നാളുകൾക്കു മുമ്പ് എറണാകുളം ജില്ലയിലെ ഒരു നാട്ടിൻപുറത്ത് നടന്ന സംഭവമാണ്, പ്ലസ്ടു വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടി. ബാത്ത്റൂമിൽ കയറി വസ്ത്രം മാറി ഷവർ തുറന്ന് കുളിച്ചു തുടങ്ങി. ദേഹത്ത് സോപ്പു പതച്ച് കഴുത്തുയർത്തി തേച്ചു നിന്നപ്പോഴാണ് ബാത്ത്റൂമിന്‍റെ വെന്‍റിലേഷനിൽ എന്തോ ഒന്നിരിക്കുന്നത് അവൾ കണ്ടത്. അതൊരു ക്യാമറ ഫോണാണ് എന്നറിഞ്ഞതോടെ അലറിവിളിച്ചുകൊണ്ട് അവൾ പുറത്തേക്കോടി. മകളുടെ കരച്ചിലും പേടിയും കണ്ട് കാര്യം തിരക്കിയ അമ്മയും കരച്ചിലോടു കരച്ചിൽ. പെൺകുട്ടിയുടെ അച്ഛനും കുറേ കൂട്ടുകാരും മൊബൈൽ പരിശോധിച്ചു. ഒരച്ഛനും കാണാനിഷ്ടപ്പെടാത്ത കാഴ്ചകളാണ് മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു പിതാവ്.

ഈ മൊബൈൽ ഫോണിന്‍റെ ഉടമയാര് എന്ന അന്വേഷണമാണ് നാട്ടുകാരെ പിന്നെ ഞെട്ടിച്ചത്. പെൺകുട്ടിയുടെ അച്ഛന്‍റെ അനിയന്‍റെ മകൻ. ആരുടെ മകനായാലെന്താ, വൃത്തികേടു കാണിച്ചവനെ ഓടിച്ചിട്ടിടിക്കുകയായിരുന്നു നാട്ടുകാർ. ആ പയ്യന്‍റെ മാതാപിതാക്കൾ പോലും നാട്ടുകാരുടെ കൂടെക്കൂടി. എന്തൊക്കെയുണ്ടായിട്ടെന്ത്, മൊബൈലിൽ നഗ്നത ചിത്രീകരിക്കപ്പെട്ട പെൺകുട്ടി ഇപ്പോൾ കൂട്ടുകാരോട് പോലും മിണ്ടാറില്ല.

കിലുക്കാംപെട്ടി പോലെ വീട്ടിലും സ്കൂളിലും ഓടിച്ചാടി നടന്ന ആ പെൺകുട്ടി ഇന്ന് വിഷാദരോഗിയാണ്. സ്വന്തം സഹോദരന്‍റെ വിവേകമില്ലായ്മയുടേയും ക്രൂരതയുടേയും ഇര.

പഠനത്തിൽ മാത്രമല്ല, നൃത്തത്തിലും സംഗീതത്തിലുമൊക്കെ മുൻപന്തിയിലായിരുന്നു രശ്മി. നല്ല സ്വഭാവും പെരുമാറ്റവും കാരണം അവൾ സകലർക്കും പ്രിയങ്കരിയാണ്. പലപ്പോഴും മുതിർന്നവർ രശ്മിയെ പ്രശംസിക്കുന്നതു കേൾക്കുമ്പോൾ മറ്റു കുട്ടികൾക്ക് അവളോട് അസൂയ തോന്നാറുമുണ്ട്.

എന്നാൽ യാദൃശ്ചികമായി ഒരു ദിവസം രശ്മിയുടെ നഗ്നചിത്രം ഇന്‍റർനെറ്റിൽ കാണാനിടയായ വിവരം കൂട്ടുകാരി സൂചിപ്പിച്ചപ്പോൾ രശ്മി ഞെട്ടിപ്പോയി. ആദ്യം അവൾക്ക് വിശ്വാസിക്കാനായില്ല. പക്ഷേ സംഭവം വാസ്തവമാണെന്നറിഞ്ഞപ്പോൾ രശ്മി തകർന്നുപോയി. ഇതെങ്ങനെ സംഭവിച്ചു? മൊബൈൽ ക്യാമറയാണ് വില്ലനായത്. ഇത്തരം സംഭവങ്ങളിലെ ഇരകൾ മിക്കപ്പോഴും സ്ത്രീകളാണ്.

