ജന്മം കൊടുക്കുന്നതിലൂടെ ഒരു വലിയ കടമ നിറവേറ്റുന്ന അമ്മയ്ക്ക് ഗർഭം, പ്രസവം, പോഷകാഹാരം തുടങ്ങിയവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം. അമ്മയുടെ അറിവും വൈദഗ്ധ്യവും നവജാതശിശുവിന്‍റെ വളർച്ചയെ വേണ്ടവിധത്തിൽ പോഷിപ്പിക്കും.

ആരോഗ്യ ശ്രദ്ധ

കുട്ടികൾ എപ്പോൾ വേണം അല്ലെങ്കിൽ രണ്ട് കുട്ടികൾ തമ്മിൽ എത്ര പ്രായ വ്യത്യാസമാകാം എന്നതിനെപ്പറ്റി ദമ്പതികൾ ആദ്യം തന്നെ തീരുമാനിക്കണം. പറ്റിപ്പോയി എന്ന നിലയിൽ ഗർഭം ധരിക്കാതിരിക്കാൻ ഇത് ഉപകരിക്കും. ആരോഗ്യമുള്ള ശിശുവിന് വേണ്ടി ഗർഭം ധരിക്കാൻ തീരുമാനമെടുക്കുന്ന കാലം മുതൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. മുമ്പ് ഗർഭമലസൽ, വന്ധ്യതാ പ്രശ്നങ്ങൾ, മറ്റു സ്ത്രീ രോഗങ്ങൾ ഇവ വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുകയും വേണം.

ആസ്തമ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം ഇവയുണ്ടായാലും ഗർഭം അലസാനുള്ള സാധ്യതയുണ്ടാവുന്നു. റൂബെല്ല, മീസത്സ്, ചിക്കൻപോക്സ് തുടങ്ങിയവ ഇക്കാലത്ത് വിരളമാണെങ്കിലും പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുന്നത് നല്ലതാണ്. ഹൈപ്പറ്റൈറ്റിസ്-ബി, ടെറ്റനസ്സ് എന്നിവയ്ക്കെതിരെയും പ്രതിരോധ കുത്തിവയ്പെടുക്കണം. ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് അഭികാമ്യം.

പങ്കാളിയുടെ ആരോഗ്യം

ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്. ഗുണമേന്മയിലും അളവിലും ഉയർന്ന നിലവാരത്തിലുള്ള ശുക്ലം ആരോഗ്യമുള്ള കുഞ്ഞിനെ പ്രദാനം ചെയ്യും. പിരിമുറുക്കം, പുകവലി, പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, രാസവസ്തുക്കളും വിഷാന്തരീക്ഷവുമുള്ള ജോലിസ്‌ഥലം എന്നീ കാരണങ്ങൾ ശുക്ലത്തിന്‍റെ രൂപീകരണത്തേയും ബീജങ്ങളുടെ വളർച്ചയേയും സാരമായി ബാധിക്കുന്നു. കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതു തൊട്ട് മൂന്നുമാസത്തേക്ക് ഗർഭധാരണത്തിന് തയ്യാറെടുക്കാം.

ഈ മൂന്നുമാസങ്ങളിൽ ഉള്ളിൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം നിർത്തണം. രണ്ടു തവണയെങ്കിലും സാധാരണ രീതിയിലുള്ള മാസമുറ ഉണ്ടാകാനാണിത്. ഗർഭനിരോധന ഉറ ഈ കാലങ്ങളിൽ ഉപയോഗിക്കാം. ഗർഭ നിരോധന ശ്രേണിയിലുള്ള ചില മരുന്നുകൾക്ക് വിറ്റാമിനുകളും ധാതുക്കളും വലിച്ചെടുക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണക്രമം

ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ കുഞ്ഞിന്‍റെ ആരോഗ്യം ഭയപ്പെടാനിടയില്ലാത്തതായിത്തീരും. ഗർഭകാലത്തെ വിളർച്ച, മാസം തികയാതെയുള്ള പ്രസവം എന്നിവ ഒഴിവാക്കാനും പോഷകാഹാരം സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങൾ എന്നിങ്ങനെ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം ഗർഭകാലത്തിന് മുമ്പ് ശീലമാക്കണം. കാൻഡി, കാർബണേറ്റ് പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷ്യ സാധനങ്ങൾ, കാപ്പി, ചായ, കോള തുടങ്ങിയവ ഒഴിവാക്കുകയും വേണം. കഫീൻ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ ഗർഭം അലസാൻ പോലും ഇടയാക്കും.

ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, ബീൻസ്, കോളിഫ്ളവർ, അരിയാഹാരം, ഓറഞ്ച്, നാരങ്ങ, മുസമ്പി, വാഴപ്പഴം, പാൽ, തൈര്, ചീസ് ഇവയിൽ നിന്നെല്ലാം ശരീരത്തിനാവശ്യമായ ഫോളിക് ആസിഡ് ലഭിക്കും. തൂക്കം ഉയരത്തിനനുസരിച്ച് ആനുപാതികമാണോ എന്ന് നോക്കുക. കൂടുതലായാലും കുറവായാലും ക്രമീകരിച്ചെടുക്കണം.

ഫിറ്റ്നസ്സ്

ഗർഭധാരണത്തിന് മുമ്പ് വ്യായാമം ശീലിക്കുന്ന സ്ത്രീക്ക് ഗർഭകാലം മുഴുവൻ ഫിറ്റ്നസ്സ് നിലനിർത്താൻ സാധിക്കും. ഗർഭ സംബന്ധമായി വരുന്ന അമിതഭാരം താങ്ങാനും ശരീരത്തിലെ പേശികൾക്ക് ഉറപ്പ് കിട്ടാനും വ്യായാമം സാധിക്കും. മൂലക്കുരു, വെരിക്കോസ് എന്നീ രോഗങ്ങളും വ്യായാമം വഴി അകറ്റാവുന്നതേയുള്ളൂ. നല്ല ഉറക്കം ലഭിക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയമിടിപ്പിന്‍റെ താളം, ശരീരത്തിലെ ഓക്സിജൻ സഞ്ചാരം, കൊഴുപ്പ് ഉരുക്കൽ, ശരീരം മുഴുവനുമുള്ള പേശികളുടെ ഉറപ്പ് എന്നിവയ്ക്ക് സഹായകമാകുന്നു. നീന്തൽ, ഓട്ടം, ടെന്നീസ് ഇവ ശരീരത്തിന്‍റെ മൊത്തം പേശികൾക്ക് ഉറപ്പ് നൽകും. വ്യായാമം നൽകുന്ന ഊർജ്ജസ്വലത മൂന്ന് നാലാഴ്ചകൾക്കുള്ളിൽ നിങ്ങൾക്കു തന്നെ തിരിച്ചറിയാനാകും. പതിവായി ചെയ്യുമ്പോൾ കിതപ്പനുഭവപ്പെടാതെ വ്യായാമത്തിലേർപ്പെടാൻ സാധിക്കും. ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ഗർഭകാലത്ത് നല്ല ഭക്ഷണം

ഗർഭകാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണം ധാരാളം കഴിക്കണം. കാരണം അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരം ശരീരത്തിലെത്തേണ്ടതുണ്ട്. ഇറച്ചി, മീൻ, മുട്ട, പാൽ, ചീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഉരുളക്കിഴങ്ങ്, തവിടുള്ള ചോറ്, അരി, ഗോതമ്പ് ഇവ കാർബോഹൈഡ്രേറ്റിന്‍റെ കലവറയാണ്. ഫലങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വൈറ്റമിൻ കുറവുകൾ പരിഹരിക്കപ്പെടും.

ഭക്ഷണ പ്രശ്നങ്ങൾ

ദഹനക്കുറവ്, നെഞ്ചെരിച്ചിൽ എന്നിവ ചില ഗർഭിണികളിൽ കണ്ട് വരാറുണ്ട്. മസാല അധികം ഉപയോഗിക്കരുത്. കൂടാതെ സോസുകൾ, പ്രിസർവ് ചെയ്‌ത മാംസ ഭക്ഷണം, ഐസ്ക്രീം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

നവജാത ശിശു

ശിശു പൂർണ്ണ ആരോഗ്യവാനാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതികരണശേഷി കാട്ടിത്തുടങ്ങും. അവൻ ജാഗരൂകനുമായിരിക്കും. കഴിയുന്നത്ര അവനെ അമ്മയോട് ചേർത്ത് കിടത്തുക. മുറി ഊഷ്മളതയുള്ളതാണെങ്കിൽ പോലും ചൂടുള്ള ടൗവ്വലോ തുണിയോ ഉപയോഗിച്ച് കുഞ്ഞിനെ പൊതിയണം. ശിശുവിനോട് മൃദുവായി സംസാരിച്ച് നോക്കാം. അവൻ നിങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞു കൊള്ളട്ടെ. എന്തു പറയണമെന്നോർത്ത് വിഷമിക്കേണ്ട. അവസരത്തിനൊത്ത് വാക്കുകൾ സ്വാഭാവികമായി വന്നുകൊള്ളും.

