സിറ്റൗട്ടിലിരുന്ന് പത്രം വായിക്കയാണ് ഉണ്ണിത്താൻ. ഇളംവെയിൽ ഉമ്മറത്തെ ചവിട്ടുപടിവരെ എത്തിക്കഴിഞ്ഞിരുന്നു. അകത്ത് ചെക്കൻവീട്ടുകാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നെങ്കിലും ഉണ്ണിത്താനതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. മകളെ പെണ്ണുകാണാൻ ഐഎഎസുകാരന്‍ വരുന്നു എന്ന വാർത്ത സേതുലക്ഷ്മി വിമൻസ് ക്ലബ്ബിലെ സ്നേഹിതകളെയെല്ലാം ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ വാചകകസർത്ത് സിറ്റൗട്ടിലിരിക്കുന്ന ഉണ്ണിത്താന്‍റെ ചെവിയിലുമെത്തുന്നുണ്ട്.

പെണ്ണും ചെക്കനും തമ്മിൽ കാണാൻ പോകുന്നതേയുള്ളു. അപ്പോഴേക്കും വാർത്ത നാടുമുഴുവൻ കൊട്ടിപ്പാടി അറിയിക്കയാണ് തന്‍റെ സഹധർമ്മിണി.

ഒരു പരിഹാസചിരിയോടെ ഉണ്ണിത്താൻ വീണ്ടും പത്രവായന തുടർന്നു.

ഗേറ്റ് കടന്ന് ഒരു യുവതി അകത്തേക്ക് വന്നു. സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിനിടയിൽ ഉണ്ണിത്താനോട് എന്തോ പറയാൻ ഭാവിച്ചെങ്കിലും ആ യുവതി കൂടെയുള്ളതുകൊണ്ടാകാം നീരസം കലർന്നൊരു നോട്ടമയച്ചു കൊണ്ട് പിൻവാങ്ങി. പക്ഷെ അല്പം കഴിഞ്ഞപ്പോൾ സേതുലക്ഷ്മി വീണ്ടുമെത്തി.

“മണി ഒമ്പതാകാറാകുന്നു. കുളികഴിച്ച് അലക്കിത്തേച്ച ഒരു മുണ്ടും ഷർട്ടും ധരിച്ചോളണം.”

“ഓ! എനിക്കിതൊക്കെ മതി. കാട്ടുകോഴിക്കെന്ത് സംക്രാന്തി.”

“അത് പറ്റില്ല. പതിനൊന്ന് മണിക്ക് അവരിങ്ങെത്തും.”

“ഏതാ ഈ അവര്. താനിന്നലെ പറഞ്ഞ മാന്യന്മാരാണോ?”

“അതെ”

“അവരെന്തിനാ വരുന്നത്?”

“അവര് വരുന്നതെന്തിനാണെന്നറിയില്ലല്ലേ?”

“ഇല്ല, താനെന്നോടൊന്നും പറഞ്ഞേയില്ലല്ലോ.”

“ഓ! ഇനി ഞാൻ പറഞ്ഞില്ലെന്ന പരാതി വേണ്ട. നമ്മുടെ മോളെ പെണ്ണുകാണാനാണവർ വരുന്നത്. പയ്യനേ നിങ്ങളുടെ മരുമകനേപ്പോലെ മണ്ണും മാന്തി നടക്കണവനൊന്നുമല്ല. ഐഎഎസ്സാ, ഐഎഎസ്”

“ഓ! അപ്പോഴതാണ് സംഭവം. അവര് മഞ്ചാടി മോളേ കണ്ടിട്ട് പൊയ്ക്കോട്ടെ അതിന് ഞാനെന്തിനാ മേക്കപ്പിടുന്നേ?”

“മഞ്ചാടീ മരഞ്ചാടീന്നൊക്കെ മോളെ ചെക്കൻവീട്ടുകാരുടെ മുൻപിൽവെച്ച് വിളിച്ചേക്കരുത്.”

“ആ പേര് തനിക്കല്ലേ കൂടുതൽ യോജിക്കുന്നേ?”

