ജീവിതത്തിലേക്ക് വരുന്ന ആളെക്കുറിച്ചുള്ള സങ്കൽപ്പം പോലെ തന്നെയാണ് കല്ല്യാണക്കുറിയെക്കുറിച്ചുള്ള ചിന്തയും. അതിന്‍റെ സ്വഭാവം, നിറം, വലുപ്പം, വില, ഡിസൈൻ എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തമായിരിക്കണമെന്ന് പുതിയ തലമുറ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിവാഹം അറിയിക്കുകയെന്നുള്ളത് വധുവിന്‍റേയും വരന്‍റേയും മാത്രം കാര്യമല്ല, അത് കുടുംബത്തിന്‍റെ കൂട്ടായ പരിശ്രമം കൂടിയാണ്. വെഡിംഗ് കാർഡുകൾ തെരഞ്ഞെടുക്കുന്നത് ഇന്ന് സ്‌റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. വിവാഹനാളിന്‍റെ മധുരം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഉപകരിക്കുന്ന വെഡിംഗ് കാർഡുകൾ ഒരു നിധി പോലെ കരുതി വയ്‌ക്കാൻ ഒരുങ്ങിക്കോളൂ…

പുതിയ ട്രെന്‍റുകൾ

വിവാഹ ക്ഷണക്കത്തുകൾ പുതുരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിപണിയിൽ നടന്നു കൊണ്ടിരിക്കുന്നത്. വിവിധ ഡിസൈനുകളിലും ആകൃതിയിലും ഉള്ള കാർഡുകളിൽ ചിത്രങ്ങളും ആലേഖനം ചെയ്യാറുണ്ട്. കൈകൾ ബന്ധിപ്പിക്കുന്നത്, ആരാധനാമൂർത്തികൾ, ഹൃദയത്തിന്‍റെ ചിത്രം എന്നിവയൊക്കെ കാർഡുകളിൽ കാണാം.

വെഡിംഗ് കാർഡുകൾ തെരഞ്ഞെടുക്കാനും ക്ഷണിക്കാനുമായി കൂടുതൽ തുക ചെലവഴിക്കുന്ന ഒരു സമീപനം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കാർഡുകൾ തെരഞ്ഞെടുക്കാൻ ഇന്ന് മിക്ക ഷോപ്പുകളും ഓൺലൈൻ പോർട്ടലുകൾ ആരംഭിച്ചിരിക്കുന്നതിനാൽ വീട്ടിലിരുന്നു തന്നെ ഇവ യഥേഷ്‌ടം തെരഞ്ഞെടുക്കാം.

6 മുതൽ 250 രൂപ വരെ വില വരുന്ന കാർഡുകളുടെ വിപുലമായ ശേഖരമാണ് വിപണിയിലുള്ളത്. ഇതിൽ നിന്നും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാം. സാധാരണയായി ഹാന്‍റ് മെയ്‌ഡ്, ഫോറിൻ ആർട്ട് പേപ്പർ, ക്രോസ് പേപ്പർ എന്നിങ്ങനെ കാർഡുകൾ ലഭ്യമാണ്. പേപ്പറിന്‍റെ ഗുണനിലവാരത്തിനും ഡിസൈനിംഗിനും അനുസരിച്ച് ഇതിന്‍റെ വിലയിൽ വ്യത്യാസവും ഉണ്ടാവും.

10-15 സെന്‍റീ മീറ്റർ മുതൽ 25-30 സെന്‍റീ മീറ്റർ വരെ വലുപ്പമുള്ള കാർഡുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.

സിഡി കാർഡുകൾ

ഇ മെയിലിലും സിഡിയിലും വിവാഹ ക്ഷണക്കത്തുകൾ നൽകുന്ന രീതി ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇന്‍റർനെറ്റിന്‍റെ ഉപയോഗം കൂടിയതിനാൽ  ഈ വിധത്തിൽ വിവാഹം ക്ഷണിക്കാൻ എളുപ്പമായിട്ടുണ്ട്. മെയിൽ വഴി കാർഡ് അയക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൂടാതെ സിഡിയിൽ കോപ്പി ചെയ്‌ത് കമ്പ്യൂട്ടറിൽ ഇട്ടാൽ വധുവിന്‍റേയും വരന്‍റേയും ചിത്രങ്ങളും പ്രൊഫൈലും ലഭ്യമാകുന്ന സംവിധാനവുമുണ്ട്. കൂടാതെ വിവാഹത്തെക്കുറിച്ചുളള്ള വിശദവിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. വിവാഹ സ്‌ഥലത്തേക്ക് എത്തിച്ചേരാനുള്ള റൂട്ട് മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ നൽകുവാനും സാധിക്കും.

