മരുമോളോടുള്ള എന്‍റെ ശ്രദ്ധ കണ്ട് സമപ്രായക്കാരായ കൂട്ടുകാരികൾക്ക് എന്നോട് അസൂയയായിരുന്നു. അമ്മായിയമ്മയും മരുമോളും ലോകത്തെവിടെയെങ്കിലും രമ്യതയിൽ കഴിയുന്നുണ്ടോ? ഞങ്ങളുടെ സൗഹാർദ്ദം കണ്ട് അവർക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല. കിറ്റി പാർട്ടിയിലും ക്ലബിലും മറ്റും ഞങ്ങളുടെ ഊഷ്മള ബന്ധം ചർച്ച ചെയ്യപ്പെട്ടു. ഞങ്ങൾക്കും അതുപോലൊരു മരുമോളെ കിട്ടിയിരുന്നെങ്കിൽ എന്നവർ ദീർഘനിശ്വാസമുതിർത്തു.
“ഷീലചേച്ചിക്ക് മരുമോളെ കിട്ടിയിട്ട് അഞ്ചുവർഷം കഴിയുന്നു. അവർ തമ്മിൽ ഇന്നേവരെ തമാശയ്ക്കെങ്കിലും ഒന്നു വഴക്കിട്ടിട്ടുണ്ടോ? അവർ പരസ്പരം കുറ്റം പറയുന്നതു കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കുകയാണ് ഞങ്ങൾ.” ഇതായിരുന്നു അവരുടെ മനസ്സിലിരിപ്പ്.
“ഷീലചേച്ചി മകൾ മരുമകൾ സീരിയൽ മാത്രമേ കാണുന്നുള്ളോ? അമ്മായിയമ്മമാരെ കരിവാരിതേയ്ക്കുന്ന എത്രയോ സീരിയലുകൾ വേറെയുണ്ട്? രാവിലെ അപ്പമുണ്ടാക്കണോ പുട്ടുണ്ടാക്കണോ ഗേറ്റിനു സമീപം മഞ്ഞറോസ് നടണോ ചുവപ്പ് റോസ് നടണോ എന്നതു പോലും തീരുമാനിക്കുന്നത് അമ്മായിയമ്മമാരാണെന്നാ സീരിയലുകൾ പറയുന്നത്.” ഇങ്ങനെ പോകുന്നു ഊർമിളയുടെ പരാതി.
“നേരാ, എപ്പോഴും ടീവിം വെച്ചോണ്ടിരുന്നിട്ടും അവർ തമ്മിൽ വഴക്കിടാത്തത് അതിശയമാണ്. അമ്മായിയമ്മ മൂകയും മരുമകൾ ബധിരയുമാണോന്നാ സംശയം.” നിർമ്മല പറഞ്ഞു.
“നിമ്മി പറഞ്ഞതു ശരിയാ. അമ്മായിയമ്മയെയും മരുമോളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നതു തന്നെ ജീവിതകാലം മുഴുവൻ പരസ്പരം വഴക്കിടാനല്ലേ? ഒരുറയിൽ രണ്ട് വാള് കേറുമോ?” ബാലചന്ദ്രൻ നിമ്മിയെ പിന്താങ്ങി.
ചേച്ചി ഷോപ്പിംഗിനിറങ്ങിയതാണോ? സൂപ്പർ മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ കമല എന്നോട് അന്വേഷിച്ചു.
“ഷോപ്പിംഗിനു പോകാനൊക്കെ എന്‍റെ മരുമോള് സംഗീതയില്ലേ, സാധനങ്ങൾ വാങ്ങുന്ന തലവേദന നമ്മളെന്തിനാ സഹിക്കുന്നത്?”
“നമ്മടെ കാലത്ത് മാർക്കറ്റ് എവിടെയാന്നുപോലും അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഇന്നത്തെ ലോകം പുരോഗമനവാദികളായ മരുമക്കൾക്കുള്ളതാണ്. ടീവി പരസ്യം കണ്ടിട്ടല്ലേ അവർ സാധനങ്ങൾ നിശ്ചയിക്കുന്നത്?”
