എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. നികേഷിനെ കല്യാണം കഴിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കീ കാര്യം ബോധ്യമായിരുന്നു. എനിക്ക് നല്ല സുഖമില്ലായിരുന്നു. അതുകൊണ്ട് സുഹൃത്ത് അജയന്‍റെ കല്യാണത്തിന് നികേഷ് തനിച്ചാണ് പോയത്. അവിടെ തന്നെയായിരുന്നു എന്‍റെ അമ്മ വീടും. അടുത്ത ദിവസം നികേഷ് മടങ്ങി വന്നപ്പോൾ ആളാകെ മൂഡോഫിലായിരുന്നു. എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുള്ളിക്ക് എന്താണ് പറ്റിയത്?

ഞാൻ കുത്തിക്കുത്തി ചോദിച്ചിട്ടും പുള്ളി ഒന്നും വിട്ട് പറഞ്ഞില്ല. ആളുകൾ കാര്യം പറയാതെ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പുള്ളിയുടെ പിന്നാലെ കൂടി. പക്ഷേ നികേഷ് വാ തുറന്നതേയില്ല.

ഞാനെപ്പോഴെങ്കിലും ടെൻഷനടിച്ചിരുന്നാൽ എന്നെ തലോടി സമാധാനിപ്പിക്കാറുള്ള ആളാണ് ഇപ്പോൾ എന്നോട് ഒന്നും മിണ്ടാതിരിക്കുന്നത്. എനിക്ക് നല്ല തലവേദനയുണ്ടെന്നറിഞ്ഞിട്ടും പുള്ളി എന്നെ മൈൻഡ് ചെയ്തതേയില്ല. ആ കരങ്ങളിൽ സാന്ത്വനപ്പെട്ടുറങ്ങാൻ ഞാനന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് നികേഷ് തിരിഞ്ഞു കിടന്നു.

എനിക്കന്ന് ഉറക്കം വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നികേഷ് അസ്വസ്ഥനായി എഴുന്നേറ്റത് ഞാനറിഞ്ഞു.

“എന്തുപറ്റി നികേഷ്, എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം തരണം കവിതേ. ഞാനെന്തും സഹിക്കും. പക്ഷെ കള്ളം പറയുന്നതും മറച്ചു വയ്ക്കുന്നതും ഞാൻ പൊറുക്കില്ല” നികേഷിന്‍റെ സ്വരം വല്ലാതെയായിരുന്നു.

“ഞാനിതുവരെ നിങ്ങളോട് കള്ളം പറഞ്ഞിട്ടില്ല. എന്താ കാര്യമെന്ന് തെളിച്ച് പറയൂ” എന്‍റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി.

രവിയും നവീനുമായുള്ള നിന്‍റെ ബന്ധം എന്താണ്? ഞാനതിനെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. ഞാൻ കല്യാണത്തിനു പോയപ്പോൾ കേട്ടത് സത്യമാണോ എന്നെനിക്കറിയണം. നീ പറയുന്നതാണ് എനിക്ക് മുഖ്യം.”

നികേഷിന്‍റെ ടെൻഷന്‍റെ കാര്യം എനിക്ക് പിടികിട്ടി. എന്‍റെ വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ആരോ നികേഷിനോട് പറഞ്ഞിരിക്കുന്നു. ഞാൻ വിവിധ സമയങ്ങളിൽ രവിയോടും നവീനിനോടും അടുപ്പം കാണിച്ചിരുന്നു.

നികേഷ് എന്നെ വലയിൽ വീഴ്ത്താൻ ശ്രമിച്ചാലൊന്നും ഞാൻ പിടികൊടുക്കില്ല. ഭാവിയിൽ ഭർത്താവുമൊത്ത് കഴിയുമ്പോൾ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്ലാൻ എന്‍റെ കൈയിൽ ഉണ്ടായിരുന്നു.