ലോഗോ

വെഡിംഗ് ലോഗോ പതിച്ച വിവാഹ ക്ഷണക്കത്തുകളും ഇന്ന് സാധാരണമാണ്. ബിസിനസ്സ് മേഖലയിലുള്ളവരും വിദേശ മലയാളികളുമൊക്കെ ഇത് കൂടുതൽ ഉപയോഗിച്ചു വരുന്നു. കമ്പനികളുടെ ലോഗോയുമായി ബന്ധമുള്ള കാർഡുകളായിരിക്കും ഈ വിധം തയ്യാറാക്കുന്നത്. കാർഡിലും വിവാഹ വേദിയിലും വാഹനത്തിലുമെല്ലാം ഈ ലോഗോ പതിപ്പിച്ച് കാണാറുണ്ട്.

കാലം മാറിയപ്പോൾ കാർഡുകളിലും വൈവിധ്യവും ഒരുമയും പ്രൗഢിയും പ്രകടിപ്പിക്കുകയാണ് ഇപ്പോഴത്തെ ട്രെന്‍റ്. മറ്റു ക്ഷണക്കത്തുകളിൽ നിന്ന് വ്യത്യസ്‌തമായ രീതിയിൽ തങ്ങളുടെ കാർഡുകൾ രൂപകൽപന ചെയ്യുന്നതിനാണ് ഓരോരുത്തരും ശ്രദ്ധ ചെലുത്തുന്നത്.

ടെക്‌സ്‌ച്ചർ പെയിന്‍റിംഗുകൾ

ടെക്‌സ്‌ച്ചർ പെയിന്‍റിംഗുകൾ ഇന്നും കാർഡുകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി കാണുന്നു. നാലും അഞ്ചും ദിവസം നീളുന്ന വിവാഹത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർഡുകൾ ഇപ്പോൾ വിപണിയിൽ വന്നു കഴിഞ്ഞു. ഫോയിൽ പെയിന്‍റിംഗ് ഉൾപ്പെടെയുള്ള രീതികൾ കാർഡിൽ ആവിഷ്‌ക്കരിക്കുന്ന രീതിയും കേരളത്തിൽ സർവ്വ സാധാരണമാവുകയാണ്.

ബുക്ക് രൂപത്തിലുള്ള കാർഡ്, തടിയിൽ കൊത്തുപണി ചെയ്‌ത കാർഡ്, മുത്തുകൾ പതിച്ച കാർഡ്, വെൽവെറ്റ് കവറുള്ള കാർഡ്, ആലില കാർഡ് എന്നിങ്ങനെയുള്ള കാർഡുകളുടെ വിപണിയാണ് ഇന്ന് നിലവിലുള്ളത്.

ക്ഷണക്കത്തുകൾ പലതരം

പ്രധാനമായും മൂന്നു തരം കാർഡുകളാണ് നിലവിലുള്ളത്. പ്രത്യേകം ഗസ്‌റ്റുകൾക്കു മാത്രമായി തയ്യാറാക്കുന്നത്, ബന്ധുക്കൾക്കും സമീപവാസികൾക്കുമുള്ളത്, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമുള്ളത്.

വിഐപികൾക്ക് മാത്രമുള്ള കാർഡ് കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളും വധൂവരന്മാരും ചേർന്നായിരിക്കും.

സമൂഹത്തിൽ പ്രാധാന്യം ആർക്കാണ് എന്നതിനനുസരിച്ചായിരിക്കും ഇത് കൈകാര്യം ചെയ്യുന്നത്. എന്നാൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമുള്ളത് വധൂവരന്മാരുടെ നിയന്ത്രണത്തിലായിരിക്കും തയ്യാറാക്കുക. ബന്ധുക്കൾക്കു വേണ്ടിയുള്ളത് മാതാപിതാക്കളും വധൂവരന്മാരും ഒരുമിച്ചു കൂടിച്ചേർന്നായിരിക്കും തയ്യാറാക്കുക. ഇതിൽ രണ്ടുകൂട്ടർക്കും തുല്യ പ്രാധാന്യമുള്ളതായി കാണാം.

