പതിവിലും നേരത്തെയാണ് വാസന്തി ഉറങ്ങാൻ വന്നു കിടന്നത്. സാധാരണ ആദ്യത്തെ മയക്കത്തിന്‍റെ നിർവൃതിയിൽ നിന്ന് ഞാൻ എത്തി നോക്കുമ്പോഴായിരിക്കും ഭാര്യ എന്‍റെയടുത്ത് വന്നു കിടക്കുക. അന്ന് ഞാൻ മയക്കത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അവൾ എന്‍റെ അടുത്തെത്തി.
പതിവിലും നേരത്തെ എന്നു പറഞ്ഞാൽ ടിവി സീരിയലുകളും കുടുംബം കലക്കി പ്രോഗ്രാമുകളും കണ്ടു കഴിഞ്ഞേ വാസന്തി ഉറങ്ങാൻ വന്ന് കിടക്കാറുള്ളൂ. പലപ്പോഴും നേരത്തെ കിടക്ക പങ്കിടാൻ ഞാൻ ഭാര്യയെ ക്ഷണിക്കാറുണ്ടെങ്കിലും എനിക്ക് ഉറക്കം വരേണ്ടേ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.
അവൾക്കു വേണ്ടി മാത്രമാണ് കേബിൾ ടിവി കണക്ഷൻ എടുത്തിരിക്കുന്നത്. ഇന്ന് അത് എനിക്കു തന്നെ കെണിയായി മാറിയിരിക്കുകയാണ്. കുറച്ചുനേരത്തേക്ക് ഓഫ് ചെയ്ത് ആ പെട്ടിക്ക് റസ്റ്റ് കൊടുക്കാൻ പറഞ്ഞാൽ നമ്മൾ കേബിളിന് പൈസ കൊടുക്കുന്നത് കാണാൻ വേണ്ടിയല്ലേ? അത് കാണാതെ വാടക കൊടുക്കുന്നത് നമുക്ക് നഷ്ടമല്ലേ ഇതാണ് അവളുടെ ഭാഷ്യം.
ടിവി ഓഫ് ചെയ്‌ത് ഭാര്യ അടുത്ത് വന്ന് കിടന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ കൈത്തലം എന്‍റെ ശരീരത്തിലൂടെ ഒഴുകിയപ്പോൾ എന്നിലെ ധമനികൾ അവളുടെ ഗന്ധവും സാന്നിദ്ധ്യവും മനസ്സിലാക്കി. കണ്ണുകൾ ഉറക്കത്തിനു വിട്ടു കൊടുക്കാതെ മിഴികൾ തുറന്ന് ഇരുട്ടിലൂടെ ഭാര്യയെ ശ്രദ്ധിച്ചു.
“എന്തുപറ്റി… കേബിൾ കട്ടായോ?” ഞാൻ അലസമായി ചോദിച്ചു.
“ഇല്ല, ഞാൻ ഓഫാക്കിയതാ… തണുപ്പല്ലേ. നേരത്തെ കിടക്കാമെന്നു കരുതി.” മനസ്സിൽ ഒരുക്കി വച്ചതു പോലെയായിരുന്നു മറുപടി.
മഴക്കാലമാണ് തണുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ? കുറെനാളുകളായില്ലേ ഈ തണുപ്പ് തുടങ്ങിയിട്ട്…
എന്‍റെ മറുപടി പ്രതീക്ഷിക്കപ്പുറമായതിനാൽ ഉത്തരമൊന്നും പറയാതെ അവൾ മൗനം പാലിച്ചു കിടന്നു.