“എന്താ… എന്താ പറഞ്ഞത്?” മുന്നോട്ട് നടക്കുന്നതിനിടയിൽ സേതുലക്ഷ്മി പിന്തിരിഞ്ഞ് നിന്നു

“അല്ലാ, മഞ്ചാടിക്കുരു കാണാൻ എന്ത് ചന്തമാണെന്ന് പറയുകയായിരുന്നു. ഇപ്പോളാ വൃക്ഷം എത്ര അപൂർവ്വായീന്ന് ആലോചിക്കുമ്പോ വല്ലാത്ത ദുഃഖം തോന്നണ്ണ്ട്.”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി എന്തോ പിറുപിറുത്തുകൊണ്ട് സേതുലക്ഷ്മി നടന്നകന്നു.

ധർമ്മേന്ദ്രൻ കിച്ചണിലെത്തുമ്പോൾ മണ്ഡോദരി പാചകത്തിന്‍റെ തിരക്കിലാണ്. ….

“ഇന്ന് ധർമ്മൻചേട്ടൻ നായാട്ടിനൊന്നും ഇറങ്ങീല്ലേ?”

“ഇല്ല. ഇന്ന് തോട്ടോം തൊടീമൊക്കെ ഓടിച്ചൊന്നു നനച്ചാൽ മതീന്നാണ് കൊച്ചമ്മേടെ ഓർഡർ. ഇനി ഡ്രോയിംഗ് റൂമിലെ ഫർണിച്ചറിന്‍റെ പൊടി തട്ടണം ആ ജോലീംകൂടി കഴിഞ്ഞാൽ ഞാനും വന്ന് സഹായിക്കാം കേട്ടോ!”

“വല്യ ഉപകാരം” അയാളെ കടക്കണ്ണാൽ ഉഴിഞ്ഞുകൊണ്ട് മണ്ഡോദരി മധുരമായൊരു പുഞ്ചിരിയും സമ്മാനിച്ചു.

“മുകളിലേക്ക് ഒരു ചായയെത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടെ ഏതോ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവൾക്കാ ചായ”

“ങ്ഹാ! ബ്യൂട്ടീ പാർലറീന്നായിരിക്കും. കുഞ്ഞിനെ ഒരുക്കാൻ വന്നതാ.”

“മഞ്ജുക്കുഞ്ഞിന് നല്ല ചന്തമുണ്ടല്ലോ. പിന്നെന്തിനാ ഒരുക്കാൻ വേറൊരാള്?”

“ഈ ധർമ്മൻചേട്ടനൊന്നുമറിയില്ല. അവരൊരുക്കിയാൽ ഒരു പ്രത്യേക ക്ളാമറാണെന്നാ മാഡം പറയുന്നേ.”

“എന്തോ, എനിക്കൊന്നും അറിയാൻ മേലായേ”

“ദേ ചായ. ഇത് കൊണ്ടുപോയി കൊടുത്തിട്ട് ഒടനേയിങ്ങോട്ട് വന്നേക്കണം കേട്ടോ. കയ്യിനും കാലിനും വല്ലാത്തൊരു വിറവല്. വിഐപികളല്ലേ വരുന്നേ. കുക്കിംഗ് വേണ്ടപോലായില്ലെങ്കിൽ മാഡം എന്നേയിന്ന് നിർത്തിപൊരിക്കും. ഇന്നെല്ലാം ചൈനീസ് മതിയെന്നാ പറഞ്ഞിരിക്കുന്നേ.”

“അതൊക്കെ കൊള്ളാം. പക്ഷെ സാറിന് അല്പം ചോറും കറീം കരുതിയേക്കണം.”

“അയ്യോ! ഞാനതങ്ങ് മറന്നിരിക്കുവാരുന്നു. ചേട്ടൻ ഓർമ്മിപ്പിച്ചതിന് ടാങ്ക്സ്”

ചായയുമായി ധർമ്മേന്ദ്രൻ ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ മഞ്ജുവിന്‍റെ മുഖത്ത് പാര്‍ലറില്‍നിന്നെത്തിയ യുവതി ഫേസ്­പാക്കിടുന്നു. അവളുടെ കണ്ണുകൾ രണ്ടും പഞ്ഞിത്തുണ്ടുകൾക്കൊണ്ട് മൂടിയിരിക്കുന്നു.