പ്രിന്‍റ് ചെയ്യുമ്പോൾ

തെരഞ്ഞെടുത്ത കാർഡുകൾ പ്രിന്‍റ് ചെയ്യുന്നതിന് പല മാർഗ്ഗങ്ങളാണ് ഇന്ന് ഉള്ളത്. ഓഫ്‌സെറ്റ് പ്രിന്‍റിംഗ്, സ്‌ക്രീൻ പ്രിന്‍റിംഗ് കൂടാതെ ഹാന്‍റ് റൈറ്റിംഗ് വരെ ഇതിൽ സ്വീകരിച്ചു വരുന്നുണ്ട്. പ്രിന്‍റിംഗ് ഉൾപ്പെടെ ഒരു കാർഡിന് ചെലവാകുന്ന തുക എത്രയെന്ന് ആദ്യമേ തന്നെ കാൽകുലേറ്റ് ചെയ്യാം. അപ്പോൾ ആകെയുള്ള കാർഡുകൾക്കായി എത്ര തുക ആവശ്യമായി വരുമെന്ന് കണ്ടെത്താം. കാർഡിന്‍റെ എണ്ണം, വില, ഡിസൈൻ എന്നിവയെക്കുറിച്ച് മനസ്സിൽ ഒരു ധാരണയുണ്ടായിരിക്കണം. ഇങ്ങനെ ഓരോരുത്തരുടെയും ബജറ്റിനനുസരിച്ചുള്ള കാർഡുകൾ

തെരഞ്ഞെടുക്കാൻ സഹായകരമാവും.

പ്രിന്‍റിംഗ് ചെയ്യുന്നതിനു മുമ്പായി അതിന്‍റെ പ്രൂഫ് കണ്ട് ഉറപ്പു വരുത്തേണ്ടതാണ്. കാർഡിൽ തിരുത്തലുകൾ വരുത്തുന്നത് ഉചിതമായ നടപടിയല്ലെന്ന് അറിയുക.

മീഡിയം കാർഡിനു ഡിമാന്‍റ്

ഡൽഹി, ബോംബെ, മദ്രാസ്, ശിവകാശി എന്നിവിടങ്ങളിൽ നിന്നാണ് ക്ഷണക്കത്തുകൾ എത്തുന്നതെന്ന് കൊച്ചിയിലെ മൃദുൽ ട്രേഡിംഗ് ഏജൻസി ഉടമ എം.എസ് ജോഷി പറയുന്നു. “8 മുതൽ 10 രൂപ വരെയുള്ള കാർഡിന് 70 ശതമാനം ഡിമാന്‍റുണ്ട്. ശിവകാശിയിൽ നിന്നുള്ള കാർഡുകൾക്ക് പൊതുവേ വില കുറവാണ്. വിപണിയിൽ മീഡിയം ടൈപ്പ് കാർഡുകൾക്കാണ് കൂടുതൽ ഡിമാന്‍റുള്ളത്. ചില ഫാമിലികൾ രണ്ടും മൂന്ന് ടൈപ്പ് കാർഡുകൾ വരെ സെലക്ട് ചെയ്യാറുണ്ട്. 300 മുതൽ 700 വരെ കാർഡുകളാണ് സാധാരണയായി വാങ്ങുന്നത്. മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ കൂടുതൽ കാർഡുകൾ സെലക്ട് ചെയ്യാറുണ്ട്. കാർഡുകൾ തയ്യാറാക്കുവാൻ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളും ഹെൽപ്പ് ചെയ്യുന്നു. കല്യാണ വേളയിൽ താങ്ക്സ് കാർഡ് നൽകുന്ന പ്രവണതയും കേരളത്തിൽ സജീവമാണ്. ഇതിൽ വധുവിന്‍റെ വരന്‍റെയും ഫോട്ടോ പിന്‍റ് ചെയ്യും. രണ്ടു രൂപ മുതൽ 5 രൂപ വരെ ചെലവ് വരും. വിവാഹകാർഡുകൾ കൂടുതലായും സ്ക്രീൻ പ്രിന്‍റിംഗിലാണ് തയ്യാറാക്കുന്നത്. ”

ഒരുക്കം തുടങ്ങേണ്ട സമയം

വിവാഹത്തിന്‍റെ 6-8 ആഴ്‌ചകൾക്കു മുമ്പു തന്നെ കാർഡുകൾ നൽകിത്തുടങ്ങാം. ഇതിനായി മുൻകൂട്ടി കാർഡുകൾ സെലക്‌ട് ചെയ്‌ത് പ്രിന്‍റ് ചെയ്യേണ്ടത് ആവശ്യമാണ്. കാർഡു പ്രിന്‍റു ചെയ്‌ത് കിട്ടുന്നതിനു മുമ്പ് തന്നെ ക്ഷണിക്കപ്പെടുന്ന വ്യക്‌തികളുടെ ലിസ്‌റ്റ് തയ്യാറാക്കിയാൽ കാര്യം എളുപ്പമാകും.

