വേനൽക്കാലം എന്നത് പൊതുവെ അവധിക്കാല സീസൺ ആണല്ലോ. ധാരാളം തണുത്ത പാനീയങ്ങൾ കുടിക്കുന്ന സമയം കൂടിയാണിത്. എന്നാൽ ഓരോ അവധിക്കാലവും വിരസമാക്കുന്ന ചില കാര്യങ്ങളുണ്ട്. അമിതമായ ചൂട്, വിയർപ്പ് എന്നിങ്ങനെ ചൂടുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളുണ്ട്. പുറത്ത് ഇറങ്ങിയാലോ ചർമ്മത്തിൽ കരുവാളിപ്പും പാടുകളും ഉണ്ടാകും എന്ന പേടി വേറെയും. മേക്കപ്പ് ചെയ്താലോ ചൂടേറ്റ് വിയർത്തൊലിച്ച് പോവുകയും ചെയ്യും.
മേക്കപ്പ് എക്സ്പെർട്ടുകൾ നിർദ്ദേശിക്കുന്ന ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ. മേക്കപ്പ് ഉരുകി അലങ്കോലമാവുകയില്ല. ഈ വേനൽക്കാലം സുന്ദരമായ തുടക്കമാവുകയും ചെയ്യും.
ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ച് മേക്കപ്പിട്ടോളൂ. മുഖസൗന്ദര്യം വർദ്ധിക്കും. മേക്കപ്പിടും മുമ്പ് സ്‌കിൻ ടോൺ എങ്ങനെയുള്ളതാണെന്ന് അറിയുക പ്രധാനമാണ്. അതറിഞ്ഞ ശേഷം യോജിച്ച ന്യൂട്രിലൈസർ, കൺസീലർ, ഫൗണ്ടേഷൻ ബേസ് എന്നിവ ഉപയോഗിക്കാം. അനുയോജ്യമായത് തെരഞ്ഞെടുത്ത് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് അത് ഫലം ചെയ്യുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം മാത്രം മേക്കപ്പ് ഇടുക. മുഖം വൃത്തിയാക്കാനായി വെറ്റ് വൈപ്‌സ് ഉപയോഗിക്കാവുന്നതാണ്.
ഫൗണ്ടേഷന് വേണ്ടി മോയിസ്ച്ച്റൈസർ ബേസ്
ഓയിൽ ഫ്രീ ആയിട്ടുള്ള എസ്പിഎഫ് അടങ്ങിയ ടിൻറഡ് മോയിസ്ച്ച്റൈസർ ബേസായി ഉപയോഗിക്കാം. ലൈറ്റ് മേക്കപ്പ് ബേസിന് സ്വയം ടിൻറഡ് മോയിസ്ച്ചറൈസർ തയ്യാറാക്കാം. കയ്യിലുള്ള സാധാരണ മോയിസ്ച്ചറൈസർ ഫൗണ്ടേഷനുമായി ചേർത്ത് ബേസ് തയ്യാറാക്കാം.
പ്രൈമർ
വേനൽ ചൂടിനെ പ്രതിരോധിച്ച് മേക്കപ്പ് ദീർഘനേരം നിലനിർത്തുന്നതിനാണ് പ്രൈമർ ഉപയോഗിക്കുന്നത്. മോയിസ്ച്ചറൈസർ ഇട്ടയുടനെ പ്രൈമർ ടച്ച് ചെയ്യണം. നെറ്റിയിലും മൂക്കിലും പ്രൈമർ നല്ലവണ്ണം റബ്ബ് ചെയ്യണം.
ലൈറ്റ് ബ്രോൺസർ
ചർമ്മത്തിന് വളരെ ലൈറ്റായി പ്രകൃതിദത്ത തിളക്കം പകരാൻ ബ്രോൺസർ സഹായിക്കും. കവിളെല്ല്, നെറ്റി എന്നിവിടങ്ങളിലേക്ക് നിറത്തിന് യോജിച്ച ഷെയ്ഡിലായുള്ള ബ്രോൺസ് തെരഞ്ഞെടുക്കാം. ഇത് മുഖത്താകമാനം ഇടേണ്ട ആവശ്യമില്ല.
കൺസീലർ
വേനൽക്കാലം ആയതിനാൽ വാട്ടർ പ്രൂഫ് കൺസീലറുകളോ കറക്ടർ പെന്നുകളോ ഉപയോഗിക്കാം. ലൈറ്റ് വെയ്റ്റായതും ഓയിൽ ഫ്രീയായതുമായ കൺസീലർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിൽ കട്ടിയായ മാർക്കായി പതിയാതിരിക്കാനാണിത്.
ലൈറ്റ് കളറുകൾ
കടുത്ത നിറങ്ങളെ അപേക്ഷിച്ച് ലൈറ്റ് കളറുകളാണ് വേനൽക്കാലത്ത് ഉപയോഗിക്കേണ്ടത്. മുഖത്തിനിത് ലൈറ്റ് മേക്കപ്പ് ഫീൽ നൽകും. അതുപോലെ ലൈറ്റായതോ ക്ലിയർ ലിപ് ലൈനറോ ഉപയോഗിക്കാം.
ഐ പ്രൈമറിന് ഒപ്പം ഐഷാഡോ
ഐഷാഡോ അപ്ലൈ ചെയ്യുന്നതിന് മുന്നോടിയായി ഐ പ്രൈമർ ടച്ച് ചെയ്യാം. ഐഷാഡോയ്ക്ക് ബേസ് നൽകുന്നതിനൊപ്പം മേക്കപ്പ് ദീർഘനേരം ഉറച്ചിരിക്കാനിത് സഹായിക്കും. കണ്ണുകൾക്ക് മുകളിൽ ഐലിഡിൽ ഐഷാഡോ ഫിക്‌സർ പുരട്ടുന്നതും ഗുണം ചെയ്യും.
പൗഡർ ബ്ലഷിന് പകരം ക്രീം ബ്ലഷ്
പൗഡർ ബ്ലഷിന് പകരം ക്രീം ബ്ലഷ് അപ്ലൈ ചെയ്യുന്നത് മേക്കപ്പിന് സുഖം പകരും. ക്രീം ബ്ലഷിന് മീതെ അൽപം സെറ്റിംഗ് പൗഡർ ടച്ച് ചെയ്യാം.
ലൈറ്റ് ലിപ് മേക്കപ്പ്
ഹെവി ക്രീം ലിപ്സ്റ്റിക്കിന് പകരമായി ലൈറ്റ് ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ് കളർ ഉപയോഗിക്കാം. ചുണ്ടുകളിൽ ആദ്യമെ തന്നെ പെൻസിലുകൊണ്ട് ഔട്ട്‌ലൈൻ വരച്ചും ആകർഷകമാക്കാം. അതുപോലെ അൽപം ലിപ് ബാം ചുണ്ടിൽ അപ്ലൈ ചെയ്യുന്നത് ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്തും.
മേക്കപ്പ് സെറ്റിംഗ് സ്പ്രേ
മേക്കപ്പിന് മുമ്പും ശേഷവുമായി മേക്കപ്പ് സെറ്റിംഗ് സ്പ്രേ ഉപയോഗിക്കാം. മേക്കപ്പ് ചൂടേറ്റ് ഒലിച്ചിറങ്ങുന്നത് തടഞ്ഞ് മേക്കപ്പിനെ സെറ്റ് ചെയ്ത് നിലനിർത്താനിത് സഹായിക്കും.