പിരമിഡുകളുടെ നാടാണ് ഈജിപ്ത്. തനാതനമായ പുരാതന ശില്പചാരുതയുടെ പേരിൽ ലോകപ്രശസ്തം. കല്ലിൽ കൊത്തിയ കലാവിരുതിന്‍റെ മകുടോദാഹരണമാണ് ഈജിപ്തിലെ അബു സിംബൽ ക്ഷേത്രം. മനോഹരമായ ഈ ദേവാലയം സന്ദർശിക്കാൻ ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി ഇവിടെ എത്തിക്കൊണ്ടിരുന്നത്. കൊറോണ കാരണം ടൂറിസംമേഖല പ്രതിസന്ധിയിലാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.
ഈജിപ്തിനെക്കുറിച്ച് പരാമർശിക്കുമ്പോൾ ഗിസാ പിരമിഡുകൾക്കു ശേഷം അബു സിംബൽ ക്ഷേത്രത്തെക്കുറിച്ചറിയാനാവും യാത്രക്കാർക്കും വായനക്കാർക്കും ആകാംഷ.
അസ്വാൻ അണക്കെട്ടു നിർമ്മാണം ആലോചനയിലിരിക്കുന്ന കാലത്തുതന്നെ ക്ഷേത്ര സംരക്ഷണത്തിനായി പലതരത്തിലുള്ള ഉപായങ്ങൾ കൈക്കൊണ്ടു. 1960ൽ അണക്കെട്ടിലെ വെള്ളം ഉയർന്നപ്പോൾ ക്ഷേത്രം തകർന്നു പോകുമെന്നും പുരാവസ്തു ശാസ്ത്ര പ്രാധാന്യമേറിയ ഇതിലെ അമൂല്യ ശില്പങ്ങൾ നഷ്ടമായിപ്പോകുമെന്നുള്ള ആശങ്ക കാരണം ക്ഷേത്രം ഒരു പർവ്വതത്തിനു മുകളിലേക്കു മാറ്റുകയായിരുന്നു. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പൈതൃകസമ്പത്ത് മുങ്ങിത്താഴാതിരിക്കാനായി ഓരോ കല്ലും സശ്രദ്ധം മുറിച്ചെടുത്ത് പർവ്വതത്തിനു മീതെ കൊണ്ടു വച്ച് അതേപടി ക്ഷേത്രം പടുത്തുയർത്തുകയായിരുന്നു.
ഈജിപ്ത്- സുഡാൻ അതിർത്തിയിൽ പണി തീർത്തിരിക്കുന്ന രണ്ടു ക്ഷേത്രസമുച്ചയങ്ങൾ ചേർന്നതാണ് അബു സിംബൽ. നൈൽ നദിയുടെ പടിഞ്ഞാറെ തീരത്ത് നിർമ്മിച്ചിരിക്കുന്ന അസ്വാൻ അണക്കെട്ടിന്‍റെ തെക്കായാണ് പ്രശസ്തമായ അബു സിംബൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 180 മൈൽ തെക്കായി ന്യൂബിയ എന്ന സ്ഥലമാണ്. ഇത് ഏയി (Ay), ഹോറംഹെബ് (Horemheb) പർവ്വതങ്ങൾ തുരന്നുണ്ടാക്കിയതാണ്.
ദ ഗ്രേറ്റ് എന്ന പേരിൽ പ്രശസ്തനായ റാംസസ് രണ്ടാമന്‍റെ കാലത്ത് പാറക്കെട്ടുകളിൽ കൊത്തിയെടുത്തതാണ് ഏഴു ക്ഷേത്രങ്ങളും. 1813 ൽ ജെ.ജെ ബർക്ഹാർട്ട് എന്ന പുരാവസ്തു ശാസ്ത്രജ്ഞാനാണ് ഈ ക്ഷേത്ര സങ്കേതങ്ങൾ ആദ്യമായി കണ്ടെത്തിയത്. റാംസസ് രണ്ടാമൻ സേത്തി രാജാവിന്‍റെ പുത്രനായിരുന്നു.
ആറിലധികം ഭാര്യമാരും നൂറിലധികം പുത്രന്മാരും സേത്തി രാജാവിനുണ്ടായിരുന്നു പോലും. 67 വർഷത്തെ ഭരണകാലയളവിൽ അനേകം സമാരകങ്ങളും അദ്ദേഹം പണികഴിപ്പിച്ചു. അബു സിംബലിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഇക്കാലയളവിൽ നിർമ്മിതമായവയാണ്.
പ്രണയിനിയുടെ സ്മരണാർത്ഥം പണി തീർത്ത റാംസസ് മേരിയാമുൻ ക്ഷേത്ര കവാടത്തിൽ റാംസസ് രണ്ടാമന്‍റെ ഭീമാകാര പ്രതിമകൾ കാണാം. ഇരട്ട മകുടം ധരിച്ചതും 67 അടി ഉയരമുള്ളതുമായ ഈ പ്രതിമകൾ ഒരു സിംഹാസനത്തിലിരിക്കുന്ന പ്രതീതിയുളവാക്കുന്നു. ഇവയെല്ലാം തന്നെ പാറക്കെട്ടുകളും പർവ്വതങ്ങളും തുരന്നുണ്ടാക്കിയവയാണ്. സിംഹാസനം ദേവതകളുടെ പ്രതീകങ്ങളാൽ അലംകൃതവുമാണ്. പ്രതിമകൾ ഗ്രീക്ക് ശൈലിയിൽ നിർമ്മിതമായവയും അതിമനോഹരവും ഹൃദയഹാരിയമാണ്.
