സച്ചിന് തന്‍റെ മൂത്ത സഹോദരിയെ കെട്ടിച്ചയയ്‌ക്കാൻ കുറച്ച് പണം വേണം. ചന്തുവിന്‍റെ സ്വപ്‌നം ആ വൃദ്ധൻ മരിക്കുന്നതിനെ കുറിച്ചാണ്. അപ്പോൾ ആ സ്വത്ത് മുഴുവൻ തനിക്കു കിട്ടുമല്ലോ. ആശ എന്ന പതിനാലുകാരിക്ക് വീട്ടിലെ സാമ്പത്തിക കഷ്‌ടപ്പാട് കുറയ്‌ക്കാൻ, പഠനം കഴിഞ്ഞാൽ രാത്രി 6 മണി മുതൽ 10 മണി വരെ ജോലി ചെയ്യണം. മൂന്ന് വ്യത്യസ്‌തരായ 10 നും 15 നും ഇടയിലുള്ള കുട്ടികൾ. ഇവർ മൂവരും ജോലി ചെയ്യുന്നത് ടൂറിസം മേഖലയിലാണ്. ടൂറിസം രംഗത്ത് കുട്ടികളുടെ ചൂഷണത്തെക്കുറിച്ച് കൊച്ചിയിൽ നടന്ന ഒരു സെമിനാറിൽ ചിൽഡ്രൻസ് റൈറ്റ്‌സ് ഇൻ ഗോവ പ്രതിനിധി നിഷിത ദേശായി അവതരിപ്പിച്ച കേസ് സ്‌റ്റഡികളിൽ ചിലതാണ് മേൽപ്പറഞ്ഞത്.

ടൂറിസം ഇന്ന് വലിയൊരു തൊഴിൽ മേഖലയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ ബാലവേലയിലേർപ്പെടാൻ സാധ്യതയുള്ള അനുബന്ധ വ്യവസായങ്ങളാണ് ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടും വിനോദസഞ്ചാര മേഖല ബാലലൈംഗിക ചൂഷണത്തിന് വഴിവയ്‌ക്കുന്നുണ്ട്. കുട്ടികളുമായി ലൈംഗികബന്ധം പുലർത്താനുള്ള ആഗ്രഹം യാത്രികരായ ലൈംഗിക കുറ്റവാളികളിൽ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ചൈൽഡ് സെക്‌സ് തേടി ഏറ്റവും കൂടുതൽ പേർ ചെന്നെത്തുന്ന നാടാണ് കമ്പോഡിയ. ഇവിടെ 80,000 ത്തോളം കുട്ടികൾ സെക്‌സ് വിപണിയിലുണ്ട്. ആയിരക്കണക്കിനാളുകൾ കടൽ കടന്നു വരുന്നു, ഇവരെ ഉപയോഗിക്കാൻ.

കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയും കുതിപ്പിലാണ്. ബീവറേജസ് കോർപ്പറേഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള മേഖല. ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ കേരളമാണ് വിദേശസഞ്ചാരികളുടെ വരവിൽ മുന്നിട്ടു നിൽക്കുന്നത്.

കൂടാതെ കേരളം ലോകത്തിലെ ഏറ്റവും അധികം വിനോദസഞ്ചാര വികസനം നേടിയ സംസ്‌ഥാനം എന്ന പദവിക്കും അർഹമാണ്. കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് കേരളത്തിന്‍റെ പാരമ്പര്യവും നാടൻ ഭക്ഷണവും ആയുർവേദ മസാജുകളും തനിമ ചോരാത്ത പ്രകൃതി ഭംഗിയും ശുചിത്വവുമൊക്കെയാവാം. ഓരോ നാടും പ്രാദേശികമായ സ്വാധീനം ചെലുത്തുന്ന നമ്മുടെ വിനോദ സഞ്ചാര മേഖലയിലും ധാരാളം കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും പണിയെടുക്കുന്നുണ്ട്.

ലൈംഗിക ചൂഷണത്തിനും മയക്കുമരുന്ന് വിതരണത്തിനുമാണ് ഇവരിൽ പലരും ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിൽ മാത്രം രണ്ട് ദശലക്ഷം കുട്ടികൾ എങ്കിലും വിനോദസഞ്ചാര മേഖലയിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുവെന്നാണ് പറയുന്നത്. വിനോദ സഞ്ചാര മേഖല വികസിക്കുന്ന കേരളത്തിന് മേൽപ്പറഞ്ഞതെല്ലാം വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.