ശിശുവിന്‍റെ ആകൃതിയും പ്രകൃതിയും

ആരുടെയെങ്കിലും ഛായയോ പ്രത്യേകിച്ച് സൗന്ദര്യമോ വനജാത ശിശുക്കൾക്ക് ഉണ്ടാകുകയില്ല. ചുവന്ന് തുടുത്ത് സദാ പുഞ്ചിരിക്കുന്ന കുഞ്ഞിനെ ജനന സമയത്ത് പ്രതീക്ഷിക്കരുത്. ശിശുവിന്‍റെ നീളത്തിന്‍റെ നാലിലൊന്ന് തലയായിരിക്കും. സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞിന്‍റെ തലയ്ക്ക് ശരിയായ ആകൃതി ഉണ്ടായിരിക്കണമെന്നില്ല. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്ത് വരുന്ന വഴി, തലയോട്ടിയിലെ എല്ലുകൾക്ക് സ്‌ഥാനചലനം സംഭവിക്കാറുണ്ട്. ശിശുവിന്‍റെ ശിരസ്സിൽ ചെറിയ കുഴിവുകളായും നീളത്തിലുള്ള ചുളിവുകളായും ഇതിന്‍റെ പരിണിതഫലം കാണാൻ കഴിയും. വിദഗ്ധനായ ഡോക്ടറുടെ കീഴിലല്ലാത്ത സിസേറിയൻ പ്രസവങ്ങളിലും കുഞ്ഞിന്‍റെ തലയ്ക്ക് ആകൃതിയില്ലായ്മ ഉണ്ടാവാം. തലയിലൂടെ കുഞ്ഞിന്‍റെ നാഡിമിടിപ്പ് അറിയാൻ സാധിക്കും.

ചില കുട്ടികൾ നിറയെ തലമുടിയായി ജനിക്കുമ്പോൾ മറ്റ് ചില കുട്ടികൾ കഷണ്ടി രൂപത്തിലായിരിക്കും ജനിക്കുക. ഇത് പിന്നീട് ശരിയായിക്കൊള്ളും. കൃഷ്ണമണിയുടെ നിറം പോലും പിന്നീട് മാറാറുണ്ട്. വീർത്ത കൺപോളകൾക്കിടയിലൂടെ കണ്ണുചിമ്മിയാണ് നവജാതശിശു നോക്കുക. കണ്ണുകൾക്ക് ഫോക്കസ് ചെയ്യാനുള്ള കഴിവ് അപ്പോൾ ഉണ്ടായെന്നുവരില്ല. പതിഞ്ഞ മൂക്ക്, അകത്തേക്കിരിക്കുന്ന താടി, ചതവ് പറ്റിയതു പോലിരിക്കുന്ന കവിളുകൾ എന്നിവയും നവജായ ശിശുക്കളുടെ പ്രത്യേകതകളാണ്.

ജനനത്തിന് തൊട്ടുമുമ്പ് മാതൃശരീരത്തിൽ നിന്നും ചില ഹോർമോണുകൾ പ്ലസൻറയിലേക്ക് തള്ളിക്കയറുന്നത് മൂലം ശിശുവിന്‍റെ പ്രത്യുല്പാദന അവയവങ്ങൾ വീർത്തതായി കാണപ്പെടാം. ആൺപെൺഭേദമില്ലാതെ ശിശുക്കളുടെ മാറിടവും വീർത്തിരിക്കും. മുലഞെട്ടുകളിൽ നിന്ന് പാലിന് സമാനമായ ഒരു ദ്രാവകവും അപൂർവ്വമായി കണ്ട് വരാറുണ്ട്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറിക്കൊള്ളും.

