കുറച്ചു ദിവസം സ്വന്തം വീട്ടിൽ താമസിച്ച് മടങ്ങിവരുന്ന ഭാര്യയെ റിസീവ് ചെയ്യാൻ ഭർത്താവ് റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ നിന്ന് ഇറങ്ങിയ ഉടനെ ഭാര്യ പരിഭവം തുടങ്ങി.
“ദാ, ആ നിൽക്കുന്ന ദമ്പതികളെ കണ്ടോ? എന്തു സന്തോഷമാണ് അവരുടെ മുഖത്ത്. അവർ എന്തു സനേഹത്തോടെയാണ് സംസാരിക്കുന്നത്. നിങ്ങൾക്കെന്താ എപ്പോഴും കടന്നൽ കുത്തിയ പോലത്തെ മുഖഭാവം?”
ഭാര്യയുടെ കുത്തുവാക്കുകൾ കേട്ട് ഭർത്താവ് പറഞ്ഞു, “അയാളെങ്ങനെ സന്തോഷിക്കാതിരിക്കും? ഭാര്യയെ പറഞ്ഞയയ്ക്കാൻ വന്നതല്ലേ അയാൾ. എന്‍റെ കാര്യം നേരെ തിരിച്ചല്ലേ…”
അൽപം പഴക്കമുള്ള തമാശയാണെങ്കിലും ഇതിലും കുറച്ചൊക്കെ വാസ്തവമില്ലേ? അവധിക്കാലത്ത് ബന്ധുഗൃഹങ്ങളിലും തറവാട്ടിലുമൊക്കെ പോകാൻ കൊച്ചുകുട്ടികൾ കാണിക്കുന്ന അതേ ഉത്സാഹമാണ് ചില ഭർത്താക്കന്മാർക്ക് ഭാര്യയെ പറഞ്ഞയയ്ക്കുന്ന കാര്യത്തിലും. അവളെ വീട്ടിലേയ്ക്ക പറഞ്ഞു വിട്ടിട്ടു വേണം ബാച്ചിലർ ലൈഫ് ഒന്ന് അടിച്ചു പോളിക്കാൻ എന്നാണ് അവരുടെ ചിന്ത. ഇത്തരം എക്സ്പീരിൻസിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ?
അഭിജിത്തിന്‍റെയും നേഹയുടെയും കാര്യം നോക്കൂ. വിവാഹം കഴിഞ്ഞ് ഏതാണ്ട് നാല് വർഷമാവുന്നതേയുള്ളൂ. നേഹ വീട്ടിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോൾ മുതൽ ജയിൽ മോചിതനാവുന്നയാളുടെ സന്തോഷമായിരുന്നു അഭിജിത്തിന്. കാരണം മറ്റൊന്നുമല്ല, നേഹയുടെ സാന്നിധ്യത്തിൽ നടക്കാത്ത കാര്യങ്ങൾ ഇനി ഈസിയായി ചെയ്യാം. ജീവിതം ആഘോഷിക്കാം, ഉദാ. രാത്രി ഏറെ വൈകുവോളം ടിവി കാണാം, സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിക്കാം, സ്വന്തം ഇഷ്ടപ്രാകാരം ഉറങ്ങുകയും ഉണരുകയുമാവാം.
അവൾ വീട്ടിൽ പോയല്ലോ, സമാധാനമായി എന്ന ഭർത്താവിന്‍റെ തോന്നലിനു പിന്നിലും ചില കാരണങ്ങളുണ്ടാവാം.
അമിത വൃത്തി വേണോ
“ജലപിശാച്” എന്നാണ് മനോജ് ഭാര്യ റീനയെ വിളിക്കുന്നത്. നേരിട്ടു വിളിക്കാറില്ലെങ്കിലും സുഹൃത്തുക്കളോട് ഇങ്ങനെയാണ് ഭാര്യയെക്കുറിച്ച് പരാമർശിക്കാറ്. എപ്പോഴും കഴുകലും വൃത്തിയാക്കലും രാപ്പകലെന്നില്ലാതെ ‘വൃത്തി, വൃത്തി’ എന്ന നാമജപവും. “ഈ ടവ്വലെന്തിനാ ഇവിടെ ഇങ്ങനെ അലക്ഷ്യമായിട്ടിരിക്കുന്നത്, ബ്രീഫ് കെയ്സ് സോഫയിലാണോ വലിച്ചെറിയുന്നത്, ഷൂ റാക്കിൽ വച്ചുകൂടായിരുന്നോ, ന്യൂസ് പേപ്പർ വായിച്ചു കഴിഞ്ഞാൽ ഒന്ന് ഒതുക്കി വച്ചുകൂടേ, ചായ കുടിച്ചു കഴിഞ്ഞാൽ കപ്പ് അടുക്കളയിൽ കൊണ്ടു വയ്ക്കരുതോ, ഞാൻ രാപകലെന്നില്ലാതെ ഈ വീടിനു വേണ്ടി ചത്തു പണിയെടുക്കുന്നു…. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു…” എന്നിങ്ങനെ പോകുന്നു റീനയുടെ ആക്രോശങ്ങൾ.
