ണും പൊടിപടലങ്ങളുമായി അടുത്ത സമ്പർക്കം ഉണ്ടാവുന്നുതിനാൽ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെ, ഇതിനായി പാദങ്ങൾ ഇളം ചൂട് വെള്ളത്തിൽ മുക്കി വെച്ച ശേഷം വീര്യം കുറഞ്ഞ ലോഷനോ ബേബി സോപ്പോ പുരട്ടി സ്ക്രബ്ബർ കൊണ്ട് ഉരച്ചു കഴുകുക. അഴുക്കും മൃതചർമ്മവും നീങ്ങി പാദങ്ങൾ സുന്ദരമാകും.”
പെഡിക്യൂർ
പാദങ്ങളുടെ ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തെറാപ്പിസ്റ്റ് ശ്വേത പറയുന്നത് ഇപ്രകാരമാണ്, “നമ്മുടെ കാലിലെ ഞരമ്പുകൾ ശരീരത്തിന്‍റെ ഇതരഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാലാണ് പാദങ്ങൾ മസാജ് ചെയ്യുമ്പോൾ മസ്തിഷ്കത്തിനും ശരീരത്തിനു മുഴുവനും ഉണർവ്വും ഉന്മേഷവും ലഭിക്കുന്നത്.”
മാസത്തിൽ രണ്ടു തവണയോ 20 ദിവസം കൂടുമ്പോഴോ പെഡിക്യൂർ ചെയ്യണം. ഇതുവഴി രക്തചംക്രമണം വർദ്ധിക്കും പാദങ്ങൾക്ക് ദൃഢതയും ആരോഗ്യവും കൈവരും.
കാലാവസ്ഥാ വ്യതിയാനവും കാലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇത് നിസ്സാരമെന്നു കരുതി അവഗണിക്കരുത്. പാദങ്ങളുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കുന്നതിന് മാസത്തിലൊരിക്കൽ ബ്ലീച്ച് ചെയ്യുക.
എക്സ്ഫോളിയേറ്റ്
ആഴ്ചയിൽ രണ്ടു തവണ എക്സ്ഫോളിയേറ്റ് ചെയ്യാം. ഇതിനായി വിപണിയിൽ റെഡിമെയ്ഡ് സ്ക്രബ്ബുകൾ ലഭിക്കും. റൈസ് ബൺ സക്രബ്ബ്, അപ്രികോട്ട് സ്ക്രബ്ബ്, ഉപ്പും പഞ്ചസാരയും മിശ്രിതം ഇവയുപയോഗിച്ച് പാദങ്ങൾ സ്ക്രബ്ബ് ചെയ്യാം. മൃതകോശങ്ങൾ നീങ്ങി പാദങ്ങൾക്ക് തിളക്കം വരും.
ടോണിംഗ്
മൈതാനത്തിലോ തുറസ്സായ സഥലത്തോ ജോഗിംഗ്, ജമ്പിംഗ്, ബ്രിസ്ക് വോക്ക് എന്നിങ്ങനെ എന്തെങ്കിലും വ്യായാമത്തിലേർപ്പെടാം. ആവശ്യമെങ്കിൽ ഫിറ്റ്നസ് വിദഗ്ദ്ധന്‍റെ ഉപദേശം തേടാം.
പാദങ്ങളിലെ വിണ്ടുകീറൽ ഒഴിവാക്കാം
- ഇളം ചൂട് വെള്ളത്തിൽ 2-3 സ്പൂൺ ഉപ്പ് ചേർത്ത് പാദങ്ങൾ നന്നായി കഴുകി തുടച്ച് അലോവേര അടിങ്ങിയ ക്രീം പുരട്ടി മസാജ് ചെയ്യുക. ബദാം ചേർന്ന ഓൾ പർപ്പ്സ് ക്രീം കൊണ്ട് മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
- പഴം ഉടച്ച് ഒലിവ് ഓയിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് വിണ്ടുകീറിയ പാദങ്ങളിൽ 15- 20 മിനിറ്റോളം പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി കളയുക.
