ഇന്ന് താങ്ക്സ് ഗിവിംഗ് ഡേ ആണ്. ഗൗതമൻ പതിവുപോലെ പുലർച്ചെ 7 മണിക്ക് എഴുന്നേറ്റു. പക്ഷേ രവിയും കുടുംബവും ഇനിയും ഉറകക്മുണർന്നിട്ടില്ല. വാഷിംഗ്ടണും കാലിഫോർണിയയും തമ്മിൽ മൂന്നു മണിക്കൂർ സമയാന്തരമുണ്ട്. അതുകൊണ്ടാണ് ഇത്ര താമസം. ഇപ്പോൾ വാഷിംഗ്ടണിൽ രാവിലെ 10 മണിയായിക്കാണും. പക്ഷേ, ഇവിടെ 7 മണി ആയതേയുള്ളൂ.

ഗൗതമന് ഉറക്കമുണർന്നാലുടൻ കാപ്പി കുടിക്കണം. അതും നല്ല സ്ട്രോംഗ് കാപ്പി. അക്കാര്യത്തിൽ ഒരു കോംപ്രമൈസും പറ്റില്ല. വീട്ടിലുള്ളവർ ഉണരും വരെ കാത്തിരിക്കാൻ വയ്യ. അയാൾ അടുക്കളയിലേക്കു നടന്നു. കാപ്പിപ്പൊടിയും പഞ്ചസാരയും കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായില്ല. കാപ്പി തിളപ്പിച്ച് കുടിക്കാൻ തുടങ്ങുമ്പോഴാണ് രവിയുടെ ഭാര്യ എഴുന്നേറ്റു വരുന്നത്.

“സോറി ഗൗതം… നിങ്ങൾ മൂന്നു മണിക്കൂർ മുന്നേ എഴുന്നേൽക്കുമെന്ന കാര്യം ഞാൻ മറന്നു. ബ്രേക്ക്ഫാസ്റ്റ് ഉടൻ ഉണ്ടാക്കാം.”

“ഡോണ്ട് വറി, കാപ്പി കുടിച്ചാൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ച പോലെയാ…”

അതു കേട്ടുകൊണ്ടാണ് രവിയുടെ വരവ്.

“അതേ…. അതു ശരിയാ… ഹണിക്കു കേൾക്കണോ പഴയ ഒരു കഥ. വാഷിംഗ്ടണിൽ ഒരു ക്രിസ്തുമസ് പുലർച്ചയ്ക്ക് എഴുന്നേൽക്കുമ്പോൾ വീട്ടിൽ കാപ്പിപ്പൊടിയില്ല. അന്ന് കടകളൊന്നും തുറക്കുകയുമില്ല. ഇവൻ കാറുമെടുത്ത് ഒരു മണിക്കൂർ കറങ്ങി ഒരു ഷോപ്പ് കണ്ടുപിടിച്ച് കാപ്പി വാങ്ങി. ഇവന്‍റെ കാപ്പികുടി കാര്യം ഞാനോർത്തില്ല. ഇല്ലെങ്കിൽ ഇന്നലെത്തന്നെ തിളപ്പിച്ച് ഫ്ളാസ്കിൽ എടുത്തു വയ്ക്കാമായിരുന്നു.”

രവി പറഞ്ഞപ്പോൾ ഗൗതമൻ പൊട്ടിച്ചിരിച്ചുപോയി. 25 വർഷം മുമ്പുള്ള കാര്യം. രവി അതുപോലും ഓർമ്മിച്ചു വച്ചിരിക്കുന്നു. “റിയലി അൺബിലീവബിൾ… നീ അതൊന്നും മറന്നിട്ടില്ലേ…” രവിയുടെ തോളത്ത് ഗൗതമൻ കുസൃതിയോടെ അടിച്ചു.

11 മണിയായപ്പോഴാണ് ബ്രേക്ക്ഫാസ്റ്റ് റെഡിയായത്. അതൽപം ഹെവിയായി കഴിച്ചു. പിന്നെ ലഞ്ച് കഴിക്കേണ്ടതില്ലല്ലോ. ഇതിനിടയിൽ ഉർവ്വശിയെ ഫോൺ ചെയ്ത് ഉമേഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“പപ്പ ഉർവ്വശിയാണ് ലൈനിൽ.” ഉമേഷ് റിസീവർ അടച്ചുപിടിച്ച് വിളിച്ചു.