“ആരാ” കാലനക്കം കേട്ട് മഞ്ജു ചോദിച്ചു

“ധർമ്മൻചേട്ടനാ കുഞ്ഞേ. ചായ കൊണ്ടുവന്നിട്ടുണ്ട്.”

“മേശപ്പുറത്ത് വെച്ചേക്കൂ” മഞ്ജു നിർദ്ദേശിച്ചു. ധർമ്മേന്ദ്രൻ ചായക്കപ്പ് മേശപ്പുറത്ത് വെച്ചശേഷം നേരെ അടുക്കളയിലേക്ക് നടന്നു.

കുറച്ച്കഴിഞ്ഞപ്പോൾ അണിഞ്ഞൊരുങ്ങി സേതുലക്ഷ്മി വിരുന്നുമുറിയിലെത്തി. അല്പം കഴിഞ്ഞപ്പോൾ മാർത്താണ്ഡക്കുറുപ്പുമെത്തി.

“അവരൊക്കെയെവിടെ? അക്ഷമയോടെ സേതുലക്ഷ്മി തിരക്കി.

“ഇപ്പഴിങ്ങെത്തും അല്ലാതെ ഈ മാർത്താണ്ഡക്കുറുപ്പ് വിടുമോ? മഞ്ജുക്കുഞ്ഞെവിടെ?”

“അവൾ ഡ്രസ്സ് മാറുന്നു.”

സേതുലക്ഷ്മിയെ മുറിയുടെ ഒരു മൂലയിലേക്ക് വിളിച്ച് നിർത്തി പതിഞ്ഞ സ്വരത്തിൽ കുറുപ്പ് പറഞ്ഞു” മഞ്ജുക്കുഞ്ഞിന് നമ്മുടെ ഭാഗത്തുനിന്ന് കൊടുക്കാൻ പോകുന്നതെന്തൊക്കെയാണെന്ന് അവര് ചോദിക്കാതെതന്നെ അങ്ങോട്ട് പറഞ്ഞേക്കണം കേട്ടോ. മാന്യന്മാരാകുമ്പോൾ ആ വകയൊക്കെ ഇങ്ങോട്ട് ചോദിക്കാൻ സങ്കോചം കാണും. നമ്മള് അങ്ങോട്ടറിയിച്ചാൽ പ്രശ്നം തീർന്നല്ലോ. പിന്നെ വല്യവല്യയിടങ്ങളീന്നൊക്കെ പയ്യന് ആലോചനകൾ നിലവിലുള്ള സ്ഥിതിക്ക് നമ്മുടെ ഓഫറ് മോശമാകാതെ അല്പം കൂട്ടിയങ്ങിട്ടേക്കണം. അവിടെയാ നമ്മുടെ മിടുക്ക്.”

“എന്തൊക്കെയാ അവര് പ്രതീക്ഷിക്കുന്നതെന്ന് ഒരേകദേശരൂപം കിട്ടിയാൽ…..”

“ഇതിന് മുൻപൊരു കല്യാണക്കാര്യം ഒത്ത് ­വന്നതായിരുന്നു. നൂറ്റിയൻപതുപവനും പത്ത്­ ലക്ഷം രൂപേം ഒരു എസികാറും തറവാടിനടുത്ത് ഒരു ബംഗ്ളാവും ഓഫറുണ്ടായിരുന്നെന്നാ പറേന്നത്. പക്ഷെ പെൺകുട്ടിയേ പയ്യനിഷ്ടപ്പെട്ടില്ല. അതാ ആ കാര്യം നടക്കാഞ്ഞത്.”

സേതുലക്ഷ്മിയുടെ മുഖം ആശങ്കാകുലമാകുന്നത് കണ്ടപ്പോൾ കുറുപ്പ് പറഞ്ഞു “ഇവിടത്തെ കുഞ്ഞിനെ പയ്യന് ഇഷ്ടപ്പെടാതെ വരില്ല. ഫോട്ടോ കണ്ടയുടനെ പറഞ്ഞതല്ലേ ഈ ആലോചന പ്രൊസീഡ് ചെയ്യാമെന്ന്.”

