സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ ബീഡ്സിന്‍റെ ബഹുവർണ്ണത്തിൽ കോളേജ് സുന്ദരികൾക്ക് വിലസി നടക്കാം. കൗമാരക്കാർക്ക് മോഡേൺ ലുക്ക് പകരുന്ന ബീഡ്സ് ജ്വല്ലറിയാണ് ഇപ്പോഴത്തെ ട്രെൻഡ് ട്രാക്ക്. വേറിട്ട സ്റ്റൈലും ഭംഗിയുമാണ് ഇതിന്‍റെ മുഖമുദ്ര. ഒറ്റ നോട്ടത്തിൽ തന്നെ ബ്യൂട്ടിഫുൾ അക്സറീസ് എന്ന് പ്രശംസ പിടിച്ചു പറ്റുന്ന ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്. ഏതുതരം മോഡേൺ വേഷങ്ങൾക്കും ബീഡ്സ് ആക്സസറീസുകൾ ഇണങ്ങും.
എന്താണ് ബീഡ്സ് ജ്വല്ലറി
ഗ്ലാസ് റോഡ് ഉരുക്കിയാണ് പല ആകൃതിയിലും വലിപ്പത്തിലും ഉള്ള സുന്ദരമായ മുത്തുകൾ (ബീഡ്സ്) നിർമ്മിക്കുന്നത്. ഇത് പല വർണ്ണങ്ങളിൽ മാർക്കറ്റിൽ ലഭ്യമാണ്. മനോഹരമായ നൂലിൽ ബീഡ്സ് കോരുത്ത് ആഭരണങ്ങൾ സ്വയം തയ്യാറാക്കാനും സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ബ്രേസ്‍ലെറ്റ്, നെക്‌ലേസ് തുടങ്ങി മനസ്സിന് ഇഷ്ടപ്പെട്ട ഏത് അക്സസറീസും ബീഡ്സ് കൊണ്ട് നിർമ്മിക്കാം.
നെക്‌ലേസ്
ഓരോ വിശേഷാവസരത്തിനും ഇണങ്ങുന്നത് ആവണം ബീഡ്സിന്‍റെ ഷേയ്പ് അല്ലെങ്കിൽ വലുപ്പം. കഴുത്തിൽ പറ്റിക്കിടക്കുന്ന കനം കുറഞ്ഞ ബീഡ്സ് കൊണ്ടുള്ള മാല ഏവരും ഇഷ്ടപ്പെടും എങ്കിലും കഴുത്തിൽ നീണ്ടു കിടക്കുന്ന വലിയ ബീഡ്സിന്‍റെ മാല നിങ്ങളുടെ വ്യക്തിത്വത്തെ വേറിട്ടതാക്കും. കഴുത്തിന്‍റെ സൗന്ദര്യം ഒന്നുകൂടി എടുത്തു കാട്ടണം എന്നുണ്ടെങ്കിൽ ബീഡ്സ് മാല പല മടക്കുകളായി അണിയാം. വിശേഷാവസരങ്ങൾക്കായി ബീഡ്സ് മാലയുടെ നടുക്ക് പെൻഡന്‍റ് വച്ച് കുടുതൽ മനോഹരമാക്കി ഉപയോഗിക്കാം. ബീഡ്സുകളുടെ നിറക്കൂട്ടുകൾ കൊണ്ട് നിറഞ്ഞ കഴുത്ത് ആരേയും ആകർഷിക്കും.
ബ്രേസ്‍ലെറ്റ്
കളർ ബീഡ്സ് എങ്ങനെ ഉപയോഗിക്കുന്നു എന്നത് വ്യക്തിയുടെ കാലപരവും ബുദ്ധിപരവുമായ കഴിവിനെ ആശ്രയിച്ചിരിക്കും. ബ്രേസ്‍ലെറ്റ് തയ്യാറാക്കുന്നതിന് ചെറുതും വലുതുമായ ബീഡ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയ പെൻഡന്‍റ് നടുക്ക് വച്ചും ബ്രേസ്‍ലെറ്റ് ഉണ്ടാക്കാവുന്നതാണ്.