ഡിന്നറിന് രവിയെയും കുടുംബത്തെയും കൂടി ക്ഷണിക്കാനാണ് ഉർവ്വശി വിളിച്ചത്. രവിയോട് ചോദിച്ചപ്പോൾ അയാൾക്ക് പൂർണ്ണ സമ്മതം.

“ഓകെ. വി വിൽ ബി ദേർ അറ്റ് സെവൻ.”

ഒരു മണിക്കൂർ യാത്രയുണ്ട് സൈൻഹോജയിലേക്ക്. രവിയുടെ കാറിലായിരുന്നു യാത്ര. വൃത്തിയുള്ള വിശാലമായ റോഡ്. നഗരത്തിരക്ക് കഴിഞ്ഞപ്പോൾ ഇരുപുറവും വിശാലമായ ആപ്പിൾ തോട്ടങ്ങൾ. വിളവെടുപ്പിന് പാകമാകാത്ത പച്ച ആപ്പിളുകൾ നിറയെ കായ്ച്ചു കിടക്കുന്നു. ഇവിടത്തെ പ്രധാന കൃഷിയാണ് ആപ്പിൾ. പുറംനാടുകളിലാണ് കാലിഫോർണിയൻ ആപ്പിളുകളുടെ വിപണി.

കാറിന്‍റെ പിൻസീറ്റിലാണ് ഗൗതമനും ഉമയും. “ഗൗതം താൻ വേണമെങ്കിൽ ഉറങ്ങിക്കോ… ഒരു മണിക്കൂർ സമയമുണ്ട്.” രവി പറഞ്ഞു. അൽപനേരം കണ്ണ് തുറന്നിരുന്നെങ്കിലും കാഴ്ചകളിൽ മനസ്സ് ഉറയ്ക്കാതെയായപ്പോൾ അറിയാതെ കണ്ണുകടഞ്ഞു. കാർ നിർത്തി ഡോർ തുറക്കുന്ന ഗൗതമൻ പിന്നെ കണ്ണു തുറന്നത്.

ഒരു ടൗൺ ഹൗസിനു മുന്നിലാണ് വണ്ടി. അവർ കാറിൽ നിന്നിറങ്ങി. ഉമേഷ് കോളിംഗ് ബെല്ലിൽ വിരലമർത്തി. ഒട്ടും വൈകാതെ ഉർവ്വശി വാതിൽ തുറന്നു. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു തോന്നി. അവൾ പറഞ്ഞു, “വരൂ, എന്‍റെ വീട്ടിലേക്ക് സ്വാഗതം.”

മധ്യവയസ്കനായ ഒരു സ്ത്രീ അകത്തു നിന്ന് ഡ്രോയിംഗ് റൂമിലേക്കു വന്നു കൈകൂപ്പി.

“പപ്പാ.. മീറ്റ് മൈ മമ്മി രേണു.” ഉർവ്വശി പരിചയപ്പെടുത്തി.

ഗൗതമൻ അവരുടെ നേരെ നോക്കി കൈകൂപ്പി. വിഷ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞെട്ടിത്തരിച്ചു. തലച്ചോറിനുള്ളിൽ ഒരു സേഫോടനം പോലെ… ഈ മുഖം…

ഉർവ്വശി സന്തോഷത്തോടെ ഉമയെയും രവിയെയും എല്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഗൗതമൻ പെട്ടെന്ന് സമനിലയിലെത്തി. അയാൾ തന്നെ രവിയേയും ഭാര്യയേയും രേണുവിന് പരിചയപ്പെടുത്തി. അല്ലെങ്കിൽ രവിക്കെന്തു തോന്നും?

ഈ സമയം, ഉമ വീടു ശ്രദ്ധിക്കുകയായിരുനനു. വർത്തിയുള്ള തെറിയയ വീട്. അത്ര പോഷ് അല്ല. എങ്കിലും എല്ലാം ഉണ്ട്. ട്രേയിൽ ജ്യൂസുമായി ഒരു ആൺകുട്ടി മുറിയിലേക്കു വന്നു.

