ഇരുപത്തിയഞ്ച് വർഷം നീണ്ടു നിന്ന സന്തുഷ്ട വൈവാഹിക ജീവിത വിജയത്തിന്‍റെ രഹസ്യമാരാഞ്ഞപ്പോൾ ഒരാൾ ഇപ്രകാരം മൊഴിഞ്ഞു… “ഹണിമൂൺ.”
“ഏ… അതെങ്ങനെ?” കൂടിയിരുന്നവരിൽ ഒരാൾ എഴുന്നേറ്റു നിന്നു ചോദിച്ചു.
ഭർതൃപദവി അലങ്കരിക്കുന്ന മഹാൻ ഒരു കഥ പറഞ്ഞു തുങ്ങി. “ഹണിമൂൺ നാളുകളിൽ ദമ്പതികൾ കൊടൈക്കനാലിൽ എത്തിയപ്പോൾ ഭാര്യയ്ക്ക് കുതിരസവാരി ചെയ്യണമെന്ന് വലിയ മോഹം. പത്തു കാശു പോയാലെന്താ താൻ രക്ഷപ്പെടുമല്ലോ എന്ന ചിന്തയോടെ ഭർത്താവ് കുതിരക്കാരനരികിലെത്തി. ഭാര്യ വലിയ ഉത്സാഹത്തോടെ കുതിരപ്പുറത്തു കയറിയിരുന്നു. സ്ത്രീ വിരോധിയായ കുതിരയ്ക്ക് ഇതൊട്ടും ഇഷ്ടമായില്ല. കുതിരയൊന്നു കുലുങ്ങി. ഭാര്യ “ധ്ടും” എന്ന ശബ്ദത്തോടെ നിലംപതിച്ചു. ഭർത്താവ് അവളെ ഒരു കണക്കിനു പിടിച്ചെഴുന്നേല്പിച്ചു. ഇനി കുതിരപ്പുറത്തു കയറേണ്ടെന്ന് വിലക്കുകയും ചെയ്തു. ഭാര്യ രൗദ്രഭാവത്തിൽ പറഞ്ഞു, “വൺ”
രണ്ടാമതും കുതിരപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടയിൽ കുതിര അവളെ കുടഞ്ഞു വീഴ്ത്തി. ഭാര്യ പറഞ്ഞു, “ടൂ”
മൂന്നാം തവണയും ഇതാവർത്തിച്ചപ്പോൾ ”ത്രീ” എന്നുറക്കെ പറഞ്ഞു കൊണ്ട് അവൾ ഹാന്‍റ്ഗിൽ നിന്നും തോക്കെടുത്ത് “ഡിഷ്യും…ഡിഷ്യും…” കുതിരയുടെ കഥ കഴിഞ്ഞു.
ഭർത്താവ് ശരിക്കും ഭയന്നു.“ങേ… നീ എന്തിനാ കുതിരയെ കൊന്നത് നിനക്ക് കുതിരപ്പുറത്ത് ഇരിക്കാനറിയാത്തതിന് പാവം കുതിരയെന്തു പിഴച്ചു?”
ഭാര്യ ഭർത്താവിനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു “വൺ…”
അതിനുശേഷം അവളെക്കൊണ്ട് ടൂ, ത്രീ പറയിക്കാതിരിക്കാൻ ഭർത്താവ് ഒരു അവസരമൊരുക്കി കൊടുത്തതുമില്ല.
ഇതെനിക്ക് ഭാര്യ പറഞ്ഞു തന്ന നുറുങ്ങു കഥയാണ്. കുതിരപ്പുറത്തു കയറിയ സ്ത്രീ മറ്റാരുമല്ലായിരുന്നു. സൗഭാഗ്യമെന്നോ, ദൗർഭാഗ്യമെന്നോ പറയട്ടെ, അതെന്‍റെ അമ്മായിയമ്മയായിരുന്നു. ഒരിക്കലും ഉന്നം പിഴയ്ക്കാത്ത ആ സ്ത്രീയുടെ മകളോടു കടുപ്പിച്ചെന്തെങ്കിലും പറയാൻ പിന്നെ ആർക്കെങ്കിലും ധൈര്യം കാണുമോ?
