മാതൃത്വമെന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ഘട്ടമാണ്. അനിർവചനീയമായ ഒന്ന്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്‍റെ താങ്ങും തണലുമാണ് അമ്മ. ഒരു സ്ത്രീ ഗർഭം ധരിച്ച് തുടങ്ങുന്ന ഘട്ടം മുതൽ അവൾ ശാരീരികവും മാനസികവുമായും പെർഫക്റ്റ് അമ്മയാകാൻ തയ്യാറെടുത്ത് തുടങ്ങുകയാണ്. എന്നാൽ നല്ലൊരമ്മയാകാൻ ഈ പെർഫക്ഷന്‍റെ ആവശ്യമേയില്ല. ഈ ലോകത്ത് പെർഫക്ടായി ഒന്നുമില്ല. എങ്ങനെ പെർഫക്ഷനില്ലാതെ തന്നെ നല്ലൊരു അമ്മയാകാം. അതിനുള്ള ചില ഗോൾഡൻ റൂളുകൾ അറിയാം.
സ്വയം സംരക്ഷിക്കുക
ഒരമ്മയെ സംബന്ധിച്ച് കുടുംബത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് സ്വയം സംരക്ഷിക്കുക, സ്വയം പരിചരിക്കുകയെന്നുള്ളത്. സ്വന്തം ശരീരം, മനസ്, വികാരങ്ങൾ, ഇച്ഛാശക്തി എന്നിവയെ പരിപൂർണ്ണമായ ആത്മാർത്ഥതയോടെ മനസിലാക്കുകയും പരിചരിക്കുകയും ചെയ്യുക. ഭൂരിഭാഗം അമ്മമാരും കുടുംബത്തിലെ മറ്റ് കാര്യങ്ങൾക്ക് നൽകുന്ന പരിഗണനയും പ്രാധാന്യമൊന്നും സ്വന്തം കാര്യത്തിൽ നൽകി കാണാറില്ല. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞിട്ടുള്ള സ്ഥാനമാണ് ഇത്തരം കാര്യങ്ങൾക്ക് നൽകുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ തങ്ങളെത്തന്നെ അവസാനമായി നിർത്തുന്ന പതിവ് പല സ്ത്രീകൾക്കുണ്ട്.
സ്വന്തം ആരോഗ്യാവസ്‌ഥ, നീരസം, വിഷാദാവസ്‌ഥ ഇവയൊന്നും തന്നെ പരിഗണിക്കാതെയായിരിക്കും മിക്ക അമ്മമാരും കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.
സ്വയം പരിപാലിക്കാൻ സമയമെടുക്കുന്നതിലൂടെ കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും പൂർണ്ണമായ സംതൃപ്തിയോടെ പരിപാലിക്കാൻ ആരോഗ്യകരവും ശക്തവുമായ ഒരു മാർഗ്ഗമൊരുക്കുകയാണ് ചെയ്യുന്നത്.
സ്വയം സ്നേഹിക്കുക, അംഗീകരിക്കുക
മക്കളെ നിരുപാധികം സ്നേഹിക്കാനുള്ള അമ്മമാരുടെ കഴിവ് ശരിക്കും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ സ്വയം നിരുപാധികമായി സ്നേഹിക്കാൻ അമ്മമാർക്ക് കഴിയാറുണ്ടോ? എത്ര തവണ സ്വന്തം പ്രയത്നങ്ങളെ വിലയിരുത്താറുണ്ട്? സ്വയം വിമർശിക്കാറുണ്ടോ? എന്നാൽ സ്വന്തം പെർഫക്ഷനിസത്തെ വിമർശിക്കുന്നത് നിർത്തുക. അതായത് സ്വന്തം സുഹൃത്തിനോടെന്നപോലെ സ്വയം പോസിറ്റീവ് ടോക്ക് നടത്തുക.
