സ്ത്രീയുടെ ജീവിതം കടങ്കഥ പോലെയാണ്. ചിലപ്പോൾ ദുഃഖം… മറ്റു ചിലപ്പോൾ തികഞ്ഞ നിസ്സംഗത… നിശബ്ദമായ വേദനകളുടെ കൂടാരത്തിനുള്ളിൽ അവൾക്ക് സ്വയം ഒതുങ്ങേണ്ടി വരും, പലപ്പോഴും. മാതാപിതാക്കൾക്ക് മക്കളെല്ലാം ഒരുപോലെയാണെന്ന് പൊതുവേ പറയാം. പക്ഷേ, സത്യാവസ്ഥ അതായിരിക്കണമെന്നില്ല.
മക്കളോടുള്ള അവരുടെ സ്നേഹത്തിന്‍റെ അളവുകോലിലും കൃത്യമായ വേർതിരിവുകൾ ഉണ്ടായിരിക്കും. ഞാനത് വിശ്വസിക്കുന്നു. കാരണം, ഞാനെപ്പോഴും ഈ കൊടും അനീതിക്ക് ഇരയായിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടേ ഇത് സഹിച്ചു വരികയാണ് ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിയോഗി സഹോദരി പ്രമീളയായിരുന്നു. ഞങ്ങൾ ഇരു സഹോദരിമാരിൽ അച്‌ഛനമ്മമാർക്ക് ഏറെ പ്രിയപ്പെട്ടവൾ പ്രമീളചേച്ചി തന്നെയായിരുന്നു.
ഞാനും പ്രമീളചേച്ചിയും തമ്മിൽ ഒന്നര വയസ്സിന്‍റെ വ്യത്യാസമുണ്ട്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീണ്ടുമൊരു പെൺകുട്ടി വന്നതിനാലാകണം അച്‌ഛനമ്മമാർ എന്‍റെ അസ്തിത്വത്തെ അംഗീകരിച്ചില്ല. വീട്ടിലെപ്പോഴും ചേച്ചി മാത്രം നിറഞ്ഞു നിന്നു. അച്‌ഛനും അമ്മയും ചേച്ചി പറയുന്നത് മാത്രം കേട്ടു.
വീട്ടിൽ എന്ത് സാധനം വാങ്ങിയാലും ചേച്ചി ആദ്യം അത് സ്വന്തമാക്കുമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ച് ഡ്രസ്സ് വാങ്ങിയാൽ അതിൽ ഏറ്റവും നല്ലത് പ്രമീളചേച്ചി ആദ്യമേ സ്വന്തമാക്കും.
ആ സമയത്തൊക്കെ അമ്മ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്, “അവൾ നിന്നെക്കാൾ മൂത്തതല്ലേ, നിന്‍റെ ചേച്ചിയല്ലേ, അവൾക്കതിനുള്ള അവകാശമുണ്ട്.”
ചെറുതും വലുതുമെന്നുള്ളതിന്‍റെ പേരിലുള്ള അമ്മയുടെ ഈ തരം തിരിവ് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇത്തരം വേർതിരിവുകൾ എനിക്കുണ്ടാക്കിയ വേദന സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷേ ഇതെന്‍റെ മാത്രം കഥയായിരിക്കില്ല. പല വീടുകളിലും നാലു ചുവരുകൾക്കുള്ളിൽ എന്നെപ്പോലെ അനേകം പേർ വേദന സഹിച്ച് കഴിയുന്നുണ്ടാവും.
ഇങ്ങനെ എത്രയോ വർഷങ്ങൾ, അതിനിടെ ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ എനിക്ക് ഏതായാലും നല്ലൊരു ബന്ധം വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തെക്കുറിച്ച് ഞാനത്ര ബോധവതിയുമായിരുന്നില്ല. പക്ഷേ, തുടർച്ചയായി കല്യാണാലോചനകൾ വന്നത് എനിക്ക് വേണ്ടിയായിരുന്നു. പ്രമീളചേച്ചിയെ ആലോചിക്കാതെ എന്നെ ആരെങ്കിലും വിവാഹമാലോചിച്ച് വരുന്നതിൽ ഞാനെന്ത് പിഴച്ചു?
അതോടെ പ്രമീളചേച്ചിക്ക് ഞാൻ പ്രധാന എതിരാളിയായി. ആരെങ്കിലും എനിക്കു വേണ്ടി കല്യാണമാലോചിച്ച് വന്നാൽ ചേച്ചി വീടു മുഴുവനും ഇളക്കിമറിക്കുമായിരുന്നു. അമ്മ പിന്നെ ചേച്ചിയെ ആശ്വസിപ്പിക്കാനായി പിറകെ നടക്കും.
