ആകെ മടുത്ത് മുഷിഞ്ഞ് ഉറക്കച്ചടവോടെ ഇരിക്കുമ്പോൾ ഒരു കപ്പ് ചായ കിട്ടിയാൽ അതിൽ പരം സന്തോഷം വരാനില്ല. ഒരു കപ്പ് ചായയിൽ ഒരു തിരമാലയുടെ ഉന്മേഷം ഉണ്ട്. ചായ മലയാളിയെ സംബന്ധിച്ചിടത്തോളം വെറുമൊരു പാനീയമല്ല. അതൊരു ശീലമാണ്. കാലം കുറെയേറെ മാറിയിട്ടും കോലം മാറാത്ത ഒരു ശീലം, രാവിലെ പത്രത്തിനൊപ്പം ഒരു കപ്പ് ചൂടൻ ചായ. ആ ചായക്കോപ്പയിൽ നിന്നാണ് മലയാളിയുടെ ഒരു പകൽ ഉണരുന്നത്. ശീലം മാറിയില്ലെന്നത് ശരി തന്നെ. പക്ഷേ ചായ ഒരുപാട് മാറി. എത്ര തരം ചായകളുണ്ട് നമുക്കിന്ന്. വൈറ്റ് ടീ, ബ്ലാക്ക് ടീ ഗ്രീൻ ടീ, ഊലോംഗ് ടീ എന്ന ബ്രൗൺ ടീ, ഇത് ഹെർബൽ ടീകളുടെ കാലമാണ്. ആരോഗ്യത്തിന് കണ്ണോളം പ്രാധാന്യം കൊടുക്കുന്നവരുടെ ചായശീലങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്.
ചെറുപ്പക്കാരുടെ വൈറ്റ് ടീ
വൈറ്റ് ടീ, കൂട്ടത്തിലെ പ്രായം കുറഞ്ഞ് പോഷകസമ്പുഷ്ടമായ ചായ. നന്നായി വിടരുന്നതിന് മുമ്പു തന്നെ ഇളം തേയില നുള്ളിയെടുത്ത് പൊടിയാക്കി മാറ്റുന്നു.ഇതാണ് വൈറ്റ് ടീയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ കഫീന്റെ അളവ് കുറവാണ്. ആന്റി ഏജിംഗിനും ചർമ്മ സംരക്ഷണത്തിനും ഫലപ്രദമായ ടോണിക് ആണിത്. വില കൂടിയ ഈ പൗഡറാണ് മിക്ക കോസ്മെറ്റിക് കമ്പനിക്കാരുടേയും സ്കിൻ ക്രീമുകളുടെ സ്ഥിരം ചേരുവകളിൽ ഒന്ന്. ചില പ്രത്യേകതരം ക്യാൻസറുകളെ പ്രതിരോധിക്കാനുള്ള കഴിവും വൈറ്റ് ടീയ്ക്ക് ഉണ്ട്. ദിവസം രണ്ട് മൂന്ന് കപ്പ് വരെ വൈറ്റ് ടീ കുടിക്കുന്നത് ശീലമാക്കിയാൽ പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സ്ട്രോംഗ് ബ്ലാക്ക് ടീ
ചായ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക ഈ ഹോട്ട് ബ്ലാക്ക് ടീയുടെ രുചിയാണ്. കൂട്ടത്തിലെ പോപ്പുലർ സ്റ്റാറാണിവൻ. മറ്റ് മൂന്ന് ചായകളുടേയും കസിനാണ് കക്ഷി.
വ്യത്യസ്ത രുചി, വിലക്കുറവ് എന്നിവയൊക്കെയാണ് ബ്ലാക്ക് ടീയുടെ പ്ലസ് പോയിന്റ്. കെനിയ, ശ്രീലങ്ക, ഇന്ത്യയിലെ ആസാം, ഡാർജലിംഗ് എന്നിവിടങ്ങളാണ് ബ്ലാക്ക് ടീ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്. മുഴുവൻ വിടർന്ന തേയില ഇലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ കഫീന്റെ അളവ് കൂടിതലാണ്. പ്ലെയ്നായും പാൽ ചേർത്തും ഒരുപോലെ കഴിക്കാവുന്ന ബ്ലാക്ക് ടീ ശരീരത്തിനു ദോഷകരമായ ടോക്സിനെയും ക്യാൻസറിനേയും പ്രതിരോധിക്കുന്നു. സ്ഥിരമായി ബ്ലാക്ക് ടീ കുടിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണ്. കൊളസ്ട്രോൾ താഴ്ന്ന ലെവലിൽ ഉള്ളവർക്ക് കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ബ്ലാക്ക് ടീ സഹായിക്കും.