“ഉർവ്വശീ, ഇതാണോ നിന്‍റെ അനുജൻ?” ഗൗതമൻ ചോദിച്ചു.

“അതേ പപ്പ, സോറി, ഞാനിവനെ പരിചയപ്പെടുത്താൻ മറന്നു. പേര് വിജയ്.”

“ങാഹാ.. വിജയ് എത്രാം ക്ലാസിലാ പഠിക്കുന്നേ?”

“ടെൻത് കഴിഞ്ഞു. പ്ലസ് വൺ ക്ലാസ്സ് തുടങ്ങുന്നതേയുള്ളൂ.”

ചുരുങ്ങിയ സമയത്തിനുള്ളിൽ ഉമയും ഉർവ്വശിയുടെ മമ്മിയും സുഹൃത്തുക്കളെപ്പോലെയായി. ഡ്രോയിംഗ് റൂമിലെ കുടുംബഫോട്ടോ കണ്ടപ്പോൾ രവിക്ക് രേണുവിന്‍റെ ഭർത്താവിനെ പരിചയമുണ്ടെന്നു തോന്നി. അയാൾ ചോദിച്ചു.

“നിങ്ങൾ വികാസ് നാഥിന്‍റെ ഭാര്യയാണോ…?”

“അതെ, അദ്ദേഹത്തെ അറിയുമോ?”

“പിന്നെ, ഞങ്ങൾ എത്രയോ വർഷം ഒരുമിച്ച് ജോലി ചെയ്തവരാണെന്നോ…?”

“വികാസിന്‍റെ സഹോദരിയുടെ മാര്യേജിന് ഞാനും അവനൊപ്പം ഇന്ത്യയിൽ വന്നിരുന്നു. ഐ തിങ്ക്, ബിഫോർ 15 ഇയേർസ്.”

“യെസ്, കൃത്യമായി പറഞ്ഞാൽ 18 വർഷം മുമ്പ്.” രേണു ഓർമ്മിച്ചെടുത്തു.

അടുക്കളയിൽ നിന്ന് ഉർവ്വശിയുടെ വിളി വന്നത് അപ്പോഴാണ്. “മമ്മീ, ഇങ്ങോട്ടൊന്നു വര്വോ…”

അവർ അടുക്കളിലേക്കു നടന്നപ്പോൾ ഉമ ഗൗതമനെ കൈകൊണ്ട് തട്ടി.

“നിങ്ങളെന്താ രേണുവിനോട് മിണ്ടാതിരിക്കുന്നത്…?”

“ഹൊ… നീ സംസാരിക്കുന്നില്ലേ… പിന്നെ അതിനിടയിൽ ഞാൻ….” ഗൗതമൻ മടിയോടെ പറഞ്ഞു.

ഡിന്നർ തയ്യാറായെന്ന് പറയാനാണ് ഉർവ്വശി മമ്മിയെ വിളിച്ചത്. രേണുവിനോടൊപ്പം ഡൈനിംഗ് ടേബിളിനു സമീപത്തേക്കു നടക്കുമ്പോൾ ഗൗതമൻ ചെറിയ ടെൻഷനിലായിരുന്നു.

വിഭവങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ ഉമ അതിശയം മറച്ചുവച്ചില്ല.

“ഇത്രയും വെറൈറ്റി? നിങ്ങൾ തന്നെയാണോ ഇതെല്ലാം ഉണ്ടാക്കിയത്.”

ഉർവ്വശിയുടെ മമ്മി മന്ദഹസിച്ചുകൊണ്ട് പ്ലേറ്റുകളിലേക്ക് ഭക്ഷണം പകർന്നു. ഡൈനിംഗ് ടേബിൾ വളരെ ചെറുതാണ്. കഷ്ടിച്ച് നാലുപേർക്ക് ഇരിക്കാം. ഇത്രയും പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയാത്തതുകൊണ്ട് ഗൗതമനും രവിയും ഡ്രോയിംഗ് റൂമിലെ സോഫയിൽ വന്നിരുന്നു. കൂടെ ഉമേഷും.

