ശനിയാഴ്ച ഉച്ചയായപ്പോള്‍ മഞ്ജു വീട്ടിലെത്തി.
ഓട്ടോക്കാരന് പൈസ കൊടുത്തശേഷം അവൾ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.
സുന്ദരിയാണ് മഞ്ജു. ചുറുചുറുക്കും അല്പം കുസൃതിയും തുളുമ്പുന്ന വിടർന്നകണ്ണുകൾ. ശരീരത്തോടൊട്ടിക്കിടക്കുന്ന ഇളംനീല ചുരിദാർ, അവളുടെ ഒതുക്കമുള്ള ശരീരപ്രകൃതിക്ക് നല്ലപോലിണങ്ങുന്നുണ്ട്.
“ഹലോ, ഡാഡീ, ഹൗ ആർ യൂ” മഞ്ജു കുശലം ചോദിച്ചു. അവളുടെ തോളറ്റംവരെ ഞാന്നു കിടക്കുന്ന നീലക്കല്ലുകൾ പതിച്ച ലോലാക്കുകളിലപ്പോൾ വർണ്ണശലഭങ്ങൾ ചിറകനക്കി.
“ങ്ഹാ! അങ്ങനെയൊക്കെയങ്ങ് കഴിഞ്ഞ് പോകുന്നു, എന്‍റെ മഞ്ചാടി മോളേ” വിഷാദം വഴിയുന്ന സ്വരത്തിലായിരുന്നു ഉണ്ണിത്താന്‍റെ മറുപടി…
“എന്താ ഡാഡീ ഒരു മൂഡൗട്ട്?” ഉണ്ണിത്താന്‍റെ ചുമലിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു.
“എന്‍റെ മോളുപോലും എന്‍റെ മനസ്സറിയുന്നില്ലെങ്കിൽ പിന്നെ….”
മഞ്ജു ആശയക്കുഴപ്പത്തിലായി. അവളുടെ ഡാഡിയെന്ന വിളി ഉണ്ണിത്താന് അലർജിയാണെന്നറിയാം.
“ഡാഡിയെന്ന് വിളിച്ചതിന്‍റെ പിണക്കമാണോ? സോറീ എന്‍റെ പൊന്നച്ഛാ.”
“അതല്ല മോളേ. ഇതിനേക്കാളൊക്കെ ഗൗരവമുള്ള പ്രശ്നമാ…”
“അതെന്താ?”
“നീ അകത്തേക്ക് വാ. ഞാനെല്ലാം പറയാം”
ഉണ്ണിത്താൻ മകളോടൊപ്പം ഡ്രോയിംഗ് റൂമിലേക്ക് നടന്നു. വാച്ചിൽ സമയം നോക്കിക്കൊണ്ടവൾ ചോദിച്ചു.” ഇന്ന് ഫസ്റ്റ് സാറ്റര്‍ഡേ ആയതുകൊണ്ട് മമ്മി ബാങ്കിലായിരിക്കും അല്ലേ?”
“അതെ. സേതു എത്താൻ ചിലപ്പോള്‍ സന്ധ്യയാകും. ഇപ്പോ നിന്‍റെ മമ്മിക്ക് ആ ബ്രാഞ്ചിന്‍റെ മൊത്തം ചുമതലയാണല്ലോ?”
ധർമ്മേന്ദ്രനപ്പോൾ അങ്ങോട്ട് വന്നു. ഷോൾഡർ ബാഗ് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ധർമ്മൻചേട്ടൻ ഈ ബാഗ് എന്‍റെ മുറിയിലേക്ക് വെച്ചേക്ക്.”
ബാഗ് കയ്യിൽ വാങ്ങി അയാളവിടെത്തന്നെ ചുറ്റിപറ്റി നിന്നതേയുള്ളു.
“എന്താ ഡാഡിക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞത്?”
“നിന്‍റെ വിവാഹക്കാര്യം തന്നെ. എന്നോട് കമാന്നൊരക്ഷരം പറയാതെയാ നിന്‍റെ മമ്മി നിനക്ക് കല്യാണാലോചന നടത്തുന്നത്.”
