ഗൗതമിന്‍റെ കാർ ഗേറ്റ് കടന്നു വരുന്നത് നോക്കി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു ഉമ. അയാൾ വീട്ടിലേക്ക് കാലുകുത്തുമ്പോൾ കൃത്യം ആറടിച്ചു. സാധാരണ ഈ സമയമത്തൊക്കെ തന്നെയാണ് ഗൗതമൻ വീട്ടിൽ വരിക. എങ്കിലും ഉമയുടെ മുഖത്ത് പതിവില്ലാത്ത ചോദ്യഭാവം. അയാൾ ജാള്യതയോടെ അവളെ നോക്കി.

“ഞാൻ ഓഫീസിലേക്ക് എത്രവട്ടം വിളിച്ചു. മൊബൈലാണെങ്കിൽ ഓഫ്. സാർ ബിസിയാണെന്നാ സെക്രട്ടറി പറഞ്ഞത്. ഇന്നെന്താ പതിവില്ലാത്ത തിരക്ക്?”

ഉമയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഗൗതമനു കഴിഞ്ഞില്ല. രേണുവുമായി സംസാരിക്കുകയായിരുന്നു എന്ന് ഉമ അറിയാൻ പാടില്ല. ആ ബന്ധം ഇത്രയും കാലം അവൾക്ക് അജ്ഞാതമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കട്ടെ. ഗൗതമൻ സോഫയിലിരുന്ന് ഷൂവിന്‍റെ ലേസ് അഴിക്കാൻ തുടങ്ങി.

“എന്തിനാ നീ വിളിച്ചത്? പ്രത്യേകിച്ചെന്തെങ്കിലും?”

അവൾ ഒരുനിമിഷം ശങ്കിച്ചു നിന്നു. “ഏയ്… പ്രത്യേകിച്ചൊന്നുമില്ല. ഞാൻ വെറുതെ….?”

വറുതെയല്ല എന്ന് ഗൗതമനറിയാം. പക്ഷേ അയാൾ നിശ്ശബ്ദത പാലിച്ചുയ

ഉമ അടുക്കളയിലേക്കു നടന്നു. അയാൾ വസ്ത്രം മാറി ഫാമിലി റൂമിലേക്കു വരുമ്പോൾ ആവി പറക്കുന്ന കോഫിയും പലഹാരങ്ങളുമായി ഉമ എത്തി. “ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

ഉമയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ഉള്ളാലേ ഞെട്ടിയെങ്കിലും ഒന്നും പുറത്തു കാട്ടാത ചോദ്യഭാവത്തിൽ നോക്കി.

“ഉർവ്വശിയുടെ അമ്മ ഒരു മറുപടി ചോദിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ. എന്താ ഞാൻ പറയേണ്ടത്?”

അയാൾക്ക് വിഷമം തോന്നി. പാവം ഉമ, സത്യത്തിൽ ഞാൻ അവളെ വഞ്ചിക്കുകയാണ്. വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് കരുതി അവൾ വിഷമിക്കുന്നുണ്ടാവും.

“എന്തു മറുപടി?”

ഗൗതമൻ ഒന്നുമറിയാത്തതു പോലെ ഭാവിച്ചു. ഉമയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടെന്ന് ആ മുഖഭാവം വിളിച്ചു പറുന്നുണ്ടായിരുന്നു. “ഉമേഷിന്‍റെ കല്യാണക്കാര്യം തന്നെ. ഒന്നുമറിയാത്ത ഭാവം വേണ്ട ഗൗതമേട്ടാ…”

“ഉമ, ഇക്കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല.” ഗൗതമൻ കാപ്പി കുടിച്ച ശേഷം കപ്പുമായി ്ടുക്കളയിലേക്ക് നടന്നു.

“നോക്കൂ, നിങ്ങൾ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ?” ഉമയുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കി.

“എന്താ ഉമാ ഇങ്ങനെ… എനിക്കെന്താണ് നിന്നോട് ഒളിക്കാനുള്ളത്?”

