മുപ്പത്തൊന്നുകാരിയായ അനുവിനും കുടുംബത്തിനും ആ അറിവ് സന്തോഷം പകരുന്നതായിരുന്നു. അവൾക്ക് ഗർഭത്തിൽ ഇരട്ടക്കുട്ടികളാണ്. ഇത് വിവാഹത്തിനു ശേഷം 6 വർഷമായി കാത്തിരിക്കുന്ന വിശേഷമാണ്. ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ കൈ വന്ന ഇരട്ട ഭാഗ്യത്തിൽ അതീവ സന്തുഷ്ടരായി അനുവും കുടുംബവും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ഗർഭധാരണം ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്‌തു അപ്പോഴാണ് അനുവിന്‍റെ ഉദരത്തില്‍ രണ്ട് ഭ്രൂണം വളരുന്നുണ്ടെന്ന് മനസ്സിലായത്. ഇരട്ടക്കുട്ടികൾ വേണമെന്ന് അവർ പറഞ്ഞിരുന്നില്ല എങ്കിലും ഐ വി എഫ് ചെയ്യുന്ന സമയത്ത് അനുവിന്‍റെ ഗർഭപാത്രത്തിൽ രണ്ട് ഭ്രൂണങ്ങൾ നിക്ഷേപിച്ചിരുന്നു. അങ്ങനെയാണ് ഇരട്ടക്കുട്ടികൾ ഉണ്ടായത്.
എന്നാൽ ഈ രീതിയിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിച്ച് വരുന്നവരും ഉണ്ട്. ഐ വി എഫ് ചെയ്യുമ്പോൾ ഒന്നിലധികം കുട്ടികൾ ഉണ്ടാകാൻ ഇടയുണ്ട് എന്നും അതിൽ പ്രയാസമുണ്ടോ എന്നും ഡോക്ടർമാർ തിരക്കുക സാധാരണമാണ്.
ഒരേ സമയം രണ്ടോ അതിലധികമോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നത് ഈ കാലഘട്ടത്തിൽ പ്രയാസമുള്ള കാര്യമല്ല. വന്ധ്യതാ ചികിത്സ ചെയ്യുന്നവർക്കും ഉദ്യോഗസ്‌ഥകളായ ദമ്പതിമാർക്കും മികച്ച രീതിയാണ് ഐ വി എഫിലൂടെ ഒന്നിലധികം കുട്ടികൾക്ക് ജൻമം കൊടുക്കുന്നത്. വന്ധ്യതയ്ക്ക് ചികിത്സിക്കുമ്പോൾ ഒരേ സമയം രണ്ട് കുട്ടികളെയെങ്കിലും ലഭിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. അതുപോലെ ജോലിയില്‍ നിന്നും കൂടുതൽ പ്രസവാവധി എടുക്കാൻ പ്രയാസമുള്ളവരെ സംബന്ധിച്ചും ഇരട്ടക്കുട്ടികളാവുന്നതാണ് നല്ലത്. ഒരു പ്രസവത്തിന്‍റെ സമയ ബാധ്യത മാത്രമേ ഇവർക്ക് സഹിക്കേണ്ടി വരികയുള്ളൂ. അതേ സമയം രണ്ട് കുഞ്ഞുങ്ങൾ ഒരേ സമയം വളർന്നു കിട്ടുകയും ചെയ്യും.
ഒരു ഭ്രൂണം മാത്രം നിക്ഷേപിച്ചുള്ള ഐ വി എഫ് പ്രക്രിയയിൽ ചിലപ്പോൾ വിജയിച്ചു കൊള്ളണമെന്നില്ല. അതിനാലാണ് രണ്ടോ അതിലധികമോ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്. ശാരീരികമായി മറ്റ് ആരോഗ്യപ്രശ്നമുള്ള സ്ത്രീകളെ സംബന്ധിച്ചും ഇരട്ടക്കുട്ടികൾ എന്ന ഓപ്ഷൻ തന്നെയാണ് നല്ലത്. അമ്മയുടെ പ്രായം, ആരോഗ്യം, ഭ്രൂണത്തിന്‍റെ ക്ഷമത ഇവയെല്ലാം കണക്കിലെടുത്താണ് ഐ വി എഫിലൂടെ എത്ര കുഞ്ഞുങ്ങൾ ആവാം എന്നു തീരുമാനിക്കുന്നത്.
ഐ വി എഫ് ചികിത്സാ സമയത്ത് ഒരു ഭ്രൂണത്തിലധികം ഉൽപാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള സ്ത്രീകൾക്കാണ് ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ളത്. ഇവരെ സംബന്ധിച്ച് ഒറ്റയടിക്ക് രണ്ട് കുട്ടികൾ എന്ന സാധ്യത പ്രയോജനപ്പെടുത്താൻ എളുപ്പവുമാണ്. ഒരു കുട്ടിയായാലും രണ്ടു കുട്ടിയായാലും ഐ വി എഫ് പ്രക്രിയക്കുള്ള ചെലവിൽ കാര്യമായ വ്യത്യാസവും ഉണ്ടാവുകയില്ല.
പുരുഷനും സ്ത്രീക്കും ഒരേപോലെ വന്ധ്യത ഉണ്ടകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ദമ്പതികൾ ഗർഭനിരോധന ഉപാധികള്‍ ഒന്നും ഉപയോഗിക്കാതെ ഒരു വർഷമെങ്കിലും സന്താനത്തിനു വേണ്ടി ശ്രമിച്ച ശേഷവും പരാജയപ്പെടുക ആണെങ്കിൽ അതിനെ പ്രാഥമിക വന്ധ്യത എന്നാണ് പറയുന്നത്. പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പേ സ്‌ഥിരമായി ഗർഭം അലസി പോകുന്നതും വന്ധ്യത ആണ്.
സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡവും പുരുഷൻ ഉൽപ്പാദിപ്പിക്കുന്ന ബീജവും അണ്ഡവാഹിനി കുഴലിൽ വച്ച് ഭ്രൂണം ആയി മാറുന്നു. ഭ്രൂണം പിന്നീട് ഗർഭാശയത്തിൽ വച്ച് വളർന്നാണ് ഗർഭസ്‌ഥ ശിശുവായി രൂപം പ്രാപിക്കുന്നത്. ഈ പ്രക്രിയക്ക് എവിടെയെങ്കിലും തടസ്സം ഉണ്ടാകുമ്പോഴാണ് വന്ധ്യത ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഐ വി എഫ് ചികിത്സ വന്ധ്യത ചികിത്സയിലെ നാഴികക്കല്ലാണ്.
– ഡോ. അരവിന്ദ് വൈദ്, ഫെർട്ടിലിറ്റി എക്സ്പെർട്ട്