മലയാളത്തിന് പുതിയൊരു നായിക കൂടി മമിത ബൈജു. സർവ്വോപരി പാലക്കാരൻ, വരത്തൻ, ഖോഖോ, ഓപ്പറേഷൻ ജാവ, ഹണി ബി, വികൃതി, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് മമിത ബൈജു. ഈയടുത്ത് ഇറങ്ങിയ സൂപ്പർ ശരണ്യയിലെ നായികയായ അനശ്വര രാജനൊപ്പം ശ്രദ്ധിക്കപ്പെട്ട പ്രകടനമാണ് ഈ നടി കാഴ്ചവച്ചത്. ഇതിന് മുമ്പും അഭിനന്ദനാർഹമായ അഭിനയപാടവം തെളിയിച്ചിട്ടുണ്ട് മമിത. അത്തരത്തിൽ മറക്കാനാവാത്ത ഒന്നാണ് ഓപ്പറേഷൻ ജാവയിലെ അൽഫോൻസയെന്ന കഥാപാത്രം. ജീവിതത്തെ പ്രായോഗിക ബുദ്ധിയോടെ സമീപിക്കുന്ന അൽഫോൻസയെന്ന കഥാപാത്രത്തിലൂടെ മമിത സിനിമപ്രേമികളുടെ മനസ് കീഴടക്കുകയായിരുന്നു. പാലാക്കാരിയായ മമിതയുടെ ആദ്യ ചിത്രം സർവ്വോപരി പാലക്കാരനാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സർവ്വോപരി പാലക്കാരനിൽ വേഷമിടുന്നത്.
ഖോഖോ എന്ന സിനിമയിൽ ഖോഖോ ടീം ക്യാപ്റ്റനായിട്ടായിരുന്നു മമിതയുടെ വേഷം. അൻജു എന്ന ബോൾഡായ കഥാപാത്രം. വളരെ ബോൾഡായ കഥാപാത്രം. അൻജുവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് അവളെ അത്തരത്തിൽ ബോൾഡാക്കുന്നത്. മമിതയിലെ അഭിനയ മികവ് പ്രകടമാക്കുന്ന മറ്റൊരു കഥാപാത്രമായിരുന്നുവത്. ഖോഖോ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മമിത ഖോഖോ കളിയിൽ പരിശീലനവും നേടിയിരുന്നു.
ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യയിൽ നായികയായ അനശ്വരയ്ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട വേഷമാണ് മമിത അവതരിപ്പിച്ച സോന എന്ന കഥാപാത്രം. ചിത്രത്തിൽ സോന എന്ന കഥാപാത്രത്തിന്‍റെ തകർപ്പൻ സംസാരവും പെരുമാറ്റ രീതികളുമൊക്കെ പ്രേക്ഷകരെ കയ്യിലെടുക്കുന്നതായിരുന്നു. കിടിലൻ തഗും തമാശയുമൊക്കെയായി ആരുടെയും മുന്നിൽ തലകുനിക്കാത്ത സോനയെ പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
സിനിമയിൽ തുടരാനാണ് മമിതയുടെ ആഗ്രഹം. ഒപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകണം. പിതാവ് ബൈജു ഡോക്ടറാണ്. അമ്മ മിനി സഹോദരൻ മിഥുൻ എന്നിവരടങ്ങുന്നതാണ് മമിതയുടെ കുടുംബം.