“ഉണ്ട്, എന്തോ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പെരുമാറില്ല. ഉർവ്വശിക്കെന്താ ഒരു കുറവ്…”

“ഛെ, അവൾക്കൊരു കുറവുമില്ല. ഇപ്പോൾ അവർക്കു പരീക്ഷയല്ലേ…. അതു കഴിയട്ടെ… ഡിസംബർ 17-ാം തീയതി അവൻ പരീക്ഷ കഴിഞ്ഞ് ഇവിടെയെത്തുമല്ലോ? അപ്പോൾ നമുക്ക് തീരുമാനമെടുക്കാം.”

ഇനിയും ഉമയെ കുരങ്ങു കളിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് അയാൾക്ക് തോന്നി. ഉമയുടെ മുഖം തെളിഞ്ഞു.

“എങ്കിൽ ഉർവ്വശിയോടും ഇങ്ങോട്ട് വരാൻ പറയാം. ക്രിസ്തുമസല്ലേ…”

“ഉർവ്വശിയെ മാത്രം വിളിക്കുന്നത് ശരിയല്ല. അവളുടെ അമ്മയേയും സഹോദരനേയും കൂടി ക്ഷണിക്കണം.”

“ശരി, നാളെ ഞാൻ രേണുവിനെ വിളിക്കാം.” ഉമ സന്തോഷത്തോടെ പറഞ്ഞു.

രാത്രി 10 മണിയായപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. പരീക്ഷക്കാര്യം സംസാരിച്ച ശേഷം അവൻ അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ഉമേഷ് അങ്ങനെയാണ്. പേഴ്സണൽ കാര്യങ്ങൾ അമ്മയോടാണ് ചർച്ച ചെയ്യുക. ക്രിസ്തുമസിന് വീട്ടിലെ പ്രോഗ്രാം എന്തൊക്കെയാണെന്ന് ധാരണയാക്കുകയാണ് അമ്മയും മകനും തമ്മിൽ സംഭാഷണം കഴിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ഗൗതമൻ ചോദിച്ചു.

“അവനെന്തു പറഞ്ഞു?”

“സെവന്‍റീൻതിന് രണ്ടുപേരും വരുമെന്ന്?”

ഗൗതമൻ കൂടുതലൊന്നും സംസാരിച്ചില്ല. അയാൾ റിമോട്ടെടുത്ത് ടിവി ചാനലുകൾ മാറി മാറി നോക്കാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ 7.30 ന് ഗൗതമന് ഓഫീസിൽ എത്തണമായിരുന്നു. ധാരാളം ജോലിയുണ്ട്. ക്രിസ്തുമസിന് ഇവിടെ നാലു ദിവസത്തെ അവധി ഓഫീസുകൾക്ക് പതിവാണ്. സാറ്റാഫ് ലീവെടുത്തു പോകുന്നതിനു മുമ്പ് കുറേ അത്യാവശ്യ ജോലികളുണ്ട്.

ഉമ എഴുന്നേറ്റിട്ടില്ല. കനത്ത മഞ്ഞു വീഴ്ചയുടെ സമയം കൂടിയാണ്. അതിരാവിലെ എഴുന്നേൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അയാൾ ഭാര്യയെ ഉണർത്താതെ കാപ്പിയുണ്ടാക്കി കുടിച്ചു. പുലർച്ചെ കാറോടിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് ഗൗതമന്. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥയിൽ അൽപം റിസ്കുണ്ട്. നൂൽമഴ പോലെ പെയ്യുന്ന മഞ്ഞ് കാഴ്ചയെ ഇടയ്ക്കിടെ മറയ്ക്കും. അതുകൊണ്ട് സീസണിൽ ഡ്രൈവർ തന്നെയാണ് ഓഫീസിലേക്കും വീട്ടിലേക്കും ഡ്രോപ് ചെയ്യുന്നത്.