ഇയർറിംഗ്സ്
സ്വന്തം ഡ്രസ്സിന് ഇണങ്ങുന്ന വിധത്തിൽ മാച്ചിംഗ് ഇയർറിംഗ്സ് അണിയാൻ ആഗ്രഹിക്കുന്നു എങ്കിൽ മാച്ചിംഗ് ബീഡ്സ് കൊണ്ട് ഇയർറിംഗ്സ് തയ്യാറാക്കാം. ഇത് മുഖത്തിന് കൂടുതൽ ആകർഷണീയത പകരും. ഇഷ്ടമുള്ള ഡിസൈനുകളിൽ ഇയർറിംഗുകൾ ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം എന്ന പ്രത്യേകതകൂടിയുണ്ട്.
വേഷം
ഇന്ത്യൻ വേഷങ്ങളെപ്പോലെ തന്നെ വെസ്റ്റേൺ വേഷവിധാനങ്ങൾക്കും ബീഡ്സ് കൊണ്ടുള്ള ആഭരണങ്ങൾ മാച്ചിംഗ് ആയിരിക്കും. എന്നാലത് വളരെ സൂക്ഷിച്ചു വേണം തെരഞ്ഞെടുക്കാൻ. വെസ്റ്റേൺ ഡ്രസ്സിനോടൊപ്പം ബ്ലാക്ക്, വൈറ്റ് പെസ്റ്റൽ കളറിലുള്ള അക്സസറീസ് ആണ് യോജിക്കുക. ബ്രൈറ്റ്, ബോൾഡ്, എത്ത്നിക് ശൈലിയിലുള്ള ബീഡ്സ് ആഭരണങ്ങൾ ഇന്ത്യൻ വേഷങ്ങളെ കൂടുതൽ ആകർഷകമാക്കും. വ്യക്തിപരമായ ടേസ്റ്റ് അനുസരിച്ചും ബീഡ്സ് ജ്വല്ലറി പരീക്ഷിച്ച് നോക്കാവുന്നതാണ്.
ചില കാര്യങ്ങൾ
- സ്വർണ്ണത്തിനും വെള്ളിക്കും വില കൂടിയ സാഹചര്യത്തിൽ ബീഡ്സ് ഫാഷൻ സ്റ്റേറ്റ്മെന്‍റ് ആയിരിക്കുകയാണ്. എങ്കിൽ പിന്നെ എന്തുകൊണ്ട് ബീഡ്സ് ആഭരണങ്ങൾ അണിഞ്ഞുകൂടാ.
- കലപരമായ കഴിവ് ഉള്ളവരാണെങ്കിൽ ബീഡ്സ് ജ്വല്ലറി സ്വയം തയ്യാറാക്കാൻ ശ്രമിക്കുക. മാർക്കറ്റിലും ബീഡ്സ് അനയാസം ലഭ്യമാണ്.
- 30 രൂപ മുതൽ ലോക്കൽ മാർക്കിൽ ബീഡ്സ് ജ്വല്ലറി ലഭ്യമാണ് എന്നാൽ ഓൺലൈനിൽ വിവിധ ഡിസൈനുകളിൽ നിറങ്ങളിൽ ലഭ്യമാണെങ്കിലും വില അൽപം കൂടുതൽ ആയിരിക്കും.
- മോഷണം പെരുകുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വർണ്ണത്തിന് പകരം ബീഡ്സ് ജ്വല്ലറി അണിഞ്ഞ് സ്റ്റൈലിഷായും സുരക്ഷിതമായും നടക്കാം. നഷ്ടപ്പെട്ടു പോകുമെന്ന ഭയവും വേണ്ട. കള്ളന്മാരെ പേടിക്കുകയും വേണ്ട.