- പാദങ്ങൾ വൃത്തിയായി കഴുകിയ ശേഷം പതിവായി ഗ്ലിസറിൻ- റോസ്‍വാട്ടർ മിശ്രിതം പുരട്ടി അൽപസമയത്തിനു ശേഷം കഴുകി കളയുക.
- സ്കിൻ പ്രോബ്ളം, അലർജി എന്നിവ ഒഴിവാക്കുന്നതിനായി ഡോക്ടറുടെ ഉപദേശപ്രകാരം വിപണിയിൽ ലഭിക്കുന്ന ഫുട്ക്രീമുകൾ ഉപയോഗിക്കാം.
ഫിഷ് പെഡിക്യൂർ
ഫിഷ് ടാങ്കിൽ പാദങ്ങൾ മുക്കി വച്ച് മീനുകളെ കൊണ്ട് പാദങ്ങളിലെ മൃതകോശങ്ങൾ കടിപ്പിച്ച് നീക്കം ചെയ്യുന്ന രീതിയാണിത്. ഡെർമ്മറ്റോളജിസ്റ്റ് ആന്‍റ് കൺസൾട്ടന്‍റായ ഉർവ്വശി പറയുന്നു, “ഞാൻ പേഷ്യന്‍റ്സിനോട് ഫിഷ് പെഡിക്യൂർ ട്രീറ്റ്മെന്‍റ് ചെയ്യണമെന്ന് ഉപദേശിക്കാറില്ല. കാരണം നഖത്തിനു ചുറ്റുമുള്ള ചർമ്മം മീനുകൾ ഭക്ഷിക്കാറുണ്ട്. നഖത്തിനും സ്കിന്നിനുമിടയിൽ ഗ്യാപ് ഉണ്ടാകുന്നതിന് ഇത് ഇടയാക്കുന്നു. ഇതുമൂലം ബാക്ടീരിയ, ഫംഗസ്, വൈസ് ബാധയുണ്ടാകാം. ബ്യൂട്ടിപാർലറിൽ ഒരേ ടബ്ബിൽ തന്നെയാണ് പാദങ്ങൾ വൃത്തിയാക്കുന്നത് എന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യതയേറും.”
ടിപ്സ്
- പാദങ്ങൾ വിണ്ടുകീറുകയോ ഷൂബൈറ്റ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നപക്ഷം പാദങ്ങൾ വീര്യം കുറഞ്ഞ സോപ്പ് കൊണ്ട് കഴുകി തുടച്ച് ആന്‍റിബയോട്ടിക് ക്രീം പുരട്ടുക. മുറിവുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.
- കാൽനഖങ്ങൾ യഥാസമയം വെട്ടി വൃത്തിയാക്കണം. നഖങ്ങൾക്ക് നീളക്കൂടുതലുണ്ടെങ്കിൽ ഷൂസും കവറിംഗ് സാന്‍റലും ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
- അധികം ഇറുകിയതോ അയഞ്ഞതോ ആയ ചെരിപ്പുകൾ വേണ്ട. ഫാഷൻ എന്നതിലുപരി പാദങ്ങളുടെ റിലാക്സേഷനാണ് പ്രാധാന്യം. ദീർഘയാത്രയ്ക്ക് പോകുമ്പോഴോ അധികനേരം നിൽക്കേണ്ടിവരുമ്പോഴോ ഹൈഹീൽ ചെരിപ്പുകൾ ഒഴിവാക്കണം.
- വിയർക്കുകയോ കാൽപാദങ്ങൾ നനയുകയോ ചെയ്യുന്നത് ഈർപ്പമുണ്ടാകാനിട വരുത്തും. പതിവായി ഒരേ ചെരിപ്പുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ നിറവ്യത്യാസം ഉണ്ടാകാൻ കാരണമാകും.
- ഉറങ്ങുന്നതിനു മുമ്പായി പാദങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നല്ല ഫുട് ക്രീം പുരട്ടി അൽപസമയം മസാജ് ചെയ്യുക.
കാലാവസ്ഥാ മാറ്റങ്ങളും പാദങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ പാദ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.