“എന്‍റെ മരുമോള് സംഗീത ഇക്കാര്യത്തിൽ വല്ലാത്ത വാശിക്കാരിയാണ്. അവൾക്ക് പുതിയ പുതിയ സാധനങ്ങൾ വിപണിയിലിറങ്ങുന്നതു വാങ്ങാനാണ് അവൻ സമ്പാദിക്കുന്നതു തന്നെ. അതുകൊണ്ടു തന്നെ, ഞങ്ങളുടെ കോളനി മുഴുവൻ അവൾ ചർച്ചാവിഷയമാണ്.” മരുമകളെ ഞാൻ പുകഴ്ത്തിയപ്പോൾ നെഞ്ചിലൂടെ പാമ്പിഴയുന്ന പോലെയുള്ള മുഖഭാവമായിരുന്നു കമലയ്ക്ക്.
“മരുമോളുമായി രമ്യതയിൽ പോകാനുള്ള ഫോർമുല എനിക്കറിയാം. അതുകൊണ്ട് മറ്റ് അമ്മായിയമ്മമാരെപ്പോലെ അവളുടെ കാര്യോം ആലോചിച്ചോണ്ട് നടക്കേണ്ട ഗതികേട് എനിക്കില്ല. അവൾ എന്തു പറയുന്നോ അതുപോലെ ഞാൻ ചെയ്യും. അവൾ ഇരിക്കാൻ പറഞ്ഞാൽ ഞാനിരിക്കും. എഴുന്നേൽക്കാൻ പറഞ്ഞാൽ എഴുന്നേൽക്കും. പിന്നെന്തിനാ ടെൻഷൻ? മരുമോൾക്ക് ഇടിക്കാനുള്ള ഒരു ഉരലുപോലെ അങ്ങ് കിടന്നു കൊടുക്കുക.” ഞാൻ തുടർന്നു.
“ചേച്ചി പറഞ്ഞത് സത്യമാ. മാലോകർക്ക് മുഴുവൻ അറിയാവുന്ന കാര്യമാ മരുമക്കൾ അഴുക്ക് സാധനങ്ങളാണെന്ന്. എങ്കിലും കുറ്റം പറയുമ്പോൾ അവര് അമ്മായിയമ്മമാരെയും കല്ലെറിയും. ബുദ്ധിയുള്ള അമ്മായിയമ്മമാര് മരുമക്കടെ സേവ ചെയ്യും.” കമല അവളുടെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.
“ഞാൻ സംഗീത ഉണരും മുമ്പു തന്നെ മുറ്റമടിച്ച് മുറിയുടെ അകമെല്ലാം തൂത്തുവാരി വൃത്തിയാക്കും. തുണി അലക്കും. അതുകൊണ്ടെന്താ, എനിക്ക് മുട്ടുവേദനയില്ല. ഒരു ജലദോഷം പോലും വരികേയില്ല. മരുമോൾക്ക് എത്ര വിശ്രമം കിട്ടുന്നോ അമ്മായിയമ്മമാർക്ക് അത്രയും മനഃസമാധാനം കിട്ടും. അമ്മായിയമ്മ സാരിത്തുമ്പിൽ താക്കോൽക്കൂട്ടവും കെട്ടിയിട്ട് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നൊക്കെ മരുമക്കളെ ഭരിക്കുന്ന കാലമൊക്കെ പോയില്ലേ?”
“ഇപ്പോഴത്തെ മരുമക്കൾക്ക് ബാങ്കിൽ എടിഎം അക്കൗണ്ട് കാണും. എപ്പോഴും അലമാരയുടെ താക്കോൽ ചോദിച്ച് അവൾ അമ്മായിയമ്മയെ ബുദ്ധിമുട്ടിക്കില്ല. പൈസയ്ക്ക് ആവശ്യം വരുമ്പോൾ ടൂവീലറുമെടുത്ത് നേരെ എടിഎം സെന്‍ററിൽ പോയാൽ മതീല്ലോ? അവർക്ക് ക്രഡിറ്റ് കാർഡിന്‍റെയും ബാങ്ക് ലോക്കറിന്‍റെയുമൊക്കെ മഹത്വവുമറിയാം. അമ്മായിയമ്മയുടെ കയ്യിൽ നിന്ന് കാര്യങ്ങൾ കൈവിട്ടുപോയി. അതുകൊണ്ട് മരുമക്കള് പറയുന്നത് കേൾക്കുന്നതാണ് ബുദ്ധി, കാലമതാണ്” ഞാനെന്‍റെ അനുഭവം പറഞ്ഞു.