ഞങ്ങൾ പുതിയൊരു കോളനിയിൽ താമസം തുടങ്ങിയ നാളുകൾ, കുറച്ച് ഏറെ ദിവസം ഞങ്ങൾക്കൊപ്പം തങ്ങാനെത്തിയതായിരുന്നു അമ്മായിയമ്മ. വാടക വീടിന് മുന്നിൽ വീട്ടുടമ ചെറിയൊരു സ്വിമ്മിങ്ങ് പൂളും ഒരുക്കിയിരുന്നു. ഇതിൽ വെള്ള തീരെ കുറവായിരുന്നുവെന്നു മാത്രമല്ല ശരിക്കും മെയിന്‍റയിൻ ചെയ്യാത്തതിനാൽ ഉപയോഗിക്കാവുന്ന പരുവത്തിലുമായിരുന്നില്ല.
ഒരു ഞായറാഴ്ച, സിറ്റ്ഔട്ടിലിരുന്നു പത്രം വായിക്കുന്ന എന്‍റെ അരികിലേയ്ക്ക് ഭാര്യ അമ്മയേയും കൂട്ടിയെത്തി.
“ദേ, എനിക്കൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.”
“പറഞ്ഞോളൂ…” വായിച്ചു കൊണ്ടിരുന്ന പത്രം ഞാൻ പതിയെ മടക്കി വച്ചു.
“എനിക്ക് നീന്തൽ മത്സരത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.” രണ്ടോ, മൂന്നോ ദിവസം പഴക്കമുള്ള ഒരു ന്യൂസ് പേപ്പർ എന്‍റെ മുന്നിലേക്കു നീട്ടി. നീന്തൽ മത്സരത്തിന്‍റെ പരസ്യമായിരുന്നു അതിൽ. വിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം.
“ഒരു കിലോമീറ്റർ ദൈർഘ്യമുള്ള നീന്തൽ? അതത്ര ചെറിയ കാര്യമാണോ? കാര്യമായ പ്രാക്ടീസ് തന്നെ വേണ്ടിവരും.” ഞാൻ ഉപദേശിച്ചു.
“മോനേ… ടെൻഷനടിക്കേണ്ട. ദാ, ആ മുന്നിൽ കാണുന്ന സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ പ്രാക്ടീസ് ചെയ്തു കൊള്ളാം.” അമ്മായിയമ്മ പറഞ്ഞു.
“അതിന് സ്വിമ്മിംഗ് പൂളിൽ വെള്ളം വേണ്ടേ?” ഭയമുണ്ടെങ്കിലും ചോദിക്കാതിരിക്കുന്നതെങ്ങനെ…
“പിന്നെ നീയെന്തിനാ…” ഒരു കൂസലും കൂടാതെ അമ്മായിയമ്മ മൊഴിഞ്ഞു.
“അതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” എന്‍റെ ശബ്ദമൊന്നിടറി.
“ഒന്ന് ഫോൺ കറക്കി ടാങ്കറിൽ അല്പം വെള്ളം കൊണ്ടു വന്ന് നിറയ്ക്കാൻ പറഞ്ഞാൽ പോരേ… നിനക്കും നീന്തലൊക്കെ പഠിച്ച് ഫിറ്റ ആവാമല്ലോ. നിന്‍റെ ഇപ്പോഴത്തെ?അവസ്‌ഥയൊന്നു നോക്കിക്കേ…”
അമ്മായിയമ്മ ക്യാപ്സൂൾ പരുവത്തിൽ ഓരോ ഉപദേശങ്ങൾ ലോഞ്ച് ചെയ്യാൻ തുടങ്ങി.
“ശരി…” ഞാൻ പതിയെ തലകുലുക്കി.