ഇവളൊന്ന് വീട്ടിൽ പോയിരുന്നുവെങ്കിൽ അൽപം സ്വസ്ഥത കിട്ടിയേനെ എന്നും, കുറച്ചു ദിവസത്തേക്ക് തന്നെ ആരും ചോദ്യം ചെയ്യില്ലല്ലോ എന്നും പാവം ഭർത്താവ് ആഗ്രഹിച്ചു പോകാതിരിക്കുന്നതെങ്ങനെ…
ഭർത്താവ് സുഹൃത്തുക്കളെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതും ചില ഭാര്യമാർക്ക് ഇഷ്ടപ്പെടാറില്ല. ഭർത്താവിന്‍റെ സുഹൃത്തുക്കളെ കാണുന്നതേ ഇവർക്ക് ചതുർത്ഥിയാണ്, “ഓ.. ഇനി ഇവർക്കും കൂടി വച്ചു വിളമ്പണമല്ലോ, ഇനി എപ്പോഴാണാവോ സദസ്സ് പിരിയാൻ പോവുന്നത്? ഇവർക്ക് വേറെ പണിയൊന്നുമില്ലേ?” ഭർത്താവിന്‍റെ സുഹൃദ് വൃന്ദത്തെക്കുറിച്ചുള്ള ഭാര്യയുടെ പരാതികളുടെ ലിസ്റ്റ് പറഞ്ഞാൽ തീരില്ല.
ശരി, അവരെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുന്നില്ല. അവർക്കൊപ്പം പുറത്തേക്ക് പോകാമെന്നു വച്ചാലോ? “അല്ലെങ്കിലും ഇങ്ങേർക്ക് സുഹൃത്തുക്കൾ മതി. വീട്, കുടുംബം എന്ന ഒരു ചിന്തയുമില്ല. വൈകുന്നേരം അൽപം നേരത്തേ വന്ന് കുട്ടികളുടെ പഠനകാര്യമെങ്കിലും നോക്കിക്കൂടേ? കൂട്ടുകാരാണു പോലും… അവർക്ക് കുടുംബ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇങ്ങേരെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൂടേ? അതിനവര് തയ്യാറാവുമോ? ഇങ്ങേരല്ലേ പണം ചെലവഴിക്കുന്നത്…”
പോരേ ഭർത്താവിനു മൂഡോഫ് ആവാൻ. “അതാ ഇപ്പോ വലിയ കാര്യം. ഞാൻ പണമൊക്കെ സുഹൃത്തുക്കൾക്കായി വാരിക്കോരി ചെലവഴിക്കുന്നുന്നാരാ പറഞ്ഞേ? എടീ, ഞാൻ ഒരു തവണ പണം ചെലവഴിക്കുമ്പോൾ അവർ നാല് തവണയെങ്കിലും എനിക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്. ഞാൻ സന്തോഷിക്കുന്നതു നിനക്കു സഹിക്കാൻ കഴിയുന്നില്ലല്ലേ.”
അവസാനം ഭാര്യ അവളുടെ വീട്ടിലേക്ക് പോവുന്നതും കാത്തിരിപ്പാവും ഭർത്താവ്. പിന്നീട് സുഹൃത്തുക്കളെ വീട്ടിൽ ക്ഷണിച്ചു വരുത്തി ചീട്ടു കളിക്കുക, ബിയർ പാർട്ടി അറേഞ്ച് ചെയ്യുക… ജിവിതം എൻജോയ് ചെയ്യട്ടെ പാവം ഭർത്താവ്…
ചില ഭാര്യമാർ കൊച്ചുകുട്ടിയോടെന്ന പോലെയാണ് ഭർത്താവിനോടു പെരുമാറുക. “അങ്ങനെ ചെയ്യരുത്, ചെയ്യാം, അവിടെ പോകരുത്, അവരോടു മിണ്ടരുത്, നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്, എന്തിനാ പറഞ്ഞെ, നിങ്ങൾക്ക് ശരിക്ക് സംസാരിക്കാനറിയില്ല. നിങ്ങൾ അങ്ങനെ പറയേണ്ടിയിരുന്നില്ല….?”