ബന്ധം

സ്നേഹപൂർണ്ണമായ ഇഴയടുപ്പമുള്ള ഒരു ബന്ധം സ്ഥാപിക്കാനായി ജനനത്തിന് ശേഷം ശിശുവും അമ്മയുമായി കുറച്ച് സമയം ചെലവാക്കണമെന്ന് മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കാറുണ്ട്. അമ്മയ്ക്ക് വേഗം തന്നെ കുഞ്ഞിനെ സ്നേഹിക്കാനും അറിയാനും ഇത് ഉപകരിക്കും. കുഞ്ഞിന്‍റെ ഭൂമിയിലെ ആദ്യ നിമിഷങ്ങൾ സ്നേഹപൂർണ്ണമായിരുന്നാൽ അവന്‍റെ ആരോഗ്യത്തിന് അത് ഗുണം ചെയ്യും. പ്രസവം അമ്മയെ ഞെട്ടിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാതൃസ്നേഹം ഉണ്ടായിവരാൻ ചിലപ്പോൾ താമസം നേരിട്ടേക്കാം. ശിശുവിനോട് ദിവസവും സ്നേഹപൂർവ്വം ഇടപെടുമ്പോൾ അമ്മയുടെ ശബ്ദവും മണവുമെല്ലാം കുഞ്ഞ് വേഗം തിരിച്ചറിയും. ഗർഭകാലം, പ്രസവം, ശിശുപരിപാലനം എന്നീ ജീവിതാവസ്‌ഥകൾ ധാരാളം വികാരങ്ങൾ മനസ്സിലുണ്ടാക്കുന്ന കാലമാണ്.

ശിശുവിന്‍റെ ആരോഗ്യം

കുഞ്ഞ് ജനിച്ചയുടൻ നീളം, തലയുടെ ചുറ്റളവ്, തൂക്കം ഇവ രേഖപ്പെടുത്തി വയ്ക്കണം. 2.5 കി.ഗ്രാം മുതൽ 4.25 ഗ്രാം വരെ തൂക്കവുമായാണ് 95 ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത്. 46 സെ.മീ മുതൽ 56 സെ.മീ വരെ നീളവും നവജാത ശിശുവിന് ഉണ്ടാകും. 33 മുതൽ 37 സെ.മീ വരെ ചുറ്റളവ് തലയ്ക്ക് ഉണ്ടാകും. ക്രമരഹിതമായ ഹൃദയമിടിപ്പാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ യോനിയിൽ അണുബാധയുണ്ടെങ്കിൽ ശിശുവിന്‍റെ കണ്ണുകളിൽ അണുബാധ പ്രത്യക്ഷപ്പെടാം.

ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ കുട്ടിക്ക് മഞ്ഞനിറം ബാധിക്കുന്നത് സാധാരണ പ്രതിഭാസമാണ്. ആദ്യ ദിവസങ്ങളിൽ കരൾ വേണ്ട വിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാകില്ല. ഇതിന്‍റെ ഫലമായി കരൾ ഉൽപ്പാദിപ്പിക്കുന്ന ബിലിറൂബിൻ എൻസൈം രക്‌തത്തിൽ കലരുന്നു. നാലാം ദിവസം ഇത് താനേ ഇല്ലാതായിപ്പൊക്കോളും. അല്പം വെയിൽ കൊണ്ടാൽ മാത്രം മതി. മഞ്ഞനിറം നീണ്ടു നിൽക്കുകയാണെങ്കിൽ മഞ്ഞപ്പിത്തമായി തീർന്നേക്കാം.

15,000 ൽ ഒരു കുട്ടിക്ക് വീതം ലോകത്ത് കണ്ടു വരുന്ന അസുഖമാണ് ഫിനിൽകെറ്റോനോറിയ. പ്രോട്ടീനിൽ കണ്ടുവരുന്ന അമിനോ ആസിഡ്- ഫൈനിലെലാനിനെ ലയിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന പ്രതിഭാസമാണ് ഇത്. തലച്ചോറിനെ നശിപ്പിക്കുന്ന രോഗമായതിനാൽ കൗമാര കാലം വരെ ചിലപ്പോൾ ചികിത്സ തേടേണ്ടി വരും.

കുഞ്ഞിന് മുലപ്പാൽ ധാരാളമായി നൽകണം. ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി നൽകുകയും ചെയ്യും. മാനസിക സമ്മർദ്ദം അമ്മമാരിൽ പാൽ കുറയാൻ ഇടയാക്കുന്നുണ്ട്.

സ്കൂൾ കാലം വരെ കുട്ടിയെ മുടക്കം വരുത്താതെ പരിശോധനകൾക്ക് വിധേയമാക്കണം. ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകൾ കുട്ടിക്കുണ്ടാവാതിരിക്കാൻ ഇത് ഗുണം ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...