ചോദ്യം: 35 വയസ്സുള്ള വിവാഹിതനാണ് ഞാൻ. എന്‍റേത് ഇടത്തരം കുടുംബമാണ്. ഭാര്യാവീട്ടുകാർ സമ്പന്നരാണ്. എന്‍റെ ജോലി കണ്ടിട്ടാണ് അവർ ഈ വിവാഹം നടത്തിയത്. സർക്കാർ വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറാണ് ഞാൻ. എന്‍റെ വീട്ടുകാരോട് ഭാര്യ വളരെ മോശമായിട്ടണ് പെരുമാറുന്നത്. ചിലപ്പോൾ അവളുടെ പെരുമാറ്റം അതിരു കടക്കാറുണ്ട്. ഇതു കാരണം എനിക്ക് അവധി ദിവസങ്ങളിൽ പോലും വീട്ടിലിരിക്കാൻ തോന്നാറില്ല.
അടുത്തിടെ അവളുടെ അച്ഛൻ അവളുടെ പേരിൽ ഒരു വീട് വാങ്ങി. ഞാനും ഭാര്യയും പുതിയ വീട്ടിലേക്ക് മാറി താമസിക്കണമെന്നാണ് അവർ പറയുന്നത്. എനിക്കെന്‍റെ മാതാപിതാക്കളേയും പെങ്ങളേയും ഉപേക്ഷിച്ച് എങ്ങനെയാണ് പോകാനാവുക? ഭാര്യയുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് എന്‍റെ മാതാപിതാക്കളും പറയുന്നത്.
പ്രശാന്ത്, കൊട്ടാരക്കര
ഉത്തരം: സ്വഭാവമഹിമ, ജോലി, സാമ്പത്തികം, സൗന്ദര്യം എന്നീ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇരുവീട്ടുകാരും വിവാഹബന്ധം ഉറപ്പിക്കുക. ഏകദേശം എല്ലാ കാര്യത്തിലും യോജിപ്പിലെത്തിയ ശേഷമാവും വിവാഹം നടത്തുന്നത്. ഇതിനൊക്കെ നേർവിപരീതമായും വിവാഹബന്ധങ്ങൾ ഉറപ്പിക്കാറുണ്ട്. ഇത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സാമ്പത്തികമായി അന്തരമുള്ള രണ്ട് കുടുംബ പശ്ചാത്തലങ്ങളാണ് നിങ്ങളുടേത്. അതാണ് പ്രശ്നം. നിങ്ങൾ ഭാര്യയുടെ ആഗ്രഹപ്രകാരം മാറി താമസിക്കുക. അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഒരിക്കലും മനസമാധാനമുണ്ടാവണമെന്നില്ല. മാറി താമസിച്ചുവെന്ന് കരുതി നിങ്ങൾ മാതാപിതാക്കളിൽ നിന്നും വേർപെട്ടു പോവുകയില്ലല്ലോ. മാതാപിതാക്കൾക്ക് വേണ്ടതെല്ലാം ചെയ്യാൻ ഇനിയും ശ്രദ്ധിച്ചാൽ മതി.
ചോദ്യം: 15 വയസ്സുള്ള മകന്‍റെ പെരുമാറ്റമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. അവൻ പഠനകാര്യങ്ങളിൽ മിടുക്കനാണ്. അടുത്തിടെയായി അവൻ തർക്കുത്തരം പറയാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ പറയുന്നതൊന്നും അവൻ അനുസരിക്കറേയില്ല. എന്തെങ്കിലും ചോദിച്ചാൽ പെട്ടെന്ന് ദേഷ്യം വരും. അച്ഛനുമായി അവനൊട്ടും യോജിക്കാറില്ല. ഒരിക്കൽ അച്ഛൻ വഴക്കു പറഞ്ഞതിന്‍റെ പേരിൽ അവൻ വീട്ടിൽ നിന്നും ഇറങ്ങി പോവുക വരെ ചെയ്തു. പിന്നീട് രാത്രി ഏറെ കഴിഞ്ഞ് ഞങ്ങൾ അവനെ അടുത്തുള്ള പാർക്കിൽ നിന്നും തേടിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. അതിനു ശേഷം ഭർത്താവ് അവനോട് ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവന്‍റെ പെരുമാറ്റം മൂലം എന്‍റെ ബ്ലഡ് പ്രഷർ നില കൂടിയിരിക്കുകയാണ്. ഞാനെന്താണ് ചെയ്യേണ്ടത്?
