വാഷിംഗ്ടൺ നഗരത്തിൽ നിന്ന് മൂന്നു മണിക്കൂർ ദൂരമുണ്ട് യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലേക്ക്. ഉമേഷ് അവിടെയാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നത്. ഫൈനൽ ഇയർ ആയതുകൊണ്ട് മാസത്തിലൊരിക്കലേ വടക്കൻ വിർജീനിയയിലെ വീട്ടിലേക്കു വരാറുള്ളൂ. ഉമേഷിന്‍റെ കുടുംബം അവിടെ സെറ്റിൽ ചെയ്തിട്ട് 25 വർഷമായി. അച്ഛൻ ഗൗതമൻ ബിസിനസ്സുകാരനാണ്. മകനെ നന്നായി മനസ്സിലാക്കുന്ന അച്ഛൻ. ബിസിനസ്സ് തിരക്കുകൾ ഒതുക്കി രാത്രി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ഉമേഷ് ഡ്രോയിംഗ് റൂമിലിരുന്ന് ടിവി കാണുകയാണ്.

പപ്പയെ കണ്ട് ഉമേഷ് എഴുന്നേറ്റു.

“നീ എപ്പോൾ വന്നു?”

“രണ്ടു മണിക്കൂറായതേയുള്ളൂ പപ്പാ.”

കഴിഞ്ഞ ആഴ്ചയിൽ വന്നു പോയവനാണ്. ഈ വരവ് പ്രതീക്ഷിച്ചതല്ല. മാസത്തിൽ അവസാനത്തെ വെള്ളിയാഴ്ച വൈകിട്ട് വന്ന് ഞായറാഴ്ച മടങ്ങും. അതാണ് പതിവ്. ഇതിനിടയിലൊന്നും അവനെ കിട്ടുക എളുപ്പമല്ല. വീട്ടിൽ വന്നാൽ കൂട്ടുകാരോടൊത്ത് കറക്കമാണ് പ്രധാന പരിപാടി.

ഒറ്റപുത്രനാണെങ്കിലും അച്ഛന്‍റെയും അമ്മയുടെയും കൂടെ ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രം.

“ആർ യു ഓൾറൈറ്റ്?”

മുറിയിലേക്ക് നടക്കാൻ തുടങ്ങിയ ഗൗതമൻ തിരിഞ്ഞു നിന്ന് ഉമേഷിനോട് ചോദിച്ചു.

“യെസ് പപ്പാ.”

“എല്ലാം ഓകെയാണെങ്കിൽ നിന്നെ ഈ സമയത്ത് ഇവിടെ കാണാനിടയില്ലല്ലോ?”

പപ്പ കള്ളച്ചിരിയോടെ പറഞ്ഞു. പക്ഷേ, ഉമേഷിന്‍റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല.

“ഡിന്നർ കഴിക്കാൻ പപ്പയെ കാത്തിരിക്കുകയായിരുന്നു.”

“അതെയോ…. ഞാനിതാ വരുന്നു. ഒന്നു ഫ്രഷായിക്കോട്ടെ.”

ഉമ ചായയുമായി വന്നപ്പോൾ ഗൗതമൻ വിലക്കി, “ഇപ്പോൾ വേണ്ട. ആദ്യം ഡിന്നർ. എന്‍റെ മോൻ ഡിന്നർ കഴിക്കാൻ കാത്തിരിക്കുകയല്ലേ…?”

കുളിച്ചു ഫ്രഷായി ഡൈനിംഗ് റൂമിലേക്ക് ഗൗതമൻ വരുമ്പോൾ അമ്മയും മകനും കാത്തിരിക്കുന്നുണ്ടായിരുന്നു. അത് അപൂർവ്വമായ കാഴ്ചയായിരുന്നു ഗൗതമിന്. ഉമേഷിന് എന്തോ സംസാരിക്കാനുണ്ടാകും. അതാണ് പതിവില്ലാത്ത ഈ വരവും കാത്തിരിപ്പും. ഗൗതമന് ഉറപ്പായി. അതുകൊണ്ടയാൾ വീണ്ടും ചോദിച്ചു. “ ഉമേഷ്, കോളേജിൽ നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ?”

“ഇല്ല പപ്പാ, എല്ലാം ഓകെ” ഉമേഷ് ചിരിച്ചു.

ഭക്ഷണം കഴിഞ്ഞ് ഉമേഷ് മുറിയിലേക്കു പോയപ്പോൾ ഗൗതമൻ ഉമയെ വിളിച്ചു. “ഉമാ… അൽപം ചായ കൂടി എടുത്തോളൂ.”

