നേർത്ത മഞ്ഞുപാളി കണക്കെയുള്ള ജനൽക്കർട്ടൻ നീക്കി പത്താമത്തെ നിലയിൽ നിന്ന് ഗൗരിയുടെ ഗ്രാൻമാ പുറത്തേക്കു നോക്കി. താഴെ വെയിലിൽ തിളങ്ങിക്കിടക്കുന്ന റോഡിലൂടെ റിമോട്ട് കൺട്രോളിലെന്ന പോലെ അതീവ സ്പീഡിൽ നിശബ്ദമായി ഒഴുകിപ്പോകുന്ന വാഹനങ്ങൾ. അടുത്തു ചെന്നാലറിയാം ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗത!

നിര തെറ്റാതെ ഓടുന്ന വാഹനങ്ങളിൽ ഗൗരിയുടെ സ്ക്കൂൾ ബസ്സ് ദൂരെ നിന്നു തന്നെ അവരുടെ കണ്ണിൽപെട്ടു. അൽപ്പ സമയത്തിനുള്ളിൽ ലിഫ്ട് തള്ളിത്തുറക്കുന്നതിന്‍റേയും കൊറിഡോർ ഒരു കൂട്ടയോട്ടത്തിന് വേദിയാക്കുന്നതിന്‍റേയും ബഹളം കേട്ടു തുടങ്ങി. വിവിധ ക്ലാസുകളിൽ പഠിക്കുന്ന പല രാജ്യക്കാരായ ഈ സംഘത്തിലെ എല്ലാവരും ആത്മ സുഹൃത്തുക്കളും ടീനേജിന്‍റെ പടിവാതിക്കൽ നിൽക്കുന്നവരുമാണ്.

അമ്മ കൈക്കുഞ്ഞിനെ എന്ന പോലെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ഐ പാഡുമായി മാത്രമേ ഇവരെ കാണാറുള്ളൂ. വലിയ ഒരു മ്യൂസിക്ക് ഗ്രൂപ്പിന്‍റെ കണ്ണികളാണെന്ന് സ്വയം അഭിമാനിക്കുകയും യുട്യൂബിൽ സ്വന്തമായി ഒരു എംജി – മ്യൂസിക്ക് ഗ്രൂപ്പ് ഉണ്ടെന്നുമാണ് ബിഎഫ്എഫ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ ഗ്രൂപ്പ് പറയുന്നത്. എംജിയും ബിഎഫ്എഫുമെല്ലാം എന്താണെന്ന് ഒരു സ്റ്റഡി ക്ലാസ് വഴി ഗ്രാൻമായെ ഗൗരി ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

ടെക്ക്നോളജിയിൽ ഗ്രാൻമായെ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ കുട്ടി ഏറെ ശ്രമിച്ചിരിക്കുന്നു. സന്ദർശന വിസയിൽ ദുബായിൽ എത്തിയ ഗ്രാൻമ പലപ്പോഴും ഇവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും അതേത്തുടർന്നുള്ള വിങ്ങിക്കരച്ചിലിനുമൊക്കെ അനേക തവണ നിശബ്ദ സാക്ഷിത്വം വഹിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഎഫ്എഫ് ചിലപ്പോഴൊക്കെ അവരിൽ ചോദ്യ ചിഹ്നമായും അവശേഷിച്ചു.

ഓരോ പിണക്കങ്ങൾക്കുമൊടുവിൽ വിങ്ങിപ്പൊട്ടിയും ഏങ്ങലടിച്ചും തന്‍റെ വലിയ നൊമ്പരങ്ങൾ ഗ്രാൻമായുമായി ഗൗരി പങ്കുവച്ചിട്ടുമുണ്ട്. ആശ്വസിപ്പിക്കലിന് തീരെ സാധ്യതയില്ലാത്ത വിധം പരാതിക്കെട്ടുകൾ അഴിച്ചിടും. ചാക്കിൽ നിന്നൂർന്നു വീണ് തറയിലെമ്പാടും ചിതറിക്കിടക്കുന്ന നെല്ലിക്ക കണക്കെ അവയിൽ ചവിട്ടി നിന്ന് ബാലൻസ് വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടാറാണ് പതിവ്.