ശാന്തി, കടവന്ത്ര
ഉത്തരം: കൗമാരപ്രായക്കാരായ കുട്ടികൾ, പ്രത്യേകിച്ച് ആൺകുട്ടികൾ ദേഷ്യവും അസ്വസ്ഥതയും കാട്ടുക സ്വാഭാവികമാണ്. ഈ സമയത്ത് ആരെങ്കിലും അവരെ എതിർക്കുകയോ തിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ അവർ ദേഷ്യം കാണിച്ചെന്നു വരും. നിങ്ങളുടെ മകനും ഈ ഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ.
അതുകൊണ്ട് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കണം. അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ മാത്രം മകനെ നിയന്ത്രിക്കാം. അതും സ്നേഹപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. ഒരിക്കലും മകനെ തല്ലുകയോ ശാരീരികമായി ഉപദ്രവിക്കുകയോ അരുത്. അച്ഛൻ പറയുന്നതിനേക്കാൾ അമ്മ പറയുന്നതാണ് അവന് സ്വീകാര്യമെങ്കിൽ നിങ്ങൾക്ക് അവനെ തിരുത്താവുന്നതേയുള്ളൂ. അച്ഛനമ്മമാർ മക്കളുടെ നന്മ മാത്രമേ ആഗ്രഹിക്കാറുള്ളൂ. അതുകൊണ്ടാണ് അവർ മക്കളെ ശരിയായ വഴിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നതെന്നും മകനെ ധരിപ്പിക്കുക. വീട്ടിൽ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മകനും വ്യക്തിത്വമുണ്ടെന്ന് മറക്കരുത്. മക്കളുമായിട്ടുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കണം.
ചോദ്യം: 30 വയസ്സുള്ള യുവാവാണ് ഞാൻ. അയൽപക്കത്തുള്ള പെൺകുട്ടിയേയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്. ഞങ്ങളുടേത് പ്രണയ വിവാഹമാണ്. വീട്ടിൽ വന്ന നാൾ തൊട്ട് ഭാര്യ ഒരു ജോലിയും ചെയ്യാറില്ല. എന്‍റെ അമ്മയാണ് വീട്ടിലെ സകല ജോലികളും ചെയ്യുന്നത്. എന്നെ അവൾക്ക് ജീവനാണ്. ഞാൻ പറയുന്നത് അനുസരിക്കുകയും ചെയ്യും. പക്ഷേ സ്വന്തം വീട്ടിൽ പോയി വന്നാൽ അവളുടെ മട്ടാകെ മാറും. അവളുടെ അമ്മ ഓരോന്നും പറഞ്ഞ് വിടും. അതനുസരിച്ചാണ് അവൾ പെരുമാറുക. ഇപ്പോൾ ഞാനാകെ അസ്വസ്ഥനാണ്. ഈ വിവാഹം വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു.
പരി, തലശ്ശേരി
ഉത്തരം: നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട്. പ്രണയത്തിലായിരിക്കുമ്പോൾ യാഥാർത്ഥ്യ ജീവിതവുമായി തൊട്ടു നിൽക്കാത്ത അവസ്ഥയിലായിരിക്കും. ആ സമയത്ത് ജീവിതത്തിലെ കടുത്ത യാഥാർത്ഥ്യങ്ങളെക്കുറിച്ചൊന്നും ആരും ചിന്തിക്കുക പോലും ചെയ്യാറില്ല. പ്രണയ വിവാഹം ചെയ്തവരെ സംബന്ധിച്ച് ഈയൊരു കുറവ് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അറേഞ്ച്ഡ് മാര്യേജിലും ഇത് സംഭവിക്കില്ലെന്നല്ല. പ്രണയിക്കുമ്പോൾ കാമുകനും കാമുകിയും പരസ്പരം നല്ലവശങ്ങൾ മാത്രമേ കാണാറുള്ളൂ. പങ്കാളിയിലെ കുറവുകൾ ആ സമയത്ത് ഒരു വിഷയമാകണമെന്നില്ല. എല്ലാ പ്രണയവിവാഹങ്ങളിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ പ്രതീക്ഷ കൈവെടിയുകയല്ല നിങ്ങൾ ചെയ്യേണ്ടത്. കാര്യങ്ങൾ സമചിത്തതയോടെ സമീപിക്കുകയാണ്. നിങ്ങളുടെ പ്രതീക്ഷകളേയും സ്വപ്നങ്ങളേയും കുറിച്ച് ഭാര്യയുമായി ചർച്ച ചെയ്യുക. തുറന്ന് സംസാരിക്കുന്നത് കാര്യങ്ങൾ നേരെയാവാൻ സഹായിക്കും. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഭാര്യയ്ക്ക് ഇത് അവസരമൊരുക്കും. അതുപോലെ തന്നെ പ്രധാനമാണ് നിങ്ങൾ ഭാര്യയുടെ മനസ്സറിയാൻ ശ്രമിക്കുന്നതും.