“ഡാഡിക്ക് ഈ പ്രപ്പോസൽ ഇഷ്ടമായില്ലേ?
“എന്‍റെ ഇഷ്ടമെന്താണെന്ന് നിനക്കറിയില്ലേ മോളേ?”
“ഇല്ലല്ലോ… എന്താണത്?”
“ശിവരാമകൃഷ്ണൻ നിന്‍റെ മുറച്ചെറുക്കനാണ്. അവനെക്കൊണ്ട്….”
ഇരുചെവികളും പൊത്തിക്കൊണ്ട് മഞ്ജു പറഞ്ഞു. “ആ അരപിരിയെ കെട്ടാനോ? ഡോണ്ട് ബി സില്ലി ഡാഡി”
“നീയെന്താ അവനെക്കുറിച്ചിങ്ങനെയൊക്കെ സംസാരിക്കുന്നത്?”
“തേങ്ങക്ക് വിലകുറഞ്ഞപ്പോ ഫാമിലെ തെങ്ങിൻ തൈക്കളൊക്കെ പിഴുത് മാറ്റി റബ്ബറ് നട്ടത് പിരിവട്ടല്ലാതെ പിന്നെയെന്താ?”
“അത്… അത് കുറേ നാള് മുൻപുണ്ടായ സംഭവമല്ലേ മോളേ?” ഉണ്ണിത്താന്‍റെ സ്വരം തെല്ലൊന്ന് ദുർബ്ബലമായി.
ധർമ്മേന്ദ്രനപ്പോൾ ഇടയിൽ കയറി സ്വന്തം അഭിപ്രായം തുറന്നടിച്ചു. “ഇപ്പോഴും ആ രോഗം തീർത്തും മാറിയെന്ന് പറയാനാവില്ല. റബ്ബറ് കൃഷി നിർത്തിവെച്ച് ആ സ്ഥലത്ത് പച്ചക്കറി ഫാം തുടങ്ങിയാലോ എന്നൊരാലോചനയുണ്ടെന്ന് കഴിഞ്ഞ തവണ വന്നപ്പോ പറേണത് കേട്ടു. കായ്കറിക്കിപ്പോ തീവിലയല്ലേ.”
ഉണ്ണിത്താനപ്പോൾ ധർമ്മേന്ദ്രന്‍റെ നേരെ രൂക്ഷമായൊന്ന് നോക്കിക്കൊണ്ടവനെ ശകാരിച്ചു. “ആ ബാഗ് മോളുടെ മുറിയിൽ കൊണ്ട് വെക്കാൻ പറഞ്ഞിട്ട് നീയിവിടെത്തന്നെ നില്ക്കാണോ? പോ, ആദ്യം പറഞ്ഞതനുസരിക്ക്.”
ധർമ്മേന്ദ്രനുടനെ സ്ഥലം വിട്ടു. ഉണ്ണിത്താൻ ശിവരാമകൃഷ്ണനെ ന്യായീകരിക്കാൻ ഒരു ശ്രമം കൂടി നടത്തി. “കൃഷിയിൽ കൂടുതൽ ലാഭം നേടാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതു കൊണ്ടെന്താ കുഴപ്പം? എന്തിലും അല്പം പ്രായോഗികബുദ്ധി നല്ലതല്ലേ മോളേ?”
“എന്തായാലും ശിവരാമേട്ടനെ കെട്ടാൻ മാത്രം ഡാഡി എന്നോട് പറയരുത്… ഞാൻ ഈ പ്രപ്പോസലും കണ്ണടച്ച് സ്വീകരിക്കാനൊന്നും പോണില്ല. പോസ്റ്റ്ഗ്രാജ്വേഷൻ കഴിഞ്ഞ് മതി കല്യാണം എന്നാണെന്‍റെ തീരുമാനം.”
