“പോസ്റ്റ്”
കേട്ടതും ചിന്നു മോൾ ദിവ്യയുടെ മടിയിൽ നിന്നും ചാടിയിറങ്ങി വാതിൽക്കലേക്കോടി.
ദിവ്യ കത്തു പൊട്ടിച്ചു വായിച്ചപ്പോൾ ചിന്നു അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. അമ്മയുടെ മുഖത്ത് കാണുന്ന സന്തോഷം കുഞ്ഞിന്‍റെ മുഖത്തും വ്യാപിച്ചു.
രാത്രി നല്ല നിലാവ്, ഉറങ്ങുന്ന ചിന്നുവിന്‍റെ അടുത്തു നിന്ന് ദിവ്യ മെല്ലെ എഴുന്നേറ്റ് ജനലിനടുത്ത് വന്നിരുന്നു.
ദീപു അയ്യാൾ ആരാണ്? അറിയില്ല. എങ്കിലും അയ്യാളുടെ കത്തുകൾ തന്നെ പ്രണയ ലോകത്തേക്ക് ഉയർത്തുന്നു. ദൃഢമായ പ്രണയം ആ കത്തുകളിൽ തുളുമ്പിയിരുന്നു. മറുപടി എഴുതാൻ അഡ്രസ്സ് തന്നിരുന്നില്ല. പക്ഷേ തന്‍റെ വിവരങ്ങൾ എല്ലാം അയ്യാൾ അറിയുന്നു!!!
വിശ്വന്‍റെ മരണ ശേഷം പിഞ്ചുകുഞ്ഞിനോടൊപ്പം ജീവിതത്തിൽ തനിച്ചായ തനിയ്ക്ക് ഒരു ഔഷധം തന്നെയാണാ കത്തുകൾ. വിശ്വന്‍റെ മരണ ശേഷം തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവാനാവുമായിരുന്നില്ല. സ്വന്തമായി ഒരു വീടും കൂട്ടുകാരുടെ സഹായത്തോടെ ഒരു ജോലിയും ഉണ്ടായി എന്നതൊരു ദൈവ കൃപ.
ദീപുവിന്‍റെ പ്രണയം അവളുടെ ഹൃദയം കവർന്നു തുടങ്ങിയപ്പോൾ അഡ്രസ് അറിയാതെ മറുപടി എങ്ങിനെ എഴുതും എന്നറിയാതവൾ പലപ്പോഴും വിങ്ങിപ്പൊട്ടി. ഒരിക്കൽ കൂട്ടുകാരി ലതികയോട് അവൾ തന്‍റെ സങ്കടം പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
“നീ നന്നായി എഴുതുമല്ലോ – എഴുതൂ….. നീ ദീപുവിനോടുള്ള പ്രണയം മുഖപുസ്തകത്തിലും വാരികകളിലും എഴുതൂ”
“ഞാനോ” അവൾ അവിശ്വാസത്തോടെ ചോദിച്ചു.
“അതേ അതയ്യാൾ വായിക്കും ഉറപ്പ്”
അവൾക്ക് ആദ്യമൊന്നും ധൈര്യമില്ലായിരുന്നു. പക്ഷേ പതിയെ അവളിലെ ജ്വലിക്കുന്ന പ്രണയം അവളെ അറിയപ്പെടുന്ന എഴുത്തുകാരിയാക്കി. ദീപുവിന്‍റെ കത്തുകളിൽ നിന്നും അയാൾ ആ പ്രണയം ഉൾക്കൊള്ളുന്നതായവൾ മനസ്സിലാക്കി.
വർഷങ്ങൾ കടന്നു. ഒരു ദിവസം അവൾക്കൊരു സ്ത്രീയുടെ കത്തു കിട്ടി. ഞാൻ നിർമ്മല ദീപുവിന്‍റെ സഹോദരി. ദീപുവിന് നിങ്ങളെ ഒന്നു കാണണമെന്നുണ്ട്. വിരോധമില്ലെങ്കിൽ ഒന്നു വരൂ….