കേരളത്തിലെ ഹൗസ് ബോട്ടുകളാണ് വിദേശ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം. തീരവാസികളായ നാട്ടുകാരെ പരിചയപ്പെടുത്തുന്നതും, അവരുടെ വീടുകളിൽ താമസിച്ച് കേരളത്തനിമ മനസ്സിലാക്കുന്നതും ടൂറിസം രംഗത്തെ ഹോട്ട് സ്‌റ്റൈലാണ്. കേരളത്തിൽ വർക്കല, കോവളം, കോഴിക്കോട്, ഫോർട്ട്‌കൊച്ചി ബീച്ചുകൾ വിദേശ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. വർക്കലയിൽ മത്സ്യബന്ധനതൊഴിലാളി കുടുംബങ്ങളിൽ താമസിയ്‌ക്കാനിഷ്‌ടപ്പെടുന്ന ധാരാളം സഞ്ചാരികളുണ്ട്.

വിനോദ സഞ്ചാരികളുടെ വർദ്ധനവിനനുസരിച്ച് ടൂറിസം റിസോർട്ടുകളും മസാജ് പാർലറുകളും പെരുകുന്നതും ശ്രദ്ധേയമാണ്. കേരളം ഒരു പെഡോഫിൽ ഡെസ്‌റ്റിനേഷൻ ബാലലൈംഗികവിപണി ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സാമൂഹ്യപ്രവർത്തകർ മുന്നറിയിപ്പു നൽകുന്നത് ഇതുകൊണ്ടൊക്കെയാണ്. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത് കൂടുതലും ആൺകുട്ടികളായതിനാലും പലതും കുടുംബത്തിന്‍റെ പിന്തുണയോടെ ആയതിനാലും സംഭവം പുറത്തുപോകുന്നില്ല. സ്വവർഗരതി ശിക്ഷാർഹമായ ഇന്ത്യയിൽ പുരുഷന്മാരാണ് ആൺകുട്ടികളെ സേഫ് സെക്‌സിന് സമീപിക്കുന്നവർ.

6 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളെയാണ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 15 വയസാകുമ്പോഴേക്കും ഇവർ ശരിക്കും വേശ്യാവൃത്തിയിലേക്ക് കടക്കുന്നു.

ഇങ്ങനെ കുട്ടികളെ ഉപയോഗിക്കുന്നതിന്‍റെ സെന്‍ററുകൾ ഹോട്ടലുകളോ റിസോർട്ടുകളോ ആവണമെന്നില്ല. പാർക്കുകളിലും തീയറ്ററുകളിലും ഒഴിഞ്ഞ സ്‌ഥലങ്ങളിലുമൊക്കെ സംഭവിക്കാറുണ്ട്. കളിപ്പാട്ടം, ചോക്ലേറ്റ്, സൈക്കിൾ, വസ്‌ത്രം തുടങ്ങി കുഞ്ഞുങ്ങൾക്കിഷ്‌ടമുള്ളവ വാങ്ങിക്കൊടുത്തിട്ടാണ് ചൈൽഡ് സെക്‌സ് ഇഷ്‌ടപ്പെടുന്ന വിദേശികളിൽ ഭൂരിഭാഗവും കുട്ടികളെ ആകർഷിക്കുന്നത്. വീട്ടിലേക്ക് കൈനിറയെ പണവും കിട്ടുമ്പോൾ മറ്റൊന്നിനെയും കുറിച്ച് ആശങ്കപ്പെടാതെ ഈ പണിക്ക് സ്വയം തയ്യാറാവുകയാണ് കുട്ടികളും.

എന്നാൽ കൗമാരക്കാരായ ഇവരുടെ സ്വഭാവ രൂപീകരണത്തെയും ആരോഗ്യത്തെയും ഭാവിജീവിതത്തെയും ബാധിക്കുന്നതാണ് ചൈൽഡ് സെക്‌സ്. ഒരു നാടിന്‍റെ സംസ്കാരത്തെയും ഇത് ഇല്ലായ്മ ചെയ്യും. ഇന്ത്യയിൽ ഗോവയിലാണത്രേ കുട്ടികൾക്ക് സന്ദർശകരിൽ നിന്നുള്ള പീഡനം കൂടുതൽ. പ്രതിദിനം മൂന്ന് ചാർട്ടേഡ് വിമാനങ്ങളെങ്കിലും റഷ്യയിൽ നിന്ന് സഞ്ചാരികളുമായി അവിടെയെത്തുന്നു.

