ക്രിസ്തുമസ് തലേന്നാണ് വാഷിംഗ്ടണിൽ ആഘോഷരാവുകളുടെ ദിനങ്ങളായി. എല്ലാ വർഷവും ഡിസംബർ 24ന് ഗൗതമന്‍റെ സുഹൃത്ത് ജോൺ ജോസഫിന്‍റെ വീട്ടിൽ പാർട്ടിയുണ്ട്. ഗൗതമൻ വാഷിംഗ്ടണിലുണ്ടെങ്കിൽ ആ പാർട്ടി മുടക്കില്ല. യുഎസിൽ ജോലി കിട്ടിയ സമയം മുതൽ തുടങ്ങിയ ബന്ധമാണ്.
രാവിലെ എഴുന്നേറ്റപ്പോൾ അയാൾ അക്കാര്യം ഓർമ്മിച്ചു. ഇന്നാണല്ലോ ജോണിന്‍റെ പാർട്ടി. വൈകിട്ട് 6 മണിക്ക് തന്നെ ചെല്ലണമെന്ന് ജോണിന്‍റെ പ്രത്യേക അഭ്യർത്ഥനയുണ്ട്. പക്ഷേ ഇപ്രാവശ്യം എങ്ങനെ പോകും? രേണുവിനേയും ഉർവ്വശിയേയും തനിച്ചാക്കി പോയാൽ അവർക്കെന്തുതോന്നും? രേണു ആദ്യമായിട്ടാണ് ഈ വീട്ടിൽ വരുന്നത്. അയാൾ അതേക്കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ ഉമ രേണുവിനോട് സംസാരിക്കുന്നതു കേട്ടു. പ്രഭാതഭക്ഷണം തയ്യാറാക്കുകയാണ് ഇരുവരും.
“രേണു, ഇന്ന് വൈകിട്ട് ഞങ്ങൾക്കൊരു സ്ഥലം വരെ പോകണം. ക്രിസ്തുമസ് പാർട്ടിയാണ്. ഇവിടെ നിന്ന് അരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളൂ. പ്രയാസമില്ലെങ്കിൽ ഞങ്ങളുടെ കൂടെ വരാം. ഞങ്ങൾക്ക് പോവാതിരിക്കാൻ നിർവ്വാഹമില്ല.”
“വേണ്ട ആന്‍റീ, നിങ്ങൾ പോയി വരൂ. ഞങ്ങൾ ഇവിടെയുണ്ടാകും.” രേണു മറുപടി പറയും മുമ്പു തന്നെ ഉമയുടെ സംസാരം കേട്ടു നിന്ന ഉർവ്വശി പറഞ്ഞു. അപ്പോൾ ഉമേഷും അതിനെ സപ്പോർട്ട് ചെയ്തു.
“ശരിയാ മമ്മീ അവർ ഇവിടെ നിൽക്കട്ടെ. ഞാനും പാർട്ടിക്കു വരുന്നില്ല.”
ഉർവ്വശിയെ തനിച്ചാക്കി പോകാനുള്ള വിഷമം കൊണ്ടാണെങ്കിലും ഉമേഷ് ചെയ്തത് നന്നായി എന്ന് ഗൗതമന് തോന്നി.
അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഗൗതമന് ആശ്വാസമായി. രേണു കൺമുന്നിൽ തന്നെയുണ്ടെങ്കിലും അയാൾ അവളോട് കൂടുതലൊന്നും സംസാരിച്ചില്ല. രേണുവും. തങ്ങൾ നേരത്തേ പരിചയക്കാരാണെന്ന് ഇനി അറിയുന്നത് സംശയങ്ങൾക്കിട നൽകും. രേണുവിനെ കണ്ട ദിവസം തന്നെ പരിചയം പുതുക്കിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അന്ന് പക്ഷേ, അതിനുള്ള ധൈര്യമോ മനസ്സാന്നിദ്ധ്യമോ തോന്നിയില്ല. അയാളോർത്തു.
ഗൗതമനും ഉമയും വൈകിട്ട് പാർട്ടിക്കു പോയി മടങ്ങി വന്നപ്പോൾ 11 മണിയായി. ആ സമയം മൂന്നുപേരും ഡ്രോയിംഗ് റൂമിലിരുന്ന് സിനിമ കാണുന്നുണ്ടായിരുന്നു. പുതിയ ഹിന്ദി സിനിമയുടെ സിഡി ഇന്നലെ ഉമേഷിന് കൂട്ടുകാർ എത്തിച്ചുകൊടുത്തിരുന്നു.