ഏതാനും നിമിഷം ഇരുട്ടിൽ ഞങ്ങളുടെ രൂപവും ശബ്ദവും നിശബ്ദമായി. പിന്നീടവൾ എന്നോട് ചേർന്നു കിടന്നു. ഭാര്യയുടെ അസമയത്തുള്ള വരവിൽ എന്തോ നീഗൂഡതയുണ്ടെന്ന് എനിക്ക് മണക്കുന്നുണ്ടായിരുന്നു. തലയിണ മന്ത്രത്തിലൂടെ സ്ത്രീകൾ എല്ലാം നേടിയെടുക്കുമെന്നും, പഠിച്ച കള്ളികളാണെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
ഞങ്ങൾക്കിടയിൽ കിടന്നിരുന്ന പുതപ്പ് എടുത്ത് ഇരുവരേയും പുതപ്പിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. നല്ല തണുപ്പ്…
പുറത്ത് മഴയുടെ അടക്കി പിടിച്ചുള്ള ആഹ്ലാദപ്രകടനം എയർ ഹോളിലൂടെ ഞങ്ങളുടെ കാതുകളിൽ എത്തി കൊണ്ടിരുന്നു. രാത്രി മഴ ആർക്കും ഉപദ്രവകാരിയാകാറില്ല. യുവമിഥുനങ്ങൾക്ക് ഉന്മാദവുമാണ്.
എന്നിലെ മൗനം ഭാര്യക്ക് അസഹ്യമായി തുടങ്ങിയപ്പോൾ അവൾ എന്നിലേക്ക് ചെരിഞ്ഞു. എന്‍റെ നെറ്റിത്തടങ്ങളിൽ തലോടി കൊണ്ട് ചോദിച്ചു. “ഉറങ്ങിയോ….?”
“ഇല്ല… ഉറക്കത്തെ കാത്തു കിടക്കുകയാണ്. ഈ തണുപ്പത്ത് ഉറങ്ങാൻ നല്ല സുഖമല്ലേ…” ഞാനും തണുപ്പിനെ കൂട്ടുപിടിച്ചു.
എന്‍റെ വാക്കുകൾ ഭാര്യക്ക് അരോചകമായോ എന്തോ. മുഖഭാവം വ്യക്‌തമായിരുന്നില്ല.
ഞാൻ ഒരു കാര്യം പറയട്ടെ! അവളുടെ വാക്കുകൾക്കു വളരെ മാർദ്ദവമായിരുന്നു.
“നീയെന്‍റെ ഭാര്യയല്ലേ, ഇവിടെ നമ്മൾ രണ്ടുപേരും മാത്രം, നിനക്ക് എന്തും എപ്പോഴും ചോദിക്കാനും പറയാനും അവകാശം ഉണ്ടല്ലോ. അതിന് ഒരു മുഖവുര വേണോ.
എനിക്കൊരു നെക്ലെയ്സ് വാങ്ങിതരോ… അവളെന്നെ മാറോട് ചേർത്ത് പിടിച്ചു കൊണ്ടാ പറഞ്ഞത്.
ഭാര്യയുടെ ആലിംഗനം ശ്വാസം മുട്ടലായാണ് എനിക്കനുഭവപ്പെട്ടത്. ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എന്തെങ്കിലും കാര്യപ്രാപ്തിക്കു വേണ്ടിയാണ് ഈ സ്നേഹപ്രകടനമെന്ന്.
ആ പ്രായത്തിൽ നീ നെക്ലെയസ് കെട്ടി ചെത്തി നടക്കാൻ പോവുകയാണോ? എന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടനമായിരുന്നു. നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചു കിടക്കാം. ഞാൻ പറഞ്ഞു.
എന്‍റെ മറുപടി ഭാര്യയിൽ അസഹിഷ്ണുത ഉളവാക്കി. അവൾ എന്നിൽ നിന്നും കൈകൾ വിടർത്തി അകന്ന് തിരിഞ്ഞു കിടന്നു.
ആ രാത്രി ഞങ്ങൾക്ക് വിരോധാഭാസമായതിനാൽ കിടക്ക വിരിയിൽ അധികം ചുളിവുകൾ കാണപ്പെട്ടു. അടുത്ത ഒന്നു രണ്ടു ദിവസം അവൾ എന്നിൽ നിന്നും അകലം പാലിച്ചു നിന്നു. മഖത്ത് ഗൗരവപ്രഭയും ചുവപ്പ് രാശിയും കലർന്നിരുന്നു. ആർട്ട് സിനിമയിലെ നായികയെ പോലെ സംഭാഷണം കുറച്ച് മൂളലുകളിലൂടെ എന്‍റെ വാക്കുകൾക്ക് അതൃപ്തിയോടെ ഉത്തരം തന്നു കൊണ്ടിരുന്നു.