വൈകിട്ട് വീട്ടിലെത്തുമ്പോൾ ഉമ പതിവു പോലെ ചായയുമായെത്തി. കൂടെ ധാരാളം വിഭവങ്ങൾ. ഇത്രയേറെ വിഭവങ്ങൾ ഒരുമിച്ചുണ്ടാക്കാൻ എന്താവും കാര്യം? ഗൗതമൻ ചെറുചിരിയോടെ ഉമയെ നോക്കി.

“നാളെ കുട്ടികൾ വരും…. അതുകൊണ്ട് ഞാൻ…” അവൾ പാതിയിൽ നിർത്തി.

“ഓ… അതു നന്നായി.”

“ഞാൻ രേണുവിനെ വിളിച്ചിരുന്നു. ഉർവ്വശിയെ കൂട്ടിക്കൊണ്ടു വരുന്നതിൽ അവർക്ക് എതിർപ്പില്ല.”

ഗൗതമൻ അപ്പറഞ്ഞതിന് മറുപടിയൊന്നും നൽകിയില്ല. അയാൾ നിശ്ശബ്ദനായിരിക്കുന്നത് കണ്ടപ്പോൾ ഉമ വീണ്ടും ചോദിച്ചു. “ഞാൻ പറഞ്ഞത് കേട്ടുവോ?”

“ഉവ്വല്ലോ.”

“പിന്നെന്താ മറുപടിയില്ലാത്തത്….”

“ഇതിനൊക്കെ ഞാൻ എന്തു മറുപടിയാണ് നൽകേണ്ടത്…”

ഉമ വിചാരിച്ച രീതിയിലല്ല ഗൗതമന്‍റെ പ്രതികരണമെങ്കിൽ, അവളുടെ മട്ടു മാറും. ഇപ്രാവശ്യവും അതു തെറ്റിയില്ല. അവൾ ദേഷ്യത്തിൽ ചാടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഗൗതമൻ അതുകണ്ട് ഉള്ളിൽ ചിരിച്ചു.

“സില്ലി ഗേൾ.” എത്ര കാലമായി, ഇവളുടെ ഈ സ്വഭാവത്തിനു മാത്രം ഒരു മാറ്റവുമില്ല.

മൂക്കിൻ തുമ്പത്താണ് ദേഷ്യം. പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. അവളുടെ ദേഷ്യമകറ്റാൻ എന്താണൊരു വഴിയെന്നാലോചിക്കുമ്പോഴാണ് നാളത്തെ ക്രിസ്തുമസ് പാർട്ടിയെക്കുറിച്ച് ഓർത്തത്. എല്ലാ വർഷവും ഓഫീസിൽ പതിവുള്ളതാണ്.

“എടോ, നാളെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയുണ്ട്, 7 മണിക്ക്.”

“നാളെ എങ്ങനെ വരും, കുട്ടികൾ ഉണ്ടാവില്ലേ ഇവിടെ?”

“നീ അവരേയും കൂട്ടിക്കോ…”

ഉമ വിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ മുഖത്ത് സന്തോഷം ഇരച്ചെത്തുന്നത് അയാൾ കണ്ടു.

ഡിന്നർ കഴിച്ച ശേഷം ബഡ്റൂമിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഗൗതമൻ. അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. ഉമ താഴെ ചെന്ന് വാതിൽ തുറന്ന ശേഷം ഒരു മിനിട്ടിനകം ഓടി മുകളിലെത്തി.

“500 ഡോളറിന് വീട്ടിലാകെ ക്രിസ്തുമസ് ലൈറ്റ്സ് ഇടാമെന്ന്… യെസ് പറയട്ടെ…”

“ഇതു ചോദിക്കാനാണോ നീ ഓടിക്കിതച്ചു വന്നത്. നിന്‍റെ ഇഷ്ടം പോലെ ചെയ്തോളൂ.”

“അയൽപക്കത്തെല്ലാം ഓർഡർ ചെയ്തു. അവിടെയൊക്കെ ലൈറ്റ് ഇട്ടു കഴിഞ്ഞു. നമ്മുടെ വീടു മാത്രം ഇതിനിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നും.” ഉമ പറഞ്ഞു.