“ആന്‍റീ… എങ്ങനെയുണ്ടായിരുന്നു പാർട്ടി?”
ഉർവ്വശി എഴുന്നേറ്റു വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു.
“ഹാ… പാർട്ടിയൊക്കെ കൊള്ളാം. പക്ഷേ മദ്യപാനം ലേശം കൂടിയോ എന്നൊരു സംശയം.”
ഗൗതമൻ അതു കേട്ടതായി ഭാവിക്കാതെ മുകളിലത്തെ നിലയിലേക്കു പോയി. അയാൾ ഉറക്കത്തിന്‍റെ മൂഡിലായിരുന്നു.
പിറ്റേന്ന് ഗൗതമനൊഴികെ എല്ലാവരും എഴുന്നേറ്റത് രാവിലെ 10 മണിക്ക്. പുറത്തേക്കിറങ്ങാൻ വയ്യാത്തത്ര തണുപ്പാണ്. അതുകൊണ്ട് വാഷിംഗ്ടൺ നഗരം ഉണരുന്നത് വളരെ വൈകിയാണ്. അയാൾ പതിവുപോലെ ആറ് മണിക്ക് ഉണർന്ന് ചായ സ്വയം തയ്യാറാക്കി കുടിച്ച് പത്ര വായനയിലേയ്ക്ക് കടന്നു. ഈ സമയം ഉമേഷ് അടുക്കളയിലേക്ക് തിരക്കിട്ട് കയറിവന്നു കൊണ്ട് പറയുന്നതു കേട്ടു.
“മമ്മീ, ഉടൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കൂ. ദെൻ ഇറ്റ് ഈസ് ദി ടൈം ഫോർ ഗിഫ്റ്റ് എക്സ്ചേഞ്ചിംഗ്…”
ഉമേഷ് ആവേശത്തോടെ പറഞ്ഞു. ഇപ്രാവശ്യം ഉർവ്വശി കൂടെയുള്ളതു കൊണ്ടാകാം അവന് ഇരട്ടി ആവേശമുണ്ട്.
അമേരിക്കയിൽ താമസിക്കുന്നതിനാൽ കുട്ടികൾ ശരിക്കും അമേരിക്കക്കാരെ പോലെയായി. ക്രസ്തുമസിന് ഗിഫ്റ്റ് കൈമാറ്റം നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ്. ഇപ്പോൾ എല്ലാ വർഷവും അതു നടന്നില്ലെങ്കിൽ ഉമേഷിന് മനഃസമാധാനമില്ലാതായിട്ടുണ്ട്. അവന് ഓർമ്മ വച്ച നാൾ മുതൽ തുടങ്ങിയ ചടങ്ങാണ്. സ്കൂളിലും കോളേജിലുമൊക്കെ ഇത് വളരെ പ്രധാനമാണ്. ഗൗതമൻ ചിരിയോടെ ഓർമ്മിച്ചു.
ഭക്ഷണം കഴിഞ്ഞപ്പോൾ ഗിഫ്റ്റ് പായ്ക്കറ്റ് കൈമാറാനുള്ള ഒരുക്കമായി. ഉമ എല്ലാവർക്കും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കൂടെ ഉമേഷും ഉർവ്വശിയും കൈയിൽ ചില പൊതികളുമായി എത്തി.
ഉർവ്വശിക്കായി ഉമ കുറയേറെ സമ്മാനങ്ങൾ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. അവ ഓരോന്നായി കൈയിൽ കിട്ടിയപ്പോൾ ഉർവ്വശി അതിശയിച്ചു.
“ആന്‍റീ, ഇപ്രാവശ്യം ക്രിസ്തുമസ് ഗിഫ്റ്റ് എനിക്കു മാത്രമാണോ വാങ്ങിയത്… ഇത്രയേറെ ഗിഫ്റ്റ്സ്…”
“നോ, മൈ ഡിയർ, രേണുവിനും വിജയിനുമുണ്ട്.” ഉമ മൂന്നു നാല് പാക്കറ്റുകൾ കൂടി തുറന്ന് രേണുവിനും വിജയിനും സമ്മാനിച്ചു. രേണുവിന് ഇളം നീല നിറത്തിൽ ചെറിയ കസവുകരയുള്ള സിൽക്ക് സാരിയാണ് ഉമ സമ്മാനമായി തെരഞ്ഞെടുത്തിരുന്നത്. രേണുവും കൊണ്ടുവന്നിട്ടുണ്ടായിരുന്നു സമ്മാനങ്ങൾ. അവൾ അത് എല്ലാം ഉമയെ ഏൽപിച്ചു.