ആലപ്പുഴയിലെ മൂന്നു പ്ലസ് ടു വിദ്യാർത്ഥിനികൾ ക്ലാസ്സ് മുറിയിൽ ആത്മഹത്യ ചെയ്തു. നാടിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച ഈ വാർത്ത പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്നു. പെൺകുട്ടികളോടു പ്രണയം നടിച്ച രണ്ടു യുവാക്കൾ അവരുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ അവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി.

കണ്ണുകൾ പിന്നാലെ…

തേവരയിൽ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഫ്ളാറ്റിലും അരങ്ങേറി ഇത്തരം ഒരു മൊബൈൽ അഭ്യാസം. രാത്രി എട്ടരയോടെ രണ്ടാം നിലയിലുള്ള കുളിമുറിയിൽ കുളിക്കുകയായിരുന്നു പെൺകുട്ടി. പുറത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ പാരപ്പറ്റിനു മുകളിൽ മൊബൈലുമായി നിൽക്കുന്നു ഒരു അപരിചതൻ. പെൺകുട്ടി ഭയന്നു നിലവിളിച്ചു. ബഹളം കേട്ടതോടെ അയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇത്തരം കേസുകളിൽ നടപടിയുണ്ടാകാനുള്ള സാധ്യത വിരളമായതിനാൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയില്ല. എന്നാൽ അയാൾ കുളിമുറിയിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവോ എന്ന ആശങ്കയായി പെൺകുട്ടികൾക്കും കുടുംബത്തിനും. മുമ്പൊക്കെ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചായിരുന്നു മൊബൈൽ ശല്യക്കാരുടെ അഭ്യാസമെങ്കിൽ ഇപ്പോൾ വീടുകളിൽ പോലും അരങ്ങേറുന്നു. ക്യാമറയിൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ നിമിഷനേരത്തിനകം മറ്റു മൊബൈലുകളിലേക്ക് പ്രചരിത്തിട്ടുണ്ടാവുമെന്നതും ആശങ്ക ജനിപ്പിക്കുന്നു.

ശാസ്ത്രലോകം സമ്മാനിച്ച വലിയൊരു അദ്ഭുതമാണ് മൊബൈൽ ഫോൺ. എന്നാൽ പലരും ഇത് ദുരുപയോഗം ചെയ്യുന്നുവെന്നത് ദുഖകരമാണ്. നമ്മിൽ പലർക്കും ഒരിക്കലെങ്കിലും ആശുപത്രിയിലോ, ഡയഗനോസ്റ്രിക് സെന്‍ററിലോ, ഹോട്ടൽ മുറിയിലോ, ഡ്രസ്സ് മാളിലെ ഡ്രസ്സിംഗ് റൂമിലോ ചെന്ന് ഡ്രസ്സ് മാറേണ്ടി വന്നിരിക്കുമല്ലോ? മൊബൈൽ വില്ലന്മാർ ഈ അവസരം മുതലെടുത്താവും നഗ്നചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മൊബൈൽ ക്യാമറകൾ മനസമാധാനം കെടുത്തുന്ന വില്ലനാണ്.

