ദില്ലു എന്നാണ് ആ കുട്ടിയുടെ പേര്. പഠിക്കുന്നത് എട്ടാം ക്ലാസ്സിൽ. മറ്രൊരു കുട്ടിയായി ഉണ്ടായ നിസ്സാര പ്രശ്നം വഴക്കായപ്പോൾ ക്ലാസ്സ് ടീച്ചർ അവളെ മാത്രം വഴക്കു പറഞ്ഞു. കാരണം എതിരാളി സ്കൂളിലെ മറ്റൊരു ടീച്ചറുടെ മകളാണ്. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞുവെങ്കിലും രക്ഷിതാക്കൾ ഗൗരവമായെടുത്തില്ല.

എന്നാൽ യഥാർത്ഥ പ്രശ്നം തുടങ്ങിയത് പിന്നീടാണ്. ഫസ്റ്റ് ടേമിൽ മലയാളത്തിനു നല്ല മാർക്കുണ്ടായിരുന്ന കുട്ടിക്ക് സെക്കന്‍റ് ടേമിൽ ശരാശരി. അപ്പോൾ രക്ഷിതാക്കൾ കാരണം ചോദിച്ചു. അവൾ മടിച്ചു മടിച്ചു പറഞ്ഞു. “ടീച്ചർക്ക് എന്നെ ഇഷ്ടമില്ല. അതാ മാർക്ക് കുറച്ചത്” എന്ന്. പേര് സാങ്കള്പികമാണെങ്കിലും മേൽപ്പറഞ്ഞത് നടന്ന സംഭവമാണ്. ഒരുപക്ഷേ മിക്ക രക്ഷിതാക്കളും നോരിട്ടുണ്ടാവും ഇതുപോലൊരു പ്രതിസന്ധി.

ടീച്ചർ നിങ്ങളുടെ കുട്ടിയോട് പക്ഷഭേദം കാട്ടുന്നുവെന്ന് തോന്നിയാൽ നിങ്ങൾ എങ്ങനെയാവും പ്രതികരിക്കുക. സ്കൂളിൽ നേരിട്ടെത്തി ബന്ധപ്പെട്ട ടീച്ചറോട് സംസാരിക്കുമോ അതോ സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് കൂടിക്കാഴ്ചയ്ക്കു മുമ്പ് തിരക്കുമോ?

രണ്ടാമത് പറഞ്ഞതാണ് കൂടുതൽ ശരിയായ വഴി.  യഥാർത്ഥത്തിൽ ടീച്ചർ തരംതിരിവ് കാണിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കിയിട്ടു വേണം തുടർനടപടികൾ. ഒരുപക്ഷേ, കുട്ടിക്ക് ഉണ്ടായ തെറ്റിദ്ധരണയാണെങ്കിൽ വിഷയം സങ്കീർണ്ണമാകാതെ ഒതുക്കിത്തീർക്കാമല്ലോ. ടീച്ചറെക്കുറിച്ച് കുട്ടി പറയുന്ന പരാതി രക്ഷിതാക്കൾ വിശ്വസിക്കും. അവരുടെ പ്രതികരണം അതിനനുസൃതമായിരിക്കും.

നല്ല പാട്ടുകാരനാണ് രാഹുൽ. കലോത്സവങ്ങളിലെ സജീവസാന്നിദ്ധ്യം. പക്ഷേ ക്രിക്കറ്റ് കളിയോടാണ് അവന് കൂടുതൽ ഇഷ്ടം. സ്കൂളിലെ ക്രിക്കറ്റ് ടീമിൽ അവനെ തഴഞ്ഞുവെന്നാണ് സ്ഥിരം പരാതി. ടീച്ചർ പക്ഷഭേദം കാട്ടുന്നുവെന്ന പരാതി തുടർക്കഥയായപ്പോൾ അച്ഛൻ ക്ലാസ് ടീച്ചറെ കണ്ട് വിവരം പറഞ്ഞു. യഥാർത്ഥത്തിൽ അവനിലെ പാട്ടുകാരനാണ് ക്രക്കറ്ററേക്കാൾ മുകച്ചവൻ എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ടീച്ചർ ആ നിലപാടെടുത്തതെന്ന് മനസ്സിലാക്കാൻ ആ അച്ഛന് വിഷമമുണ്ടായില്ല.

എന്തുകൊണ്ട് കുട്ടിക്ക് ഇങ്ങനെ തോന്നുന്നു?