ഡിന്നർ കഴിഞ്ഞാൽ ചായ കുടിക്കുന്ന പതിവില്ല ഗൗതമന്. അതുകൊണ്ട് ഉമ അൽപം മടിച്ചു. “ചായ കൊണ്ടുവാ ഉമേ…”

ഗൗതമൻ ഉമേഷിന്‍റെ മുറിയിലേക്ക് നടന്നു. മുകളിലെ നിലയിലെ വിൻഡോ റൂമാണ് അവന്‍റേത്. ജനൽ തുറന്നാൽ നല്ല കാറ്റുണ്ട്. തൊട്ടടുത്തായുള്ള ആപ്പിൾ തോട്ടത്തിൽ വിളവെടുപ്പിന്‍റെ കാലമയതു കൊണ്ടാകാം വെളിച്ചമിട്ടിട്ടുണ്ട്. കുറച്ചു കൂടി ദൂരെയായി നിരനിരയായി സൈപ്രസ് മരങ്ങളുടെ കാഴ്ച ഹൃദയഹാരിയാണ്. മഞ്ഞു വീഴാൻ തുടങ്ങുമ്പോൾ അവയുടെ നീണ്ടു നേർത്ത ഇലകൾ താഴേക്കു കൂമ്പും.

“എനിക്ക് അകത്തേക്ക് വരാമല്ലോ അല്ലേ…”

പാട്ടുകേട്ട് എന്തോ വായിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഉമേഷ്.

“വന്നോളൂ പപ്പാ…” അവന്‍റെ മുഖത്ത് പടർന്ന ആശ്ചര്യം കണ്ടില്ലെന്നു നടിച്ച് ഗൗതമൻ വീണ്ടും ചോദിച്ചു.

“മോനേ, കോളേജിൽ ഒരു വിശേഷവുമില്ലെന്ന് നീ പറഞ്ഞത് നേരാണോ?” ഗൗതമൻ കട്ടിലിൽ ഇരുന്നു. അവൻ വായിക്കാൻ വച്ച പുസ്തകമെടുത്തു മറിച്ചു നോക്കി. ‘ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്‘ ഈയിടെയായി ഇവൻ ഇത്തരം പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്. പഠനം എവിടേക്കാണാവോ…. വീട്ടിൽ വന്നാൽ തെരുവകളിലൂടെ രാത്രിയിലും കറങ്ങി നടക്കും. സ്കൂൾ ടൈമിലേയുള്ള കുറേ കൂട്ടുകാരുണ്ട് ഉമേഷിന്.

“അതേ പപ്പാ..”

“അല്ല… എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ നീ ഇവിടെ ഇപ്പോൾ വരില്ല. മാത്രമല്ല വന്നാൽ തന്നെ നീ കൂട്ടുകാരൊത്തു കറക്കമല്ലേ പതിവ്. ഇന്നെന്തുപറ്റി?”

“കോളേജിൽ പ്രശ്നമൊന്നുമില്ല. പക്ഷേ…” ഉമേഷ് പകുതിയിൽ നിർത്തി.

“പക്ഷേ….? എന്താ വല്ല പെൺകുട്ടിയുടെയും പ്രശ്നമാണോടാ?”

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉമേഷിനുള്ള മാറ്റം പ്രകടമാണ്. അതറിഞ്ഞു തന്നെയാണ് ഗൗതമന്‍റെ ഇടപെടൽ. മറുപടി പറയാതെ ഉമേഷ് സങ്കോചപ്പെട്ടു നിന്നു.

“പറയെടാ.. ഞാൻ പറഞ്ഞത് ശരിയല്ലേ?”

“അതേ…” ഉമേഷ് തല കുനിച്ചു നിന്നു.

“ഓകെ. അതു പറയാൻ മടിക്കുന്നതെന്തിനാണ്? ഈ പ്രായത്തിലിതൊക്കെ സാധാരണമല്ലേ… എങ്കിലും ഇത്തരം കാര്യം ഞാനും കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിനക്കുവേണ്ടി.”

“പപ്പാ, എനിക്ക് പപ്പയുടെ സഹായം വേണം”

“ആദ്യം നീ അവളെക്കുറിച്ച് പറയൂ.”

“അത്… ഉർവ്വശി എന്നാ പേര്. എന്‍റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.?” അവൻ പെൺകുട്ടിയെക്കുറിച്ച് ചുരുക്കി പറഞ്ഞു.

“കാലിഫോർണിയയിൽ സെറ്റിൽ ചെയ്ത കുടുംബമാണ്. ഉർവ്വശിയുടെ അമ്മയെ ഞാൻ പരിചയപ്പെട്ടിരുന്നു.”