മുമ്പ് പലപ്പോഴും ഞങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ വൈകാതെ തന്നെ കൂടുതൽ സ്നേഹ പ്രകടനവുമായി എന്നിൽ വന്നണയാറുണ്ട്. ഇത്രയും കനം വെക്കാറില്ല ഞങ്ങളുടെ ഭിന്നതക്ക്. ഭാര്യയെ അനുനയിപ്പിക്കേണ്ട കടമ ഭർത്താവിന്‍റെ കൂടി ചുമതലയാണെന്ന് എനിക്കറിയാം. കുടുംബ ഭദ്രതയ്ക്ക് ഭാര്യയും ഭർത്താവും ഒരു പോലെ ഉത്തരവാദിത്വമുള്ളവരാണ്. അവൾ എനിക്ക് താഴെയല്ല. എനിക്കൊപ്പമാണ് എന്ന കണക്കുകൂട്ടലിൽ ഞാൻ അവളിലേക്ക് അണയാൻ തീരുമാനിച്ചു.
പ്രിയതമയുടെ മൗനസമരം അനുരജ്ഞനത്തിലെത്തിയില്ലെങ്കിൽ രാപ്പകലിലുള്ള അന്നം നിലച്ചു പോകുമോ എന്ന ശങ്ക എന്നെ അസ്വസ്ഥനാക്കി.
അടുത്ത ദിവസം ഉച്ചയുറക്കത്തിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലെത്തിയപ്പോൾ ഈവനിംഗ് കോഫിയുടെ പ്രിപ്പറേഷനിലായിരുന്നു ഭാര്യ. പ്രിയതമ… പ്രണയ ലേഖനം എങ്ങിനെ എഴുതണം… എന്ന ഗാനത്തിന്‍റെ ഈരട്ടികൾ മൂളികൊണ്ടാണ് ഞാൻ അടുക്കളയിൽ പ്രവേശിച്ചത്. മൂടൽ മഞ്ഞിൽ പ്രകാശ കിരണങ്ങൾ വീഴ്ത്താൻ എന്‍റെ ഗാനത്തിന് കഴിയുമെന്ന് ഞാനാശിച്ചു. അതുണ്ടായില്ല. ഗാനത്തിലെ താളവും ശ്രുതിയും ജീവിതത്തിലെ താളപിഴ പോലെ അപശബ്ദമായി. ഭാര്യയുടെ ഭംഗിയുള്ള മുഖം കൂടുതൽ ചുവന്ന് വികസിച്ചു നിന്നു.
എനിക്കുള്ള കോഫി ടേബിളിൽ വച്ച് ഈർഷ്യയോടെ തിരിഞ്ഞ് നടക്കുന്നതിനിടെ ഭാര്യയുടെ കൈപിടിച്ച് അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുത്തി. ആ കൈകളിൽ തലോടി കൊണ്ട് ഏപ്രിൽ 18 സിനിമയിലെ ബാലചന്ദ്രമേനൊന്‍റെ വാക്കുകൾ കടമെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
എന്തിനാ എന്‍റെ കുട്ടൻ ഈ ഭംഗിയുള്ള മുഖം ഊതി വീർപ്പിച്ച് നടക്കുന്നത്. കുട്ടന്‍റെ പ്രശ്നം എന്താ?
എനിക്ക് ഒരു നെക്ലെയ്സ് വേണം… ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞതല്ലേ.
ആവി പൊന്തുന്ന കാപ്പിയിലേക്ക് നോക്കി കൊണ്ട് ഒറ്റശ്വാസത്തിലാണ് പറഞ്ഞു തീർത്തത്. ആ ശബ്ദം ചെറുതായി വിറച്ചിരുന്നു.
എന്‍റെ കുട്ടാ, നമുക്ക് പ്രായമായില്ലേ? അണിഞ്ഞൊരുങ്ങി നടക്കണ്ട പ്രായമാണോ ഇത്?