ഈ സമയത്ത് ഉമേഷും ഉർവ്വശിയും പ്രതീക്ഷയോടെ ഗൗതമനെ നോക്കി. പപ്പ തങ്ങൾക്കെന്തെങ്കിലും കരുതിയിട്ടുണ്ടാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്ന് ഗൗതമന് മനസ്സിലായി. അയാൾ ഗൂഢമായ ഒരു സന്തോഷം മനസ്സിലൊളിപ്പിച്ച് നിർവ്വികാരനായി ഇരുന്നു.
ഉമ പെട്ടെന്ന് ചോദിച്ചു, “ഗൗതമേട്ടാ… എനിക്കെന്താ ഒന്നും തരുന്നില്ലേ?”
“എനിക്ക് ആ പതിവ് ഇല്ലെന്ന് നിനക്കറിയാമല്ലോ… പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം…”
“അതുശരി, ഒഴിയാനാണോ ഭാവം. ഇന്ന് എനിക്ക് ഗിഫ്റ്റ് തരാതെ നിവൃത്തിയില്ല.” ഉമ വാശിയോടെ പറഞ്ഞു.
“ചോദിച്ച് ഗിഫ്റ്റ് മേടിക്കുന്നത് ശരിയാണോ ഉമേ?”
“എങ്ങനെയായാലും വേണ്ടില്ല.”
അവളുടെ ചുവന്ന മുഖത്തേക്കു നോക്കി കുസൃതിച്ചിരി ചിരിച്ച് ഗൗതമൻ മുകളിലേക്ക് പോയി. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യവും സങ്കടവും വന്നു. ഉർവ്വശിയും ഉമേഷും വിളറിയ മുഖത്തോടെയിരുന്നു.
രേണുവിന്‍റെ മുഖത്തു മാത്രം ഒരു ഭാവവ്യത്യാസവുമില്ല. തിരയടങ്ങിയ സാഗരം പോലെ ശാന്തമായ ഭാവം.
അഞ്ചു മിനിറ്റിനകം ഗൗതമൻ താഴേക്ക് രണ്ട് പായ്ക്കറ്റുകളുമായി എത്തി. ഒരു പായ്ക്കറ്റ് ഉമയ്ക്കു കൊടുത്തു. ഒരു ജുവലറി ബോക്സ്. അവൾ ആകാംഷയോടെ തുറന്നു നോക്കി. ഭംഗിയുള്ള ജിമുക്കി.
“നൈസ്…. ഇത് ഗോൾഡാണോ?”
“എന്തോ… എനിക്കറിയില്ല…” ഗൗതമൻ കൃത്രിമ ഗൗരവത്തോടെ പ്രതികരിച്ചു.
“ആ പായ്ക്കറ്റിലെന്താ?” ഉമ വീണ്ടും ചോദിച്ചു.
“ഇത് നിനക്കുള്ളതല്ല. ഉർവ്വശിക്കാണ്. മോളേ ഇങ്ങടുത്തു വരൂ.” ഗൗതമൻ വിളിച്ചു.
ഉർവ്വശി എഴുന്നേറ്റ് ഗൗതമന്‍റെ അടുത്തേക്ക് വന്നു.
“ഉമേഷ് നീയും വരൂ… ഈ മോതിരം നിന്‍റെ ഭാവിവധുവിനെ അണിയിക്കൂ…”
ബോക്സ് ഉമേഷിനു നേരെ നീട്ടി. ഉമേഷ് അമ്പരപ്പോടെ നോക്കി. വിലയേറിയ വജ്രമോതിരം..
രേണുവും ഉമയും അവിശ്വസനീയമായതു കേട്ടതുപോലെ പരസ്പരം നോക്കി. ഉമേഷ് ഗൗതമന്‍റെ കൈയിൽ നിന്ന് മോതിരം വാങ്ങി ഉർവ്വശിയെ അണിയിച്ചു. ഉർവ്വശി ഗൗതമന്‍റെ പാദങ്ങൾ തൊട്ടു വണങ്ങി.
“പപ്പാ, എന്നെ അങ്ങയുടെ മകളായി സ്വീകരിച്ചു അല്ലേ…?”