അസ്വസ്ഥനായ ഭർത്താവ് ഭാര്യയുടെ ശല്യമൊഴിയുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. ഭർത്താവിന്‍റെ ഭക്ഷണക്കാര്യം ആണ് ചിലരുടെ പ്രശ്നം. വീട്ടിലോ ഭക്ഷണമുണ്ടാക്കില്ല. ഭർത്താവ് പുറത്തു നിന്നും ഭക്ഷണം കഴിച്ചുവന്നാലോ, അതും പ്രശ്നം. അവൾക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാൽ പിന്നെ അതേ ചൊല്ലിയാവും വാഗ്വാദം. ഇവളൊന്നു പോയിക്കിട്ടിയാൽ മതിയേ… എന്നല്ലേ പിന്നെ കക്ഷി ചിന്തിക്കൂ…
നല്ല ഭാര്യ ആവാം
- ഭർത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചിയും മനസ്സിലാക്കണം.
- മുറുമുറുപ്പും പരാതിപറച്ചിലും ഒഴിവാക്കാം.
- ഭർത്താവിന്‍റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. കുറച്ചു നേരത്തേക്കെങ്കിലും ഭർത്താവിനും സ്വാതന്ത്ര്യം നൽകാം. വല്ലപ്പോഴും കുട്ടികളേയും കൊണ്ട് ബന്ധുഗൃഹങ്ങളിലോ, സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാം.
- അദ്ദേഹവും മിത്രങ്ങൾക്കൊപ്പം അൽപസമയം ചെലവഴിച്ചു കൊള്ളട്ടെ. എന്നാൽ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കണം. വീടിനും സുഹൃത്തുക്കൾക്കുമിടയിൽ സമയം ക്രമീകരിക്കാൻ ഇത് സഹായകമാവും.
- ഇടയ്ക്ക് ഭക്ഷണം പുറത്തു നിന്നും കഴിക്കുന്നതിൽ എതിർപ്പു വേണ്ട.
- വീട് അലങ്കോലമായി കിടക്കുന്നുണ്ടെങ്കിൽ കുറ്റപ്പെടുത്തലും മുറുമുറുപ്പും വേണ്ട. വീടാവുമ്പോൾ അൽപസ്വൽപം വൃത്തികേടായെന്നിരിക്കും. അല്ലാതെ ഇത് മ്യൂസിയമൊന്നുമല്ലല്ലോ എന്ന നിലപാടാവും ചില ഭർത്താക്കന്മാരുടേത്. വീട് വൃത്തിയാക്കി വയ്ക്കാൻ നിങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്നും, അടുക്കും ചിട്ടയുമാണ് വീടിന്‍റെ ഐശ്വര്യമെന്നുമൊക്കെ അദ്ദേഹത്തെ സാവകാശം പറഞ്ഞു മനസ്സിലാക്കാം. വേണമെങ്കിൽ സഹായവും ആരായാം.
സദാ പരാതി വേണ്ട
- സദാ സമയവും വീട്ടു പ്രശ്നങ്ങളും കുട്ടികളെ കുറിച്ചുള്ള പരാതികളും പറയരുത്. ഓഫീസിൽ നിന്നും വന്നതിനു ശേഷം അദ്ദേഹവും ഒന്ന് റിലാക്സ് ചെയ്തുകൊള്ളട്ടെ. സാവകാശം പ്രശ്നങ്ങൾ അവതരിപ്പിച്ച് ഒത്തു തീർപ്പാകാമല്ലോ.
- അദ്ദേഹം അൽപസമയം സ്വസ്ഥമായി ടിവി കാണുകയോ പുസ്തകം വായിക്കുകയോ ചെയ്യട്ടെ.
- വീട്ടുജോലികളെക്കുറിച്ച് പരാതിയും പരിഭവവും വേണ്ട. നിങ്ങളുടെ കൂടി വീടാണ്, ജോലി ചെയ്യാതിരിക്കാൻ പറ്റുമോ? ഞാനതു ചെയ്തു എന്നൊക്കെ സദാസമയവും പറഞ്ഞു നടക്കേണ്ടതില്ല. നിങ്ങളാണ് വീട് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. തുറന്ന് പറഞ്ഞില്ലെങ്കിലും മനസ്സിൽ നിങ്ങളോട് അദ്ദേഹത്തിന് ആദരവ് കാണും.
എന്താ വിശ്വാസം വരുന്നില്ലേ? ഒന്നു പരീക്ഷിച്ചു നോക്കൂ….