കാര്യങ്ങൾ പ്രതികൂലമായി തുടങ്ങിയതോടെ പ്രമീളചേച്ചിക്കും അച്‌ഛനും അമ്മയ്ക്കും ആധിയായി തുടങ്ങി. ആ അസ്വസ്ഥതയുടേയും നിരാശയുടേയും ഫലമായാണ് വീട്ടിലെ ആദ്യത്തെ മരുമകനായി ഹരിയേട്ടൻ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രമീളചേച്ചിയുടെ വിവാഹം നടത്തണമെന്ന വാശിയിലാണ് ഹരിയേട്ടനുമായി ചേച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഒരിക്കലും ഈ വീട്ടിൽ മരുമകനായി എത്താൻ യാതൊരു യോഗ്യതയുമില്ലാത്തവൻ.
അയാളുടെ നോട്ടത്തിലും ഭാവത്തിലുമുള്ള കാമം ഞാൻ ആദ്യമേ കണ്ടതാണ്. ചേച്ചിയുടെ കഴുത്തിൽ തൊലി കെട്ടുമ്പോൾ പോലും അയാളുടെ കണ്ണുകൾ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നത് ഞാൻ നിസ്സഹായതയോടെ അറിഞ്ഞു.
അയാൾ സമ്പന്നനായിരുന്നുവെങ്കിലും സ്വഭാവത്തിൽ മഹാമോശമായിരുന്നു. ഒരു മദ്യപാനി. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുന്നത്.
ആദ്യമായി വീട്ടിൽ വിരുന്നിനെത്തിയ ദിവസം അയാൾ മദ്യപിച്ചിരുന്നു. മരുകമനായതിനാൽ അച്‌ഛനുമമ്മയും ഒന്നും പറഞ്ഞില്ല.
ഇതിനിടെയാണ് അയാൾ എല്ലാവരുടേയും കണ്ണുവെട്ടിച്ച് എന്‍റെയടുത്തു വന്ന് മോശമായി പെരുമാറാൻ തുടങ്ങിയത്. അതോടെ അയാളുടെ മനസ്സിലിരുപ്പ് എനിക്ക് മനസ്സിലായി. ഞാൻ പരമാവധി ഒഴിഞ്ഞു നിന്നു. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഞാൻ നിശബ്ദത പാലിച്ചു. അയാളുടെ ലക്ഷ്യമെന്താണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കണ്ണുകളിൽ വേട്ടനായ്ക്കളുടേതിന് സമാനമായ ക്രൗര്യം… ഒരവസരത്തിന് കാത്തു നിൽക്കുന്ന വേട്ടമൃഗം.
ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഞാൻ സ്വയം രക്ഷപ്പെടാനായി ശ്രമിച്ചു കൊണ്ടിരുന്നു. താൻ എന്ത് ആഗ്രഹിക്കുന്നുവെന്ന് അയാൾ ഓരോ ചലനത്തിലും വ്യക്‌തമാക്കിക്കൊണ്ടിരുന്നു. തമാശമട്ടിൽ ദ്വയാർത്ഥപദങ്ങൾ പ്രയോഗിച്ച് അയാൾ തന്‍റെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടിരുന്നു. എല്ലാമറിഞ്ഞിട്ടും അയാളെ തടയുന്നതിന് പകരം പ്രമീളചേച്ചി ഇത്തരമവസരങ്ങളിൽ പൊട്ടിച്ചിരിച്ചു. ഭർത്താവിന്‍റെ സ്മാർട്ട്നെസ്സിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയായിരുന്നു ചേച്ചി.
ഹരിയേട്ടനെയും കൂട്ടി പ്രമീളചേച്ചി ഏത് സമയത്തും വീട്ടിൽ കടന്നുവരും. ചിലപ്പോൾ രാത്രി ഭക്ഷണം കഴിച്ചിട്ടാവും അവർ മടങ്ങിപ്പോവുക. ചിലപ്പോൾ പല രാത്രികളിലും വീട്ടിൽ തങ്ങാറുമുണ്ട്.
മരുമകന്‍റെ അസ്വഭാവിക പെരുമാറ്റം വീട്ടിലെ അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചിരുന്നു.
