ഇരുട്ടിന്‍റെ കനത്ത മറ നീക്കി എപ്പോഴാണവൾ മുന്നിൽ പ്രത്യക്ഷയായതെന്നറിയില്ല. ഏറെ വൈകി ബാറിൽ നിന്നുമിറങ്ങി ലോഡ്ജിലേക്കുള്ള മടക്കത്തിടുക്കത്തിലായിരുന്നു ഞാൻ. സന്ധ്യയുടെ മയക്കത്തിനും, രാത്രിയുടെ ഘനത്വത്തിനുമിടയിലുള്ള കുറച്ചു മണിക്കൂറുകൾ നഗരത്തിലെ ഇടറോഡുകൾക്ക് ശൂന്യതയിലാണ്ടു കിടക്കാനുള്ള സമയമാണ്.
രാവു കനക്കുമ്പോൾ നഗരം പതിയെ നിശബ്ദതയുടെ കരിമ്പടമെടുത്ത് പുതയ്ക്കും. അന്നേരമാണ് നഗരത്തിലെ ഇടവഴികൾ ചെറിയ അനക്കങ്ങളോടെ സജീവമാകാൻ തുടങ്ങുന്നത്. അത്തരമൊരിടറോഡിൽക്കൂടി അങ്ങിങ്ങു കത്തിക്കൊണ്ടിരുന്ന വഴി വിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞു നടക്കവെയാണ് എങ്ങുനിന്നോ അവൾ വെളിപ്പെട്ടത്.
അവളുടെ പിറകേ രക്ഷാധികാരിയെപ്പോലെ അവളുടെ പിൻഭാഗം മണത്തു കൊണ്ട് ഒരു മുട്ടാളൻ കൂടി പ്രത്യക്ഷനായതു കണ്ട് എന്‍റെ ആകാംക്ഷ കനത്തു. കറുത്ത് കൊഴുത്ത് ബലിഷ്ഠകായനായി കാണപ്പെട്ട അവന്‍റെ കഴുത്തിൽ സിംഹത്തിന്‍റെ ജഡ പോലെ രോമങ്ങൾ ഇടതുർന്നു കിടന്നിരുന്നു. തീഷ്ണമായിരുന്ന കണ്ണുകളിലിരുന്ന് ആഭാസകാമത്തിന്‍റെ ഒരുചൂട്ട്കറ്റ പുകയുന്നുണ്ടായിരുന്നു.
അവളാകട്ടെ മെലിഞ്ഞുണങ്ങിയ ഒരു പേക്കോലത്തെ അനുസ്മരിപ്പിച്ചു. ഏതോ മാറാരോഗം വന്നൊഴിഞ്ഞു പോയതുപോലെ അവളുടെ ശരീരം രോമമെല്ലാം കൊഴിഞ്ഞ് വല്ലാതെ മിനുസപ്പെട്ടു കിടന്നു. ആ ഉടലിൽ നഗരവിളക്കിന്‍റെ അരണ്ട രശ്മികൾ പതിക്കുമ്പോൾ മിന്നാമ്മിനുങ്ങിന്‍റെ കുറേ നുറുങ്ങുവെട്ടങ്ങൾ അവൾ ശരീരത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതായി തോന്നി.
അമിതസുരതത്തിന്‍റെ ശേഷിപ്പു പോലെ വാലിനു പിറകിൽ വ്രണങ്ങൾ തിണർത്തു കിടന്നു. രക്തവർണ്ണത്തിൽ, പുറത്തേക്കുന്തിയനിലയിൽ ഗുഹ്യഭാഗത്തു കാണപ്പെട്ട മാംസ പിണ്ഡം അറപ്പുളവാക്കുന്നൊരു മനപ്പെരട്ടുണ്ടാക്കി.
ബലവാനായ അവളുടെ സുഹൃത്ത് ആ പഴുത്ത മാംസളതയിൽ ചിറിയുരുമ്മുമ്പോഴൊക്കെ ദൈന്യത പേറുന്നൊരു നിലവിളി അവളിൽ നിന്നുയർന്നു. അപ്പോഴെല്ലാം വിറയാർന്ന തന്‍റെ കാലുകൾ പ്രയാസപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അവന്‍റെ സമീപത്തു നിന്ന് ഓടിയകലാൻ അവൾ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. അവനാകട്ടെ തന്‍റെ മുൻ കാലുകളുയർത്തി അവളുടെ ഉടലിനെ തന്നിലേക്കടുപ്പിക്കാൻ തിടുക്കപ്പെട്ടു.
അധികനേരം ആ ദൈന്യത കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. മുഖം ഇരുട്ടിലേക്ക് തിരിച്ച് മന്ദഗതിയിൽ അവരുടെ പിറകേയാത്ര തുടർന്നു. അന്ധകാരം തിങ്ങിയ ഏതോ ഇടവഴിയിലേക്കവർ അപ്രത്യക്ഷരാവുംവരെ.