മുങ്ങിതാഴുന്നവന് പിടിവള്ളി കിട്ടിയപോലുള്ള ആശ്വാസത്തോടെ ഉണ്ണിത്താൻ പറഞ്ഞു “അതാ അതിന്‍റെ ശരി. നിന്‍റെ മമ്മി പലതും പറഞ്ഞ് നിന്‍റെ കണ്ണിൽ പൊടിയിടാൻ നോക്കും. കരുതിയിരുന്നില്ലെങ്കിൽ നിന്നെയവൾ വല്ല ഗുലുമാലിലും കൊണ്ടുപോയി ചാടിച്ചെന്നും വരും.”
“ഞാന്‍ വന്നില്ലെങ്കിൽ മമ്മിയെന്നോട് മിണ്ടില്ലെന്നെല്ലാം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ വന്നത്. എന്തെങ്കിലും തട്ടുമുട്ട് പറഞ്ഞ് ഈ ആലോചനയിൽനിന്ന് ഒഴിഞ്ഞു മാറാൻ തന്നെയാ എന്‍റെ തീരുമാനം. അതൊക്കെ പോട്ടെ, ആരാ ഡാഡി നാളെ എന്നെ കാണാൻ വരുന്നത്?”
“മുരളീമനോഹർ ഐ.എ.എസ്സ്. അതിൽ കൂടുതലൊന്നും എനിക്കറിയില്ല.”
തന്‍റെ വിവാഹക്കാര്യത്തിലും അച്ഛനമ്മമാരുടെ നിലപാടെന്താണെന്ന് മഞ്ജുവിന് ഊഹിക്കാൻ കഴിഞ്ഞു. രണ്ടുപേരും തമ്മിൽ ഒരു ദ്വന്ദയുദ്ധത്തിന് വകുപ്പുണ്ട്.
നൈരാശ്യം തുളുമ്പുന്ന സ്വരത്തിൽ മഞ്ജു പറഞ്ഞു. “ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷാവട്ടെ ഡാഡി. എന്നിട്ട് വേണം വായന തുടങ്ങാൻ. തിങ്കളാഴ്ച മോഡലെക്സാം തുടങ്ങും”
സന്ധ്യക്ക് വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മണ്ഡോദരിയോട് ചോദിച്ചത് മഞ്ജു എത്തിയോ എന്നാണ്
മണ്ഡോദരി അറിയിച്ചു “മഞ്ജുക്കുഞ്ഞ് ഉച്ചക്കുതന്നെ എത്തി മാഡം, ഞാൻ ചായേംകൊണ്ട് ചെന്നപ്പോൾ കുഞ്ഞ് കൊണ്ടുപിടിച്ച വായനയാ. തിങ്കളാഴ്ച പരൂക്ഷ തൊടങ്ങാണെന്ന്.”
പതിഞ്ഞസ്വരത്തിൽ സേതുലക്ഷ്മി ചോദിച്ചു “അവളുടെ ഡാഡി ഏഷണിയെന്തെങ്കിലും പറഞ്ഞ് കൊടുത്തോടീ? ”
“ഇല്ല മാഡം കുഞ്ഞ് മുകളീന്നിറങ്ങി വന്നിട്ടേയില്ല”
സേതുലക്ഷ്മിയുടെ മുഖത്ത് ആശ്വാസം പരന്നു. അവരുടനെ വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പിനെ വിളിച്ച് മഞ്ജു എത്തിയിട്ടുണ്ടെന്നറിയിച്ചു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിക്ക് മുരളീ മനോഹറിനേയും ബന്ധുക്കളേയുംകൊണ്ട് ഉണ്ണിത്താന്‍റെ വീട്ടിലെത്തിക്കോളാമെന്ന് കുറുപ്പ് ഉറപ്പു നല്കുകയും ചെയ്തു.
സേതുലക്ഷ്മി ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെന്നു. അവരെ കണ്ടയുടെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “എനിക്ക് നാളെത്തന്നെ മടങ്ങാനൊക്കുമോ മമ്മീ. മറ്റന്നാൾ മോഡലെക്സാം തുടങ്ങുകയാണ്.”