“ദീപാവലിക്കു പോലും ലൈറ്റ് ഇടാത്ത ആളാണ്. ഇപ്രാവശ്യം എന്താ ഇത്ര ഉത്സാഹം…” ഗൗതമൻ അവളെ കളിയാക്കി.

“അടുത്ത വർഷമാകട്ടെ ദീപാവലിക്കും, നമുക്ക് ദീപാലങ്കാരമിടാം.”

“ഉമ, സത്യം പറയൂ, നാളെ കുട്ടികൾ വരുമെന്ന് പറഞ്ഞിട്ടല്ലേ…. ഈ പതിവില്ലാത്ത സന്തോഷം.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. അതു കണ്ട് അവൾ ചമ്മലോടെ പറഞ്ഞു. “ദേ, നാളെ ഉർവ്വശിയുടെ മുന്നിൽ വച്ച് എന്നെ വഴക്കു പറയരുത്.”

“നിന്നോട് പറയാനുള്ളത് നേരെചൊവ്വേ പറഞ്ഞാൽ നീ കേൾക്കാഞ്ഞിട്ടല്ലേ…”

“വഴക്കു പറഞ്ഞാലും ശബ്ദം താഴ്ത്തിയേ പറയാവൂ…”

“അതെന്താ?” ഉള്ളിൽ വന്ന ചിരി പുറത്തു കാട്ടാതെ ഗൗതമൻ ചോദിച്ചു.

“ആ കുട്ടി എന്തു വിചാരിക്കും?”

“ഓകെ. നീ സമാധാനമായി ഉറങ്ങ്. എല്ലാം നമുക്ക് പരിഹരിക്കാം.”

“എന്നാൽ ഞാനുറങ്ങിയിട്ട് നിങ്ങൾ ഉറങ്ങിയാൽ മതി.”

അവൾ അയാളോടു ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു. പതിവില്ലാത്ത ആ റൊമാൻസ് കണ്ടപ്പോൾ ഗൗതമന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരിക്കും… നിനക്കിതെന്തു പറ്റി ഉമേ…”

“നിങ്ങൾക്കെന്നോട് പഴയതുപോലുള്ള സ്നേഹം ഇല്ലേ എന്നൊരു തോന്നൽ”

“നിന്നെയല്ലാതെ മറ്റാരെ സ്നേഹിക്കാനാണ് ഉമേ…” അയാൾ അവളെ മുറികെ ചേർത്തു പിടിച്ചു.

ഇന്നാണ് ഗൗതമന്‍റെ ഓഫീസിലെ പാർട്ടി. ഉർവ്വശിയും ഉമേഷും ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോഴാണ് ഇക്കാര്യം ഉമ പറഞ്ഞത്. പപ്പ തങ്ങളേയും പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഉർവ്വശിക്കു പകുതി ആശ്വാസം തോന്നി. വിവാഹത്തിൽ എന്തോ അതൃപ്തി ഗൗതമന് ഉണ്ട് എന്ന തോന്നൽ അവളെ അസ്വസ്ഥയാക്കിയിരുന്നു.

അവർ മൂവരും വൈകിട്ട് ഓഫീസിലെത്തുമ്പോൾ 7 മണിയായി. പാർട്ടി തുടങ്ങിയിരുന്നു. ഗൗതമന്‍റെ ഉർവ്വശിയെ തന്‍റെ സ്റ്റാഫിന് പരിചയപ്പെടുത്തി. മകന്‍റെ സുഹൃത്ത് എന്നു മാത്രമേ പറഞ്ഞുള്ളൂ. ഇവിടെ ഇത്തരം ആൺ പെൺ സൗഹൃദങ്ങൾ സാധാരണമായതിനാൽ ആരും ആ വരവിൽ അസ്വാഭാവികത കണ്ടതുമില്ല.

പാർട്ടി അവസാനിച്ചപ്പോൾ രാത്രി 12 മണിയോടടത്തു. പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ആർക്കും തിരക്കുണ്ടായിരുന്നില്ല. ക്രിസ്തുമസ് അവധി തുടങ്ങുന്ന ദിനമാണ് ശനിയാഴ്ച.

