നമ്മള്‍ പലരുടെയും ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. പശുവിന്‍റെയും എരുമയുടെയും പാൽ വളരെക്കാലമായി ഒരു പാനീയമായി ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം പാൽ ഇഷ്ടപ്പെടാത്തവർ ഭക്ഷണത്തിൽ നിന്ന് ഡയറി മിൽക്ക് ഒഴിവാക്കി വീഗൻ മിൽക്ക് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. വീഗൻ ഡയറ്റ് സ്വീകരിക്കുന്ന മിക്ക ആളുകളും പാലും പാലുൽപ്പന്നങ്ങളും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ അവർ ഡയറി മിൽക്കിന് പകരം ബദാം പാല്‍ അല്ലെങ്കിൽ സോയ പാൽ ഉപയോഗിക്കുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് നാൾ ആയി നോൺ- ഡയറി രൂപത്തിൽ ഉരുളക്കിഴങ്ങ് പാൽ (potato milk) രസകരമായ ഒരു ബദലായി ഉപയോഗത്തില്‍ വന്നിട്ടുണ്ട്. കൂടുതല്‍ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഈ പച്ചക്കറി ഒരു ട്രെൻഡായി മാറുമെന്നും ആരോഗ്യകരമായ ഭക്ഷണ വസ്തുക്കളുടെ പട്ടികയിൽ ചേരുമെന്നും നമ്മൾ ഒരിക്കലും കരുതിയില്ല.

ഗവേഷണ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഉരുളക്കിഴങ്ങ് പാൽ 2022-ൽ ട്രെൻഡ് സെറ്റർ ആകും. വെയ്‌ട്രോസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, പുതുവർഷത്തിൽ സസ്യഭക്ഷണങ്ങളുടെ ആവശ്യം വർദ്ധിക്കുമെന്ന് പറയുന്നു. സോയ, ബദാം, ഓട്‌സ് പാൽ എന്നിവയ്‌ക്ക് ഉരുളക്കിഴങ്ങ് പാൽ കടുത്ത മത്സരം നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉരുളക്കിഴങ്ങ് പാലിൽ പൂരിത കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് മറ്റ് നോൺ- ഡയറി പലുകളെ അപേക്ഷിച്ച് വളരെ കുറവാണ്, അതിനാലാണ് ലോകമെമ്പാടുമുള്ള ആളുകൾ ഇത് വളരെയധികം ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ഉരുളക്കിഴങ്ങ് പാൽ അത്ര പ്രചാരം നേടിയിട്ടില്ല.

ഉരുളക്കിഴങ്ങ് പാൽ കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

ഉരുളക്കിഴങ്ങ് പാൽ ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങൾക്ക് മലബന്ധമോ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, ഉരുളക്കിഴങ്ങ് പാൽ വളരെ നല്ല ഓപ്ഷനാണ്. നാരുകൾ, വിറ്റാമിൻ ബി-12, ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ് പാൽ. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും എന്നാണ് ഗവേഷണ റിപ്പോർട്ടുകള്‍ പറയുന്നത്.

കൊളസ്ട്രോൾ രഹിത ഉരുളക്കിഴങ്ങ് പാൽ

പൊട്ടറ്റോ മിൽക്ക് ഡയറി ഫ്രീ, ഫാറ്റ് ഫ്രീ, കൊളസ്ട്രോൾ ഫ്രീ ആണ്. ഉരുളക്കിഴങ്ങ് പാലിൽ കാണപ്പെടുന്ന കാൽസ്യം പശുവിൻ പാലിന് തുല്യമാണെന്ന് പഠനങ്ങളിൽ പറയപ്പെടുന്നു. ഇത് മാത്രമല്ല, ഉരുളക്കിഴങ്ങ് പാലിൽ കാണപ്പെടുന്ന ധാതുക്കളും വിറ്റാമിനുകളും മറ്റ് തരത്തിലുള്ള വെജിറ്റേറിയൻ പാലിനേക്കാൾ കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

ഉരുളക്കിഴങ്ങ് പാൽ ഉണ്ടാക്കുന്ന വിധം

അടുത്തുള്ള ഡയറിയിൽ ഉരുളക്കിഴങ്ങ് പാൽ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ടതില്ല, നിങ്ങൾക്കത് വീട്ടിൽ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.

ആദ്യം ഉരുളക്കിഴങ്ങ് തൊലി കളയുക. ഇനി കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കുക. വേവിച്ച ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്യുക.

ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ്, കുതിർത്ത് തൊലി കളഞ്ഞ ബദാം, മധുരം (ആവശ്യമെങ്കില്‍ മാത്രം), ആവശ്യത്തിന് വെള്ളം (ഉരുളക്കിഴങ്ങ് വേവിക്കാൻ ഉപയോഗിച്ച വെള്ളം തന്നെ ബ്ലെന്‍ഡ് ചെയ്യാനും ഉപയോഗിക്കാം) എന്നിവ ചേർത്ത് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഇനി ഇത് അരിച്ചെടുത്ത് പാലായി തന്നെ കുടിക്കാം അല്ലെങ്കില്‍ ഷേക്ക്, സ്മൂതി എന്നിവ ഉണ്ടാക്കിയും ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ് പാല്‍ മറ്റ് നോണ്‍- ഡയറി പാലിനേക്കാൾ മധുരം ഉള്ളതായിരിക്കും. അതുകൊണ്ട് തന്നെ പഞ്ചസാര ഇടാതെ ഉപയോഗിക്കാൻ കഴിയും.

और कहानियां पढ़ने के लिए क्लिक करें...