നിത്യ ജീവിതത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കഴുത്തുവേദന. പൊതുവെ കഴുത്തിലെ മാംസ പേശികളുടെ ആയാസം കൊണ്ടാണ് ഇതുണ്ടാവുന്നതെങ്കിലും ചിലപ്പോൾ കശേരുക്കൾക്കിടയിലെ ഡിസ്‌ക് തെന്നിമാറുന്നതു പോലെ ( cervical disc prolapse) ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയുമാവാം. സ്‌ത്രീകളിൽ കഴുത്തുവേദന കൂടുതൽ കാണാറുണ്ട്. കശേരുക്കളുടെ തേയ്‌മാനം കൊണ്ടുളള കഴുത്തുവേദന മദ്ധ്യവയസ്‌ക്കരിലും വൃദ്ധജനങ്ങളിലും കാണപ്പെടുന്നു.

കാരണങ്ങൾ

തെറ്റായ രീതിയിലുളള ഇരിപ്പും കിടത്തവും കഴുത്തിൽ ഭാരമേൽക്കുന്ന തരത്തിലുളള അദ്ധ്വാനം എന്നിവ കൊണ്ട് കഴുത്തുവേദന വരാം. കമ്പ്യൂട്ടറിനു മുമ്പിൽ ദീർഘനേരം മുമ്പോട്ടു കുനിഞ്ഞിരുന്ന് ജോലി ചെയ്യുക, കസേരയിൽ ചാരിക്കിടന്നുറങ്ങുക, കൈകൊണ്ടു മുഖം താങ്ങി കുറെനേരം അനങ്ങാതെയിരിക്കുക, കഴുത്തു ചരിച്ച് മൊബൈൽ ഫോൺ ചുമലിൽ വച്ചുകൊണ്ട് സംസാരിക്കുക, കിടന്നുകൊണ്ട് ടിവി കാണുക, കിടന്നുകൊണ്ട് വായിക്കുക ഇവയെല്ലാം തന്നെ കഴുത്തുവേദനയ്‌ക്കു കാരണമാകാറുണ്ട്. ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന തലയിണയ്‌ക്ക് ഉയരം കൂടിയാലും കുറഞ്ഞാലും കട്ടി കൂടിയാലും കുറഞ്ഞാലും കഴുത്തുവേദനയുണ്ടാകാം. വിശ്രമമില്ലാതെ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദീർഘനേരം വണ്ടിയോടിക്കുക, ഭാരമുളള വസ്‌തുക്കൾ തലയ്‌ക്കുമുകളിൽ ചുമന്നു നടക്കുക, കഴുത്തു കുനിച്ചു കൊണ്ട് ദീർഘ നേരം ജോലി ചെയ്യുക എന്നിവ കൊണ്ടും കഴുത്തുവേദന വരാം.

രോഗങ്ങൾ

ഓസ്‌റ്റിയോ ആർത്രൈറ്റിസ് (osteoarthritis), സെർവിക്കൽ സ്‌പോണ്ടിലോസിസ് (cervical spondylosis), റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ് (rheumatoid arthritis), ആൻകിലോസിങ് സ്‌പോണ്ടിലോസിസ് (ankylosing spondylitis) തുടങ്ങിയ സന്ധിവാതരോഗങ്ങൾ കശേരുക്കൾക്കിടയിലെ ഡിസ്‌ക് തെന്നിമാറുക ( disk disbalance), സുഷുമ്‌നാനാളം ചുരുങ്ങുന്ന സ്‌പൈനൽ സ്‌റ്റിനോസിസ് (spinal stenosis) എന്നിങ്ങനെയുള്ള നട്ടെല്ലിന്‍റെ രോഗങ്ങളും ജന്മനാ ഉളള വൈകല്യങ്ങളും നട്ടെല്ലിനെ ബാധിക്കുന്ന അർബുദങ്ങളും ട്യൂമറുകളും അണുബാധകൊണ്ടുളള രോഗങ്ങൾ (ഉദാ: ക്ഷയം, മെനിഞ്ചൈറ്റിസ്) എന്നിവയെല്ലാം കഴുത്തുവേദന ഉണ്ടാക്കാറുണ്ട്.