അവൾക്ക് വളരെ സന്തോഷമായി. കത്തിൽ പറഞ്ഞ പ്രകാരം അവൾ ഒരു വീടിന്‍റെ മുന്നിലെത്തി. അന്നൊരു പ്രണയ ദിനമായിരുന്നു. ഈ ദിനം തിരഞ്ഞെടുത്തത് യാദൃച്ഛികമാണല്ലോ എന്നവളോർത്തു.
മുറ്റത്ത് നിറയെ മുല്ലകൾ പൂത്ത മണം. കോളിംഗ് ബെൽ അമർത്തി. വാതിൽ തുറന്നത് നിർമ്മല ആയിരിക്കാമെന്നവൾ ഊഹിച്ചു. അവളെ നിർന്നിമേഷം നോക്കി നിർമ്മല പുഞ്ചിരിച്ചു.
“ദിവ്യ വരൂ”
അവൾ ദിവ്യയെ ദീപുവിന്‍റെ മുറിയിലേക്കാനയിച്ചു ദിവ്യയുടെ ഹൃദയം പിടയ്ക്കാൻ തുടങ്ങി. എത്ര നാളായി അദ്ദേഹത്തെ ഒരു നോക്കു കാണണം എന്നാഗ്രഹിക്കുന്നു.
അകത്തെ കട്ടിലിൽ ദീപു കിടന്നിരുന്നു. അടുത്തുള്ള മേശയിൽ നിറയെ മരുന്നുകൾ. ദിവ്യ അമ്പരപ്പോടെ നിർമ്മലയെ നോക്കി.
കഴിഞ്ഞ മാസം പെട്ടെന്ന് തളർന്നു വീണു. എഴുന്നേറ്റ് നടക്കാനാവില്ല. അവൾ അവിശ്വാസത്തോടെ ദീപുവിനെ നോക്കി. അവളെത്തന്നെ പുഞ്ചിരിയോടെ നോക്കി കിടക്കുകയായിരുന്നു ദീപു
“നിങ്ങൾ സംസാരിക്കു”
നിർമ്മല മുറി വിട്ടു പോയി.
ദീപുവിന്‍റെ കണ്ണുകൾ ആ ക്ഷീണിച്ച അവസ്ഥയിലും നന്നായി തിളങ്ങുന്നു. ആ തിളക്കം, അതിലെ പ്രണയം അവളിൽ കോരിത്തരിപ്പുണ്ടാക്കി.
“എന്നെ എങ്ങിനെ അറിയാം? എനിക്ക് കണ്ട് പരിചയമില്ല.”
“ഞാൻ വിശ്വന്‍റെ സുഹൃത്താണ്. പക്ഷേ എനിക്ക് നിങ്ങളെ ഒരിക്കലും വന്നു കാണാൻ പറ്റിയിട്ടില്ല.” അവൾ അയ്യാളെ നോക്കിയിരുന്നു.
“ജീവിതത്തിൽ ചില ഉത്തരവാദിത്വങ്ങൾ എനിയ്ക്കുണ്ടായിരുന്നു. നിന്നെ എനിക്കെന്‍റെ കൂടെ കൂട്ടാൻ പറ്റിയില്ല. എന്നോട് ക്ഷമിക്കൂ.” അയ്യാൾ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി.
ഉത്തരവാദിത്വങ്ങൾ എന്തായിരുന്നെന്ന് അവൾ ചോദിച്ചില്ല. അയ്യാൾ പറഞ്ഞുമില്ല.
എല്ലാ ചോദ്യോത്തരങ്ങൾക്കുമപ്പുറം മൗനമായി പ്രണയത്തിന്‍റെ ഭാഷയിൽ മറ്റെല്ലാം മറന്നവർ, യുഗങ്ങളോളം ഒന്നിച്ചു കഴിഞ്ഞവരെപ്പോലെ സംവദിച്ചു കൊണ്ടിരുന്നു.