ഗോവ കഴിഞ്ഞാൽ പിന്നെ കേരളമാണ് ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ ഇനി സാധ്യതയുള്ള വിനോദകേന്ദ്രം എന്നാണ് ടൂറിസം രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നത്. ദാരിദ്യ്രത്തിന്‍റെ പേരിൽ കുട്ടികൾ വേശ്യാവൃത്തിക്കിറങ്ങുന്ന കാഴ്‌ച കേരളത്തിൽ കുറവാണ്. എന്നാൽ സെക്‌സ് മാഫിയ വളരെ ശക്‌തമാണ് എന്നത് ആശങ്കാവഹമാണ്. നല്ല കുടുംബങ്ങളിലെ കുട്ടികളെപ്പോലും പ്രലോഭിപ്പിച്ച് ഇതിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കും. ഗോവയിലെ ജനസംഖ്യ ഏകദേശം 15 ലക്ഷമാണ്. ഇതിലും ഇരട്ടിയാണ് അവിടത്തെ ടൂറിസ്‌റ്റ് പോപ്പുലേഷൻ. 28 ലക്ഷം സഞ്ചാരികളിൽ 4 ലക്ഷത്തിലേറെ വിദേശികളാണ്.

കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട് കേസായി വന്നത് കോവളത്താണ്. എന്നാൽ പിന്നീട് അത്തരം സംഭവങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരേസമയം വിനോദസഞ്ചാരം വികസിക്കുന്ന ഇടങ്ങളിൽ ഇതിനുള്ള സാധ്യത ഉണ്ടെന്ന് ഭരണകേന്ദ്രം മുൻകൂട്ടി മനസ്സിലാക്കി നടപടി എടുക്കുന്നത് നന്നായിരിക്കുമെന്നാണ് കേരള സ്‌റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് മുൻ അധ്യക്ഷ നീല ഗംഗാധരൻ പറയുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ബോധവൽക്കരണം കാര്യമായി നടത്തേണ്ട എന്ന നിലപാടാണ് ഹോട്ടൽ ആന്‍റ് ടൂറിസം മേഖലകൾക്കുള്ളത്. ചൈൽഡ് സെക്‌സ് ഡെസ്‌റ്റിനേഷൻ എന്ന പേരിൽ കേരളം മുദ്രകുത്തപ്പെടുന്ന ആശങ്കയാണ് അതിനു പിന്നിൽ. ഇതേ കാഴ്‌ചപ്പാട് കെടിഡിസിക്കും ഉണ്ട്. കേരളത്തെ ഒരു ചൈൽഡ് സെക്‌സ് ഡെസ്‌റ്റിനേഷൻ എന്ന് ഹൈലൈറ്റ് ചെയ്യപ്പെടത്തക്ക പ്രശ്നം നിലവിലില്ല. പക്ഷേ മുൻകരുതൽ എപ്പോഴും നല്ലതു തന്നെ എന്നാണ് ടൂറിസം മുൻ ഡയറക്‌ടർ എസ്. ഹരി കിഷോർ പറയുന്നത്.

കോവളം, കുമരകം, തേക്കടി, വയനാട്, കുമ്പളങ്ങി, ബേക്കൽ ഈ സ്‌ഥലങ്ങൾ ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കേരളം സീറോ ടോളറൻസ് ചൈൽഡ് അബ്യൂസ് ഏരിയ ആണെന്ന് വിദേശ വിനോദസഞ്ചാരികളെ ബോധ്യപ്പെടുത്തണം. കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ & ടൂറിസം ഡയറക്‌ടർ ഡോ.രാജശ്രീ അജിത് പറയുന്നു.

തേക്കടിയിൽ ബോട്ട് അപകടത്തിൽപ്പെട്ട് കുട്ടികൾ മരിച്ചു. അവർ ലൈഫ് ജാക്കറ്റ് അണിഞ്ഞിരുന്നില്ല. അപകടസാധ്യത മുൻകൂട്ടി കണ്ട് പ്രതിവിധി സ്വീകരിച്ചിരുന്നുവെങ്കിൽ അപകടത്തിന്‍റെ തീവ്രത കുറയുമായിരുന്നു. മുൻകരുതൽ ടൂറിസം രംഗത്തും വേണം. ടൂറിസം രംഗത്ത് കുട്ടികളെ ജോലിക്കും സെക്‌സിനും നിയോഗിക്കുന്ന പ്രവണത മുളയിലെ നുള്ളണം. ഗോവയിലും കേരളത്തിലും മാത്രമല്ല, എല്ലാ സംസ്‌ഥാനങ്ങളിലും ഇങ്ങനെ സഞ്ചരിക്കുന്ന ലൈംഗിക കുറ്റവാളികൾ ഉണ്ടാകാം. അത് വർദ്ധിച്ചു വന്നാൽ മേഖലയുടെ വിശ്വാസ്യത തന്നെയാണ് നഷ്ടപ്പെടുക.

और कहानियां पढ़ने के लिए क्लिक करें...