“പ്പാ, കെയു കാമ്പസിലല്ലേ പഠിച്ചത്?”

“അതേ..”

“എന്‍റെ മമ്മിയും അവിടെയാണ് പഠിച്ചത്. പപ്പ ഏതു വർഷം ഗ്രാജ്വേറ്റ് ആയി?”

“1968- ൽ”

“മമ്മിയോ?”

രേണു തെല്ല് അസ്വസ്ഥതയോടെ മറുപടി പറഞ്ഞു, “1969-ൽ”

“അപ്പോൾ നിങ്ങൾ കണ്ടിട്ടേയില്ല…”

ഗൗതമനും രേണുവും പരസ്പരം നോക്കി ചിരിച്ചെന്നു വരുത്തി. അപ്പോഴാണ് ഉമേഷ് സ്വീറ്റ്സുമായി വന്നത്. അവളുടെ ശ്രദ്ധ അങ്ങോട്ടായി. തൽക്കാലം ചോദ്യത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗൗതമൻ ദീർഘമായി ശ്വസിച്ചു.

“രവി നമുക്ക് ഇറങ്ങിയാലോ, എനിക്ക് ഉറക്കം വരുന്നു.”

ഉമയ്ക്ക് വിഷമം തോന്നി. ഗൗതമൻ ഇത്രയും സൈലന്‍റ് ആയി കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ അങ്ങനെയാണ് പക്ഷേ….

ഉമ ഉർവ്വശിയുടെ അമ്മയോട് തുറന്നു പറഞ്ഞു, “രേണു, നിങ്ങളുടെ മകളെ എനിക്കിഷ്ടമായി. ഗൗതമേട്ടന്‍റെ അഭിപ്രായം കൂടി അറിഞ്ഞാലേ മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ. ഗൗതമേട്ടൻ അങ്ങനെയാ, വളരെ കുറച്ചേ സംസാരിക്കൂ. ഡോണ്ട് ഫീൽ ഹർട്ട് രേണു…”

ഉമ ക്ഷമാപണത്തോടെ പറഞ്ഞു.

രേണു ചിരിച്ചു, “ഓകെ ഉമാ… ഹോപ് വി വിൽ മീറ്റ് എഗെയ്ൻ…”

സൈൻഹോജയിൽ നിന്ന് കാലിഫോർണിയയിലെ രവിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഉമ ഗൗതമനോട് പറഞ്ഞു, “ഉർവ്വശിയുടെ വീട്ടിൽ ചെന്നിട്ട് എന്താ ഒന്നും മിണ്ടാതിരുന്നത്?”

“നീ സംസാരിച്ചല്ലോ, ധാരാളം. അതുപോരേ…”

“നിങ്ങൾക്കെന്തു പറ്റി?”

“ഒന്നുമില്ല.”

ഉമേഷ് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. “മമ്മീ, പപ്പയ്ക്ക് ഉറക്കം വരുന്നുണ്ടാകും. പിന്നീട് സംസാരിക്കാം.”

വെള്ളിയാഴ്ച. അതും താങ്കിസ് ഗിവിംഗ് ഡേയ്ക്ക് ശേഷമുള്ള വെള്ളിയാഴ്ചയ്ക്ക് അമേരിക്കയിൽ വളരെ പ്രാധാന്യമുണ്ട്. അന്ന് ഷോപ്പിംഗ് മാളുകളിലേക്ക് ജനപ്രവാഹമാണ്. ഉമയും രവിയുടെ ഭാര്യ ഹണിയും കൂടി രാവിലെ തന്നെ കാലിഫോർണിയയുടെ നഗരത്തിരക്കിലേക്കിറങ്ങി. മിക്ക കടകളിലും രാവിലെ 6 മുതൽ തിരക്ക് അനുഭവപ്പെട്ടു.