ആ രാത്രിയിൽ തിരക്കു കുറഞ്ഞ റോഡിലൂടെയുള്ള കാർ യാത്ര രസകരമായി തോന്നി ഉർവ്വശിക്ക്. ക്രിസ്തുമസ് ലൈറ്റുകളിൽ തിളങ്ങി നിൽക്കുന്ന വീടുകൾ. മഞ്ഞുവീണു നനഞ്ഞ വൃക്ഷത്തലപ്പുകളിലും പലതരം നിറത്തിലുള്ള ദീപങ്ങൾ പ്രഭ ചൊരിയുന്നു.

വീട്ടിലെത്തിയപ്പോഴാണ് അതിലും ത്രില്ലടിച്ചത്. ഷോപ്പുകളിൽ കാണുന്നപോലെ ലൈറ്റ് ബ്ലൂ സ്ട്രിംഗ് ലൈറ്റുകളിൽ അടിമുടി വെളിച്ചം പരത്തി നിൽക്കുകയാണ് വീടും പരിസരവും. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോൾ ഉമേഷിനും ഉർവ്വശിക്കും സംശയം.

“പപ്പ ഇതെന്താ…. പതിവില്ലാതെ ക്രിസ്തുമസ് ലൈറ്റ്സ്…. വണ്ടർഫുൾ…”

ഗൗതമൻ അതുകേട്ട് ഉമയെ നോക്കി. എന്നിട്ട് പറഞ്ഞു, “മമ്മിയോട് ചോദിച്ചോളൂ. അവളാണിതിന്‍റെ പിന്നിൽ…”

ഉമ തെല്ലു ചമ്മലോടെ തല വെട്ടിച്ചു. “ഓ, അപ്പോൾ ഓഫീസിൽ പാർട്ടി നടത്താൻ പറഞ്ഞത് ഞാനാണോ? വീട്ടിൽ ലൈറ്റ്സ് ഇട്ടതിനാണ് കുഴപ്പം…” ഉമയുടെ പരിഭവം കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടി.

“അതു ബിസിനസല്ലേ, അവിടെ സൊസൈറ്റിക്കല്ലേ റോൾ.”

“ഓ… പപ്പാ മതി, മമ്മിക്കിനി ഇന്നത്തേക്ക് ഇതുമതി.” ഉമേഷ് ഇടയിൽ കയറി.

രാവിലെ ഗൗതമൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

മറുവശത്ത് രേണു… ഗൗതമൻ ഫോൺ ഉമയ്ക്ക് കൈമാറി.

“ഉർവ്വശി ഇവിടെയുണ്ട് രേണൂ… ഇന്നലെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയായിരുന്നു. ക്രിസ്തുമസ് ഹോളിഡേയ്ക്ക് രേണുവും ഇങ്ങോട്ടു വരണം.”

ഗൗതമൻ അവരുടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. ഫോൺ ഉർവ്വശിക്ക് കൊടുത്തപ്പോൾ ഗൗതമൻ പറഞ്ഞു.

“അടുത്ത റൂമിലെ എക്സ്റ്റൻഷൻ എടുത്ത് സംസാരിച്ചോളൂ.” അമ്മയ്ക്കും മകൾക്കും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം കൊടുത്തതായിരുന്നു ഗൗതമൻ.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നെങ്കിലും ടെക്സാസിൽ ഔദ്യോഗികാവശ്യത്തിന് പോകാനുണ്ടായിരുന്നു ഗൗതമന്. ഒരു ദിവസത്തെ യാത്രയുണ്ട്. അവിടെ ഒരു കമ്പനിയുമായി പ്രൊജക്ടിന്‍റെ എഗ്രിമെന്‍റ് ഒപ്പു വയ്ക്കാനുണ്ട്. തിങ്കളാഴ്ച വൈകിട്ട് ടെക്സാസിൽ നിന്ന് മടങ്ങിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മാത്രമേ വീട്ടിലെത്താൻ കഴിഞ്ഞുള്ളൂ.