ഇടയ്ക്കിടെ അവളുടെ ദീനരോദനശകലങ്ങളും കാമോൽക്കടമായ അവന്‍റെ മുരൾച്ചകളുടെ തുണ്ടു ശബ്ദങ്ങളും അകലത്തായി വിട്ടു വിട്ടു കേട്ടുകൊണ്ടിരുന്നു. വഴിയരികിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ ചായ്പ്പിലേക്കു കയറി. അതായിരുന്നു ലക്ഷ്യവും. മനസ്സിന്‍റെ തികട്ടലുകൾ അമർത്താനുള്ള വ്യഗ്രത കലശ്ശലായിരുന്നു.
പോക്കറ്റിലുണ്ടായിരുന്ന ബോട്ടിലിലെ ശേഷിപ്പിലേക്ക് കടയ്ക്കു പിന്നിലെ പൈപ്പിന്‍റെ ടാപ്പു തുറന്ന് സൂഷ്മതയോടെ ജലം പകർന്ന് വായിലേക്കു കമിഴ്ത്തുമ്പോൾ ചായ്പിന്‍റെ പിന്നാമ്പുറത്ത് രണ്ടു നിഴലുകൾ ചലിച്ചു. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ ശ്രദ്ധിച്ചു.
“കൂത്തിച്ചീമ്മോളെ പണം ഞാൻ പിന്നെത്തന്നോളാമെന്നു പറഞ്ഞില്ലേ ടീ….” പുരുഷശബ്ദം അടക്കംചൊല്ലുന്നു.
“പറ്റില്ലെന്നു പറഞ്ഞില്ലേ… ഇന്നു കായി മുഴുവൻ തന്നിട്ടുള്ള കൊഞ്ചല് മതി, ഇന്നാളു നീ തരാനൊള്ളതു ഞാൻ വിട്ടു … ഇന്നതു പറ്റില്ല.” സ്ത്രീയുടെ അലോസരപ്പെട്ട മറുപടി.
“ശാന്തേ ഇന്നത്തേക്കു നീ ഒന്നു ക്ഷമിക്ക് പൊന്നേ… ഞാമ്പറഞ്ഞില്ലെ ബാക്കിയൊള്ള പണം ഞാൻ തന്നിരിക്കും.” പുരുഷ സ്വരം അനുനയനത്തിന്‍റെ വഴിയിലേക്കു നീങ്ങി.
“ഛീ… വിടെടാ ഇടുപ്പീന്ന് കയ്യെട് … കായിതാ ആദ്യം, പിന്നെ മതി എല്ലാം …എരപ്പെ”. അവളുടെ പൊട്ടിത്തെറിയുടെ നുറുങ്ങുകൾ ചെടികൾക്കിടയിൽ വീണു ചിതറി.
‘ശാന്ത’… ആ പേര്? ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കി. വ്യക്തമായി ഒന്നും കണ്ടു കൂടാ. ദൂരെ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നും തെന്നി വന്ന ഒളിവെട്ടത്തിൽ ആ മുഖം മിന്നായം പോലെ ഒറ്റത്തവണ കണ്ടു. അതേ ശാന്ത… അവൾ തന്നെയാണോ അത്?
വർഷങ്ങൾക്കു മുമ്പ് ഇതുപോലുള്ളൊരു നിഗൂഢ രാത്രിയിൽ… താലൂക്കാശുപത്രിക്കു പിന്നിലെ മരക്കൂട്ടങ്ങൾക്കു നടുവിൽ… മലയിറങ്ങി നഗരത്തിൽ ജോലി അന്വേഷിച്ചു നടന്ന കാലം മുന്നിലേക്കോടിയെത്തി.
പരമശിവം ലോഡ്ജിലെ പപ്പേട്ടന്‍റെ തണലിൽ മാനസികമായും, കായികമായും അനാഥപ്പെട്ടു കഴിഞ്ഞു വന്ന ആ ദിവസങ്ങളിലെ ഒരു രാത്രി… അന്നത്തെ കുടമുല്ലപ്പൂക്കളുടെ തീഷ്ണമായ മണം വില കുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ കവർപ്പ്… ദുർഗന്ധം വമിക്കുന്ന ഓടയിൽ നിന്നും പുളഞ്ഞിറങ്ങി വന്നൊരു തേരട്ടയെപ്പോലെ അതൊക്കെ വീണ്ടുമൊരിക്കൽക്കൂടി ഓർമ്മകളിലേക്ക് പുളഞ്ഞു.