“അച്ഛനില്ലേ…?”

“ഇല്ല. ഇന്ത്യയിൽ വച്ച് ഒരു തീവണ്ടിയപകടത്തിൽ മരിച്ചു.”

“ശരി. നീ ഉർവ്വശിയുടെ അമ്മയെ എങ്ങനെ പരിചയപ്പെട്ടു?”

“മൂന്നാഴ്ച മുമ്പ് അവർ യൂണിവേഴ്സിറ്റിയിൽ വന്നിരുന്നു. അപ്പോൾ ഉർവ്വശി പരിചയപ്പെടുത്തിയതാണ്.”

“ഓകെ. ഇനി നീ നോർമൽ ഫോമിലേക്ക് വരട്ടെ. ടെൻഷനൊക്കെ മാറ്റി വച്ചോളൂ. നീ ഇന്ന് കൂട്ടുകാരെ കാണാൻ പോവുന്നില്ലേ.”

“ഇല്ല പപ്പാ. ഇനി നാളെ… ഇത്രയും ലേറ്റായില്ലേ.”

ഗൗതമൻ താഴെ മുറിയിലേക്കു ചെല്ലുമ്പോൾ ഉമ ചായയുമായി കാത്തിരിപ്പുണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ട് ഗൗതമൻ പറഞ്ഞു, “നീ രണ്ടു പേട കൂടി എടുത്തുകൊണ്ട് വാ. എനിക്കിന്ന് മധുരം കഴിക്കാനാണ് മൂഡ്.”

അവൾ എന്തു സംഭവിച്ചു എന്ന രീതിയിൽ ചോദ്യഭാവത്തിൽ നോക്കി.

“എടോ, ഒരു കല്യാണത്തിന് താൻ ഉടൻ ഒരുങ്ങിക്കോ.”

ഗൗതമൻ തമാശരൂപേണ പറഞ്ഞു. ഉമ നെറ്റി ചുളിച്ചു, “ആരുടെ?”

“നിന്‍റെ മോന്‍റെ, പിന്നല്ലാതാരുടെ…?”

ഗൗതമൻ ഉമയോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. എന്നാൽ അവരുടെ മുഖത്ത് സന്തോഷം കണ്ടില്ല. മറിച്ച് ചെറിയ ടെൻഷൻ ഉണ്ടെന്നു തോന്നി.

“എങ്ങനെയുള്ള കുട്ടിയാണോ എന്തോ? ജാതി, മതം ഒന്നും അറിയില്ല.”

“ബീ പോസിറ്റീവ് ജാതിയും മതവും ഉപേക്ഷിക്കാറായില്ലേ നിനക്കിതുവരെ. എന്തായാലും ഇന്ത്യാക്കാരിയാണല്ലോ. ഒരു മദാമ്മയെ കൊണ്ടുവന്നാലും നമുക്ക് എതിർക്കാനാവുമോ? അതല്ലേ ഇവിടുത്തെ കൾച്ചർ. അതുകൊണ്ട് ഞാൻ ഹാപ്പിയാണെടോ.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ടി.വി ഓൺ ചെയ്തു. നാഷണൽ ചാനലിൽ പഴയൊരു സിനിമയാണ്. അതുകണ്ടുകൊണ്ട് 11 മണി വരെ ഇരുവരും ഫാമിലി റൂമിലിരുന്നു.

ഉറക്കം കഴിഞ്ഞ് രാവിലെ ഗൗതമൻ എഴുന്നേൽക്കുമ്പോൾ ഏഴ് മണി കഴിഞ്ഞിരുന്നു. ഫാമിലി റൂമിലേക്കു ചെന്നപ്പോൾ ഉമേഷ് പത്രം വായിക്കുന്നു. അവധി ദിനങ്ങളിൽ 11 മണിക്ക് മാത്രം എഴുന്നേൽക്കുന്ന ഇവനിതെന്തു പറ്റിയെന്ന് ചിന്തിക്കുമ്പോൾ അവന്‍റെ ചോദ്യമെത്തി.

“പപ്പാ, കാപ്പി വേണോ?”

“ആയിക്കോട്ടെ, പക്ഷേ നീ എന്താ ഇത്ര നേരത്തേ എഴുന്നേറ്റത്?”

“രാത്രി വളരെ നേരത്തേ കിടന്നില്ലേ. അതു കാരണം 6 മണിയായപ്പോൾ ഞാൻ കണ്ണു തുറന്നു.” അവൻ അഞ്ചു മിനിട്ടിനകം കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.