കുറെ മുമ്പ് ഞാനൊരു മർഡർ മിസ്റ്റിറി വായിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടും. വിവാഹശേഷം ആണുങ്ങൾ ഭാര്യയോട് തങ്ങളുടെ വിവാഹപൂർവ്വ ബന്ധങ്ങൾ പറഞ്ഞ് ദാമ്പത്യം വഷളാക്കില്ലെന്നും അതിനെ പ്രതി അവർക്ക് യാതൊരു കുറ്റബോധവും ഉണ്ടാവാറില്ലെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.

പക്ഷേ ഒരു ഭാര്യ കുറ്റബോധത്താൽ ഭർത്താവിനോട് അത്തരം ബന്ധങ്ങളെക്കുറിച്ച് ഒരിക്കലും പറഞ്ഞു പോവരുത്. ഇങ്ങനെ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തുന്ന സ്ത്രീയുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണത്രേ. അവരിലൊരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഈ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചു കൊണ്ട് ഞാൻ നികേഷിനോട് തിരിച്ച് ചോദിച്ചു, “എന്നോടൊന്നും ചോദിക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ട്, ഞാൻ ചാരിത്യ്രം നഷ്ടപ്പെട്ടവളാണെന്ന് നിങ്ങൾ കരുതിയല്ലോ?”

“അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല.” നികേഷ് എഴുന്നേറ്റു. ”സത്യം നീയാണ് തുറന്നു പറയേണ്ടത്.”

“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ?” എന്‍റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

“മറുചോദ്യം ചോദിക്കാതെ, ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ കവിതാ.” നികേഷ് ദേഷ്യപ്പെട്ടു.

“അവർ രണ്ടുപേരുമായി എനിക്ക് വഴിവിട്ട ബന്ധമൊന്നുമില്ലായിരുന്നു. രവിയോടൊപ്പമാണ് ഞാൻ എംബിഎ ചെയ്തത്. നവീനുമായി നല്ല കൂട്ടായിരുന്നു. അവർ എന്‍റെ നല്ല സുഹൃത്തുക്കൾ മാത്രമാണ്.” ഞാൻ കള്ളക്കണ്ണുനീർ വേണ്ടുവോളം ഒഴുക്കി.

“നിനക്ക് ഇവരുമായുള്ള ബന്ധത്തെപ്പറ്റി നല്ലതല്ലാത്തതാണല്ലോ നിന്‍റെ കൂട്ടുകാരി നിഷ ഭർത്താവിനോട് പറഞ്ഞിരിക്കുന്നത്. നിങ്ങളിൽ ആരാണ് കള്ളം പറയുന്നത്?” നികേഷിന്‍റെ സ്വരത്തിൽ വെറുപ്പ് കലർന്നിരുന്നു.

“അവളുടെ കള്ളപ്രചരണങ്ങളിൽ നിങ്ങൾ വീഴരുത്… പ്ലീസ്” ഞാൻ നികേഷിന്‍റെ കൈപിടിച്ച് അപേക്ഷിച്ചു.

“ഞാൻ സുന്ദരിയായതു കൊണ്ടും നല്ലവണ്ണം പഠിക്കുന്നതു കൊണ്ടും നിഷയ്ക്ക് എന്നോട് പണ്ടുമുതലേ അസൂയയായിരുന്നു.”

“അപ്പോൾ രവിയും നവീനും നിന്‍റെ കാമുകന്മാരായിരുന്നില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” നികേഷ് സംശയത്തോടെ എന്നെ നോക്കി.

“അവരെന്‍റെ നല്ല സുഹൃത്തുക്കളായിരുന്നു.” ഈ കള്ളം പറയുമ്പോഴും എനിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. ഇത്തരം സാഹചര്യത്തിൽ എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ കാണൂ എന്നെനിക്ക് അറിയാം.

“നീ ഒറ്റയ്ക്ക് രവിയുടെ ഹോസ്റ്റൽ മുറിയിൽ പോയിട്ടില്ലേ?”