അപകടങ്ങൾ

കഴുത്തിന് ആഘാതമേൽക്കുന്ന വീഴ്‌ച, അടി, വാഹനാപകടങ്ങൾ, കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങൾ എന്നിവ കൊണ്ട് കഴുത്തിലെ എല്ലുകൾക്കോ മാംസപേശികൾക്കോ ക്ഷതം പറ്റുകയും വേദനയുണ്ടാവുകയും ചെയ്യും.

പുകവലി, ലഹരി വസ്‌തുക്കളുടെ അമിതോപയോഗം, വിഷാദരോഗം, മാനസിക സംഘർഷം, അമിതവണ്ണം, വ്യായാമക്കുറവ് ഇവയും കഴുത്ത് വേദനയ്‌ക്ക് കാരണമാകാം.

ലക്ഷണങ്ങൾ

  • കഴുത്തിൽ കഠിനമായ വേദന
  • കഴുത്തുവേദന തലയുടെ ചുവട്ടിൽ നിന്നു തോളിന്‍റെ മുകൾഭാഗം വരെ ഏതുഭാഗത്തും ഉണ്ടാവാം
  • കഴുത്തിൽ ഇടയ്‌ക്കിടെ മാത്രം ഉണ്ടാവുന്ന വേദന
  • കഴുത്തുവേദന പുറം ഭാഗത്തേക്കും തോളുകളിലേക്കും കൈകളിലേക്കും വ്യാപിക്കുക
  • കഴുത്തിലെ മാംസപേശികൾക്ക് പിടുത്തമോ മുറുക്കമോ അനുഭവപ്പെടുക
  • തലവേദന
  • തലയും കഴുത്തും ഇളക്കുവാൻ പ്രയാസവും വേദനയും
  • കൈകളിലും കൈവിരലുകളിലും മരവിപ്പ്, വേദന, തരിപ്പ്, ശേഷിക്കുറവ്

ഡോക്‌ടറെ കാണുക

മുകളിൽ വിവരിച്ച തരം വേദനയുണ്ടെങ്കിൽ ഡോക്‌ടറെ സമീപിക്കുന്നതാണു നല്ലത്. കശേരുകൾക്കിടയിലെ ഡിസ്‌ക് തെന്നിമാറുന്നതുകൊണ്ടും ഹൃദയാഘാതം കൊണ്ടും കഴുത്തുവേദന വരാൻ സാദ്ധ്യതയുളളതിനാൽ അടിയന്തിര ചികിത്സ വേണ്ടി വന്നേക്കാം.

വിശ്രമവും വേദനാസംഹാരി ഗുളികകളും കൊണ്ട് മാറാതിരിക്കുന്ന കഠിനമായ കഴുത്തുവേദന, തുടർച്ചയായ കഴുത്തുവേദന, അതോടൊപ്പം പനിയോ തലവേദനയോ ഉണ്ടാവുക, കൈകളിൽ തരിപ്പ്, മരവിപ്പ്, ബലക്ഷയം താടി നെഞ്ചിൽ മുട്ടിക്കാൻ വിഷമം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ അപകടസൂചനയാണ്. എല്ലുരോഗ വിദഗ്‌ധനോ ന്യൂറോ സർജ്‌ജനോ ആയ ഡോക്‌ടറെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്.

പരിശോധനകൾ

ഡോക്‌ടറോട് വേദനയുടെ ചരിത്രവും സ്വഭാവവും വിശദീകരിക്കുക. കഴുത്തിന് അപകടം പറ്റിയിട്ടുണ്ടോ എന്നതും ജീവിതശൈലിയെക്കുറിച്ചും (ഉദാ :  കമ്പ്യൂട്ടർ ജോലി, ചുമടെടുക്കുന്ന ജോലി) കഴുത്തു വേദനയോടൊപ്പം മറ്റെന്തെങ്കിലും അസുഖമുണ്ടോ എന്നതും ഡോക്‌ടറോട് തുറന്നു പറയണം. രക്‌ത പരിശോധന, കഴുത്തിന്‍റെ എക്‌സ്‌റേ, MRI Scan, CT Scan, മയലോഗ്രാം (myelogram) EMG (ഇലക്‌ട്രോ മയോഗ്രാഫി) തുടങ്ങിയ പരിശോധനകൾ നിർദ്ദേശിക്കും.

ചികിത്സ

വിശ്രമം, വേദന കുറയ്‌ക്കുകയും മാംസപേശികളുടെ മുറുക്കം കുറയ്‌ക്കുകയും നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യുന്ന മരുന്നുകൾ (ഗുളിക, ഇഞ്ചക്ഷൻ, പുരട്ടാനുള്ള ഓയിന്‍റ്മെന്‍റുകൾ) നൽകാറുണ്ട്.