ഉള്ളു തുറക്കലിനും ആശ്വസിപ്പിക്കലിനുമിടയിൽ കതകിൽ മൃദുവായി തട്ടുന്ന ശബ്ദം കേൾക്കാം. ഉടൻ തന്നെ വിടർന്ന കണ്ണുകൾ കൈത്തലം കൊണ്ടു തുടച്ച് അമ്മയുടെ കണ്ണുവെട്ടിച്ച് ഗ്രാൻമായെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പുറത്തേക്കോടും. ഇടക്കിടെ അഴിഞ്ഞു വീഴുന്ന ഓരോ കണ്ണികളും കൂട്ടിയോജിപ്പിച്ച് വീണ്ടും സുശക്‌തമായ സൗഹൃദച്ചങ്ങലയായി അവർ വീടിനു പുറത്ത് വിരാജിക്കവെയാണ് ഒരു ദിവസം അത് ഉണ്ടായത്.

ആലംബം നഷ്ടപ്പെട്ട ഒരന്യഗ്രഹ ജീവിയെ എന്നോണം മിയ എന്ന ഈജിപ്ഷ്യൻ സുന്ദരിയുടെ കൈപിടിച്ച് ഗൗരി അടുക്കളിയിലേക്ക് ഓടി… അന്നാദ്യമായി അവരുടെ പക്കൽ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കാറുള്ള ഐപാഡ് ഉണ്ടായിരുന്നില്ല. മിയയുടെ മാതാപിതാക്കൾ അമേരിക്കൻ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥരാണ്. കുട്ടിയോടൊപ്പം വീട്ടിൽ ബംഗ്ലാദേശ്കാരിയായ മെയ്ഡാണുള്ളത്.

അമ്മയുമായി ഏറെ നേരത്തെ വാക്ക്ത്തർക്കങ്ങൾക്കു ശേഷം മിയയുടെ കൈപിടിച്ചു കൊണ്ടു തന്നെ ഗൗരി പുറത്തേക്കു പോകുന്നതും കണ്ടു… വലിയ ഉത്തരവാദിത്വത്തിലകപ്പെട്ട പോലെ അൽപം തിരക്കിലാണെന്ന ഭാവത്തിൽ ഗ്രാൻമയെ ഒന്നു നോക്കി. എന്താണ് കാര്യമെന്ന മൗനമായ അന്വേഷണത്തിന് ചെറുവിരൽ ഉയർത്തിക്കാട്ടി “ പറയാം അച്ചൂ” എന്നു പറഞ്ഞ് വന്ന പോലെത്തന്നെ മിയയുടെ കൈപിടിച്ച് പുറത്തേക്കു പോയി. അമിതമായ സന്തോഷമോ കടുത്ത ആകാംക്ഷയോ ഒക്കെ ഗൗരിയെ പൊതിയുമ്പോഴാണ് സ്നേഹത്തോടെ അവൾ വിളിക്കാറുള്ള അച്ഛമ്മ അച്ചുവായി ലോപിക്കുക.

എന്തായാലും ഏതൊരു രഹസ്യവും അധിക സമയം മൂടിവയ്‌ക്കാൻ ഗൗരിക്കാവില്ല എന്ന് ഗ്രാൻമായ്ക്കറിയാം. വൈകുന്നേരം മറ്റു ഫ്ളാറ്റുകളിലെ കുട്ടികൾ കളിക്കാനെത്തിയപ്പോഴും ഗൗരിയും റെയ്ച്ചലും നൂറാനും ഫാത്തിമയുമൊക്കെ മിയക്ക് അകമ്പടിയായുണ്ടായിരുന്നു. കൂടെ ഏതാനും പുരുഷപ്രജകളും അവരെ പിന്തുടർന്നു.

നഴ്സറി ക്ലാസ്സുകാരായ നൗഫലും ആരിഫും ജോർജ്‌ജും മറ്റും. എന്താണ് സംഭവമെന്ന് മനസ്സിലായില്ലെങ്കിലും മറ്റുള്ള കുട്ടികൾ പറയുന്നതു കേട്ട് അവരും പുറകെ നടന്നു പറയുന്നുണ്ടായിരുന്നു.