“പ്രശ്നമതല്ല. സ്വർണ്ണോം പൈസേം കാറുമൊക്കെ റെഡിയാ. പക്ഷെ റിയലെസ്റ്റേറ്റിന്‍റെ കാര്യത്തിൽ അല്പം സാവകാശം വേണ്ടിവരും.”

“ആയിക്കോട്ടേ. എങ്കിലും വാക്കുറപ്പിക്കാമല്ലോ. കൊച്ചമ്മ ഒരു വാക്കുപറഞ്ഞാൽ അത് വെറും വാക്കാവില്ലെന്ന് കുറുപ്പിനുറപ്പാ”

ഉണ്ണിത്താനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ കണ്ണ് ചിമ്മിയടച്ച് കുറുപ്പിന് താക്കീത് നല്കിക്കൊണ്ട് സേതുലക്ഷ്മി സംഭാഷണം അവസാനിപ്പിച്ചു.

“ആരാ? മനസ്സിലായില്ല” കുറുപ്പിന്‍റെ നേരെ നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു.

“ജുജൂന് ഈ വിവാഹാലോചന കൊണ്ടുവന്നതീ മാർത്താണ്ഡക്കുറുപ്പാ”

“ഓ! വിവാഹ ബ്രോക്കറാണല്ലേ?”

“അയ്യോ! ഞാനങ്ങനത്തെ ചീപ്പുപണിക്കൊന്നും പോണ ആളല്ല സാറേ. നല്ല കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് നല്ല ബന്ധങ്ങളുണ്ടായിക്കാണാനുള്ള ആഗ്രഹംകൊണ്ടിങ്ങനെ……”

“എടോ, ബ്രോക്കറ് പണി തരംതാണ തൊഴിലാണെന്നൊന്നും എനിക്കഭിപ്രായമില്ല. പിന്നെ പൈസയുടെ പുറത്ത് ഉറപ്പിക്കുന്ന വിവാഹം ശരിക്കും ചീപ്പാണ്. അതിന് കൂട്ടുനില്ക്കുന്ന ബ്രോക്കറുമതേ.”

സേതുലക്ഷ്മിയുടെ മുഖം വിളറിവെളുത്തുപോയി. കുറുപ്പും വല്ലാതെ വിരണ്ടുപോയി.

“ഞാൻ ഗേറ്റിന് മുൻപിൽ ചെന്ന് നില്ക്കട്ടെ. അവരിപ്പഴിങ്ങെത്തും.” കുറുപ്പ് ശരവേഗത്തിൽ സ്ഥലംവിട്ടു. സേതുലക്ഷ്മിയും പെട്ടെന്നെഴുന്നേറ്റ് മഞജുവിന്‍റെ മുറിയിലേക്ക് പോയി. മഞ്ജു ഒരുങ്ങിക്കഴിഞ്ഞിരുന്നു. കസവുനൂലു­കൊണ്ട് മനോഹരമായി ചിത്രവേലകൾചെയ്ത റ്റൊമാറ്റോകളറിലുള്ള ഒരു ചുരിദാറാണവൾ ധരിച്ചിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുമുണ്ടായിരുന്നു.

“മുരളീമനോഹറിനിവളെ ഇഷ്ടപ്പെടാതിരിക്കില്ല.” സേതുലക്ഷ്മിയുടെ മനസ്സു മന്ത്രിച്ചു.

“ഞാനിനി പൊക്കോട്ടെ മാഡം, ഒരു മണവാട്ടിപ്പെണ്ണിനെ മേക്കപ്പ് ചെയ്യിക്കാനുണ്ട്.” ബ്യൂട്ടീഷൻ പോകാനനുവാദം ചോദിച്ചു.