ഇവിടെ ഈ… ഒളിവെട്ടത്തിൽ ഒരിക്കൽ മാത്രം കണ്ട ആ മുഖം അവളുടേതു തന്നെയായിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല. അതങ്ങിനെയാണല്ലൊ.
നഗരത്തിലെ ശാന്തമാർക്കെല്ലാം എന്നും ഒരേ മുഖങ്ങളല്ലേ…. എപ്പോഴും നിർവികാരത മാത്രം തങ്ങിനിൽക്കുന്ന വരണ്ട മരുഭൂമി പോലുള്ള…!
കാക്കി ഷർട്ടു ധരിച്ചിരുന്നവൻ ആരെന്നറിയില്ല. ഏതെങ്കിലും ട്രക്ക് ഡ്രൈവറാകാം അതുമല്ലെങ്കിൽ രാത്രിപ്പണി ചെയ്യുന്ന ഏതോ ഓട്ടോക്കാരൻ.വിലപേശലിന്‍റെ സംഭാഷണങ്ങൾ മുറുകുന്നത് ജുഗുപ്സയോടെ കേട്ടിരുന്നു. അവസാനം എന്നത്തേയും പോലെ അതൊരു സമവായത്തിലെത്തുകയും ചെയ്തു.
ചായ്പ്പിനു പിന്നിലെ ചെടികൾക്കിടയിൽ തിടുക്കപ്പെട്ടൊരു ചലനമുണ്ടായി. ക്രമാനുഗതമായി ഉയർന്നു പൊങ്ങിയ നിശ്വാസങ്ങൾക്ക് മേൽ സർപ്പങ്ങളുടെ സീൽക്കാരശ്രുതി പടം പൊഴിച്ചാടി. നക്ഷത്രങ്ങൾ കള്ളച്ചിരിയോടെ ചായ്പ്പിനു പിന്നിലേക്ക് ഒളിനോട്ടം നടത്തി. തുറിച്ചിറങ്ങിയ കണ്ണുകൾ ഇരുളിലേക്ക് തിരനോട്ടമിടുമ്പോൾ സിരകളിൽ പതഞ്ഞു പൊന്തിയത് വിഭ്രാന്തിയോ അതോ മദ്യത്തിന്‍റെ താൽക്കാലിക ആവേശമോ…?
ആവേശത്തിരത്തള്ളലിലെപ്പൊഴോ അവളുടെ ഒച്ചയുയർന്നു കേട്ടു ”ഒന്നു പതുക്കെ… എന്തൊരാക്രാന്തമാടാ, ഇത്… വെളുക്കാനിനീം നേരണ്ടല്ലൊ?”
തെല്ലൊരു തളർച്ചയോടെ ചായ്പ്പിൽ നിന്നിറങ്ങി നടന്നു. ലോഡ്ജിലേക്ക് ദൂരമിനിയും താണ്ടാനുണ്ട്.
മുകളിൽ സ്വഛമായിക്കിടന്നിരുന്ന തെളിമാനം തുറന്നിട്ടൊരു ശരണാലയം പോലെ ഒഴിഞ്ഞുകിടന്നു. അവിടെ രണ്ടു മേഘത്തുണ്ടുകൾ മാത്രം ബാക്കി നിന്നു. അവയ്ക്കൊരു രാക്ഷസന്‍റേയും, കുട്ടിയുടേയും രൂപമായിരുന്നു. രാക്ഷസനെക്കണ്ട് ഭയന്നോടുന്ന കുട്ടി….. രാക്ഷസന്‍റെ കയ്യിലെ വെട്ടിത്തിളങ്ങുന്ന വാൾമുനക്ക് ഒരു രാജ്യത്തെത്തന്നെ വെട്ടിയരിയാനുള്ള കരുത്തുണ്ടെന്ന് തോന്നി.
നടന്ന് നടന്ന് ആശുപത്രിക്ക് പിന്നിലെത്തിയതറിഞ്ഞില്ല. അവിടെ മരക്കൂട്ടങ്ങളിലെവിടേയോ നിന്ന് നേരത്തേ കേട്ട കൊടിച്ചിപ്പട്ടിയുടെ വിലാപം’ ബൗയീ… ബൗയീ… ‘എന്ന് വീണ്ടുമുയർന്നുകേട്ടു. ഒടുവിലത് ഒരു മരണവിളി പോലെ ദാരുണമായൊരു ഞരക്കത്തിലവസാനിച്ചു.
ആകാശത്ത് നേരത്തേ ഉണ്ടായിരുന്ന മേഘത്തുണ്ട് ഇപ്പോൾ കാൺമാനില്ല. ഭയന്നോടിയ ആ കുട്ടി രാക്ഷസന്‍റെ വാളിനിരയായിക്കാണുമോ? അതോ… നീലവിഹായസ്സിന്‍റെ ഏതെങ്കിലുമൊരു കോണിലേക്കവൻ രക്ഷപ്പെട്ടിരിക്കുമോ?