കേരളത്തിനു പുറത്തും ഇത്തരം മൊബൈൽ വില്ലത്തരങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഛത്തീസ്ഗഡിന്‍റെ തലസ്ഥാനമായ റായ്പൂരിലെ ചൗബേ കോളനിയിലും സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്. ഇവിടുത്തെ ഡയഗ്നോസ്റ്റിക് സെന്‍ററിൽ പരിശോധനയ്ക്കായി എത്തിയ യുവതി ഡ്രസ്സ് മാറാനായി ചേഞ്ചിംഗ് റൂമിലെത്തി. പെടട്െന്ന് തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ഫോൾസ് സീലിംഗ് ശ്രദ്ധിക്കാനിട വന്നു. അവിടെ ക്യാമറ പോലെ എന്തോ ഒന്ന് ഒളിച്ചിരിക്കുന്നതായി അവർക്കു തോന്നി. മൊബൈൽ ക്യാമറയായിരുന്നു അത്. തന്‍റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് അവർ അമ്പരന്നു. വലിയ ഒച്ചപ്പാടുണ്ടായതിനെ തുടർന്ന് അന്വേഷണം നടന്നു. അഞ്ച് വർഷമായി ഇതേ ഡയഗ്നോസ്റ്റിക് സെന്‍ററിൽ റൂംബോയിയായി ജോലി ചെയ്യുന്ന 25കാരനായ യുവാവായിരുന്നു പ്രതി.

മഹാനഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവായിരിക്കുന്നു. ഹോട്ടൽ റൂമുകളിലും ബാത്ത്റൂമുകളിലും ഡ്രസ്സ് ഷോപ്സിലും കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ഒന്നു സൂക്ഷിക്കു… കാരണം അന്യൻ എന്ന സിനിമയിൽ ഡോക്ടറുമായി കൺസൾട്ട് ചെയ്യുന്ന വേളയിൽ റെമോ നോക്കുന്ന കണ്ണാടിക്കു പിന്നിൽ എത്ര കണ്ണുകളാണ് അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നത്. അപരിചിത സ്ഥലങ്ങളിൽ കണ്ണാടിയിൽ സ്വന്തം പ്രതിരൂപം മാത്രമേ കാണൂ എന്നു കരുതുന്നവർ പലപ്പോഴും ഇതിനു പിറകിൽ കാമാതുരമായ കണ്ണുകൾ തങ്ങളെ വീക്ഷിക്കുന്നുണ്ടെന്ന കാര്യം അറിയില്ല.

ശാസ്ത്രം വളരുന്നതിനനുസരിച്ച് മുമ്പെങ്ങും കേട്ടിട്ടില്ലാത്തവണ്ണം അനിഷ്ട സംഭവങ്ങളും ഏറി വരികയാണ്. ഇതിന് ടെക്നോളജിയെ ബഹിഷ്കരിക്കുവാനോ ഇതിനു മീതെ കടിഞ്ഞാണിടുവാനോ സാധ്യമല്ല താനും…

ഒന്നു ശ്രദ്ധിച്ചാൽ…

വീടിനു പുറത്ത് വച്ച്, അപരിചതമായ ഇടങ്ങളിൽ വച്ച് (ആശുപത്രി, ഡ്രസ്സ് ഷോപ്സ്, ഹോട്ടൽ) ഡ്രസ്സ് മാറിയുടുക്കേണ്ടി വരുമ്പോൾ രഹസ്യ ക്യാമറ/ മൊബൈൽ ക്യാമറ നിങ്ങളുടെ സ്വകാര്യത പകർത്തുന്നില്ലെന്ന് ഉറപ്പു വരുത്തുക. സംശയം തോന്നുന്ന പക്ഷം ഉടനടി സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനേയോ പോലീസ് വിഭാഗത്തെയോ അറിയിക്കാം.

വീട്ടിൽ കുളിമുറിയുടേയും മുറികളുടേയും ജനാല അലക്ഷ്യമായി തുറന്നിട്ട് വസ്ത്രം മാറരുത്. ജനാലയിൽ സുതാര്യമായ കണ്ണാടി ഉപയോഗിക്കാതിരിക്കുക. വെന്‍റിലേറ്റർ, എക്സ്ഹോസ്റ്റ് ഫാൻ എന്നിവിടങ്ങളിൽ പുറത്തു നിന്നും ഗ്രിൽ ഘടിപ്പിക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാം.

സൂക്ഷിക്കണം… ക്യാമറ കണ്ണുകൾ നിങ്ങളെ പിന്തുടരുന്നുണ്ടാവാം…

और कहानियां पढ़ने के लिए क्लिक करें...