“ഒരിക്കലുമില്ല.”

“നവീന്‍റെ വീട്ടിലോ? അവിടെ അയാൾ മാത്രമുള്ള ഒരു ദിവസം നീ അവിടെ പോയിട്ടുണ്ടല്ലോ?”

“ഞാൻ അത്തരത്തിലുള്ള ഒരു മോശം സ്ത്രീയല്ല.”

ഞാൻ നികേഷിന്‍റെ കൈ പിടിച്ചു കൊണ്ടാണ് ഇത്രയും സംസാരിച്ചത്. ഇപ്പോൾ നികേഷ് എന്‍റെ കൈ ബലമായി പിടിച്ച് മാറ്റി. നികേഷ് താഴത്തെ മുറിയിലേക്ക് ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഉള്ളിന്‍റെ ഉള്ളിൽ ഭയം തളം കെട്ടി കിടന്നിരുന്നതിനാൽ ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഞാനാകെ വിയർത്തു തുടങ്ങിയിരുന്നു. ഞാൻ നികേഷിന്‍റെയടുത്ത് ചെന്നിരുന്നു.

“ഇനി ഞാൻ തന്നെ എല്ലാം അന്വേഷിച്ചോളാം. ഇനി സത്യം പുറത്തു വന്നിട്ട് മതി നീയുമായിട്ടുള്ള സഹവാസം.” നികേഷ് സോഫയിൽ മൂടിപ്പുതച്ചു കിടന്നു.

“നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലേ. അതോ നിഷ പറയുന്നതാണോ വലുത്?” വളരെ സങ്കടത്തോടെയാണ് ഞാനിത് ചോദിച്ചതെങ്കിലും നികേഷ് എന്നെ അവഗണിച്ചു കളഞ്ഞു.

അന്ന് രാത്രി ഞങ്ങളുടെ ജീവിതത്തിൽ അകൽച്ച ആരംഭിച്ചു. എന്‍റെ കഴിഞ്ഞ കാലം എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തീർത്തിരിക്കുന്നു. പോയ കാലത്തിന്‍റെ സന്തോഷങ്ങളാണിന് എന്‍റെ ഏറ്റവും വലിയ സങ്കടമായി മുന്നിൽ നിൽക്കുന്നത്. കാലം എന്നോട് പകരം ചോദിക്കുകയാണോ?

എനിക്ക് സ്ത്രീകളെക്കാൾ കൂടുതൽ കൂട്ട് പുരുഷന്മാരുമായിട്ടായിരുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുമായി ഇടപഴകാനും മറ്റും അച്ഛൻ എന്നെ പ്രാപ്തയാക്കിയിരുന്നു. യാതൊരു സങ്കോചവും കൂടാതെയാണ് ഞാൻ മറ്റുള്ളവരുമായി സൗഹൃദം കൂടിയത്.

ഒരു മാസ്മരിക വ്യക്തിത്വമായിരുന്നു എന്‍റെ അച്‌ഛൻ. ഒരു നല്ല മനുഷ്യൻ. മൂന്ന് മക്കളിൽ ഞാനായിരുന്നു അച്‌ഛന്‍റെ പൊന്നോമന. ചേച്ചിമാരും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. അച്‌ഛൻ എന്നെ കൊഞ്ചിച്ച് വഷളാക്കും എന്നായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.