“നാളെ കൃത്യം പതിനൊന്നുമണിക്കവരെത്തുമെന്നാ ബ്രോക്കർ കുറുപ്പ് പറഞ്ഞത്. ചടങ്ങ് കഴിഞ്ഞാലുടനെ നമ്മുടെ വണ്ടീൽതന്നെ നീ മടങ്ങിക്കോ.”
“ശരി മമ്മി, ഏത് വിഐപിയാ എന്നെ കാണാൻ വരുന്നത്?”
“ആള് വിഐപിയാണെന്ന് നിനക്കെങ്ങെനെ മനസ്സിലായി?”
“അത്രക്ക് നല്ല കേസാണെന്നൊക്കെ മമ്മിയല്ലേ പറഞ്ഞത്.”
വെളുക്കെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി അറിയിച്ചു. “ആളൊരു വിഐപി തന്നെയാ. മുരളീമനോഹര്‍ ഐ.എ.എസ്സ്. ഡെപ്യൂട്ടി കളക്ടറാ. ആറുമാസത്തിനുള്ളിൽ ആലപ്പുഴേലെ കലക്ടറായി ചാർജ്ജെടുക്കും. നമ്മുടെ ആ ബ്രോക്കർ മാർത്താണ്ഡക്കുറുപ്പില്ലേ? അയാള്‍ കൊണ്ടുവന്ന കേസാ. വളരെ കഷ്ടപ്പെട്ടാ ഈ കേസയാള്‍ ഇവിടംവരെ എത്തിച്ചത്. മന്ത്രിമാരുവരെ മുരളിമനോഹറിനെ മരുമകനായി കിട്ടാൻ നോട്ടമിട്ടിരിക്കുകയാണത്രേ. പയ്യന് നിന്‍റെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാ ആദ്യം പെണ്ണുകാണാന്‍ ഇങ്ങോട്ട് വരാമെന്ന് സമ്മതിച്ചത്.”
ഹാന്‍റ് ബാഗിൽനിന്നും ഒരു ഫോട്ടോയെടുത്ത് മകൾക്ക് കൊടുത്തുകൊണ്ട് സേതുലക്ഷ്മി തുടർന്നു “ഇതാണാള്. കുറുപ്പ് പറഞ്ഞത് നേരിൽകാണാൻ ഇതിലും യോഗ്യനാണെന്നാ.“എന്താ നിന്‍റെ അഭിപ്രായം? നിനക്കിഷ്ടായോ?”
അവളുടെ ചുണ്ടിലപ്പോൾ നാണം കലർന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. സേതുലക്ഷ്മി ആ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മറുപടിയിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മഞ്ജു ചോദിച്ചു. “ഈ അലയൻസിന്‍റെ കാര്യം മമ്മി ഡാഡിയോട് പറഞ്ഞില്ലേ?”
“എങ്ങനെ പറയും? നിന്‍റെ ഡാഡിയുടെ മനസ്സിലിരിപ്പ് വേറെയല്ലേ?”
“ശരിയാണ്. ഡാഡി എന്നോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.”
“ഡാഡി നിന്നോടെന്തൊക്കെയാ പറഞ്ഞത്?” സേതുലക്ഷ്മിയുടെ സ്വരത്തിൽ ഉൽക്കണ്ഠ കലർന്നിരുന്നു.
“ഡാഡിക്ക് ശിവരാമേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണിഷ്ടമെന്ന് .എന്നോടതുമാത്രം പറയരുതെന്ന് ഡാഡിയോട് ഞാനപ്പോൾ തുറന്ന് പറയൂം ചെയ്തു.”
“അതേതായാലും നന്നായി. നിനക്കുവേണ്ടി ഡാഡി തിരഞ്ഞെടുത്ത ആള് കൊള്ളാം .മനുഷ്യരായാൽ അല്പമെങ്കിലും വിവേകം വേണം. അതെങ്ങനെയാ. ഇരുപത്തിനാല് മണിക്കൂറും കൃഷിയെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും ചിന്തയുണ്ടോ നിന്‍റെ ഡാഡിക്ക്?