സോഫയിൽ ചാരിക്കിടന്ന് റിമോട്ട് കൊണ്ട് ടിവി ഓൺ ചെയ്ത ശേഷം ഉമേഷ് സ്വകാര്യം പോലെ പറഞ്ഞു.

“ഇന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്ന ഒരാശയുണ്ട്.”

എല്ലാ ശനിയാഴ്ചകളിലും ഉമയ്ക്ക് റെസ്റ്റ് ആണ്. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഒരു ദിവസം മുഴുവൻ ഉണ്ടാകുന്നത് ശനിയാഴ്ചയാണ്. അന്ന് എല്ലാവരും പുറത്തു നിന്ന് ഭക്ഷണം കഴിക്കും.

“ഇന്ന് ഞാൻ ഭക്ഷണം ഉണ്ടാക്കണമെങ്കിൽ നിങ്ങളിരുവരും രാവിലെ കുളിക്കണം.” ഉമേഷിന്‍റെ സംസാരം കേട്ടു കൊണ്ടുവന്ന ഉമ പറഞ്ഞു.

ശനിയാഴ്ച രാവിലെ കുളിക്കുന്ന പതിവ് അച്ഛനും മകനുമില്ല. ഉച്ചയ്ക്കു ശേഷം സ്വിമ്മിംഗ് പൂളിൽ പോയി ഒന്നു നീന്തിയാലേ അവർക്കു തൃപ്തിയാവൂ.

ഉമയുടെ മറുപടി കേട്ട് ഗൗതമനും ഉമേഷും പൊട്ടിച്ചിരിച്ചു. “എന്തൊക്കെ പറഞ്ഞാലും അമ്മ ഇന്ന് ഫുഡ് ഉണ്ടാക്കിത്തരുമെന്ന് എനിക്കറിയാം.”

ഉമേഷിനെ ചെവിയിൽ സ്നേഹത്തോടെ നുള്ളി അവൾ അടുക്കളിലേക്ക് നടന്നു.

ജൂൺ മാസമാണ്. ഇവിടെ ഇടയ്ക്കിടെ മഞ്ഞു വീഴുന്ന സമയമാണ്. തണുപ്പ് കൂടുതലായാൽ അടുപ്പ് വയ്ക്കാതെ നിവൃത്തിയില്ല. രാവിലെ കത്തിച്ചുവച്ച അടുപ്പ് 10 മണിയാകുമ്പോഴേക്കും ഓഫ് ചെയ്യും. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഷോപ്പിംഗിനു പോകാൻ ഉമയെ വിളിച്ചപ്പോൾ ഉമേഷും തയ്യാറായി. അതു കണ്ടപ്പോൾ ഉമയ്ക്ക് അദ്ഭുതമായി. 5 വർഷമായി മകൻ ഒരുമിച്ച് ഷോപ്പിംഗിന് പോയിട്ട്. ഇവന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

“ഇതൊക്കെ ആ പെൺകുട്ടിയുടെ പേരിലുള്ള മാറ്റമാണെങ്കിൽ സന്തോഷിക്കാൻ വകയുണ്ടല്ലോ.” ഗൗതമൻ ഉമയോട് പറഞ്ഞു.

ഉമ ദീർഘമായി നിശ്വസിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസത്തേക്ക് ആവശ്യമുള്ള സ്റ്റേഷനറി ഐറ്റങ്ങൾ ഉമയും ഗൗതമനും കൂടി വാങ്ങി. പർച്ചേസിംഗ് കഴിഞ്ഞപ്പോൾ 12 മണിയായി. ഉമേഷ് ആ സമയം കമ്പ്യൂട്ടർ ഷോപ്പിൽ കയറി എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു.

വാഷിംഗ്ടണിൽ ഏതാനും ഇന്ത്യൻ റസ്റ്റോറന്‍റുകളുണ്ട്. സൗത്ത് ഇന്ത്യനും നോർത്ത്ഇന്ത്യൻ ഫുഡും ലഭിക്കുന്ന സ്ഥലങ്ങൾ. അതുകൊണ്ട് നാട്ടിൽ കഴിയാത്തതിന്‍റെ വിഷമങ്ങൾ ഇരുവർക്കുമില്ല. ഉമേഷ് അവിടെ ജനിച്ചു വളർന്നതുകൊണ്ട് എല്ലാ ഭക്ഷണവും കഴിക്കും. എങ്കിലും അമ്മയുണ്ടാക്കുന്ന തനി മലബാർ ഫുഡിന്‍റെ ടേസ്റ്റ് അവന് പ്രിയമാണ്. ഞായറാഴ്ച വൈകിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോൾ അമ്മയുണ്ടാക്കിയ ഭക്ഷണം അവൻ കൊണ്ടുപോകും. തനി കേരള വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്റോറന്‍റ് സൗത്ത് സെന്‍ററിലുണ്ട്. അവിടെ കയറി വയറു നിറയെ കഴിച്ചിട്ടാണ് അവർ മടങ്ങിയത്. ഒട്ടിംഗും ഷോപ്പിംഗും കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മൂന്നു മണി കഴിഞ്ഞു. അപ്പോഴാണ് ഉമ അക്കാര്യം ഓർത്തത്.