യുദ്ധങ്ങളുടെ നേർക്കാഴ്ച
ക്ഷേത്രാങ്കണത്തിൽ സന്ദർശകർക്ക് കൈകാലുകൾ കഴുകുവാനായി രണ്ട് വലിയ ടാങ്കുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിന്‍റെ വടക്കു ഭാഗത്തായി ചെറിയൊരു സൂര്യക്ഷേത്രവുമുണ്ട്. തെക്കുഭാഗത്ത് ഥോട്ട് ദേവതയുടെ ക്ഷേത്രമാണ്. പ്രവേശനകവാടത്തിന്‍റെ മുകൾഭാഗത്തായി പരുന്തിന്‍റെ ആകാരത്തോടുകൂടിയ സൂര്യപ്രതിമയുണ്ട്. ഇതിനു മുന്നിലായി തല കുമ്പിട്ടു പൂജ ചെയ്യുന്ന റാംസസ് പ്രതിമയും കാണാം. റാംസസ് രണ്ടാമൻ വഞ്ചനയിലൂടെ നേടിയെടുത്ത വിജയഗാഥകൾ പ്രതിപാദിക്കുന്നവയാണ് ക്ഷേത്രത്തിനു പുറത്തുള്ള മാര്യേജ് സ്റ്റെല്ലാ പ്രതിമ. ഇതിൽ ഹത്തൂലിസിന്‍റെ മകളെ റാംസസ് വിവാഹം കഴിച്ചതായും വിവരിക്കുന്നുണ്ട്.
ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കുമ്പോൾ മുറികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലത്തിന്‍റെ വിസ്തീർണ്ണം കുറഞ്ഞതായി തോന്നും. ഇവിടം പ്രത്യേക മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യം കാണുന്ന വിശാലമായ ഹാൾ രാജാവിന്‍റെ 8 വലിയ സ്തൂപങ്ങൾ താങ്ങി നിർത്തിയിരിക്കുന്ന തോന്നലുളവാക്കും. ചുവരിൽ യുദ്ധ ദൃശ്യങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
അത്ഭുത ശിലാലിഖിതം
ക്ഷേത്രത്തിന്‍റെ വടക്കേ പ്രവേശന കവാടത്തിനരികെയുള്ള ചുവരിൽ, ഹിപ്പോ സ്റ്റൈലിൽ രൂപകൽപന ചെയ്തിരിക്കുന്ന ഹാളിൽ റാംസസ് അമുൻ സാന്നിദ്ധ്യം കാണാം. മുൻവശത്തെ ഹാളിനു പിന്നിലായി ചെറിയൊരു ഹാളിൽ പുരാതന കാലത്തെ ആചാരനുഷ്ഠാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. റാംസസ് രണ്ടാമന്‍റെയും ന്യൂ കിംഗ്ഡം രാജ്യത്തിലെ മൂന്നു ദേവതകളുടെയും ചിത്രങ്ങളും ഇവിടെ കാണാം.
ഈ ക്ഷേത്രത്തിന്‍റെ അച്ചുതണ്ട് ഒരു പ്രത്യേക രീതിയിലാണ് രുപകൽപന ചെയ്തിരിക്കുന്നത്. വർഷത്തിൽ രണ്ടു ദിവസം (ഫെബ്രുവരി 22, ഒക്ടോബർ 22) ഈ മൂർത്തികളിൽ ഉദയസൂര്യന്‍റെ ആദ്യകിരണങ്ങൾ കവാടത്തിലൂടെ പതിക്കത്തക്കവണ്ണമാണ് മുറികൾ സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തായി പ്രണയദേവതയായ റാംസസിന്‍റെ പത്നി നെഫർറ്റിരിയ്ക്കു വേണ്ടി ഒരു ചെറിയ ക്ഷേത്രവും നിർമ്മിച്ചിട്ടുണ്ട്. നീബ്സിന് അടുത്തുള്ള നെഫർറ്റിരിയുടെ കബറടക്കമാണിതെന്ന് തെറ്റിധരിക്കേണ്ടതില്ല.
റാംസസ് ഭവനം പോലെ തന്നെ അച്ചിൽ വാർത്ത ചുവരുകളും പാറയിൽ കൊത്തിയുണ്ടാക്കിയ 33 അടി ഉയരമുള്ള വ്യത്യസ്തമായ 6 ഭീമാകാര പ്രതിമകളുമുണ്ടിവിടെ. നാലെണ്ണെ റാംസസിന്‍റേതു രണ്ടെണ്ണം നെഫർറ്റിരിയുടേതും.
ഇതോടൊപ്പം രാജകുടുംബങ്ങളുടെ ചെറിയ പ്രതിമകളുമുണ്ട്. ഇവിടെ ചില ശിലാലിഖിതങ്ങളും കാണാം. നെഫർറ്റിരി ക്ഷേത്രത്തിനകത്ത് ആകെ ഒരു സ്തൂപമേയുള്ളൂ. ഇതിന് ഒരു സവിശേഷത കൂടിയുണ്ട്. ഏതു വശത്തുനിന്നും നോക്കിയാലും ഹിപ്പോ സ്റ്റൈൽ പ്രതീതിയുളവാക്കും. ഇതിൽ റാംസസ് ശത്രുക്കളെ നിഗ്രഹം ചെയ്ത് വിഭിന്ന ദേവതകൾക്ക് സമർപ്പിക്കുന്ന ദൃശ്യവും കാണാം. റാണി നെഫർറ്റിരിയെ അതീവ സുന്ദരിയും പ്രസന്ന ചിത്തയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിമാനം, റോഡ്, ജലമാർഗ്ഗം മുഖേന ക്ഷേത്രത്തിലെത്തി ചേരാം. ഇവിടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായ നാസിറും സ്ഥിതി ചെയ്യുന്നു.