“അതേ മോളേ… നീ ഇവിടെ ആദ്യമായി വന്ന ദിവസം തന്നെ ഞാൻ അതു തീരുമാനിച്ചതാണ്….”
ഉർവ്വശിയും ഉമേഷും കൗതുകത്തോടെ ആദരവോടെ ഗൗതമനെ നോക്കിയിരുന്നു. പപ്പ വിവാഹത്തിന് സമ്മതം മൂളിയില്ലെന്ന പരിഭവത്തിലായിരുന്നല്ലോ ഉമേഷ്… തന്‍റേത് വെറും തെറ്റിധാരണയായിരുന്നു എന്നറിഞ്ഞപ്പോഴുള്ള ജാള്യതയും അവന്‍റെ മുഖത്തുണ്ടായിരുന്നു. ഉമ അത്യധികം സന്തോഷവതിയായി.
“ഇത്രയും നാൾ ഞങ്ങളെ തീ തീറ്റിച്ചതെന്തിനായിരുന്നു?” ഉമേഷ് ചോദിച്ചു.
“എല്ലാത്തിനും സമയമുണ്ട്. അതിന് കാത്തിരിക്കുകയായിരുന്നു.” ഇങ്ങനെ പറഞ്ഞിട്ട് ഗൗതമൻ രേണുവിനെ നോക്കി.
അവളുടെ മുഖത്ത് നിലാവുദിച്ച പോലെ സന്തോഷം നിറയുന്നുണ്ട്.
“ഉർവ്വശിയുടെ അമ്മയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ മകളെ ഞങ്ങൾക്ക് നൽകിക്കൂടേ.”
ഗൗതമന്‍റെ ചോദ്യത്തിന് കണ്ണീർ വാർത്തുകൊണ്ടാണ് രേണു മറുപടി പറഞ്ഞത്.
“ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് എന്‍റെ മകളെ അയയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”
“നോ രേണു, ഡോണ്ട് ക്രൈ… നൗ ഇറ്റ്സ് ടൈം ഫോർ ഹാപ്പി…” ഉമ പറഞ്ഞു.
“ശുഭ കാര്യങ്ങൾ മധുരം കൊണ്ട് സമ്പന്നമാക്കണമെന്നാണല്ല. കാറിന്‍റെ ഡിക്കിയിൽ ഒരു സ്വീറ്റ്സ് ബോക്സ് വച്ചിട്ടുണ്ട്. ഉമേഷ് നീ പോയി എടുത്തു കൊണ്ടുവാ.”
“ജനുവരി രണ്ടു വരെ ഞാൻ ലീവിലാണ്. അതിനകം നമുക്ക് ഒരു മെഗാ പാർട്ടി അറേഞ്ച് ചെയ്യണം. നീ ഒരു ദിവസം തീരുമാനിക്ക്… ഈ ഹാപ്പി ന്യൂസ് നമ്മുടെ ഫ്രണ്ട്സുമായും പങ്കു വയ്ക്കണമല്ലോ.” ഉമയോട് ഗൗതമൻ പറഞ്ഞു.
“എങ്കിൽ രേണു തിരിച്ചു പോകും മുമ്പ് തന്നെ ഒരു ദിവസമാകട്ടെ.” ഉമ പറഞ്ഞു.
“യെസ്, അതാ നല്ലത്.” രേണുവും അതിനോട് യോജിച്ചു.
“ചടങ്ങ് തിരക്കിട്ട് നടത്തുന്നതു കൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ….” അവർ പറഞ്ഞു.
സംസാരവും ഗിഫ്റ്റ് കൈമാറ്റവും എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരു മണി..
“ഇന്നെന്താ ഉച്ചഭക്ഷണം ഒന്നുമില്ലേ…”
“ഇന്ന് നമുക്ക് പുറത്തുനിന്ന് കഴിക്കാം…”
“ക്രിസ്തുമസ് ദിനത്തിൽ ഒരു ഹോട്ടലും തുറക്കില്ലല്ലോ…” ഗൗതമൻ പറഞ്ഞു.
“ഇന്ത്യൻ റസ്റ്റോറന്‍റ് തുറക്കും. നമുക്കവിടെ പോകാം.” ഉമേഷ് ഗൗതമനെ ആശ്വസിപ്പിച്ചു.
“പപ്പയ്ക്ക് വണ്ടി ഓടിക്കാൻ മടിയാണെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം.”