എന്നാലും മറ്റുള്ള പെൺകുട്ടികളെക്കാളും പുരുഷന്മാരുമായുള്ള എന്‍റെ ബന്ധം ഊഷ്മളമായിരുന്നു. എന്തും ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള, ഏതൊരു പുരുഷനും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. അച്‌ഛൻ ആ കാര്യത്തിൽ അഭിമാനിക്കുകയും ചെയ്‌തിരുന്നു. വളരെ ഓപ്പണായിരുന്നു ഞാൻ. അനുഭവത്തിൽ നിന്ന് ഞാൻ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. പുരുഷന്മാരുമായി കൂട്ട് കൂടുന്നത് എന്‍റെ സ്ട്രെസ്സ് കുറയ്ക്കാൻ കാരണമാവുന്നുണ്ട്. നല്ല സൗഹൃദം നല്ല മരുന്നാണ്, എല്ലാറ്റിനും. പുരുഷ സൗഹൃദങ്ങൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എന്‍റെ ഉള്ളിലെ സെക്സ് എനർജിയെപ്പറ്റിയും ഞാൻ ബോധവതിയായിരുന്നു. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതിനു ശേഷം ലൈംഗികമായി ബന്ധപ്പെടാൻ രവിക്ക് അധികമൊന്നും പാടുപെടേണ്ടി വന്നില്ല. ആ മാനസികനിലയുമായി പൊരുത്തപ്പെടാൻ ഞാനും തയ്യാറായിരുന്നു.

എംബിഎ പഠനക്കാലത്ത് ഞാൻ പരീക്ഷാക്കാലങ്ങളിൽ പ്രത്യേകിച്ച് സമ്മർദ്ദത്തിന് അടിമപ്പെടുന്നത് പതിവായിരുന്നു. ആ സമയങ്ങളിൽ രവിയുടെ സ്പർശം, സാമീപ്യം എന്നെ ടെൻഷൻ ഫ്രീ ആക്കിയിരുന്നു. പക്ഷേ രവി എന്‍റെ പ്രണയം മുതലാക്കി. എന്നെ വഞ്ചിച്ചു. അവൻ വിട്ടുപോയി. പക്ഷേ ആ പ്രണയനഷ്ടമൊന്നും എന്നെ ഏറെനാൾ സങ്കടപ്പെടുത്തിയില്ല. നിരാശാ കാമുകിയായി കാലം കഴിക്കാനൊന്നും ഞാൻ തയ്യാറല്ലായിരുന്നു.

എംബിഎ കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നാണ് ഞാൻ നവീനിനെ പരിചയപ്പെടുന്നത്. രവിയേക്കാൾ കേമനും സുമുഖനും ബുദ്ധിമാനുമായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ചുള്ളൻ.

നവീനും എന്നെ ജീവിതസഖിയാക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. വിധി ആവർത്തിച്ചു. നവീനും ഞാനും എല്ലാ അർത്ഥത്തിലും അടുത്തു. ഞങ്ങൾ യാത്രകൾ പോയി. ഒന്നിച്ച് ഉണ്ടു, ഉറങ്ങി. ഭാര്യാഭർത്താക്കന്മാരെ പോലെ പെരുമാറി. പക്ഷേ നവീനിനും എന്‍റെ ശരീരമായിരുന്നു ലക്ഷ്യം.

ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അയാളും എന്നെ വിട്ടുപോയി. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഉടക്കിയാണ് പിരിഞ്ഞത്. വേദനാജനകമായിരുന്നു ആ വേർപിരിയൽ. വേദനകൾ ഏറ്റു വാങ്ങാൻ മാത്രമാണോ എന്‍റെ ജന്മം എന്ന് പോലും എനിക്ക് തോന്നി.

നികേഷിന്‍റെ ആലോചന കൊണ്ടു വന്നത് എന്‍റെ ആന്‍റിയാണ്. മനസ്സ് വരണ്ടു പോയ ദിനങ്ങളലാണ് ഈ പ്രൊപ്പോസൽ വന്നത്. ആളെ കണ്ടപ്പോൾ എനിക്ക് ബോധിച്ചു. സുന്ദരൻ.