ഗൗതമനും രവിയും അന്ന് വീട്ടിൽ തന്നെയിരുന്ന് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഉമയും ഹണിയും ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തി. ഉച്ചഭക്ഷണം പാഴ്സൽ വാങ്ങിയാണ് വരവ്. പിറ്റേ ദിവസത്തേക്കുള്ള ടൂർ പ്രോഗ്രാം ഉമ തലേന്നു തന്നെ പ്ലാൻ ചെയ്തു. സാൻഫ്രാൻസിസ്കോയിൽ പോകണം. ഗോൾഡൻ ബ്രിഡ്ജ് കാണാനാണ്. രാവിലെ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഉമേഷ് ഗൗതമനോട് ചോദിച്ചു.

“പപ്പാ, വാട്ട് ഡുയു തിങ്ക്…?”

“വാട്ട്?”

“ഉർവ്വശി….”

“ഞാനെന്തു പറയാൻ….”

“പപ്പാ, എന്താ ഇങ്ങനെ സംസാരിക്കുന്നത്…” അവൻ നീരസം മറച്ചുവച്ചില്ല.

“ഉമേഷ്, അക്കാര്യം നമ്മുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം.” അയാൾ തലയാട്ടുക മാത്രം ചെയ്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റുപോയി. മുകളിലെ നിലയിലെ ബാത്ത്റൂമിലേക്കു പോകുമ്പോൾ ഉമേഷ് ആരോടോ ഫോണിൽ സംസാരിക്കുന്നത് ഗൗതമൻ ശ്രദ്ധിച്ചു.

“പപ്പ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം സ്വീകരിക്കാതെ എനിക്കൊന്നും പറയാനാവില്ല.”

സംസാരം കേട്ടപ്പോൾ അങ്ങേത്തലയ്ക്കൽ ഉർവ്വശിയാണെന്നു വ്യക്തമായി.

10 മണിക്ക് തന്നെ സാൻഫ്രാൻസിസ്കോയിലെത്തണമെന്ന് ഉമയ്ക്കായിരുന്നു നിർബന്ധം. എല്ലാവരും വേഗം ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റെഡിയായി. ഉമേഷ് കാപ്പി കുടിച്ചുകൊണ്ട് സോഫയിൽ ഇരിക്കുമ്പോൾ ഹണി പറഞ്ഞു. “മോനേ, ഇനി നിനക്ക് ഇവിടെ ഇടയ്ക്കിടെ വരാം. വൈഫ് ഹൗസിൽ വരുമ്പോൾ എളുപ്പമല്ലേ…”

“വൈഫ് ഹൗസ്? അതിനി എപ്പോൾ ആവാനാണ്….”

“ങാഹാ… അത്രയും തിരക്കായോ വിവാഹത്തിന്? കാത്തിരുന്നു പാകമാകുന്ന പഴത്തിന് മധുരം കൂടും.” ഹണി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഉമേഷ് ചിരിച്ചെങ്കിലും ആ ചിരിക്ക് വേണ്ടത്ര തെളിച്ചമുണ്ടായിരുന്നില്ല. മാറ്റം ഗൗതമൻ ശ്രദ്ധിച്ചുവെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. സാൻഫ്രാൻസിസ്കോയിൽ രാവിലെ മുതൽ വൈകിട്ടുവരെ അവർ കറങ്ങി നടന്നു. ഇതിനിടയിൽ ഇടയ്ക്കിടെ ഉമേഷിന്‍റെ ഫോൺ റിംഗ് ചെയ്യുന്നതും അവൻ ശബ്ദമുയർത്തി സംസാരിക്കുന്നതും അയാൾ കണ്ടു.

രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉമേഷ് ചോദിച്ചു, “പപ്പാ, എനിക്ക് ഉർവ്വശിയെ മീറ്റ് ചെയ്യണമെന്നുണ്ട്. ഞാൻ പോയി വരട്ടെ.”

“നാളെ യൂണിവേഴ്സ്റ്റിയിലേക്കു മടങ്ങുകയല്ലേ. അവിടെ വച്ച് കാണാമല്ലോ. ഏതായാലും ഈ രാത്രിയിൽ വേണ്ട.”

തന്‍റെ മറുപടി കിട്ടാത്തതുകൊണ്ട് ഇരുവരും ടെൻഷനിലാണ്. ഗൗതമന് അതു മനസ്സിലായി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...