“മമ്മിയെന്തിനാ ഡാഡിയെ വെറുതേ കുറ്റപ്പെടുത്തുന്നേ? എസ്റ്റേറ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേ നമുക്കിങ്ങനെ ആർഭാടമായി ജീവിക്കാൻ സാധിക്കുന്നത്? മമ്മിക്ക് കിട്ടുന്ന ശമ്പളം സാരി വാങ്ങാൻപോലും തികയുന്നില്ലെന്ന് മമ്മിതന്നെ പറയാറുള്ളതല്ലേ”
സേതുലക്ഷ്മിക്കപ്പോൾ ശരിക്കും ഉത്തരംമുട്ടി. “ങ്ഹാ! അതൊക്കെപോട്ടെ. നിനക്കത്താഴത്തിനെന്താ വേണ്ടേന്ന് ആ പെണ്ണ് ചോദിക്കുന്നത് കേട്ടു.”
“പതിവുപോലെത്തന്നെ.” ഒരു കുസൃതിച്ചിരിയോടെ മഞ്ജു പറഞ്ഞു “പാതി മമ്മീടെ മെനു പാതി ഡാഡീടെ മെനു. അല്ലെങ്കിൽ ഈ വീട്ടിൽ മനസ്സമാധാനത്തോടടെ എനിക്കെന്തെങ്കിലും കഴിക്കാൻ പറ്റ്വോ ”
“ശരി, ശരി നാളെ രാവിലെ കൃത്യം പതിനൊന്നിന് മുരളീമനോഹറും ബന്ധുക്കളുമെത്തും. അപ്പോഴേക്കും നീ ഒരുങ്ങി നിന്നേക്കണം. ഓ! അത് പറഞ്ഞപ്പോഴാ. ഞാനാ ഊർവ്വശി ബ്യൂട്ടിപാർലറിലേക്കൊന്ന് വിളിക്കട്ടെ. നിന്നെ ഒരുക്കാൻ നാളെ രാവിലെ ഒരു സീനിയർ ബ്യൂട്ടീഷനെതന്നെ ഇങ്ങോട്ടയക്കാൻ പറയാം.”
സേതുലക്ഷ്മി ധൃതിയിൽ കോണിപ്പടികളിറങ്ങിപ്പോയി അതേ വേഗത്തിൽ മറ്റൊരു സംശയവുമായി മടങ്ങിയെത്തുകയും ചെയ്തു. “ജുജൂ, നീ നാളെ സാരിയാണോ ചുരിദാറോ?”
“സാരിയൊന്നും വേണ്ട മമ്മി. ചുരിദാറ് മതി. മമ്മിയെനിക്ക് കഴിഞ്ഞ ബർത്ത്ഡേക്ക് വാങ്ങിത്തന്ന ചുരിദാറിടാം.”
“അതീ ഒക്കേഷന് പറ്റില്ല മോളൂ, നമുക്ക് പോയി അതിലും നല്ലതൊന്ന് വാങ്ങാം.”
“എനിക്ക് എക്സാമിന് പ്രിപ്പയർ ചെയ്യണ്ടേ മമ്മി, മമ്മി തന്നെ പോയി വാങ്ങിയാൽ മതി.”
“ശരി” സേതുലക്ഷ്മി ശരവേഗത്തിൽ വീണ്ടും മുറിയിൽ നിന്നിറങ്ങിപ്പോയി.
അവർ നേരേ അടുക്കളയിലേക്ക് ചെന്നു “മണ്ഢൂ, നാളത്തെ വിരുന്നിന് പലചരക്കോ കായ്കറിയോ എന്തെങ്കിലും വേണോങ്കിൽ നീ ഒരു ലിസ്റ്റെഴുതി ധർമ്മനെ ഏല്പിച്ചേക്ക്. നാളെ വിഭവങ്ങളെല്ലാം ചൈനീസ് മതി. പിന്നെ ചായയോടൊപ്പം വിളമ്പാന്‍ കുറച്ച് സ്നാക്സും കേക്കുമൊക്കെ വാങ്ങാനും പറഞ്ഞേക്ക്.”
“ഊണിനെത്രപേര് കാണും കൊച്ചമ്മ?”