“ദേ…” ഭാര്യയുടെ വിളികേട്ട് ഞാനവളെ നോക്കി.
“പിന്നെ, സ്പോർട്സ് ബസാറിൽ നിന്നും സ്വിമ്മിംഗ് കോസ്റ്റ്യൂംസ് കൊണ്ടുവരാൻ മറക്കണ്ട.” ഭാര്യ ഓർമ്മിപ്പിച്ചു.
“ശരി” ഞാൻ തലകുലുക്കി.
“രണ്ടു ജോഡി കൊണ്ടുവരണം.”
“അതെന്തിനാ?”
“ഒന്നെനിക്കും, ഒന്ന് മമ്മിക്കും.”
“ഏ…” ഞാൻ ആശ്ചര്യത്തോടെ അമ്മായിയമ്മയെ നോക്കി. അമ്മായിയമ്മ ചെറിയൊരു ചമ്മലോടെ പറഞ്ഞു, “എങ്ങനെ വന്നാലും ഈ സമ്മാനം കൈവിട്ടു പോകരുതല്ലോ?”
“ഉവ്വ്…” ഞെട്ടൽ വിട്ടുമാറും മുമ്പ് മറ്റൊരു ഭൂകമ്പം.
“ദേ… നിങ്ങൾക്കുമൊന്നു വാങ്ങിക്കോ… നീന്തൽ പഠിക്കാമല്ലോ?”
“തീർച്ചയായും” വൺ, ടൂ, ത്രീ ഓർത്തപ്പോൾ അമ്മയുടെയും മകളുടെയും വാക്ക് തെറ്റിക്കാൻ തോന്നിയില്ല.
അടുത്ത ദിവസം തന്നെ ടാങ്കറിൽ വെള്ളമടിക്കാൻ ഓർഡർ നൽകി. അകത്ത് അരങ്ങേറുന്ന സർക്കസ് ആരും കാണാതിരിക്കാനായി സ്വിമ്മിംഗ് പൂളിനും ചുറ്റും വലിയൊരു മറയുണ്ടാക്കി.
ഒരു ഞായറാഴ്ച
“മോനേ, നീന്തൽ പഠിക്കാം.” അമ്മായിയമ്മ പറഞ്ഞു.
“എനിക്ക് നീന്താനറിയില്ല.” ഭയം കാരണം എന്‍റെ ശബ്ദം ശരിക്കും പുറത്തു വന്നില്ല.
“അതു സാരമില്ല. ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ നീന്തൽ പഠിപ്പിക്കാം.”
ഈഗോ കാരണം ഞാൻ വേഗം ചെന്ന് നീന്തൽ വസ്ത്രമണിഞ്ഞ് വന്നു. ഭാര്യയും അവളുടെ മമ്മിയും നീന്തൽ തിയറി ക്ലാസ് ചർച്ചയിലായിരുന്നു. നീന്തൽ ളത്തിനരികിലുള്ള പടവിൽ കാൽ തെന്നി ധ്ടും… ശബ്ദത്തോടെ ഞാൻ താഴെ വീണു. അവർ കണ്ടു കാണില്ലെന്നു കരുതി മടങ്ങാനൊരുങ്ങവേ…
“ഏ… നീ ഇതെങ്ങോട്ടാ…”
“നീന്തലൊക്കെ പഠിച്ചിട്ട് വെള്ളത്തിലിറങ്ങാം.” ഞാൻ വിക്കി വിക്കി പറഞ്ഞു.
“പക്ഷേ വെള്ളത്തിലിറങ്ങാതെങ്ങനെയാ നീന്തൽ പഠിക്കുന്നത്?” മുള്ളുകൾ പോലെ ചോദ്യശരങ്ങൾ എന്നെ കുത്തി തുളയ്ക്കാൻ തുടങ്ങി.
“വേണ്ട, ഞാൻ ബാത്ത്റൂമിൽ പഠിച്ചോളാം…” ഞാനകത്തേക്കു നടന്നു.