അവൾക്ക് ഫീസിനോടൊപ്പം ഒരു നൂറുരൂപകൂടി നല്കിക്കൊണ്ട് സേതുലക്ഷ്മി ഓർമ്മിപ്പിച്ചു. “നിശ്ചയത്തിന്‍റെയന്നും നീ തന്നെ വന്നേക്കണം കേട്ടോ. അതും രണ്ടാഴ്ചക്കുള്ളിലുണ്ടാകും”

കണ്ണാടിക്കുമുന്നിൽ നിന്ന് തന്‍റെ പ്രതിച്ഛായ തെല്ലൊരു അഭിമാനത്തോടെ ശ്രദ്ധിക്കുന്ന മഞ്ജുവിനോട് സേതുലക്ഷ്മി പറഞ്ഞു. “അവരിപ്പോഴെത്തുമെന്നാ കുറുപ്പ് പറഞ്ഞത്. അവരെത്തിക്കഴിഞ്ഞ് ഞാൻ നിന്നെ വന്ന് വിളിക്കാം.”

“ഞാനെന്തൊക്കെയാ വേണ്ടേന്ന് ഒന്ന് പറയണേ മമ്മീ”

“ഇനിയതും ഞാൻ പറഞ്ഞ് തരണോ? പരീക്ഷക്കാര്യമാലോചിച്ച് മുഖോം കനപ്പിച്ച് നിന്നേക്കരുത്. പിന്നെ മുരളിക്കും കൂടെയുള്ളവർക്കും നീ വേണം ചായ കൊടുക്കാൻ തട്ടിമറിയാതെ തുളുമ്പാതെ കൊടുത്തേക്കണം.”

“അത് ഞാനേറ്റു മമ്മി” മഞ്ജുവിന്‍റെ തുടുത്തമുഖം അപ്പോൾ കൂടുതൽ ചുവന്നു.

സേതുലക്ഷ്മി നേരെ കിച്ചണിലേക്ക് നടന്നു. മണ്ഡോദരിയെ സഹായിച്ചുകൊണ്ട് ധർമ്മേന്ദ്രനുമുണ്ടായിരുന്നു അവിടെ.

രണ്ടുപേരോടുമായി അവർ പറഞ്ഞു. “രണ്ടുംകൂടി കിന്നാരോം പറഞ്ഞോണ്ട് നിന്ന് എല്ലാം കരിച്ച് പൊകച്ച് കളഞ്ഞേക്കരുത്.”

കസവുകരയുള്ള ഡബിളും സിൽക്ക് ജുബ്ബയും ധരിച്ച് ഉണ്ണിത്താൻ അതിഥികളെ സ്വീകരിക്കാൻ തയ്യാറായി ഡ്രോയിംഗ് റൂമിലേക്ക് വന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ തമാശ സ്വയം ആസ്വദിച്ചിട്ടെന്നപോലെ നിറചിരിയോടെ ഉണ്ണിത്താൻ ചോദിച്ചു “ചെക്കന് പെണ്ണിന്‍റെയച്ഛനെ ബോധിക്കാണ്ട് വരണ്ട അല്ലേ. എങ്ങനെയുണ്ട് കൊള്ളാമോ?”

ഉണ്ണിത്താന്‍റെ പ്രതിഷേധം ആറിതണുത്തുതുടങ്ങിയെന്ന അറിവ് ആശ്വാസമുളവാക്കിയെങ്കിലും അത് പുറമേ ഭാവിക്കാതെ അവർ വെറുതേയൊന്ന് മൂളുകമാത്രം ചെയ്തു.

ഒരു കാർ ഗേറ്റ്കടന്ന് അകത്തേക്ക് വരുന്ന സ്വരം കേട്ടപ്പോൾ സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് ചെന്നു. കുറുപ്പ് കാറിന് പിറകെ ധൃതിയിൽ നടന്ന് വരുന്നത് കണ്ടു. മുരളീമനോഹറിന്‍റെ കൂടെ അയാളുടെ അച്ഛൻ സോമനാഥപണിക്കർ മാത്രമേയുണ്ടായിരുന്നുള്ളു. കുറുപ്പ് രണ്ടുപേരേയും സേതുലക്ഷ്മിക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴേക്കും ഉണ്ണിത്താനും അങ്ങോട്ട് വന്നു.