ലോഡ്ജിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി അർദ്ധയാമം പിന്നിട്ടിരുന്നു. നേരത്തേ ഉണർന്നെണീറ്റ ഏതോ പക്ഷിയുടെ ചിലമ്പിച്ച പാട്ടു കേട്ടു. രാത്രി മുഴുവൻ കത്തി നിന്നതിന്‍റെ ക്ഷീണത്താൽ സുരക്ഷാ വിളക്കുകൾ അരണ്ട പ്രകാശം മാത്രം പരത്തി. ഊർജ്ജം നഷ്ടപ്പെട്ടവനെപ്പോലെ കിടക്കയിലേക്ക് ചായുമ്പോൾ മടുപ്പിന്‍റെ ഒരു ദിവസം കൂടി അരച്ചു തീർത്തൊരാലസ്യം മനസ്സിനെ ചൂഴ്ന്നു നിന്നു.
“അണ്ണാ… എളുന്നേറ്റുക്കാറുങ്കോ, എന്നാ തൂക്കമാ ഇത്… മദ്ധ്യാന്നമായാച്ച്…” ലോഡ്ജിലെ ജോലിക്കാരൻ പയ്യൻ മുത്തുച്ചാമിയുടെ വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.
പീള കെട്ടിയ കണ്ണുകൾ വിടർത്തി നോക്കുമ്പോൾ മഞ്ഞപ്പല്ലുകൾ കാട്ടി അഴുക്കു പുരണ്ടൊരു ചിരിയുമായി അവൻ മുന്നിൽ നിൽക്കുന്നു.
“എന്നതാടാ കാലത്തേ കെടന്നലറണത്” ഉറക്കം മുറിഞ്ഞ ദേഷ്യം അവന്‍റെ മുഖത്തേക്ക് തുപ്പിക്കൊണ്ട് എഴുന്നേറ്റിരുന്നു.
”അണ്ണനറിഞ്ഞില്ലേ ഒരു കൊല നടന്നാച്ച് ഇങ്കെ… ഒരു പൊണ്ണുടെ അരുംകൊലൈ!” മലയാളവും, തമിഴും ഇടകലർത്തി അതു പറയുമ്പോളവന്‍റെ മുഖത്ത് ഭയത്തിന്‍റെ പകർന്നാട്ടം.
“എവിടെ, ആര്, ആരെ കൊന്നുവെന്നാ നീ പറേണത്?” സംഭ്രമത്തോടെ ചോദിച്ചു.
“അങ്കെ ഹോസ്പിറ്റൽ റോഡിലുള്ള നമ്മ ചെല്ലേണ്ണന്‍റെ തട്ടില്ലയാ, അതുക്കു പിന്നാടി ഒരു പൊണ്ണുടെ ബോഡി കിടച്ചിരുക്ക്… നാൻ പോയി പാത്താച്ച്… പോലീസൊക്കെ വന്നിട്ടിരിക്കാങ്കെ…”
അവന്‍റെ വർണ്ണന കേട്ട് തരിച്ചിരിക്കുമ്പോൾ തലേന്ന് രാത്രിയിലത്തെ സംഭവങ്ങൾ തിരശ്ശീലയിലെന്നവണ്ണം ഒരു നിഴൽപ്പടം പോലെ മുന്നിൽ വിരിഞ്ഞിറങ്ങി.
ബോധം അബോധത്തിലേക്ക് മലക്കം മറിയുന്നുവോ? മുന്നിലൊരു തിറയാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. ചലിക്കുന്ന തിറക്കോലങ്ങൾ മുറിയിലേക്കുള്ള പടവുകൾ കയറിവരുന്നതിന്‍റെ ചിലമ്പൊലി ശബ്ദം… അത് അടുത്തടുത്തു വരുന്നു.
മുത്തുച്ചാമിയിലേക്ക് ആശ്രയത്തിനെന്നോണം കണ്ണുകൾ പരതി. ഒരു നിഴലായിപ്പോലും അവനവിടെയില്ലെന്ന സത്യം അറിയുമ്പോൾ ഉള്ളിൽ നിന്നും ആന്തലോടെ ഒരു പ്രാർത്ഥന പുറപ്പെട്ടു. വിറക്കുന്ന കാലടികളോടെ എഴുന്നേറ്റ് ചെന്ന് വാതിൽ കൊട്ടിയടച്ചു. കണ്ണുകൾ ഇറുക്കിയടച്ച്… യോഗനിദ്രയിലെന്ന പോലെ കിടക്കയിലിരുന്നു. പുറത്ത് വെയിൽ കനത്തുകൊണ്ടിരുന്നു.