ടീച്ചർ അവഗണിക്കുന്നുവെന്നോ പക്ഷഭേദം കാട്ടുന്നുവെന്നോ കുട്ടികൾക്ക് തോന്നാൻ പല കാരണങ്ങളുണ്ട്.

  • ടീച്ചർ കുട്ടിയെ ഇടയ്ക്കിടെ വഴക്കു പറയുന്നു.
  • പേരന്‍റ്സ് മീറ്റിംഗിൽ കുട്ടിയെ പരിഹസിക്കുന്നു.
  • പെർഫോമൻസിന് അംഗീകാരം ലഭിക്കാതിരിക്കുന്നു.
  • വീട്ടിലെ അമിത ലാളന മൂലം കുട്ടിക്ക് സ്കൂളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്നു.
  • വിചാരിക്കുന്നത്ര നിലവാരം പഠനത്തിൽ ഉണ്ടാക്കാൻ കുട്ടിക്ക് കഴിയുന്നില്ല, മറഅറുള്ളവർക്ക് കഴിയുന്നു.
  • മോശം കുട്ടികൾക്ക് ടീച്ചർ കൂടുതൽ ശ്രദ്ധ നൽകുമ്പോൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നു.
  • മുൻപ് ക്ലാസ്സിൽ ടീച്ചറുടെ ഇഷ്ടപ്പെട്ട സ്റ്റുഡന്‍റായിരുന്നു. പക്ഷേ ഇപ്പോഴത്തെ ടീച്ചർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.

ടീച്ചർ പക്ഷഭേദം കാട്ടുന്നുവെന്ന് കുട്ടിയെ പറയാൻ പ്രേരിപ്പിക്കുന്ന ചില സന്ദർഭങ്ങളാണ് മേൽ സൂചിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ടീച്ചർ അങ്ങനെ പെരുമാറുന്നുണ്ടെങ്കിലോ? എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കുട്ടിയുടെ ഭാവി അവതാളത്തിലാകുമെന്നുറപ്പ്.

പക്ഷഭേദം ഉണ്ടെങ്കിൽ

ചിലരോട് അൽപം കൂടുതൽ ഇഷ്ടവും ചിലരോട് എന്തിനെന്നില്ലാതെ ചെറിയ അനിഷ്ടവുമൊക്കെ തോന്നുന്നവരാണ് നമ്മൾ മനുഷ്യർ. അപ്പോൾ ടീച്ചർമാർക്കും കാണാം ചില ഫേവറിസങ്ങൾ. അത് ഒരു കുട്ടിയുടെ ജീവിതം തകർക്കുന്ന അവസ്ഥയിലേക്കു വളരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.

ഇത്തരം സന്ദർഭങ്ങൾ നേരിടുന്നുണ്ടെങ്കിൽ 60 ശതമാനം പേരും വീട്ടിൽ പറയും. എന്നാൽ മറ്റു ചിലരാകട്ടെ സ്കൂളിൽ പോകാനുള്ള മടി, പഠന നിലവാരം കുറയുക, കൂടെക്കൂടെ അസുഖങ്ങൾ ഉണ്ടാവുക (തലവേദന, വയറുവേദന തുടങ്ങി പുറമേ പ്രകടമല്ലാത്ത) എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് നൽകുക.

നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിൽ ഒരു വിഷയത്തിന് മാത്രം വളരെ കുറവ് മാർക്ക് കണ്ടാലും ഇത്തരം പ്രശ്നം അനുമാനിക്കാം. കാര്യങ്ങൾ കുട്ടിയോട് വ്യക്തമായി ചോദിച്ചു. മനസ്സിലാക്കിയ ശേഷം ടീച്ചറോട് ഇക്കാര്യം സൂചിപ്പിക്കാവുന്നതാണ്. പക്ഷേ ആ സൂചന, ഒരു വാദപ്രതിവാദത്തിന്‍റെ തലത്തിലേക്ക്, പ്രത്യേകിച്ച് ചോദ്യം ചെയ്യലിന്‍റെ രീതിയിലേക്ക് തരം താഴാതെ രക്ഷിതാവ് ശ്രദ്ധിക്കണം.