കഴുത്തു വേദന മാറിയതിനുശേഷം ഫിസിയോതെറാപ്പി നടത്തുന്നു. സെർവിക്കൽ കോളർ ട്രാക്ഷൻ ഇട്ടുകൊണ്ട് കിടക്കുക എന്നിവ ചികിത്സയ്‌ക്കായി നിർദ്ദേശിക്കാറുണ്ട്. ഡിസ്‌ക് പ്രൊലാപ്‌സ്, അപകടങ്ങൾ എന്നിവയ്‌ക്ക് ശസ്‌ത്രക്രിയ വേണ്ടിവരും. ശസ്‌ത്രക്രിയയ്‌ക്കു ശേഷം കഴുത്തുവേദന നന്നായി മാറിയതിനുശേഷം മാത്രം ഡോക്‌ടറുടെ നിർദ്ദേശപ്രകാരം വ്യായാമങ്ങളും ഫിസിയോതെറാപ്പിയും നടത്താം. യോഗ, നീന്തൽ, നടത്തം തുടങ്ങിയവ കൊണ്ട് കഴുത്തിലെ മാംസപേശികൾക്ക് ശക്‌തി നൽകാൻ കഴിയും. യോഗ പരിശീലകന്‍റെ നേതൃത്വത്തിൽ മാത്രം യോഗാഭ്യാസം ചെയ്യുന്നതാണ് നല്ലത്.

കഴുത്തുവേദന തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശരിയായ ഇരിപ്പും കിടപ്പും ശരീരനിലയും (posture) നിലനിർത്താൻ ശ്രദ്ധിക്കുക. തെറ്റായ രീതിയിൽ ഇരിക്കുകയും കിടക്കുകയും ചെയ്‌താൽ കഴുത്തുവേദന വരാം.
  • ഓഫീസിൽ ദീർഘനേരം ഒറ്റയിരിപ്പിലിരുന്നു ജോലി ചെയ്യാതെ ഇടയ്‌ക്കിടെ എഴുന്നേറ്റു നടക്കുക. നടുവിന് സപ്പോർട്ട് കിട്ടുന്ന തരത്തിൽ നിവർന്നിരിക്കണം. കൈത്താങ്ങുളള കസേരയാണു നല്ലത്. കാലുകൾ നിലത്ത് ഉറപ്പിച്ചു വെക്കണം.
  • കമ്പ്യൂട്ടർ മോണിറ്റർ കണ്ണിന്‍റെ ലവലിലായിരിക്കണം. അധികം മുമ്പോട്ട് കുനിഞ്ഞും കഴുത്ത് നീട്ടിയും മുഖം മുകളിലേക്കുയർത്തിയും ഇരിക്കാതെ ശ്രദ്ധിക്കുക. കഴുത്ത് നിവർത്തി താടി അല്‌പം ഉളളിലേക്കു വരുന്ന തരത്തിലിരിക്കുക. കൈകൾ കമ്പ്യൂട്ടർ മേശയ്‌ക്കു മുകളിൽ വെയ്‌ക്കാൻ സൗകര്യമുണ്ടാവണം.
  • കാറോടിക്കുമ്പോൾ നടുവിന് സപ്പോർട്ട് കിട്ടുന്ന തരത്തിൽ നിവർന്നിരിക്കുക. ദീർഘനേരം കാറോടിക്കേണ്ടി വന്നാൽ ഇടയ്‌ക്കിടെ നിർത്തി വിശ്രമിക്കുക. സ്‌റ്റിയറിംഗ് വീലിനു മുകളിലേക്ക് കുനിഞ്ഞിരിക്കരുത്.
  • ബസ്സിലും വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ കഴുത്തു ചരിച്ച് ദീർഘനേരം ഉറങ്ങേണ്ടി വന്നാൽ കഴുത്തിനു സപ്പോർട്ട് നല്‌കാൻ ചെറിയ തലയിണ വയ്‌ക്കാം.
  • കഴുത്തു വളച്ചുകൊണ്ട് കസേരയിലിരുന്നുറങ്ങുക, കഴുത്തിനും തോളിനുമിടയിൽ മൊബൈൽ ഫോൺ വെച്ചു സംസാരിക്കുക എന്നിവ ഒഴിവാക്കുക.
  • ശരിയായ ഉയരവും പാകത്തിനു കട്ടിയുമുളള തലയിണ ഉപയോഗിക്കുക.
  • ചാരിക്കിടന്ന് വായിക്കുകയും കിടന്നുകൊണ്ട് ടിവി കാണുകയും ചെയ്യരുത്.
  • ഹൈഹീൽ ചെരിപ്പ് ഉപയോഗിക്കാതിരിക്കുക.
  • കഴുത്ത് പെട്ടെന്ന് തിരിച്ച് നോക്കാതിരിക്കുക.
  • അധികനേരം ഒരേനിലയിൽ നിൽക്കു ന്നതും ഇരിക്കുന്നതും ഒഴിവാക്കുക.
  • കഴുത്തു കുനിച്ചുകൊണ്ട് ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നവർ കഴുത്തിന് ഇടയ്‌ക്കിടെ വിശ്രമം നല്‌കുകയും ലളിതമായ വ്യായാമങ്ങൾ ചെയ്യുകയും വേണം.
  • ഇരുചക്ര വാഹനങ്ങളിൽ കുണ്ടും കുഴിയുമുളള റോഡിലൂടെ ദീർഘയാത്ര ഒഴിവാക്കുക. പെട്ടെന്നുളള ചാട്ടവും സഡൻ ബ്രേക്കിടലും കൊണ്ട് കഴുത്തിലെ എല്ലുകൾക്ക് ക്ഷതം സംഭവിക്കാം.