“ഡോണ്ട് റൺ മിയ… ടേക്ക് റെസ്‌റ്റ്…” മിയ തിരിഞ്ഞു നിന്ന് അവരെ രൂക്ഷമായൊന്നു നോക്കി. കുട്ടി സംഘം ഉച്ചത്തിൽ കൂവി വിളിച്ചു കൊണ്ട് തിരിഞ്ഞോടി.

ഓരോ ദിവസവും പുതിയ പുതിയ വാർത്തകളും സംഭവവികാസങ്ങളുമായാണ് ഗൗരി സ്കൂളിൽ നിന്നെത്തുക. ക്രമേണ കഴിച്ചു മടുത്ത സ്നാക്ക്സ് പോലെ കേട്ടു പഴകിയ കഥ പോലെ ഇത്തരം സംഭവങ്ങളിൽ അവൾക്കു താൽപര്യമില്ലാതായിത്തുടങ്ങി. സ്ക്കൂൾ വിശേഷങ്ങളറിയാൻ ആകാംക്ഷ പൂണ്ട് ഒരിക്കൽ ഗ്രാൻമ ചോദിച്ചു.

“ഗൗരിയുടെ അടുത്തിരിക്കുന്ന കുട്ടിയുടെ പേരെന്താ?”

“ജോൺ സ്റ്റീവ്”

“ബോയ് ആണ് അല്ലേ?” അവരുടെ ചോദ്യത്തിന് വളരെ സത്യസന്ധമായിത്തന്നെ അവൾ മറുപടിയും നൽകി, അൽപം വിശദമായിത്തന്നെ.

“മൂന്നു ബോയ്സും ഞാനും ഒരു ഗ്രൂപ്പായാണ് ഞങ്ങളുടെ ടേബിളിനു ചുറ്റും ഇരിക്കുക…” ഒന്നുകൂടി വ്യക്‌തമാക്കാനെന്നോണം അവൾ തുടർന്നു.

“എനിക്കതാണ് കംഫർട്ടബിൾ ആയി തോന്നുന്നത്. ഗേൾസ് വളരെ മീൻ ആണ് അച്ചൂ…” സത്യം പറയുന്നതിലെ ശുദ്ധതയും നൈർമല്യവും അവളുടെ സ്വരത്തിലും കണ്ണുകളിലുമുണ്ടായിരുന്നു.

എത്ര നിഷ്ക്കളങ്കമാണ് ബാല്യം… വളർച്ചയും അറിവും നേടുന്തോറും തെളിവെള്ളത്തിൽ കലരുന്ന മാലിന്യം പോലെ… ഗ്രാൻമായ്ക്ക് എന്തിനെന്നറിയാതെ വല്ലാത്ത നൊമ്പരമനുഭവപ്പെട്ടു.

പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോകവെയാണ് അതുണ്ടായത്. അന്നും പതിവുപോലെ ഒച്ചയും ബഹളവുമായാണ് ആ ഫ്ളോറിലെ കൊച്ചു മതേതര രാഷ്ട്രം ലിഫ്റ്റിൽ നിന്നു പുറത്തേക്കു ചാടിയത്. ഒരാരവത്തോടെ അവർ കോറിഡോർ ഒന്നാകെ കുലുക്കി മറിച്ചു. ബഹളം കേട്ട് ഗൗരിയുടെ അമ്മ വാതിൽ തുറന്ന് പുറത്തേക്കു വന്നു.

“ഇന്നലെ ഹൂദ ഇബ്രാഹിമിനു കിട്ടി, ഇന്ന് നൂറാനും കിട്ടീത്രെ… അമ്മേ” ഗൗരിയ്ക്ക് ആവേശത്താൽ ശ്വാസം മുട്ടി.

“എന്തുകിട്ടീ എന്നാ ഈ കുട്ടി പറയണത്?” ഗ്രാൻമാ ആകാംക്ഷയോടെ ചോദിച്ചു. ഗൗരിയുടെ അമ്മയും കൈമലർത്തി.