“ഇന്നാണ് ഗുപ്താജിയുടെ വീട്ടിലെ പൂജ. നേരത്തേ പറഞ്ഞതാണ്. അവിടെ പോകണം.” ഉമ നിർബന്ധിച്ചതു കൊണ്ടു മാത്രം ഗൗതമൻ അൽപം മടിയോടെ ഒരുങ്ങി.

“എല്ലാവരുംകൂടി ചെല്ലാമെന്ന് ഞാൻ വാക്കു കൊടുത്തതാണ്.” ഉമ പറഞ്ഞു

ഗൗതമന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗുപ്ത. ബിസിനസ്സുകാരനാണ്. ശരിക്കും പറഞ്ഞാൽ അരിക്കച്ചവടക്കാരൻ. വിർജീനിയയിൽ ഇന്ത്യൻ റൈസ് വിൽക്കുന്ന നല്ല ഒരു ഷോപ്പുണ്ട് അയാൾക്ക്. ഈശ്വരവിശ്വാസം കൂടിക്കൂടി അൽപം അന്ധവിശ്വാസിയായ ലക്ഷണമുണ്ട്. പക്ഷേ, നല്ല സ്നേഹിതനായതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പോവാതെ നിവർത്തിയില്ല. അവിടെ പോയി മടങ്ങി വന്നപ്പോൾ സമയം രാത്രി 11 മണി.

വൈകിയാണ് കിടന്നതെങ്കിലും ഞായ്റാഴ്ച രാവിലെ ഗൗതമൻ അൽപം നേരത്തേ എഴുന്നേറ്റു. ഇന്നലത്തെ സീൻ പ്രതീക്ഷിച്ചാണ് എഴുന്നേറ്റത്. പക്ഷേ ഉമേഷ് ഫാമിലി റൂമിൽ ഉണ്ടായിരുന്നില്ല. ഒമ്പതു മണിയായിട്ടും ഉമേഷിനെ കാണാതായപ്പോൾ ഉമ പറഞ്ഞു, “അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല എന്നു തോന്നുന്നു.”

“ഓകെ, അപ്പോൾ അവൻ നോർമൽ ആയി എന്നർത്ഥം.” ഗൗതമൻ ചിരിച്ചു.

ഉമേഷ് ഉറക്കമുണർന്നപ്പോൾ 10 മണിയായി. വൈകിട്ടത്തെ ഫുഡ് കൊണ്ടുപോകണമെന്ന് അവൻ പറഞ്ഞതുകൊണ്ട് ഉമ തിരക്കിട്ട ജോലിയിലാണ്. ഉമേഷ് ഉച്ചയ്ക്കു ശേഷമാണ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. അമ്മയുണ്ടാക്കിയ ഭക്ഷണവുമായി അവൻ മൂന്നു മണിയോടെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങാനൊരുങ്ങി.

അപ്പോഴാണ് ഗൗതമന്‍റെ സുഹൃത്ത് സുഭാഷ് വിളിക്കുന്നത്. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. അന്നുമുതല് സുഹൃത്തുക്കളുമാണ്. മൂന്നുവർഷം ഒരേ മുറിയിൽ കഴിഞ്ഞുകൂടിയവർ. വിർജീനിയ ഹോസ്പിറ്റലിൽ സീനിയർ ഡോക്ടർ ആണ് സുഭാഷ്.

സുഭാഷ് വരുമ്പോൾ ഭക്ഷണം കൊടുക്കാൻ പുറത്തു നിന്നു വാങ്ങാമെന്നു പറഞ്ഞിട്ട് ഉമ സമ്മതിച്ചില്ല. ഉമേഷിനു വേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തിന്‍റെ പകുതിയോളം ബാക്കിയുണ്ട്. സുഭാഷിനാണെങ്കിൽ നല്ല മലബാർ ഫുഡിനോട് വലിയ ക്രേസുമാണ്.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...