മമ്മിയുടെയും മകളുടെയും പൊട്ടിച്ചിരി വ്യക്തമായി കേൾക്കാമായിരുന്നു.വൺ… ടൂ… ത്രീ… വേണ്ട. ഞാൻ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി.
പത്തുപന്ത്രണ്ടു ദിവസം കടന്നു പോയി.
“നാളെയാണ് മത്സരം. ഓഫീസിൽ നേരത്തെ തന്നെ ലീവ് പറഞ്ഞോളൂ…”
“ശരി”
“നിങ്ങളുടെ സാമീപ്യം… അതെനിക്ക് കൂടുതൽ കരുത്തു പകരും.” ഭാര്യ പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.
ഞാൻ പിറ്റേന്ന് അവധിയെടുത്തു. ഇനി ഒരു ലക്ഷം രൂപയെങ്ങാനും സമ്മാനമടിച്ചാൽ പകുതി പണം കൊണ്ടു ഞാൻ കടം തീർക്കും. ബാക്കി എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞാൻ തല പുകഞ്ഞു ചിന്തിക്കുവാൻ തുടങ്ങി.
ഞങ്ങൾ മത്സരവേദിയിലെത്തി. ഭാര്യ പേര് രജിസ്റ്റർ ചെയ്തു.
കണ്ണഞ്ചിക്കും വണ്ണം വലിയൊരു നീന്തൽ ഡാം തന്നെയായിരുന്നു അത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ 3-4 കി.മീ. കുറവ് വരില്ല. കാണികളും പത്രക്കാരുമായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു.
ഭാര്യയ്ക്ക് ധൈര്യം നൽകുന്നതിനായി ഒരു വഞ്ചിയിൽ എനിക്ക് പിന്തുരരേണ്ടി വന്നു. സംഘാടകർ തന്നെ സഹായത്തിന് വഞ്ചിക്കാരനെ നൽകി. സ്വിമ്മിംഗ് കോസ്റ്റ്യൂമൊക്കെയിട്ട് ഭാര്യയും തയ്യാറായി നിന്നു. സ്റ്റാർട്ട് സൂചന കിട്ടിയതും ഭാര്യ വെള്ളത്തിലേക്കെടുത്തു ചാടി. പിന്നാലെ വഞ്ചിയിൽ ഞാനും. ഭയങ്കര ബഹളം. പെട്ടെന്ന് ആവേശം വന്ന പോലെ ഞാനും ഉറക്കെ ഓരോന്നു പറഞ്ഞ് അവളെ പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി. മറ്റ് മത്സരാർത്ഥികൾക്കും അവരുടെ പങ്കാളികൾ ധൈര്യം നൽകുന്നുണ്ടായിരുന്നു.
നീന്തി തളർന്ന ചിലർ വഞ്ചികളിൽ കയറാൻ തുടങ്ങിയിരുന്നു. മത്സരാർത്ഥികൾ കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ സന്തോഷം ഇരട്ടിച്ചു. കൈകാലുകൾ ഇളക്കി ഞാൻ ഭാര്യയ്ക്ക് സകല പ്രോത്സാഹനവും നൽകിക്കൊണ്ടിരുന്നു.
പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല. നടന്നതൊക്കെ സംഘാടകർ പറഞ്ഞാണ് ഞാനറിഞ്ഞത്.
“നിങ്ങൾ വീണതും, നിങ്ങളുടെ അമ്മായിയമ്മ സ്വന്തം ജീവനു പോലും വില നൽകാതെ വെള്ളത്തിലേക്കെടുത്തു ചാടി. വെള്ളത്തിൽ നിന്നു വലിച്ചെടുത്ത് വഞ്ചിയിലെത്തിച്ചു. അവരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.”
ഞാൻ അമ്മായിയമ്മയെ തുറിച്ചു നോക്കി. ഭാര്യയാകട്ടെ കൈയിൽ വിജയിക്കുള്ള ഷീൽഡുമായി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.