കമലയും മനസ്സു തുറന്നു.“എല്ലാ അമ്മായിയമ്മമാർക്കും ഒരേ കഥ തന്നെയാണ് പറയാനുള്ളതെന്ന് തോന്നുന്നു. എന്‍റെ വീട്ടിലെ രാമായണവും ഇതുതന്നെ. മരുമകൾ, അമ്മേ രാവിലത്തേയ്ക്ക് എന്താ ഉണ്ടാക്കേണ്ടത് എന്നു ചോദിക്കാറില്ല. അമ്മായിയമ്മയ്ക്ക് അധികാരത്തോടെ അച്‌ഛന് ഇടിയപ്പവും കടലയും ബാക്കിയുള്ളവർക്ക് ചപ്പാത്തിയും മതി എന്നു പറയാനും കഴിയില്ല. കാലമതാണ്.”
“ഇന്നു രാവിലെ തന്നെ എന്‍റെ മരുമോൾ പറയുകയാണ് ദിവസോം പുട്ടും ഇഡ്ഢലിയുമൊക്കെ കഴിച്ച് അവൾ മടുത്തെന്ന്. അവൾക്ക് ഹോട്ടലീന്ന് ഫ്രൈഡ് റൈസും ചില്ലിചിക്കനും മതിയത്രേ ബ്രേക്ക്ഫാസ്റ്റിന്. ഞാനത് വാങ്ങിക്കൊടുക്കണം പോലും. ഞാനെന്തു പറയാനാ? പോയി വാങ്ങിക്കൊടുത്തു. അങ്ങനെയാ മരുമക്കള്.”
എനിക്കു തോന്നുന്നത് അമ്മായിയമ്മമാർക്ക് റബർസ്റ്റാമ്പിന്‍റെ വിലയേ ഉള്ളൂവെന്നാണ്. മരുമോള് ചൂണ്ടിക്കാട്ടുന്നിടത്ത് പതിക്കുക. അങ്ങനെ മൂളുന്ന അമ്മായിയമ്മമാർക്ക് വയസ്സാകുമ്പോൾ സുഖമായി മരുമക്കൾടെ ഒപ്പം കഴിയാം. വാശിക്കാരായ മരുമക്കളെ കിട്ടുന്ന അമ്മായിയമ്മമാർക്കുണ്ടാകുന്ന ഏകലാഭം അവർക്ക് ത്യാഗത്തിനും സമർപ്പണത്തിനുമുള്ള മനസ്സുണ്ടെന്ന് സ്വയം മനസ്സിലാക്കാൻ പറ്റുമെന്നുള്ളതാണ്. സമർപ്പണമുള്ളിടത്ത് ശാന്തിയും ശാന്തിയുള്ളിടത്ത് സമാധാനവും ഉണ്ടാകുന്നു. വീട്ടിലൊരു മരുമോളുണ്ടെങ്കിൽ സമാധാനം തേടി വേറെങ്ങും പോകേണ്ടതില്ല.
പഴമക്കാർ പറയാറുണ്ട്. ചെന്നിയിലെ മുടി നരക്കുമ്പോൾ തന്നെ സ്‌ഥാനമൊഴിഞ്ഞ് സന്ന്യസിക്കണമെന്ന്. മരുമോൾ വീട്ടിൽ വന്നു കേറുമ്പോൾത്തന്നെ അമ്മായിയമ്മയ്ക്ക് ഇത് ചെയ്യാവുന്നതാണ്.“ങ്ഹാ! മോളേ, ശരിയാണ്” എന്നീ മൂന്നു വാക്കുകൾ അമ്മായിയമ്മയ്ക്ക് അതിരില്ലാത്ത സമാധാനവും അലൗകികമായ സുഖവും പ്രദാനം ചെയ്യും.
വിശേഷാവസരങ്ങളിൽ മരുമക്കളെ തീരെ വില കുറച്ച് കാണരുത്. നാലാള് കൂടുന്നിടത്തു വച്ചു തന്നെ അവർ പൂരപ്പാട്ട് പാടി അമ്മായിയമ്മയെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കും.
മരുമോൾ ഇരിക്കാൻ പറഞ്ഞാലുടൻ ഇരിക്കുന്നതുമൂലം സമാധാനമാണെനിക്ക് ലഭിക്കുന്നത്. എല്ലാ അമ്മായിയമ്മമാരും ഈ രീതി പിന്തുടരണമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ ഉപദേശിക്കുന്നു.