മനോഹരമായ താളത്തോടെയും ഈണത്തോടെയും ഒഴുകുന്ന പുഴ പോലെയാണ് എലിസബത്ത് എസ് മാത്യുവിന്‍റെ സംഗീതം. അത്രയ്ക്ക് വശ്യവും ഹൃദ്യവും. മനസിനും ശരീരത്തിനും സാന്ത്വനമേകുന്ന സംഗീതം. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗത്തിന്‍റെ പിടിയിലമർന്നിട്ടും എലിസബത്തിന്‍റെ സംഗീതാലാപനത്തെ അതൊട്ടും ബാധിച്ചില്ല. പാടുന്നതിനിടയിൽ ഞെട്ടലുണ്ടാകുന്ന (ട്യൂററ്റ് സിൻഡ്രോം) അവസ്‌ഥയുണ്ടാകുമെങ്കിലും എലിസബത്ത് പാട്ട് മനോഹരമായി തന്നെ പാടി മുഴുമിപ്പിക്കും. അതാണ്, സംഗീതത്തെ അതിരുകളില്ലാതെ സ്നേഹിക്കുന്ന ഈ പെൺകുട്ടിയുടെ പ്രത്യേകത. പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന ഈയവസ്‌ഥയെ (ന്യൂറോളജിക്കൽ ഡിസോഡർ) തികഞ്ഞ ആത്മവിശ്വാസത്തോടെയും മനഃകരുത്തോടെയും നേരിടുന്ന എലിസബത്ത് മറ്റുള്ളവർക്ക് ഉദാത്തമായ മാതൃകയാണ്. കണ്ണൂർ പുളിങ്ങോം സ്വദേശിയായ എലിസബത്തിന്‍റെ വിശേഷങ്ങളിലേക്ക്...
പാട്ടിന്‍റെ വഴിയിൽ
ബാല്യകാലം മുതൽ എലിസബത്ത് സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. 6-ാം വയസിൽ തുടങ്ങി കണ്ണൂർ ചെറുപുഴ നാദബ്രഹ്മ മ്യൂസിക് സ്ക്കൂളിലാണ് സംഗീത പഠനത്തിന് തുടക്കം കുറിച്ചത്. “ആദ്യമൊക്കെ ഡിവോഷ്ണൽ പാട്ടുകളാണ് പാടിയിരുന്നത്. സംഗീതത്തിലുള്ള എന്‍റെ കഴിവ് മനസിലാക്കിയ അച്ചാച്ചനും അമ്മയും എന്നെ ക്ലാസിക്കൽ സംഗീതം പഠിപ്പിക്കാനയച്ചു. അങ്ങനെ മൊത്തം 8 വർഷത്തോളം സംഗീതമഭ്യസിച്ചിട്ടുണ്ട്.” എലിസബത്ത് പറയുന്നു.
“എന്‍റെ അച്ചാച്ചനും അമ്മയുമാണ് എന്‍റെയുള്ളിലെ സംഗീതപരമായ കഴിവുകളെ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത്. അവരാണ് എന്‍റെ വഴികാട്ടിയും.”
ട്യൂററ്റ് സിൻഡ്രോം എന്ന അവസ്‌ഥ തിരിച്ചറിഞ്ഞതെപ്പോഴാണ്?
എനിക്ക് ഇങ്ങനെയൊരു അവസ്‌ഥയുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്‍റെ അച്ചാച്ചനാണ്. എനിക്ക് ഏതാണ്ട് 10 വയസ്സുള്ളപ്പോഴായിരുന്നുവത്. ആദ്യമൊക്കെ ചെറിയ രീതിയിലുള്ള മൂവ്മെന്‍റ്സ് (ഞെട്ടൽ) ആയിരുന്നു. അങ്ങനെ പേരന്‍റ്സ് എന്നെ കുറേ ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി. തുടർന്ന് നടന്ന വിദഗ്ദ്ധമായ പരിശോധനയിൽ ട്യൂററ്റ് സിൻഡ്രോമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ വിദഗ്ദ്ധ ചികിത്സ തുടരുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.
എലിസബത്തിന്‍റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയും. ഒപ്പം സംഗീതത്തോടുള്ള നിസ്സീമമായ സ്നേഹവും അർപ്പണവും. മാധുര്യമേറിയ സംഗീതാലാപനം കൊണ്ട് ചുറ്റുമുള്ളവരെ മന്ത്രമുഗ്ദ്ധമാക്കുന്ന ഗായികയുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടരുന്നു.അവളുടെ സംഗീതം പോലെ സുന്ദരമായത്...
സ്റ്റേജ് പരിപാടികളിലെ സജീവ സാന്നിധ്യം
മുമ്പ് സ്റ്റേജ് പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു എലിസബത്ത്. “ഈയവസ്‌ഥ മൂർച്ഛിച്ചു വന്നതോടെ ലൈവ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു. അതോടെ പരിപാടികളൊക്കെ ഒഴിവാക്കുകയായിരുന്നു. അപ്പോഴൊക്കെ റെക്കോഡിംഗ് മാത്രമെ സാധിക്കുമായിരുന്നുള്ളൂ.”
2018 ന് മുമ്പ് വരെ എനിക്ക് പാട്ടുപാടുമ്പോൾ നല്ല ആത്മവിശ്വാസമായിരുന്നു. ഞെട്ടൽ അപ്പോഴും ഉണ്ടായിരുന്നു. പക്ഷെ വലിയ കുഴപ്പമില്ലാതെ പാടി തീർക്കുമായിരുന്നു. നന്നായി ലയിച്ച് പാടുമായിരുന്നു. എന്നെ അപ്പോഴൊന്നും ഈ പ്രശ്നം അത്ര അലട്ടിയിരുന്നില്ല. പക്ഷെ 2018 നവംബറോടെയാണ് ഇത് വല്ലാതെ ബാധിച്ചത്. പരിപാടിയിലൊന്നും പാടാൻ ആ സമയത്ത് പോകാതെയായി. ഞങ്ങൾക്കത് ആദ്യം അംഗീകരിക്കാൻ തന്നെ പ്രയാസമായിരുന്നു.
പക്ഷെ ആ സമയത്ത് ഞാനൊരു കാര്യം മനസിലാക്കി. എനിക്ക് ഇങ്ങനെയൊരവസ്‌ഥ വന്നു ചേർന്നുവെങ്കിലും എന്നിൽ വലിയൊരു കഴിവ് നിക്ഷേപമായുണ്ട്. എന്‍റെ കുറവുകളിലേക്കല്ല മറിച്ച് എന്‍റെ കഴിവുകളിലേക്ക് ഫോക്കസ് ചെയ്‌താലെ ഞാൻ ഞാനായി മാറുകയുള്ളൂവെന്ന തിരിച്ചറിവ് എന്നിൽ ശക്തമായി ഉണ്ടായി. എന്‍റെ വീട്ടുകാർ പ്രോത്സാഹനം പകർന്ന് ഒപ്പം നിന്നു. അങ്ങനെ എല്ലാറ്റിനെയും നേരിട്ടുകൊണ്ട് ഞാൻ മുന്നോട്ട് പോയി.” ആത്മവിശ്വാസം നിറഞ്ഞ എലിസബത്തിന്‍റെ വാക്കുകൾ...