ആദ്യരാത്രിയിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നികേഷിന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണൊന്നുമല്ല ഞാൻ. പക്ഷേ ഇതൊന്നും ഞാൻ നികേഷിനോട് തുറന്ന് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും എങ്ങനെ സംസാരിക്കാനാണ്. അന്ന് നികേഷെന്നെ ശ്വാസം മുട്ടിക്കുകയായിരുന്നില്ലേ. ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണല്ലോ എന്ന് ആശ്വസിക്കാനാണ് എനിക്കു തോന്നിയത്. വിവാഹപൂർവ്വ ബന്ധത്തിന്‍റെ പേരിൽ ഇനി നികേഷ് എന്നെ കുറ്റപ്പെടുത്തില്ലല്ലോ. കാരണം അത് ചോദിക്കാനുള്ള അർഹത എന്‍റെ പുരുഷനില്ല.

നികേഷ് നൽകിയ സ്നേഹമാണ് അക്കാലത്ത് എന്നെ കൂടുതൽ നല്ല ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചത്. ഒരു സ്ത്രീയ്ക്ക് വേണ്ടതെല്ലാം അറിഞ്ഞു നൽകുന്ന ദേവനായിരുന്നു നികേഷ്.

എന്‍റെ സ്വപ്നങ്ങൾ ഉടഞ്ഞ രാത്രി. നികേഷ് അടുക്കുന്ന ലക്ഷണമില്ല. എന്തു പറഞ്ഞാണ് ഇനി ഇയാളെ വിശ്വസിപ്പിക്കുക. ഭാര്യ പരിശുദ്ധയായിരിക്കണമെന്നാണ് പരസ്ത്രീബന്ധമുള്ള പുരുഷന്മാർ പോലും ആഗ്രഹിക്കുന്നത്. പുരുഷന് ആവാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ. ലൈംഗികതയുടെ കാര്യത്തിലും ഇരട്ടത്താപ്പാണ് സമൂഹം വച്ച് പുലർത്തുന്നത്. എനിക്ക്?ആ ലോകത്തോട് ഉച്ചത്തിൽ കയർക്കണമെന്ന് തോന്നി. പക്ഷേ എനിക്ക് നികേഷിനെ വേണം. ജീവിതകാലം മുഴുവൻ. ദിവസങ്ങൾ കടന്നുപോയി. നികേഷിന്‍റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും മുഖം വീർപ്പിച്ചിരിക്കും.

ഒരു ദിവസം ഞാൻ നികേഷ് ഓഫീസിൽ നിന്ന് വരുന്നതു കാത്തിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നികേഷ് വന്നതും ഞാനാകെ പൊട്ടിത്തെറിച്ചു. കുറേ ദിവസമായി എന്‍റെ ഉള്ളിൽ കിടന്ന് തിളയ്ക്കുന്നതൊക്കെ പുറത്തു വന്നു.

“നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാനും ഒരു മനുഷ്യജീവിയാണ്. ടെൻഷനും പ്രശ്നങ്ങളുമൊക്കെ എനിക്കുമുണ്ട്. സിമന്‍റും കമ്പിയും കൊണ്ട് നിർമ്മിക്കപ്പെട്ടവളല്ല ഞാൻ.”

“എന്‍റെ സംശയം തീർക്കേണ്ടത് നീയാണ്.”

“എന്താ വിവാഹമോചനം വേണോ?” ഞാൻ ഉച്ചത്തിലാണ് സംസാരിച്ചത്.

“ഡിവോഴ്സ് എന്ന വാക്ക് പോലും ഞാൻ ഉച്ചരിച്ചിട്ടില്ലല്ലോ കവിതാ.” നികേഷ് വല്ലാതായി.

ഇങ്ങോട്ട് പെരുമാറുന്നതു പോലെ അങ്ങോട്ടും പെരുമാറിയാൽ സംഗതി സോൾവ് ആകുമെന്ന് എിക്കറിയാമായിരുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. വിഷം തീണ്ടിയാൽ മരുന്നായി നൽകുന്നതും വിഷം തന്നെയല്ലേ. സംഗതി ഏറ്റു എന്നാണ് തോന്നുന്നത്. പുള്ളിയുടെ നിലപാട് അയയാൻ തുടങ്ങി.