തുടർന്നും കുട്ടി അവിടെ പഠിക്കാനുള്ളതാണെന്നും ടീച്ചറെ ഫേസ് ചെയ്യേണ്ടതാണെന്നു മറ്ക്കാതിരിക്കുക. ടീച്ചർക്കു  മുന്നിൽ തന്നെ കുട്ടിയുടെ പ്രശ്നങ്ങൾ വതരിപ്പിക്കുക. അതിന് സ്വാഭാവികമായ ഒരു കാരണം ടീച്ചർ പറഞ്ഞാൽ അതു നിസ്സാരമായി തള്ളരുത്. കുഞ്ഞിന്‍റെ ഭാഗത്താണ് തെറ്റെന്ന് ടീച്ചർ പറഞ്ഞാൽ അത് എങ്ങനെ പരിഹരിക്കാം എന്ന് ടീച്ചറോട് തന്നെ ചേദിക്കാം. അത് തന്നെ അംഗീകരിക്കുന്നതിന്‍റെ ലക്ഷണമായി ടീച്ചർ കണക്കാക്കും. കുഞ്ഞിന്‍റെ വളർച്ചയിൽ ടീച്ചർക്കുള്ള പ്രാധാന്യവും സ്ഥാനവും എത്ര വലുതാണെന്ന് രക്ഷിതാവ് നേരിട്ടു പറഞ്ഞാൽ ഏതു ടീച്ചറാണ് പരിഹാരം നിർദ്ദേശിക്കാതിരിക്കുക, ചിലപ്പോൾ തൃപ്തികരമായ ഉത്തരം കിട്ടിയില്ലെന്നും വരാം. അപ്പോൾ വളരെ ശ്രദ്ധിച്ചു വേണം. തുടർ നടപടികൾ, പ്രത്യേകിച്ചും മറ്രൊരു സ്കൂൾ നിങ്ങളുടെ ഓപ്ഷനിലില്ലെങ്കിൽ.

ടീച്ചർ പുറം തിരിഞ്ഞാൽ

ടീച്ചറിൽ നിന്ന് പരിഹാരമുണ്ടാവില്ലെന്നുറപ്പായാൽ പ്രിൻസിപ്പാളിനെ കാണാം. ഇതേ പ്രശ്നമുള്ള മറ്റു കുട്ടികളുണ്ടെങ്കിൽ അവരോടും കാര്യം ചോദിച്ചറിയുക. കാരണം, വേണ്ടത്ര തെളിവുകളോടെ മാത്രമേ നിങ്ങളുടെ പരാതി ബോധിപ്പിക്കാവൂ.

ടീച്ചറുടെ കുറ്റങ്ങൾ പറയാതെ, കുട്ടിയുടെ പ്രശ്നങ്ങൾ തന്നെ ഇവിടെയും ആദ്യം അവതരിപ്പിക്കാം. എന്നിട്ട് യഥാർത്ഥ കാരണത്തിലേക്കാ വരാം. പക്ഷഭേദപരമായ പെരുമാറ്റം നിമിത്തം കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയുണ്ടെങ്കിൽ കുട്ടിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്ന കത്ത് ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൽ നിന്ന് വാങ്ങി ഹാജരാക്കാം. ഈ സംയത്തെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കാരണവശാലും സ്കൂളിനേയോ ടീച്ചറേയോ മോശമായി ചിത്രീകരിച്ച് പൊതുവേദികളിൽ സംസാരിക്കരുത്. കോംപ്രമൈസിന് രക്ഷിതാവ് പരമാവധി ശ്രമിച്ചു എന്ന തോന്നൽ നല്ലതാണ്.

സ്കൂൾ മാറ്റം

ടിച്ചറും പ്രിൻസിപ്പാളുമായി സംസാരിച്ചിട്ട് പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അന്തിമ തീരുമാനത്തിലേക്ക് വരാം. സ്കൂൾ മാറ്റം. പക്ഷേ അതിനു മുമ്പും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • സ്കൂൾ ടേം തീരാൻ കുറച്ചു സമയമേ ഉള്ളുവെങ്കിൽ തീരും വരെ കാത്തിരിക്കുക.
  • കുട്ടിയുടെ മാനസികാവസ്ഥയും താൽപര്യവും വ്യക്തമായി ചോദിച്ചറിയുക. ചിലപ്പോൾ കൂട്ടുകാരെ പിരിയാൻ മടിയുണ്ടാകും.
  • പഠനനിലവാരമാണ് പ്രശ്നമെങ്കിൽ മോശം സബ്ജക്ടിന് ട്യൂഷൻ നൽകാം.
  • ഇഷ്ടമില്ലാത്ത ടീച്ചർ പഠിപ്പിക്കുന്ന സബ്ജക്ടിനും പ്രത്യേകം ട്യൂഷൻ നൽകണം.
और कहानियां पढ़ने के लिए क्लिक करें...