ഹായ് എന്തു ഭംഗിയാ, സുന്ദരിയായിട്ടുണ്ടല്ലോ. എന്നൊക്കെ മറ്റുള്ളവർ പറഞ്ഞു കേൾക്കണമെന്ന് ഏതു സ്ത്രീയും ആഗ്രഹിച്ചു പോവും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും അഭിനന്ദനങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമത്തിൽ പരസ്യത്തിൽ കാണുന്നവയെല്ലാം വാങ്ങി ഉപയോഗിക്കുന്നവർ ഭൂരിഭാഗവും ടീനേജ് പെൺകുട്ടികളാണെന്നതാണ് സത്യം. ഇവ ചർമ്മത്തിനു ഗുണമാണോ ദോഷമാണോ വരുത്തുന്നതെന്ന് അവർ ശ്രദ്ധിക്കാറുമില്ല.
സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും വലിയ വരദാനം സൗന്ദര്യം തന്നെ. സമ്പത്ത് സ്വരൂപിച്ചു വയ്ക്കുന്നതു പോലെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിനും മതിയായ ശ്രദ്ധ നൽകേണ്ടതുണ്ട്. നൈസർഗിക സൗന്ദര്യക്കൂട്ടുകളേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കൃത്രിമ കോസ്മെറ്റിക്സിനോടാണ് പുതു തലമുറയ്ക്ക് പ്രതിപത്തി. കോസ്മെറ്റിക്കുകൾ ഉപയോഗിക്കും മുമ്പ് അവയിലെന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നും അവ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും മനസ്സിലാക്കിയിരിക്കണം. പച്ചമരുന്നുകളും ഔഷധ സസ്യങ്ങളും ചതച്ച് പിഴിഞ്ഞ് നീരാക്കി സൗന്ദര്യക്കൂട്ടുകൾ തയ്യാറാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ സവിശേഷതകളടങ്ങുന്ന ദോഷരഹിതമായ ഉല്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പപ്പായും വെള്ളിരിക്കയും മുറിച്ച് മുഖത്തു വയ്ക്കുകയെന്നത് ആധുനിക സ്ത്രീയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലല്ലോ.
ഹെയർ കണ്ടീഷനിംഗ്
ഷാമ്പൂ തേച്ച് മുടി കഴുകിയശേഷം വേണം കണ്ടീഷണർ പുരട്ടുവാൻ, മുടിക്ക് കരുത്തു ലഭിക്കുവാൻ വേണ്ടിയാണ് സാധാരണയായി കണ്ടീഷണർ ഉപയോഗിക്കുന്നത്. നേരിട്ട് തലയോട്ടിയിലേയ്ക്ക്, അതായത് മുടിയുടെ വേരുകളിൽ കണ്ടീഷണർ പുരട്ടുന്ന രീതി തെറ്റാണ്. മുടി കിളിർത്തു വരുന്നതിനാലും സോഫ്റ്റായതു കൊണ്ടും സ്കാൽപിൽ നിന്നും എളുപ്പം മുടി കൊഴിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. ഈ വശത്ത് മുടിക്ക് സ്വാഭാവികമായ എണ്ണമയമുള്ളതിനാൽ കണ്ടീഷണർ പുരട്ടേണ്ടതില്ല. ചെവിക്ക് പിന്നിൽ നിന്നും തുടങ്ങി മുടിയുടെ അഗ്രഭാഗം വരെ കണ്ടീഷണർ പുരട്ടാം.
ഐ ക്രീം
കണ്ണിനു ചുറ്റും ക്രീം പുരട്ടി മസാജ് ചെയ്താൽ കണ്ണുകൾക്ക് കുളിർമ്മയും സൗന്ദര്യവും കിട്ടുമെന്ന ധാരണ തെറ്റാണ്. ചർമ്മത്തിലടങ്ങിയ ജലാംശം ക്രീമുമായി ചേർന്ന് കണ്ണിനു വീക്കമുണ്ടാകും. കണ്ണിനു ചുറ്റും പുരട്ടേണ്ട പ്രത്യേക ക്രീം (അണ്ടർ ഐ ക്രീം) തന്നെ പുരട്ടി കൺതടം മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് റിലാക്സേഷൻ നല്കും. 10 മിനിറ്റിനു ശേഷം കണ്ണ് കഴുകി വൃത്തിയാക്കുകയും വേണം.