അച്‌ഛന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നില്ല. എന്നാൽ മരുമകനെ സൽക്കരിക്കാനായി അച്‌ഛൻ വിലയേറിയ വിദേശമദ്യം വീട്ടിൽ കരുതിവച്ചു. മാത്രമല്ല അച്‌ഛനും മരുമകനൊപ്പം ചെറിയ തോതിൽ മദ്യപിക്കാനും തുടങ്ങി.
വീട്ടിൽ കയറി വന്ന് ഹരിയേട്ടൻ നടത്തുന്ന ഇടപെടലുകൾ എന്‍റെയുള്ളിൽ ഭീതി നിറച്ചു. പ്രമീളചേച്ചിയോടൊപ്പം കൂടെക്കൂടെ വീട്ടിൽ കടന്നുവരുന്ന ഹരിയേട്ടന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഞാനല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.
അമ്മയെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു, “എനിക്ക് കിട്ടിയ മരുമകൻ നല്ലവനാ. കുറച്ചു ദിവസങ്ങൾ കൊണ്ട് അവനെനിക്ക് സ്വന്തമായതുപോലെ. ഒരു മരുമകനെപ്പോലെയല്ല അവൻ പെരുമാറുന്നത്.”
വീട്ടിൽ അവർക്കായ് ഒരു മുറി തന്നെയുണ്ടായിരുന്നു. ഞാൻ പരമാവധി ആ മുറിയിൽ പോകാതെ കഴിച്ചു കൂട്ടി. ഒരു ദിവസം അമ്മ പറഞ്ഞതനുസരിച്ച് ഞാൻ ചേട്ടനും ചേച്ചിക്കുമായ് ചായയുമായി മുറിയിൽ ചെന്നു. ആ സമയത്ത് പ്രമീളചേച്ചി ബാത്ത്റൂമിലായിരുന്നു.
ചേച്ചി മുറിയിലില്ലെന്ന് മനസ്സിലായതോടെ ചായ മേശപ്പുറത്ത് വച്ചശേഷം ഞാൻ തിരികെ പോരാൻ ഒരുങ്ങുന്നതിനിടെ ഹരിയേട്ടൻ എന്‍റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ ഞൊടിയിട നേരം അയാളുടെ കൈ വിടുവിച്ച് മുറിക്ക് പുറത്തേക്കോടി. അടുക്കളയിൽ അമ്മയുടെ അടുത്തു വന്ന് നിൽക്കുമ്പോഴും എന്‍റെ കിതപ്പ് മാറിയിരുന്നില്ല.
“എന്ത് പറ്റി? എന്താ നീയിങ്ങനെ കിതയ്ക്കുന്നത്?” എന്‍റെ നില്പ് കണ്ടിട്ട് അമ്മ ചോദിച്ചു.
“ഒന്നുമില്ല. എന്‍റെ കാലൊന്ന് തെറ്റി.” അമ്മയോട് ഞാൻ മനഃപൂർവ്വം കള്ളം പറഞ്ഞു. ഒരുപക്ഷേ, ഞാൻ വലിയൊരു തെറ്റാവാം ചെയ്‌തത്. പക്ഷേ കുടുംബബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതിരിക്കാൻ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെയിരിക്കണം. പക്ഷേ ഭാവിയിൽ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടി വരും. ഞാനനുഭവിക്കും പോലെ.
കുടുംബത്തിനും ബന്ധങ്ങൾക്കും വേണ്ടി ഞാൻ നിശബ്ദയായിരിക്കുന്നതിനോട് നിങ്ങൾക്ക് വിയോജിപ്പ് തോന്നാം.
പക്ഷേ ഇവിടെ ഞാൻ നിസ്സഹായയാണ്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. ഞാൻ എന്തെല്ലാം ഒഴിവു കഴിവുകൾ പറഞ്ഞിട്ടും അമ്മയത് മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തവളെപ്പോലെ പെരുമാറുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ, അമ്മയും നിസ്സഹായതയുടെ കൂടിനുള്ളിലായിരിക്കും.
പിന്നീടൊരിക്കലും അമ്മ എന്നെ പ്രമീളചേച്ചിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടില്ല. പക്ഷേ അതുകൊണ്ടെന്ത് സംഭവിക്കാനാ?
ഹരിയേട്ടനെന്ന വൃത്തികെട്ട മനുഷ്യന്‍റെ തരംതാണ പ്രവൃത്തികൾ സഹിക്കവയ്യാതെ ചേച്ചിയോട് അത് ഞാൻ സൂചിപ്പിക്കുക തന്നെ ചെയ്‌തു. പക്ഷേ അതോടെ ചേച്ചിക്ക് എന്നോടുള്ള വെറുപ്പും കൂടി.