“ഞാനത് കുറുപ്പിനോട് ചോദിക്കാനും മറന്നു അഞ്ചാറ്പേരെങ്കിലും കാണുമായിരിക്കും.”
ഷോപ്പിംഗിന് സേതുലക്ഷ്മിയിറങ്ങിയപ്പോൾ പലചരക്കുകടയിലേക്കുള്ള ലിസ്റ്റുമായി ധർമ്മേന്ദ്രനും ഇറങ്ങി. അവരേയുംകൊണ്ട് കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതും ഉണ്ണിത്താൻ മഞ്ജുവിന്‍റെ അടുത്തെത്തി. “മോളേ, നിന്‍റെ മമ്മി പയ്യന്‍റെ ഡീറ്റേയ്ൽസെന്തെങ്കിലും പറഞ്ഞോ?”
“അതൊന്നും പറഞ്ഞില്ല ഡാഡീ. ഐഎഎസ്സ്കാരനാണ് മുരളീമനോഹറെന്നാണ് പേര്. അടുത്തുതന്നെ ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കമെന്നും പറഞ്ഞു. ഫോട്ടോയും കാണിച്ച് തന്നു.”
“ഫോട്ടോ നിന്‍റെ കയ്യിലുണ്ടോ? എങ്കിൽ അച്ഛനൊന്ന് കാണട്ടെ” സ്റ്റഡി ടേബിളിന്‍റെ വലിപ്പിൽ നിന്നും ഒരു കവറെടുത്ത് ഉണ്ണിത്താനെ ഏല്പിക്കുമ്പോൾ മഞ്ജുവിന്‍റെ കണ്ണുകൾ നാണത്താൽ കൂമ്പിയിരുന്നു. ഫോട്ടോയിൽ ദൃഷ്ടി പതിഞ്ഞതോടെ ഉണ്ണിത്താന്‍റെ മുഖം പെട്ടെന്നയഞ്ഞു. സുമുഖനായൊരു ചെറുപ്പക്കാരൻ. കറുകറുത്ത മീശക്ക് താഴെ ഇളം ചുവപ്പാർന്ന ചുണ്ടിണയിലെ മന്ദഹാസവും കൊള്ളാം. ആകാരത്തിൽ ശിവരാമകൃഷ്ണനേക്കാൾ പതിന്മടങ്ങ് യോഗ്യനാണിയാളെന്ന് സമ്മതിക്കാതെ വയ്യ.
ഫോട്ടോയിൽനിന്ന് കണ്ണെടുക്കാതെ ഉണ്ണിത്താൻ ചോദിച്ചു “ഇയാളെ നിനക്കിഷ്ടപ്പെട്ടോ മോളേ”
“നേരിൽ കണ്ടിട്ട് അഭിപ്രായം പറയാം ഡാഡീ”
“നേരിൽ കണ്ടിഷ്ടപ്പെട്ടാൽ നീ ഈ വിവാഹത്തിന് സമ്മതിക്കുമോ”
ഉണ്ണിത്താന്‍റെ മുഖത്തെ വികാരമെന്തെന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു “ഡാഡീടെ അഭിപ്രായമെന്താ”
“ഇത് നിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യമല്ലേ. അയാളുടെ വിശദവിവരങ്ങളെല്ലാം അറിഞ്ഞശേഷമേ വ്യക്തമായൊരു അഭിപ്രായം പറയാൻ പറ്റൂ. ഏതായാലും നാളെ ആളിങ്ങെത്തുമല്ലോ”
“ഡാഡി അയാളെ ശരിക്കുമൊന്ന് ഇന്‍റർവ്യൂ ചെയ്തേക്കണം. ഡാഡിക്കിഷ്ടമല്ലാത്ത യാതൊന്നിനും ഈ മഞ്ചാടിമോളെ കിട്ടില്ല” ഉണ്ണിത്താന്‍റെ ചുമലിൽ ശിരസ്സ് ചേർത്തുകൊണ്ട് മഞ്ജു പറഞ്ഞു.
(തുടരും)