കഴിഞ്ഞ ആഴ്ചയിൽ നടന്ന മിഥുവിന്‍റെ കല്യാണത്തിന് നിങ്ങളുടെ പെങ്ങമാർ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടോ? അവരും പ്രായമായവരല്ലേ?
കളിക്കളത്തിൽ ഉത്തേജകമരുന്ന് കഴിച്ച കളിക്കാരന്‍റെ ആവേശമായിരുന്നു ഭാര്യയിൽ കണ്ടത്. മിഥുൻ അവരുടെ മകനാണ്. മകന്‍റെ കല്യാണത്തിന് അമ്മമാർ അണിഞ്ഞൊരുങ്ങാറില്ലേ? നമ്മുടെ മക്കൾക്ക് മക്കളായി. അത് നീ മറന്നു പോയോ. സൗമ്യമായാണ് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്.
ഞാൻ നേരത്തെ പ്രസവിച്ചത് എന്‍റെ മാത്രം കുറ്റമാണോ, നിങ്ങൾക്കതിൽ പങ്കില്ലേ?
ഭാര്യയുടെ വാക്കുകൾ ഒരു ഫെമിനിസ്റ്റിന്‍റെ ശബ്ദമായാണ് ഞാൻ കേട്ടത്. എന്നെ നിശബ്ദനാക്കാനുള്ള എല്ലാ തന്ത്രങ്ങളും സീരിയലുകളിൽ നിന്ന് അവൾ സ്വായത്തമാക്കിയിരുന്നു. ഒരു തർക്കത്തിന് മുതിരുന്നത് നല്ലതല്ലെന്ന് ഞാൻ അനുമാനിച്ചു.
അനുനയത്തിന്‍റെ പാതയിലൂടെ ഞാൻ വീണ്ടും സഞ്ചരിച്ചു. നീ ആവശ്യപ്പെടാതെ തന്നെ കരിമണിമാലയും വളകളും സ്റ്റഡുകളും ഞാൻ എന്‍റെ കുട്ടന് വാങ്ങി തന്നിട്ടില്ലേ. അതൊന്നും ഇപ്പോൾ ഓർമ്മയില്ലേ?
പഴങ്കഥകൾ കേൾക്കുന്ന ലാഘവത്തോടെയാണ് അവൾ എന്നെ ശ്രവിച്ചത്. ഭർത്താവ് ഭാര്യയ്ക്ക് ചെലവാക്കിയതിന്‍റെ ഒക്കെ കണക്ക് പുസ്തകത്തിൽ എഴുതി വച്ചിരിക്കുകയാണോ. ഓരോ ഭർത്താക്കന്മാരും ഭാര്യമാർക്കും ചെയ്‌തു കൊടുക്കുന്നത് എന്തൊക്കെയാണെന്ന് അറിയാമോ? അങ്ങിനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.
പ്രിയതമയിൽ ഫെമിനിസം ഇത്രമാത്രം വളർച്ച പ്രാപിച്ചുവെന്ന് ഞാൻ അറിയാതെ പോയി. ദൃശ്യ മാധ്യമങ്ങളാണ് വികാസത്തിന്‍റെ ഈ പ്രാപ്തിയിലെത്തിച്ചത്.
നിങ്ങൾ വാങ്ങി തന്നില്ലെങ്കിൽ ഞാൻ അനുവിനോട് പറഞ്ഞു വാങ്ങിപ്പിക്കും. അവൾ എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു.
അനു നിന്‍റെ മാത്രം മകനല്ലല്ലോ, എന്‍റെയും മകനല്ലേ. എനിക്കും പറയാനുള്ളതല്ലേ അവൻ.
ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് പറഞ്ഞതെങ്കിലും മേശപ്പുറത്തിരുന്ന കാപ്പിയുടെ ചൂട് മുഴുവൻ ആവാഹിച്ചെടുത്ത് അവൾ കൂടുതൽ പ്രകോപിതയാകുകയാണുണ്ടായത്.