മുരളിയെ ഒരു നോക്ക് കണ്ടപ്പോൾതന്നെ ഉണ്ണിത്താന്‍റെ മനസ്സ് നിറഞ്ഞു. നല്ല ഉയരവും ഒത്തശരീരവുള്ള സുമുഖനായൊരു ചെറുപ്പക്കാരൻ. അന്തസ്സുള്ള വേഷം മരുമകൻ ശിവരാമകൃഷ്ണനെക്കുറിച്ച് ഉണ്ണിത്താൻ അല്പസമയത്തേക്ക് തീർത്തും മറന്നുവെന്നതാണ് സത്യം. അതിഥികൾ ആതിഥേയരോടൊപ്പം അകത്തേക്ക് പോയപ്പോൾ കുറുപ്പ് ചാരിതാർത്ഥ്യത്തോടെ സിറ്റൗട്ടിലെ കസേരകളിലൊന്നിലിരുന്നു

ഉണ്ണിത്താനവരെ ഹാർദ്ദമായി സ്വാഗതംചെയ്ത് ഡ്രോയിംഗ് റൂമിലേക്കിരുത്തിയശേഷം കുശലമാരംഭിച്ചു. “യാത്രയൊക്കെ സുഖമായിരുന്നോ? ഇന്ന് ഞാറാഴ്ചയായത്കൊണ്ട് വഴിയിൽ തിരക്ക് കുറവായിരിക്കും അല്ലേ?”

“യെസ്. പക്ഷെ വഴി മോശമായിരുന്നത്കൊണ്ട് സ്പീഡ് കുറക്കേണ്ടിവന്നു. “മുരളിയാണ് മറുപടി പറഞ്ഞത്. “മെയ്ന്‍റനൻസ് നടത്തുന്നവെന്ന് പേരു മാത്രം. ഒരു മഴക്കാലം കഴിയുമ്പോഴേക്കും റോഡ് കുണ്ടും കുഴിയുമാകും. അതൊക്കെ യുഎസ്സിലെ റോഡ്­സ്. വെരി വെൽ മെയ്ന്‍റേഡ്”

“മിസ്റ്റർ മുരളി പഠിച്ചതൊക്കെ…”

“ബിടെക്ക് എടുത്തത് ബോംബെയിലെ ഐഐടിയിൽ നിന്നാണ്. എംബിഎ യുഎസ്സീന്ന്. അത് കഴിഞ്ഞാണ് ഐഎഎസിന് എഴുതിയത്”

“ഫസ്റ്റ് അറ്റെംറ്റിൽ തന്നെ സെലക്ഷൻ കിട്ടി. പഠിക്കാൻ മിടുമിടുക്കനായിരുന്നു കേട്ടോ.” സോമനാഥപണിക്കർ അഭിമാനപൂർവ്വം അറിയിച്ചു. തുടർന്ന് തന്‍റെ മകൻ കലാലയ ജീവിതത്തിൽ സ്വന്തമാക്കിയ റാങ്കുകളേയും സർട്ടിഫിക്കറ്റുകളേയും കുറിച്ച് വിശദമായൊരു റിപ്പോർട്ടും നല്കി.

“ആറ് മാസത്തിനുള്ളിൽ ആലപ്പുഴ കളക്ടറായി ചാർജ്ജ് എടുക്കാൻ പോകുകയാണല്ലോ. പിന്നെയെന്നും ഉൽഘാടനവും സെമിനാറുമൊക്കെയായി തിരക്കായിരിക്കും. അതിനു മുൻപ് കല്യാണം കഴിപ്പിച്ചേക്കാമെന്നോർത്തു.” പണിക്കർ വിശദീകരിച്ചു.

സേതുലക്ഷ്മിയോടായി ഉണ്ണിത്താൻ ചോദിച്ചു. “മോളെവിടെ ഇങ്ങോട്ട് കണ്ടില്ലല്ലോ.”

“ഇപ്പോ വിളിക്കാം.” സേതുലക്ഷ്മി എഴുന്നേറ്റ് മഞ്ജുവിന്‍റെ മുറിയിലേക്ക് പോയി. അവളപ്പോഴും പഠനത്തിൽ മുഴുകിയിരിക്കയായിരുന്നു.

“നീയിപ്പോഴും വായനയാണോ? കൊള്ളാം”

“നാളെ എക്സാം തുടങ്ങുകയല്ലേ മമ്മീ”

“ഓ! പരീക്ഷക്കല്പം മാർക്ക് കുറഞ്ഞെന്നുവെച്ച് ഒരു കുഴപ്പോം വരാനില്ല, മോളൂ.”