“കവിതേ, ശാന്തയാവൂ. നാട്ടുകാർ കേൾക്കും.” നികേഷ് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“ഭാര്യയെ സംശയിക്കാൻ നാണമില്ലേ? അതും വല്ലവരും പറഞ്ഞതു കേട്ട്. ഞാൻ പരിശുദ്ധയാണോ എന്ന് നിങ്ങൾക്ക് മനസ്സാക്ഷിയെ വഞ്ചിക്കാതെ ചോദിക്കാൻ പറ്റുമോ? നിങ്ങളടെ കഴിഞ്ഞകാല ജീവിതം നിങ്ങളെ അതിനനുവദിക്കുമോ?”

“പക്ഷേ കവിതേ, നീ ചാരിത്രഹീനയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ?”

“നിങ്ങളാണ് കള്ളം പറയുന്നത്.” ഞാൻ വയലന്‍റായി.

“അല്ല കവിതേ, ഞാൻ സത്യമാണ് പറയുന്നത്. പ്ലീസ് ഒന്നടങ്ങൂ.” നികേഷ് ശാന്തനായി പറഞ്ഞു.

“പിന്നെ ഞാനിരുന്ന സോഫയ്ക്കരികിൽ വന്നിരുന്ന് എന്നെ ചുംബിക്കാൻ ആഞ്ഞു.

“എന്നെ തൊടരുത്” കനത്ത ശബ്ദമായിരുന്നു അപ്പോൾ എനിക്ക്. ഞാൻ മുഖം തിരിച്ചു കളഞ്ഞു.

“ഡോണ്ട് ബി സ്റ്റുപ്പിഡ് കവിത” നികേഷ് എന്‍റെ കൈയിൽ കയറി പിടിച്ചു.

“ഞാൻ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യത്തിനാണ് നീ ചൂടാവുന്നത്. നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്… ഞാൻ പറയാത്ത ഒരു കാര്യത്തിന് നീ എന്തിനാണ് ടെൻഷനടിക്കുന്നത്.”

സ്വയം പരിശുദ്ധമാക്കപ്പെട്ട ഒരാളുടെ മനസ്സ് അന്നേരം ഞാനറിഞ്ഞു. നികേഷിന്‍റെ കണ്ണുനീരിൽ അയാൾ എനിക്കായി ഒളിപ്പിച്ചു വച്ച സ്നേഹം ഞാൻ കണ്ടു. ഉള്ളിലുള്ളതാണല്ലോ കണ്ണുനീരായി എപ്പോഴും പുറത്തേക്കൊഴുകുക. അവനെ നഷ്ടപ്പെടാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല. എന്നെ വിട്ട് പോവാൻ കഴിയാത്ത എന്തോ ഞാനും നികേഷിന് കൊടുത്തു കൊണ്ടിരുന്നു…

നിലാവിൽ ഞാൻ നിന്‍റെ ശരീരം വായിക്കുമ്പോൾ അറിയുന്നു ഞാൻ നിന്‍റെ പ്രണയത്തിന്‍റെ രക്തയോട്ടം…

ഒരു കവിത മൂളിക്കൊണ്ടാണ് അന്ന് രാത്രി നികേഷ് എന്‍റെയരികിൽ കിടക്കാൻ വന്നത്. ഒരിക്കലും വിട്ട് പിരിയാൻ കഴിയാത്തവിധം ഒന്നായി ജീവിക്കാൻ പ്രപഞ്ചം ഞങ്ങൾക്കായി ഒരുക്കിവച്ച രാത്രിയായിരുന്നു അത്.

ആ രാത്രിക്കു ശേഷം നികേഷ് ഒരിക്കലും എന്നെയും ഞാൻ നികേഷിനെയും പഴി ചാരിയിട്ടില്ല.

ഞങ്ങളുടെ സ്നേഹത്തിന് നക്ഷത്രങ്ങൾ സാക്ഷിയായി.

और कहानियां पढ़ने के लिए क्लिक करें...