രേണുവും ഉർവ്വശിയും സൈൻഹോജയിലേക്ക് തിരിച്ചു പോകുന്നതിന് ഒരു ദിവസം മുമ്പ് പാർട്ടി നടത്താനായിരുന്നു ഉമയുടെ തീരുമാനം. അതുകൊണ്ട് മൂ്നു ദിവസത്തിനകം എല്ലാം റെഡിയാക്കി. വിളിക്കാനുള്ളവരെയെല്ലാം ഫോണിൽ വിളിച്ചു പറഞ്ഞു.
എൻഗേജ്മെന്‍റ് പാർട്ടിയായി നടത്താൻ വേണ്ടത്ര സമയം ഇല്ലാത്തതിനാൽ ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിച്ച് അവിടെ വിവാഹക്കാര്യം അനൗൺസ് ചെയ്യുകയായിരുന്നു. കല്യാണം വിപുലമായി വാഷിംഗ്ടണിൽ വച്ച് നടത്താനാണ് ഗൗതമന്‍റെ തീരുമാനം. ഡേറ്റും കാര്യങ്ങളുമൊന്നും ഫൈനലൈസ് ചെയ്തില്ല. അതിന് രേണുവിന്‍റെ വീട്ടുകാരെ കൂടി അറിയിക്കണം.
പാർട്ടി കഴിഞ്ഞപ്പോൾ ഉമ ഗൗതമനോട് രഹസ്യമായി പറഞ്ഞു “രേണു എന്നോട് ഒരു കാര്യം സൂചിപ്പിച്ചു. നാളെ അവർ കാലിഫോർണിയയ്ക്കു മടങ്ങും. പാർട്ടിക്കു ചെലവായ തുക അവർ നൽകാമെന്നാണ് പറയുന്നത്.”
ഗൗതമൻ ആലോചനയിലാണ്ടു. “ഞാൻ നാളെ പറയാം. എന്തു ചെയ്യണമെന്ന്.”
പിറ്റേന്ന് ഉമ ബാത്ത്റൂമിൽ ആയിരുന്ന സമയത്ത്, രേണു അടുക്കളയിലേക്ക് വരുന്നത് ഗൗതമൻ കാത്തിരുന്നു. അവർ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകിട്ട് മൂന്നു മണിക്കാണ് ഫ്ളൈറ്റ്. കൂടെ ഉമേഷും മടങ്ങുന്നുണ്ട്.
“രേണൂ….”
അവൾ അതിശയത്തോടെ ഗൗതമനെ നോക്കി. വീട്ടിൽ വന്നിട്ട് ഒരാഴ്ചയായി. ഗൗതമൻ ഇതേവരെ തനിച്ച് സംസാരിച്ചിട്ടില്ല.
“രേണൂ, നീ ചെറിയ കാര്യങ്ങൾക്കു മേൽ ഇത്ര ബലം പിടിക്കല്ലേ…”
“എന്തുപറ്റി ഗൗതം…?”
“പാർട്ടിയുടെ ചെലവ് നീ എന്തിനാണ് നൽകുന്നത്?”
“പക്ഷേ ഗൗതം, ആ ചെലവ് ഞാൻ തന്നെ വഹിക്കുന്നതല്ലേ ശരി. അതൊരു ചടങ്ങാണ്. അത് നമ്മുടെ മുൻ പരിചയത്തിന്‍റെ പേരിൽ മാറ്റണോ?”
“രീതിയും ചടങ്ങും… നീ ഇങ്ങനെ തുടങ്ങിയാൽ ഇനി നമ്മൾ തമ്മിൽ മിണ്ടില്ല.” ഗൗതമൻ ഗൗരവത്തോടെ പറഞ്ഞു. അവൾ നിശ്ശബ്ദയായി നിൽക്കുന്നതു കണ്ട് ഗൗതമൻ തുടർന്നു.
“മെയ്മാസത്തിനുള്ളിൽ വിവാഹം നടത്തണം. നേരത്തേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, വിവാഹം വാഷിംഗ്ടണിലായിരിക്കും.” രേണു മറുപടി പറയും മുമ്പ് ഉർവ്വശി മുകളിൽ നിന്ന് തിരക്കിട്ട് ഇറങ്ങി വന്നു.
“മമ്മീ…”
അവൾ രണ്ടുപേരെയും അതിശയത്തോടെ നോക്കി. ഗൗതമനും രേണുവും അറിയാതെ ഞെട്ടിപ്പോയി.
(തുടരും)