“ചേച്ചി, കൂടുതലൊന്നും എനിക്ക് പറയാൻ താല്പര്യമില്ല. പരിധിവിട്ട് പെരുമാറരുതെന്ന് ചേട്ടനോട് പറയണം.” എന്നു മാത്രമേ ഞാൻ ചേച്ചിയോട് പറഞ്ഞുള്ളൂ.
അതോടെ ചേച്ചി ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി, “ഓഹോ, ചേട്ടൻ പറയുന്ന തമാശകൾ നിനക്ക് വയ്യ അല്ലേ, ഞാനും എന്‍റെ ഭർത്താവും ഇവിടെ വരരുതെന്നല്ലേ നീ സൂചിപ്പിക്കുന്നത്? ശരിയാണ്, എനിക്ക് ഈ വീട്ടിൽ എന്താ കാര്യം?”
“ഞാനങ്ങനെ പറഞ്ഞില്ലല്ലോ ചേച്ചീ?” വേദന കൊണ്ട് എന്‍റെ മനസ്സ് പിടഞ്ഞു.
എല്ലാം അറിയാമായിരുന്നിട്ടും അമ്മ നിശബ്ദയായിരുന്നു. ഇതിനിടെ പ്രമീളചേച്ചി ഗർഭിണിയായി. കോംപ്ലിക്കേഷൻ ഉള്ളതിനാൽ പ്രമീളചേച്ചിയോട് വളരെ സൂക്ഷിക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിരുന്നു. അതുകൊണ്ട് പ്രസവത്തിന് മൂന്നുമാസം മുമ്പേ തന്നെ അമ്മ ചേച്ചിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു.
ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്തോറും… വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരുന്നു.
പ്രമീളചേച്ചി വന്നശേഷം ഹരിയേട്ടനും വീട്ടിൽ വരുന്നത് പതിവായി. അയാളുടെ ചുണ്ടുകളിൽ കാമാർത്തമായ ചിരി വിടർന്നു. കണ്ണുകളിൽ എന്നോടുള്ള പരിഹാസച്ചുവ. നിസ്സഹായയായതിനാൽ ഞാൻ ഉള്ളിന്‍റെയുള്ളിൽ ഉരുകിക്കൊണ്ടിരുന്നു.
പ്രമീളചേച്ചി എന്‍റെ വിഷമം മനസ്സിലാക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതുണ്ടായില്ല.
മനസ്സിൽ ആശങ്കകൾ നിറഞ്ഞപ്പോൾ അമ്മയോട് ചേട്ടനെപ്പറ്റി പറയണമെന്ന് തന്നെ വിചാരിച്ചു. പക്ഷേ അമ്മയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അറിയില്ല.
പക്ഷേ… അമ്മയോടെല്ലാം പറയുന്നതിന് മുമ്പ്…
അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മ ചേച്ചിയെയും കൊണ്ട് ഡോകടറുടെ അടുത്ത് പതിവ് ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. ഒരുപക്ഷേ, ഡോക്ടറുടെ അടുത്ത് പോകുന്ന വിവരം അമ്മയോ ചേച്ചിയോ ഫോണിലൂടെ ചേട്ടനെ ധരിപ്പിച്ചിരിക്കണം. അവർ പോയയുടനെ തന്നെ ഹരിയേട്ടൻ വീട്ടിലെത്തി. വാതിൽ തുറന്നിട്ടിരുന്നതിനാൽ അയാൾക്ക് അനായാസം അകത്തു വരാനായി.
അയാളെ കണ്ടപ്പോഴേ എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അയാൾ വന്നപാടെ ചുറ്റും നോക്കിയ ശേഷം പ്രമീളചേച്ചിയെപ്പറ്റി ചോദിച്ചു. ചേച്ചിയും അമ്മയും കൂടി ഡോക്ടറുടെ അടുത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞ ശേഷം ചേട്ടനോട് ഇരിക്കാൻ പറഞ്ഞു. ചായയെടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി.
പിന്നാലെ വന്ന അയാൾ എന്‍റെ കൈയിൽ കടന്നു പിടിച്ചു. “ഇന്നെനിക്ക് ചായയല്ല വേണ്ടത്. മറ്റൊന്നാണ്… എന്‍റെ സുന്ദരിക്കുട്ടീ, ഞാനെത്ര നാളായി കൊതിക്കുന്നതാ…” അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ആവേശം നിറയുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. കൈ വിടുവിക്കാനായി ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷേ അയാൾ എന്നെ ശക്തിയോടെ വലിച്ചടുപ്പിച്ചു.