രോഗങ്ങളും അപകടങ്ങളും

  • നട്ടെല്ലിനു തേയ്‌മാനം വരുന്ന രോഗങ്ങൾ, സന്ധിവാത രോഗങ്ങൾ എന്നിവയുണ്ടെങ്കിൽ നേരത്തെ ചികിത്സ തുടങ്ങുക.
  • നട്ടെല്ലിനും കഴുത്തിനും ക്ഷതമേൽക്കുന്ന വാഹനാപകടങ്ങൾ, ആഘാതങ്ങൾ, കായികവിനോദങ്ങൾക്കിടയിലെ അപകടങ്ങൾ, അടി എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ അടിയന്തിര ചികിത്സ തുടങ്ങുക.
  • അപകട സൂചന നല്‌കുന്ന തരം കഴുത്തു വേദനയുണ്ടെങ്കിൽ (ഉദാ: കൈകളിൽ തരിപ്പ്, മരവിപ്പ്, ബലക്കുറവ്, പനി, തലവേദന, അബോധാവസ്‌ഥ, നെഞ്ചുവേദന എന്നിവ കഴുത്തു വേദനയോടൊപ്പമുണ്ടെങ്കിൽ) അടിയന്തിരമായി ചികിത്സ വേണം.
  • ഹൃദയാഘാതമുണ്ടാവുമ്പോൾ നെഞ്ചുവേദന കഴുത്തിലേക്കും വ്യാപിക്കാറുണ്ട്.

മറ്റു കാര്യങ്ങൾ

  • ഭാരമേറിയ വസ്‌തുക്കൾ ചുമന്നുകൊണ്ടു പോകുന്നത് ഒഴിവാക്കുക. ചുമട്ടുതൊഴിലാളികൾക്ക് കഴുത്തിലെ എല്ലുകൾക്കും കശേരുക്കൾക്കും തേയ്‌മാനമുണ്ടാവാനും ഡിസ്‌ക് തെന്നിമാറാനും സാദ്ധ്യതയുണ്ട്.
  • അമിതവണ്ണം വരാതെ ശ്രദ്ധിക്കുക.
  • കൃതൃമായി വ്യായാമം ചെയ്യുക.
  • പുകവലി, ലഹരി പദാർത്ഥങ്ങൾ എന്നിവ നിർത്തുക.
  • മാനസിക സമ്മർദ്ദം, വിഷാദരോഗം എന്നിവയുണ്ടെങ്കിൽ മനഃശാസ്‌ത്രവിദഗ്‌ദ്ധനെ സമീപിച്ച് ചികിത്സ തുടങ്ങുക. കഴുത്തു വേദന ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു വേദനയാണ്. പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമായിരിക്കാം കഴുത്തുവേദന എന്നോർക്കുക.
और कहानियां पढ़ने के लिए क्लिक करें...