എന്‍റെ ശരീരത്തിന്‍റെ ചൂടും തണുപ്പും കൊടുത്താണ് അവനെ വളർത്തിയത്. നിങ്ങൾ ഊരുചുറ്റി നടക്കുമ്പോൾ അയച്ചു തന്നിരുന്ന പണം കൊണ്ടു മാത്രമല്ല അവനീ നിലയില്ലെത്തിയത്. അവനിലെ ഓരോ നിശ്വാസങ്ങളും എന്‍റെ ജീവന്‍റെ തുടിപ്പുകളാണ്. ഓരോ അച്ഛന്മാരും ഇതറിഞ്ഞിരിക്കുന്നത് നന്ന്.
ഒരു ഉന്മാദിനിയെ പോലെയായിരുന്നു അവളിലെ വാക്കുകൾ. സ്ത്രീ സ്വാംശീകരണത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ തയ്യാറായി നിൽക്കുന്നതു പോലെയായിരുന്നു ഭാര്യ.
സന്ധിയില്ല, സമരത്തിന് ഒരുങ്ങാതെ ഭാര്യയിലേക്ക് ഒതുങ്ങുവാൻ ഞാൻ മനസ്സിനെ മയപ്പെടുത്തി. അനുവിനെ വിളിച്ച് പറയുകയൊന്നും വേണ്ട, ഞാൻ വാങ്ങിതരാം. നിനക്കിഷ്ടപ്പെട്ട മാല ഭാര്യയുടെ ഇഷ്‌ടാനിഷ്ടങ്ങൾ സാധിപ്പിച്ച് കൊടുക്കേണ്ടത് ഭർത്താവിന്‍റെ കടമ കൂടിയാണെന്ന് വേദങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.
ആമുഖത്ത് ഒരു പുഞ്ചിരി സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചു. ഗ്ലാസിൽ പകർന്നു വച്ച ഷാംപെയിൻ പോലെ നുരയും പതയും വറ്റി, പ്രിയതമയും ശാന്തീ തീരത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു. ഒരുങ്ങിക്കോ നമുക്ക് ജ്വല്ലറിയിൽ പോകാം.
എന്‍റെ വാക്കുകളിൽ ഭാര്യയുടെ മനസ്സിലെ വിഷാദത്തിന്‍റെ കിളി പുറത്തേക്ക് പറന്നു പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
ജ്വല്ലറിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വിവാഹ സീസൺ അല്ലാത്തതിനാലും, ആൾകൂട്ടത്തിന് നിയന്ത്രണം ഉള്ളതിനാലും നാട്ടിൽ അരക്ഷീതാവസ്‌ഥ പടർന്നു കയറിയതിനാലും ഇരിപ്പടങ്ങൾ അതിഥികളെ കാത്ത് ഒഴിഞ്ഞു കിടന്നു.
ഞങ്ങളുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ സെയിൽസ്മാൻ വിവിധ വർണ്ണങ്ങളിലും, തൂക്കത്തിലുമുള്ള ആഭരണങ്ങളുടെ ട്രേകൾ നിരത്തി വച്ചു. എൽഇഡി പ്രകാശത്തിൽ ഭാര്യ കൂടുതൽ സുന്ദരിയാക്കുന്നത് ഞാൻ കണ്ടു.
വിവിധതരം കല്ലുകൾ പതിച്ച പുതിയ പുതിയ മോഡലുകൾ എടുത്ത് കൗണ്ടർ ബോയ് ഭാര്യയുടെ നെഞ്ചിൽ ചേർത്ത് വച്ച് കണ്ണാടിയിൽ പ്രതിബിംബത്തെ സൃഷ്ടിക്കുന്നത് കാഴ്ചക്കാരനായി ഞാൻ നോക്കിയിരുന്നു.
അന്തിമ വിധിക്കായി എന്‍റെ ഇംഗിതമാരാഞ്ഞപ്പോൾ മനപ്പൊരുത്തം ഒന്നാകാനായി ഞാനും സമ്മതം മൂളി. കടയിൽ നിന്നിറങ്ങുമ്പോൾ എന്‍റെ മടി ശീലയിലെ കനം ഭാര്യയുടെ വാനിറ്റി ബാഗിലായി.