പെർഫ്യൂമിന്‍റെ ഉപയോഗം
പെർഫ്യൂം/ ഡിയോറന്‍റ് എന്നിവയുടെ ഉപയോഗം ശരീരദുർഗന്ധമകറ്റുമെന്നതിൽ യാതൊരു സംശയവും വേണ്ട. പക്ഷേ ചില പെർഫ്യൂമുകൾ വസ്ത്രങ്ങളിൽ പാടായി അവശേഷിക്കും. ചിലത് മങ്ങലേല്പ്പിക്കും. കാൽമുട്ട്, കഴുത്ത്, കൈത്തണ്ട, ചെവിയുടെ പിൻഭാഗം എന്നിവിടങ്ങളിൽ അൽപം പെർഫ്യൂം പുരട്ടാം. പെർഫ്യൂം പുരട്ടിയ ശേഷം ഉടനെ കൈകൊണ്ട് തുടച്ചാൽ സുഗന്ധം നഷ്ടപ്പെടും.
ക്ലീൻ സ്കിൻ
വരണ്ട ചർമ്മത്തിൽ മുഖക്കുരു വരില്ലെന്ന ധാരണ തെറ്റാണ്. സോപ്പിന്‍റെ ഉപയോഗം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. സോപ്പുപയോഗിച്ചാൽ ചർമ്മം കൂടുതൽ വരണ്ടതാവുമെന്നു മാത്രമല്ല, രോമകൂപങ്ങളിലൂടെ ബാക്ടീരിയ കടന്നുകൂടുകയും ചെയ്യും. വീര്യം കുറഞ്ഞ ഫേസ് വാഷോ, ഗ്ലിസറിൻ സോപ്പോ ഉപോഗിച്ച് ദിവസവും രണ്ടുതവണ മുഖം കഴുകണം. അതിനുശേഷം മോയിസ്ചുറൈസർ പുരട്ടി ഒരു മിനിറ്റിനു ശേഷം ഫൗണ്ടേഷൻ പുരട്ടാം.
അമിതസ്നാനം വേണ്ട
കൂടുതൽ തവണ കുളിക്കുമ്പോൾ ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പവും എണ്ണമയവും നഷ്ടമാവും. ദിവസം രണ്ടു തവണ കുളിക്കാം, 10 മിനിറ്റിൽ കൂടുതൽ കുളിക്കരുത്.
നഖങ്ങളുടെ സംരക്ഷണം
കൈയിലെ നഖങ്ങൾ ഓവൽ ഷേയ്പിലും കാൽ നഖങ്ങൾ ചതുരാകൃതിയിലും മുറിക്കാം. അല്ലാത്ത പക്ഷം നഖം വളരുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും.
ഫേഷ്യലിനു മുമ്പ്
ഫേഷ്യൽ ചെയ്യുനനതിനു മുമ്പായി ബ്ലീച്ചു ചെയ്യുന്നത് ഗുണകരമാണ്. ബ്ലീച്ചിങ്ങിനു ശേഷം രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫേഷ്യൽ ആവാം. ബ്ലീച്ചും ഫേഷ്യൽ ട്രീറ്റ്മെന്‍റും ഒരു ദിവസം തന്നെയാവരുത്.
കഴുത്തിനും പ്രധാനം
കഴുത്തിന്‍റെ സൗന്ദര്യ പരിചരണത്തിലും മതിയായ ശ്രദ്ധ നൽകേണ്ടതായുണ്ട്. കഴുത്തിലെ സ്കിൻ കൂടുതൽ സെൻസിറ്റീവായതിനാൽ മുഖത്തെന്നപോലെ കഴുത്തിലും മോയ്സ്ചറൈസറും സൺസ്ക്രീനും പുരട്ടണം. മുഖത്തും കഴുത്തിലും ഫേസ് പാക്കും പുരട്ടണം.
ഓൾഡ് ഈസ് നോട്ട് ഗോൾഡ്
ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള കോസ്മെറ്റിക്സ് ഉപോഗിക്കരുത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ കോസ്മെറ്റിക്സ് അലർജിയും ഇൻഫെക്ഷനുമുണ്ടാക്കും. ഹെർബൽ പ്രോഡക്റ്റുകൾ ആറു മാസം വരെയേ ഉപയോഗിക്കാവൂ. ഫൗണ്ടേഷൻ, പൗഡർ, കൺസീലർ എന്നിവ മൂന്നു മുതൽ ആറുമാസം വരെ ഉപയോഗിക്കാം. മോയ്സ്ചറൈസർ, ക്ലെൻസർ, ടോണർ, കൺസീൽ പെൻസിൽ എന്നിവ ഒരു വർഷം വരെ ഉപയോഗിക്കാം. കോസ്മെറ്റിക് ഉൽപന്നങ്ങൾ കൈകൊണ്ട് പുരട്ടുന്നതിനുപകരം അവയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള പഞ്ഞി, സ്പോഞ്ച്, ടിഷ്യൂ പേപ്പർ എന്നിവ ഉപയോഗിച്ചു വേണം പുരട്ടാൻ.