അഡ്രസ്സ് എഴുതുന്നത് കൂടാതെ കവറിൽ ടൈപ്പ് ചെയ്‌ത് രേഖപ്പെടുത്താനും സാധിക്കും. സ്‌റ്റിക്കർ ടൈപ്പ് പേപ്പറിൽ പ്രിന്‍റ് ചെയ്‌താൽ കാർഡിൽ അത് വേഗത്തിൽ പതിപ്പിക്കാൻ കഴിയും. ഇത് കാർഡ് വൃത്തിയായിരിക്കാനും സഹായിക്കും. ബുക്ക് പോസ്‌റ്റായിട്ടാണ് അയയ്ക്കുന്നതെങ്കിൽ ഒട്ടിക്കേണ്ട ആവശ്യം വരുന്നില്ല. വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേരത്തെ തന്നെ ഇൻവിറ്റേഷൻ അയയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് അവർക്ക് യാത്രാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സഹായകരമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കാർഡുകൾ തെരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് രണ്ടോ മൂന്നോ കടകളിലെങ്കിലും കയറി വിലയും ഡിസൈനുകളും മനസ്സിലാക്കണം.
  • ബജറ്റിനിണങ്ങുന്നതും ലളിതമായ കാർഡുകൾ തെരഞ്ഞെടുക്കുന്നതുമാണ് ഉചിതം.
  • അച്ചടിക്കേണ്ട വിവരങ്ങൾ നേരത്തേ തന്നെ തയ്യാറാക്കി വയ്‌ക്കാം.
  • പേരും സ്‌ഥലവും ഇനിഷ്യലുമെല്ലാം കൃത്യമാണോ എന്ന് ഉറപ്പു വരുത്തണം.
  • പ്രിന്‍റ് ചെയ്‌ത കാർഡുകളിൽ പേനയുപയോഗിച്ച് എഴുതുന്ന സാഹചര്യം ഒഴിവാക്കുക.
  • കാർഡിൽ പുറപ്പെടുന്ന സമയവും ഫോൺ നമ്പറും മറ്റും വ്യക്‌തമാക്കണം.
  • ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാർഡ് അയയ്ക്കുമ്പോൾ അവരുടെ വീട്ടിലെ അഡ്രസ്സിൽ പോസ്‌റ്റ് ചെയ്യുന്നതാണ് ഉചിതം.
  • വിവാഹത്തിന് മൂന്നാഴ്‌ച മുമ്പെങ്കിലും ക്ഷണക്കത്ത് പോസ്‌റ്റ് ചെയ്യണം.
  • വിവാഹം നടക്കുന്ന സ്‌ഥലത്തെക്കുറിച്ച് അകലെയുള്ളവർക്ക് അറിയാൻ സാധ്യതയില്ല. അതിനാൽ അവിടേക്കുള്ള വഴി രേഖപ്പെടുത്തിയ ഒരു ചാർട്ട് വയ്‌ക്കാം.
  • അഡ്രസ്സ് കമ്പ്യൂട്ടറിൽ പ്രിന്‍റ് ചെയ്‌ത് ഒട്ടിക്കുന്നത് വൃത്തിയായിരിക്കും.
  • അഡ്രസ്സിൽ സംശയം ഉണ്ടെങ്കിൽ അത് ഫോണിൽ വിളിച്ച് ഉറപ്പാക്കിയ ശേഷം അയയ്‌ക്കുക. അകലെയുള്ള ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സമ്പൂർണ്ണ ലിസ്‌റ്റ് തയ്യാറാക്കാം.
  • ആവശ്യമുള്ളതിനേക്കാൾ ഒരമ്പതോളം കാർഡുകൾ അധികം കരുതാവുന്നതാണ്. ഇത് കൂടുതൽ കാർഡ് ആവശ്യമായി വരുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കും. കൂടാതെ പ്രിന്‍റ് ചെയ്യുന്ന സമയനഷ്‌ടവും ഉണ്ടാകില്ല. മുമ്പ് സെലക്‌ട് ചെയ്‌ത കാർഡ് വീണ്ടും ലഭിക്കണമെന്നുമില്ല.
और कहानियां पढ़ने के लिए क्लिक करें...