യാത്രാക്ഷീണവും തണുപ്പും നിമിത്തമാകാം, വീട്ടിലെത്തിയപ്പോൾ ലേശം ടെമ്പറേച്ചർ തോന്നി. അതുകൊണ്ട് അന്ന് ഓഫീസിൽ പോകേണ്ടെന്ന് വച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ ഉമ ഓർമ്മിപ്പിച്ചു.

“ഇന്ന് രേണുവും വിജയും എത്തും. വൈകിട്ട് എയർപോർട്ടിൽ നിന്ന് അവരെ കൊണ്ടുവരേണ്ടേ?”

“എനിക്ക് നല്ല സുഖം തോന്നുന്നില്ല, നീ ഉമേഷിനെ അയച്ചാൽ മതി.”

ഗൗതമൻ പറഞ്ഞു. വൈകിട്ട് അൽപം നേരത്തേ വീട്ടിലെത്തുമ്പോൾ അതിഥികളെത്തിയിട്ടുണ്ടായിരുന്നു. വീട്ടിൽ ആകെ ബഹളമയം. ഉമ ഗൗതമന്‍റെ വരവ് കാത്തിരിക്കുകയായിരുന്നു. ഷോപ്പിംഗ് രേണുവിനേയും കൂട്ടി പുറത്തേക്കു പോകാനാണ്. ക്രിസ്തുമസിന് ഒരാഴ്ച മുമ്പേ തുടങ്ങുന്ന ആഘോഷങ്ങൾ തലേദിവസങ്ങളിൽ അതിന്‍റെ പാരമ്യത്തിലെത്തും. പണിയെടുക്കാൻ മടിയില്ലാത്തവരിൽ പോലും ക്രിസ്തുമസ് അവധിദിനങ്ങൾ അടുക്കുമ്പോൾ ഒരു ലേസിമൂഡ് പ്രകടമാണ്.

ഓഫീസ് രണ്ടു ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. എല്ലാം ഭദ്രമല്ലേ എന്ന് ഒരുവട്ടം കൂടി ഉറപ്പു വരുത്തിയ ശേഷമാണ് ഗൗതമൻ ഓഫീസടച്ചു നേരത്തേ വീട്ടിലേക്കു പോന്നത്. രേണുവും ഉമയും ഷോപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ സമയം രാത്രി 9 മണി. ഭക്ഷണവും അവർ പുറത്തു നിന്നും വാങ്ങി.

ആ രാത്രി കടുത്ത തണുപ്പായിരുന്നു. മഞ്ഞിനോടൊപ്പം നേർത്ത കാറ്റും കൂടി വീശുന്നതിനാൽ ജനൽപാളികളിൽ സാമാന്യം കനത്തിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.

ഫാമിലി റൂമിൽ ടി വി കാണാനിരിക്കുമ്പോൾ, ഉമേഷ് ഫയർ പ്ലേസ് കത്തിച്ചുവച്ചു.

ക്രിസ്തുമസ് ദിനങ്ങളിലെ രാവിന് പ്രത്യേക ഭംഗിയുണ്ട്. നിലാവും മഞ്ഞും തണുപ്പും ആഘോഷവും നിറഞ്ഞ രാവുകൾ. ഗൗതമൻ ജനാല തുറന്ന് പുറത്തേക്ക് നോക്കി. അങ്ങകലെ നിരനിരയായി തലകുനിച്ചു നിൽക്കുന്ന സൈപ്രസ് മരങ്ങൾ. മഞ്ഞു കണങ്ങൾ പൊതിഞ്ഞ ഇലകളിൽ നിലാവ് ചിന്നിച്ചിതറി വീഴുന്നു. എത്ര കണ്ടാലും മതിയാവാത്ത ആ കാഴ്ചയിലേക്ക് അയാൾ ദീർഘനിശ്വാസത്തോടെ കണ്ണയച്ചു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...