“ആ പൂർണ്ണിമേടെ മുന്നിലെനിക്ക് നാണംകെടാൻ വയ്യെന്‍റെ മമ്മീ. കഴിഞ്ഞ എക്സാമിന് രണ്ടുമൂന്ന് പേപ്പറുകൾക്ക് എന്നേക്കാൾ അല്പം മാർക്ക് കൂടുതല്‍ കിട്ടിയപ്പോള്‍ അവള്‍ക്ക് എന്ത് തലക്കനമായിരുന്നെന്നോ.”

“നീയിപ്പോൾ അതൊന്നുമോർത്ത് വേവലാതിപ്പെടേണ്ട. താഴേ മുരളീം അച്ഛനുമൊക്കെ എത്തിക്കഴിഞ്ഞു.” പറന്ന് കിടക്കുന്ന മുടിയിഴകൾ ഒന്ന് മാടിയൊതുക്കിക്കൊടുത്തിട്ട് സേതുലക്ഷ്മി മഞ്ജുവിനെ വിരുന്നു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

മുരളിയുടെ കണ്ണുകളുമായി നോട്ടമിടഞ്ഞപ്പോൾ മഞ്ജുവിന്‍റെ കവിളിണകൾ അരുണാഭമായി. ചുണ്ടിണയിൽ ഒരു തൂമന്ദഹാസം വിരിഞ്ഞു. മഞ്ജു അതിഥികളുടെ നേരെ കൈകൂപ്പി.

അല്പംകഴിഞ്ഞപ്പോൾ സേതുലക്ഷ്മി മഞ്ജുവിനേയുംകൊണ്ട് കിച്ചണിലേക്ക് ചെന്നു. മണ്ഡോദരി അടുക്കള സ്ളാബിൻമേൽ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിരുന്നു. ധാരാളം വിഭവങ്ങളുണ്ടായിരുന്നതുകൊണ്ട് മണ്ഡോദരിയും അവരെ അനുഗമിച്ചു.

അടുക്കളയിൽ തിരിച്ചെത്തിയ മണ്ഡോദരി ആഹ്ളാദാതിരേകത്തോടെ പറഞ്ഞു. “ധർമ്മൻചേട്ടാ, ശരിക്കും കാമദേവനെപ്പോലാ പയ്യൻ. മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മുരളി ചോദിച്ചു “ആന്‍റി ബാങ്ക് മാനേജരാണെന്നറിയാം. അങ്കിളിന്‍റെ ആക്ടിവിറ്റീസെന്തൊക്കെയാ?”

“എനിക്കല്പം കൃഷിപ്പണിയൊക്കെയുണ്ട്” ഉണ്ണിത്താൻ അറിയിച്ചു.

പണിക്കർ ശരീരമാകെ ഒന്നിളകുമാറ് കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു “അല്പം കൃഷിപ്പണിയൊന്നുമല്ല, മാർത്താണ്ഡക്കുറുപ്പ് പറഞ്ഞല്ലോ മൂന്ന് എസ്റ്റേറ്റുകളുണ്ട് മൂന്നിന്‍റേം മേൽനോട്ടം ഉണ്ണിത്താനാണെന്നൊക്കെ. ബൈദബൈ, എല്ലാംകൂടി മൊത്തം എത്ര ഏക്കർ കാണും?”

“കൃത്യമായി ഓർമ്മയില്ല” മറുപടി നല്കുമ്പോൾ ഉണ്ണിത്താന്‍റെ മുഖത്ത് ഗൗരവം പരക്കുന്നതുകണ്ട് സേതുലക്ഷ്മി അസ്വസ്ഥയായി.

“ഈ വീടും തൊടിയും ചുറ്റിനടന്ന് കാണാൻതന്നെ ചുരുങ്ങീത് ഒരു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നും കുറുപ്പ് പറഞ്ഞു. ഈ വീടും തൊടിയുംകൂടി എത്ര ഏരിയ കാണും?”