“വിടെന്നെ… നിങ്ങൾക്ക് നാണമില്ലേ? പ്രമീളചേച്ചിയെ ഓർത്തെങ്കിലും.”
അയാളുടെ കൈകളിൽ നിന്ന് കുതറി മാറാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ എന്നെ കീഴടക്കി. എന്‍റെ നിഷ്ഫലമായ ചെറുത്തു നില്പുകൾ… വേട്ടമൃഗത്തെപ്പോലെ അയാൾ ചീറിയടുത്തു. ഒടുവിൽ വിജയിയുടെ ഭാവത്തിൽ അയാളെന്നെ നോക്കി ചിരിച്ചു. കണ്ണീരിനും വേദനയ്ക്കുമിടയിൽ അയാളുടെ മുഖം അവ്യക്‌തമായി. അയാളെ പിച്ചിച്ചീന്തി കൊല്ലാനുള്ള ദേഷ്യം എന്‍റെ മനസ്സിൽ നിറഞ്ഞു. പക്ഷേ…
കുറേ സമയം കഴിഞ്ഞ് അമ്മ ചേച്ചിയെയും കൂട്ടി വീട്ടിൽ മടങ്ങിയെത്തി. പ്രമീളചേച്ചി വന്നയുടനെ സ്വന്തം മുറിയിലേക്ക് പോയി. അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അമ്മയെ ഞാൻ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
“അമ്മേ… ഞാൻ… എനിക്കെല്ലാം നഷ്ടപ്പെട്ടു.” വാക്കുകൾ കിട്ടാതെ ഞാൻ അമ്മയെ ഇറുക്കിപ്പിടിച്ചു.
അമ്മയും ഒരു സ്ത്രീയല്ലേ. എന്‍റെ ഈ ചുരുങ്ങിയ വാക്കുകൾ മതിയായിരുന്നു അമ്മയ്ക്ക് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ.
“ഞങ്ങളില്ലാത്തപ്പോൾ ആരാ ഇവിടെ വന്നത്?” കണ്ണുനീരുവീണു നനഞ്ഞ എന്‍റെ മുഖമുയർത്തി പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.
ഹരിയേട്ടനെന്ന് പറഞ്ഞു തീരും മുമ്പേ അമ്മ എന്‍റെ വായ്പൊത്തി. എന്നെ പിടിച്ചു വലിച്ചു കൊണ്ട് പിന്നിലെ മുറിയിലേക്കു നടന്നു. സ്റ്റോർ റൂമായിരുന്നു അത്. മുറിക്കകത്ത് കയറിയ ഉടനെ അമ്മ വാതിലടച്ച് കുറ്റിയിട്ടു. അമ്മയുടെ ശ്വാസോച്ഛ്വാസം ഉയർന്നു.
“സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇനി ഇതേക്കുറിച്ച് മിണ്ടരുത്. ഇതാരോടും പറയരുത്. അല്ലെങ്കിൽ ഈ വീട്ടിലെ സമാധാനം എന്നേക്കുമായി നശിച്ചു പോകും. ഏതൊരു സ്ത്രീക്കും ഇത്തരമനുഭവമുണ്ടാകാം. നീ ഇത് ആരോടും പറയരുത്.”
ഷോക്കടിച്ചതു പോലെ ഞാൻ അമ്മയുടെ മുഖത്ത് ഒരു നിമിഷം നോക്കി നിന്നു. പവിത്രമെന്ന് സങ്കല്പിക്കുന്ന കുടുംബബന്ധങ്ങളുടെ പേരിൽ ഒരിക്കൽ കൂടി ഞാൻ നിശബ്ദയാവണം.
എന്‍റെ തകർന്നടിഞ്ഞ സ്ത്രീത്വത്തിനേക്കാൾ എത്രയോ ഉയരെയാണ് ഈ വീട്ടിലെ ബന്ധങ്ങൾ… പ്രമീളചേച്ചിയുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്… അതിന് മുന്നിൽ എന്‍റെ ജീവിതത്തിന് എന്ത് വിലയാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത് നഷ്ടമായിട്ടും. നീതി നിഷേധങ്ങൾ ഏറ്റുവാങ്ങാൻ പിന്നേയും ജീവിതം ബാക്കി…