ജീവിതകാലം മുഴുവൻ അമ്മയാണെന്ന് തിരിച്ചറിയുക
കുഞ്ഞ് വളർന്ന് മുതിർന്ന പ്രായത്തിലെത്തുന്നതുവരെ കുഞ്ഞിന് അമ്മയുടെ ആവശ്യമുണ്ട്. കുഞ്ഞിനെ സംബന്ധിച്ച് ഏറ്റവും ശക്തമായ ബന്ധമാണ് അവന്/ അവൾക്ക് അമ്മയോട് ഉണ്ടായിരിക്കുക. കുഞ്ഞിന്‍റെ അമ്മയാവുന്നതിലൂടെ മറ്റൊരു വ്യക്‌തിയുടെ വളർച്ചയെ പരിപോഷിപ്പിക്കാനും പഠിപ്പിക്കാനും പരിപാലിക്കാനും നയിക്കാനും സ്നേഹിക്കാനുമുള്ള ആ ജീവനാന്ത പ്രതിബദ്ധതയാണ് അമ്മ സ്വായത്തമാക്കുന്നത്.
കുട്ടിയിൽ നിന്ന് വേറിട്ട ജീവിതം നിങ്ങൾക്കായി ഒരുക്കുക
കുഞ്ഞിന് ഭക്ഷണം നൽകാനും വാത്സല്യം ചൊരിയാനും ആശ്ലേഷിക്കാനും ഇങ്ങനെ കുഞ്ഞിന്‍റെ വളർച്ച ഘട്ടത്തിൽ അമ്മയ്ക്ക് വ്യത്യസ്തങ്ങളായ പല റോളുകൾ വഹിക്കേണ്ടി വരും. കുഞ്ഞ് ബാല്യത്തിലേക്കും കൗമാരത്തിലേക്കും നീങ്ങുമ്പോൾ അവന്‍റെ/ അവളുടെ ആവശ്യങ്ങൾക്കും മാറ്റം സംഭവിക്കുന്നു.
കുഞ്ഞിന് അമ്മയുടെ ശ്രദ്ധ ആവശ്യമാണെന്നത് നിർണായകമായ വസ്തുതയാണ്. എന്നാൽ കുട്ടിയിൽ നിന്നും വേറിട്ട ഒരു ജീവിതം അമ്മയ്ക്കാവശ്യമാണ്. സുഹൃത്തുക്കൾ, സ്വന്തം ഇഷ്ടങ്ങൾ താൽപര്യങ്ങൾ, ആക്ടിവിറ്റീസ് എന്നിവയെല്ലാം തന്നെ അമ്മയുടെ ജീവിതത്തിന്‍റെ നിർണായകമായ ഭാഗങ്ങൾ തന്നെയാണ്.
ക്ഷമ ചോദിക്കാൻ പഠിക്കുക
എന്തെങ്കിലുമൊരു തെറ്റ് ചെയ്താലോ വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായാലോ ആരോടെങ്കിലും ആവശ്യമില്ലാതെ ദേഷ്യപ്പെട്ടാലോ ക്ഷമ ചോദിക്കാനുള്ള ശീലം വളർത്തുക പ്രധാനമാണ്. എന്തിനെങ്കിലും വേണ്ടി സോറി പറയുന്നതു പോലെയല്ല ഇത്. നിങ്ങളുടെ പ്രവൃത്തി മറ്റൊരാളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മനസ് തുറന്ന് ക്ഷമ ചോദിക്കുന്നത് ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കും.
കുട്ടിയോട് അഭിപ്രായം തുറന്ന് പറയുക
പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും കുട്ടികൾ പല കാര്യങ്ങളും ആശയവിനിമയം നടത്തുന്നുണ്ട്. നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക.അവരിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ പ്രതികരണങ്ങളോട്, മറുപടികളോട് നിങ്ങൾ യോജിക്കുന്നില്ലെങ്കിലും അവരെ കേൾക്കാനും മനസിലാക്കാനുമുള്ള സ്പേസ് ആൻറ് ടൈം നൽകുക തന്നെ വേണം. ഇതവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.
കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാം
ഇക്കാലത്ത് ഒട്ടുമിക്ക മാതാപിതാക്കളും ഉദ്യോഗസ്‌ഥരും തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്. അമ്മയെന്ന നിലയിൽ കുട്ടികളോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കുന്നത് പ്രധാനമാണ്. കുട്ടിയ്ക്ക് എന്നും അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. അവരോട് നിരന്തരം സംസാരിക്കുക. ചോദ്യങ്ങൾ ചോദിക്കുക. അവർ നൽകുന്ന ഉത്തരങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുകയുംആശ്ചര്യപ്പെടുത്തുകയും ചെയ്തേക്കാം.
കുട്ടിയുടെ മോശം പെരുമാറ്റത്തെ വ്യക്‌തിപരമായി എടുക്കരുത്
“വളരുന്ന വേദന” എന്നൊരു പ്രയോഗമുണ്ട്. അതിൽ കുട്ടികൾ മാത്രമല്ല ഉൾപ്പെടുന്നത്. കുട്ടി വളരുന്തോറും സ്വാതന്ത്യ്രത്തിന്‍റെയും സ്വയം ഭരണത്തിന്‍റെയും പുഷ്-പുള്ളിനൊപ്പം മാതാപിതാക്കളും വളരുന്ന വേദന അനുഭവിക്കുന്നു.
സ്വാതന്ത്യ്രവും വളർച്ചയും പലപ്പോഴും സംഘർഷത്തിൽ കലാശിക്കുന്നു. നിങ്ങളുടെ അജണ്ടയും കുട്ടിയുടെ അജണ്ടയും തമ്മിൽ ഘർഷണം ഉണ്ടാകാം. ചില സമയങ്ങളിൽ പിഞ്ചുകുഞ്ഞ് ദേഷ്യത്തോടെ നോവ എന്ന് പറയുന്നതും സാധനങ്ങൾ വലിച്ചെറിയുന്നതുമൊക്കെ മാതാപിതാക്കൾക്ക് മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയും. എന്നാൽ ഇതേ പ്രവൃത്തി ഒരു കൗമാരക്കാരൻ ചെയ്താലുള്ള അവസ്‌ഥയെ ഉൾക്കൊള്ളാൻ അമ്മയ്ക്ക് സാധിക്കാതെ വരും.
നിരാശയുടെ സമയങ്ങളിൽ കുട്ടി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നത് കാണാൻ ശ്രമിക്കുക. അവന്‍റെ/ അവളുടെ മോശം പൊരുമാറ്റത്തെ വ്യക്‌തിപരമായി എടുക്കരുത്. കുട്ടിയുടെ വളർച്ചയുമായി ഇത്തരം പെരുമാറ്റത്തിന് ബന്ധമുണ്ട്.
ഇമോഷൻസ് പ്രകടിപ്പിക്കുക
ഇമോഷൻസ് പ്രകടിപ്പിക്കുന്നതിനൊപ്പം കുട്ടിയെ അടിച്ചമർത്താൻ ശ്രമിക്കരുത്. നിങ്ങൾ സ്വന്തം വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് കുട്ടികൾക്ക് മാതൃകയാക്കാമെന്നത് പ്രധാനമാണ്. എന്തെങ്കിലും മോശമായ അനുഭവം ഉണ്ടാകുന്ന സാഹചര്യത്തിൽ പെരുമാറ്റത്തിൽ അതിന്‍റെ സ്വാധീനം ഉണ്ടാകുന്നുവെങ്കിൽ അക്കാര്യം കുട്ടികളെ അറിയിക്കാം, അമ്മ ഇത്തിരി വിഷമത്തിലാണ്. അതുകൊണ്ട് ഇത്തിരി സമയം അമ്മ നിശബ്ദത പാലിക്കുകയാണെന്ന് കുട്ടികളോട് പറയാം. ഇത്തരത്തിലുള്ള ആശയവിനിമയം ആരോഗ്യപരമായ മൂഡ് മാനേജുമെന്‍റിനെ മാതൃകയാക്കാൻ സഹായിക്കുക മാത്രമല്ല അമ്മയുടെ സ്വഭാവവും വികാരങ്ങളും തങ്ങളുടെ ഏതോ പ്രവൃത്തി കൊണ്ട് ഉണ്ടായതല്ല എന്ന് ഗ്രഹിക്കാനും കുട്ടികളെ സഹായിക്കുന്നു.