പണിക്കരുടെ ക്രോസ്­വിസ്താരം ഉണ്ണിത്താനിൽ അസഹ്യതയോടൊപ്പം വിസ്മയവുമുളവാക്കി. പായസത്തിൽ കല്ലുകടിച്ചതുപോലുള്ള അതൃപ്തി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ സംഭാഷണം തുടരുന്നത് അഭിലഷണീയമല്ലെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി.

“നമുക്ക് ഡൈനിംഗിന്‍റെ ഭാഗത്തേക്കിരിക്കാം. മുരളിക്ക് മഞ്ജുവിനോടെന്തെങ്കിലും സംസാരിക്കാൻ കാണുമല്ലോ.” അവർ പറഞ്ഞു.

രണ്ടുപേരും മാത്രമായപ്പോൾ മുരളി തൊട്ടടുത്തുള്ള ഇരിപ്പിടത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു “മഞ്ജൂന് ഇങ്ങോട്ടിരിക്കാം”

മഞ്ജു സന്തോഷപൂർവ്വം ആ ക്ഷണം സ്വീകരിച്ചു.

കുസൃതി കലർന്നൊരു മന്ദഹാസത്തോടെ മുരളി പറഞ്ഞു. “ആ കുറുപ്പെന്നെ ശരിക്കും ധർമ്മസങ്കടത്തിലാക്കി. മഞ്ജു ഏത് കോളേജിലാണ് പഠിക്കുന്നത്, ഏത് കോഴ്സിന് എന്നെല്ലാമുള്ള സർവ്വഡീറ്റേയ്ൽസും കുറുപ്പ് വിശദമായി അറിയിച്ചുകഴിഞ്ഞല്ലോ. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊന്നും സ്റ്റോക്കില്ല.”

അതുകേട്ട് മഞ്ജു കിലുകിലെ ചിരിച്ചുപോയി. വളരെനാളായി പരിചയമുള്ള ഒരാളോടെന്നതു പോലെയായിരുന്നു മുരളിയുടെ തുടർന്നുള്ള സംസാരരീതി. നിമിഷങ്ങൾക്കകം മഞ്ജുവിന്‍റെ അപരിചിതത്വവും നീങ്ങി. അയാളുടെ സരസമായ സംഭാഷണശൈലി അവളെ വളരെയേറെ ആകർഷിച്ചു. നിമിഷങ്ങൾ കടന്നുപോയത് അവളറിഞ്ഞതേയില്ല.

കുറച്ചുകഴിഞ്ഞപ്പോൾ പണിക്കർ പോകാനായി എഴുന്നേറ്റു. ഊണുകഴിഞ്ഞിട്ടിറങ്ങാമെന്ന് സേതുലക്ഷ്മി നിര്‍ബന്ധിച്ചെങ്കിലും മുരളീമനോഹറിന് അന്ന് ഉദ്ദ്യോഗസംബന്ധമായി തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ക്ഷണം വിനയപൂർവ്വം നിരസിക്കപ്പെട്ടു.

യാത്ര പറയാൻനേരം മുരളി മഞ്ജുവിന്‍റെ അരികിൽവന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു “ഞാനിടക്ക് തന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുന്നതിൽ വിരോധമില്ലല്ലോ”

ഒരു നനുത്ത പുഞ്ചിരിയോടെ അവളതിന് മൗനാനുവാദം നല്കി.

മുരളിയുടെ കാർ അകന്നുപോയപ്പോൾ അവൾക്ക് വല്ലാത്തൊരേകാന്തത അനുഭവപ്പെട്ടു. പുഞ്ചിരി തൂകുന്ന മുരളിയുടെ മുഖം കണ്ണിൽനിന്നും മായാത്തതുപോലെ, സരസമായ സംഭാഷണശകലങ്ങൾ കാതുകളിൽ മറ്റൊലിക്കൊള്ളുന്നതുപോലെ.

ഒരു മാസ്മരവലയത്തിലകപ്പെട്ടവളെപ്പോലെയാണ് മഞ്ജു സ്വന്തം റൂമിലെത്തിയത്. ടെക്സ്റ്റ് ബുക്ക് മുന്നിൽ തുറന്ന് വെച്ചെങ്കിലും അവൾക്കതിൽ ശ്രദ്ധപതിപ്പിക്കാനായില്ല.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...