പവർ ഫുൾ ഗ്രീൻ ടീ
ചൈന, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഗ്രീൻ ടീ നൈസർഗീകമായ ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. ചൈനാക്കാരുടെ ഗ്രീൻ ടീയാണ് ഇതിൽ പ്രമാണി. രുചിയുടെ ഉസ്താദുമാരായ ചൈനാക്കാർ ചായയുടെ രുചിയും മണവും കൂട്ടാൻ ചേർക്കുന്ന ചേരുവകൾക്ക് കയ്യും കണക്കുമില്ല. ഫലമോ ഒരിക്കൽ ചൈനീസ് ഗ്രീൻ ടീ കഴിച്ചാൽ പിന്നെ നിങ്ങളും ഫാനാവുകയായി.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന EGCG ( Epigallocatechin) എന്ന ആന്റി ഓക്സിഡന്റ് ക്യാൻസർ കോശങ്ങൾ പെരുകുന്നത് തടയുന്നു. ഒപ്പം അപകടകരമായ ക്യാൻസർ കോശങ്ങളെ മറ്റ് ഹെൽത്തി കോശങ്ങൾക്ക് ദോഷകരമാകാത്ത രീതിയിൽ കൊല്ലുകയും ചെയ്യുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഗ്രീൻ ടീയ്ക്ക് പ്രത്യേക കഴിവുണ്ട്. തടി കുറയ്ക്കാൻ എക്സർസൈസും ഡയറ്റും ചെയ്യുന്നവർ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. അതുപോലെ പല്ലുകളുടെ പൊതു ശത്രുവായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ഫ്ളൂറൈഡ് സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ത്രീകളിൽ സാധാരണയായി കണ്ടു വരുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി സന്ധിവാതം പോലുള്ള അസ്വസ്ഥതകളിൽ നിന്ന് മോചനം നേടാനും ഗ്രീൻ ടീ ഫലപ്രദമാണ്.
ഫൈറ്റർ ഊലോംഗ് ടീ
ആന്റി ഏജിംഗിനും സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മരുന്ന് എന്നാണ് ഊലോംഗ് ടീ അറിയപ്പെടുന്നത്. ആരോഗ്യവും യുവത്വവും പ്രദാനം ചെയ്യുന്നവയാണ് ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ. ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ പ്രായാധിക്യം തോന്നാതെ ചർമ്മത്തിന്റെ സ്നിഗ്ധത നിലനിർത്താൻ പൊരുതുന്ന ഊലോംഗ് ടീയ്ക്ക് സൗന്ദര്യസംരക്ഷണ തല്പരരുടെ ഇടയിൽ ഫൈറ്റർ എന്നാണ് വിളിപ്പേര്.
ഉടനടി ഉന്മേഷത്തിന്റെ വൺവേഡാണ് ഊലോംഗ് ചായ. ദഹനക്രിയ എളുപ്പമാക്കാൻ മാത്രമല്ല ഭക്ഷത്തിലെ കൂടുതൽ കലോറി എരിച്ചു കളയാനും ഊലോംഗ് മിടുക്കനാണ്. അതുകൊണ്ട് തന്നെ ഡയറ്റുകാരുടെ പ്രിയപ്പെട്ട പാനീയങ്ങളുടെ ലിസ്റ്റിൽ ഊലോംഗിനും സ്വന്തമായൊരു ഇടമുണ്ട്. ഊലോംഗ് ടീ സ്ഥിരമാക്കിയാൽ ഏതാനും പൗണ്ട് അമിത മാംസമെങ്കിലും നിങ്ങളുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കാനാവും. മിക്ക സൂപ്പർ മാർക്കറ്റുകളിലും ഹെർബൽ ടീകൾ വാങ്ങാൻ കിട്ടും.