വീട്ടിലെത്തുന്നതു വരെ അവൾ എന്നോടു ചേർന്നു തന്നെ നടന്നു. ഭാര്യമാർ അണിഞ്ഞൊരുങ്ങി നടക്കുന്നത് ഭർത്താവിന് അഭിമാനമാണെന്ന് അവൾ എന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.
വീട്ടിൽ തിരിച്ചെത്തിയതും ബാഗിൽ നിന്നും നെക്ലെയ്സ് എടുത്ത് കണ്ണാടിക്കു മുന്നിൽ നിന്നണിഞ്ഞു. വീഡിയോ കോളിലൂടെ മകനെയും മകളെയും വിളിച്ച് മാല പ്രദർശിപ്പിച്ചു കൊണ്ട് അഭിമാനത്തോടെ തുടങ്ങി മാലയുടെ പ്രത്യേകതകളെക്കുറിച്ച് വാതോരാതെ പറയുമ്പോൾ മുഖത്തെ സന്തോഷം നിർവചനീയമായിരുന്നു. മക്കൾക്ക് എന്തെങ്കിലും അഭിപ്രായം പറയാൻ സമയം കിട്ടാതെ അമ്മയുടെ സന്തോഷത്തിൽ അവരും ചേർന്നു നിന്നു.
ഞങ്ങളുടെ വിവാഹവാർഷികത്തിന് സമ്മാനമായി അച്‌ഛൻ വാങ്ങി തന്നതാണ് ഈ മാല. വാർഷിക ദിനം ഈ മാല അണിഞ്ഞു നിൽക്കണമെന്ന് അച്‌ഛന് നിർബന്ധം. എന്നെക്കുറിച്ചുള്ള അഭിമാനത്തിന്‍റെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടാണ് ഞാൻ ഭാര്യയുടെ അടുത്തേയ്ക്ക് ചെന്നത്.
എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങിനെ ഇല്ലാ വാചകം പ്രചരിപ്പിക്കുന്നത്.
ഭാര്യയുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മൾ തമ്മിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ നമ്മളിൽ തന്നെ ഒതുങ്ങണം. അത് മക്കളിലേക്ക് ഒഴുക്കരുത്. അച്‌ഛന്‍റെ മേലിലുള്ള അവരുടെ അഭിമാനത്തിന് ഒരു വിധത്തിലും ക്ഷതമേൽക്കാൻ പാടില്ല. അതാണ് ഓരോ ഭാര്യയുടെയും അമ്മയുടെയും കർത്തവ്യം.
ആരവങ്ങളില്ലാതെ ദിനങ്ങൾ കൊഴിഞ്ഞു പോകവേ ഒരു ദിവസം ഞാൻ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ ഭാര്യ അടുത്ത് വന്ന് ഒരു പൊതി എന്നെ ഏല്പിച്ചു. അവളിലെ വിഷാദ ഭാവം കണ്ട് ഞാൻ തിരക്കിയപ്പോൾ അനു വിളിച്ചിരുന്നു… അവൻ പറയുകയാണ് സ്വർണ്ണാഭരണങ്ങൾ വീട്ടിൽ വെക്കണ്ട. പത്രങ്ങളിലെയും ചാനലുകളിലെയും വാർത്തകൾ അമ്മ ശ്രദ്ധിക്കുന്നില്ലേ… എനിക്കു പേടിയാകുന്നു. യാത്രക്കിടയിലും ഭവനഭേദം ചെയ്‌തും, മുഖം മൂടിധരിച്ചും കൊള്ളയടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. ആഭരണങ്ങളെല്ലാം അമ്മ അച്‌ഛനോട് പറഞ്ഞു ലോക്കറിൽ വെപ്പിക്കുക.
മകന്‍റെ വാക്കുകൾ എന്നിലേക്കു പകർന്നു തന്നത് ഇടറുന്ന കണ്ഠത്തോടെയാണ്. രണ്ടുപേരുടെയും കണ്ണുകൾ ഒരേ സമയം ഈറനണിയുന്നുണ്ടായിരുന്നു.