“എന്തെങ്കിലും ഗ്രെയ്സ് കാർഡാവും… അല്ലേ? ” ഇന്നലെ സ്കൂളിൽ നിന്നു വന്ന ഉടനെ ഗൗരി ബാഗിൽ നിന്ന് എന്തെല്ലാമോ കാർഡുകൾ പുറത്തെടുത്തു. അവ ഗ്രാൻമായെ ഏൽപ്പിച്ച് വിടർന്ന മുഖത്തോടെ അവൾ പറഞ്ഞു.

“ക്ലാസിൽ ബിഹേവിയറിനും നല്ല പാർട്ടിസിപ്പേഷനും എനിക്കു കിട്ടിയ ഗ്രെയ്സ് കാർഡുകളാണ്. അച്ചൂന് സന്തോഷായോ?” അവൾ നല്ലൊരു പ്രതികരണം പ്രതീക്ഷിച്ച് അവരുടെ മുഖത്തേക്കു നോക്കി.

“പിന്ന്യേ… ഗ്രാൻമായുടെ കുട്ടി മിടുക്കിയല്ലേ…” ചേർത്തു നിർത്തി നെറുകയിൽ ഉമ്മ വച്ചപ്പോൾ അവളുടെ മുഖം കാണേണ്ടതായിരുന്നു. സന്തോഷമോ അഭിമാനമോ എന്തെല്ലാമോ അവിടെ തിരതല്ലി.

“ഇന്നെന്താണാവോ കിട്ടിയിരിക്കണത്, അല്ലേ?” ഗ്രാൻമായുടെ സ്വരത്തിൽ ആകാംക്ഷ.

“ഒന്നും കിട്ടിതല്ല, അമ്മേ… പ്രായം തികഞ്ഞു എന്നതിനു പറയുന്നതാണ്… കുട്ടികളുടെ ഒരു കാര്യം…” ഗൗരിയുടെ അമ്മ പറഞ്ഞു തീരുന്നതിനു മുമ്പ് കിട്ടിയ രണ്ടു ഭാഗ്യവതികളും ഫ്ളാറ്റിനുള്ളിലേക്ക് ഇടിച്ചു കയറി വന്നു. വല്ലാത്ത ഉത്സവത്തിമിർപ്പോടെ പൊട്ടിച്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവർ.

നൂറാൻ ഈജിപ്ഷ്യനും ഹൂദാ മുഹമ്മദ് അറബിയുമാണ്. ഇവരെ എതിരേറ്റും പിന്തുണച്ചും കൊണ്ട് പല രാജ്യക്കാരായ വേറെയും പെൺകുട്ടികൾ കൂട്ടത്തിലുണ്ട്. മഞ്ഞിൻ കണങ്ങളേറ്റ് തിളങ്ങി നിൽക്കുന്ന പൂമൊട്ടുകൾ പോലെയുള്ള നൂറാനേയും ഹൂദയേയും ആരാധനയോടെയാണ് മറ്റുള്ള കുട്ടികൾ നോക്കുന്നത്.

പെട്ടെന്ന് ഗൗരിയുടെ അമ്മക്കൊരു സംശയം… ബയോളജിക്കലായുള്ള ഒരു സംഭവം… ഇന്നലെ നൂറാനു സംഭവിച്ചു എന്നു പറയുന്നത് ഇന്നു തന്നെ ഹൂദയ്ക്ക് സംഭവിച്ചു കൂടായ്കയില്ല. എങ്കിലും എവിടെയോ ഒരു പൊരുത്തക്കേട്… എല്ലാവരും പത്തും പതിനൊന്നും വയസ്സുള്ളവർ… പകർച്ച വ്യാധിയൊന്നുമല്ലല്ലോ, ഇത്… അമ്മ സന്തോഷം പ്രകടിപ്പിക്കാത്തതിൽ ഗൗരിക്കു നിരാശയുണ്ടെന്നു തോന്നുന്നു. അവളുടെ മുഖം ഇരുണ്ടു.

“അമ്മ എന്താ ഹാപ്പി ആവാത്തത്?” അവൾ ചിണുങ്ങലോടെ ചോദിച്ചു.

“നിനക്ക് ഇതിനെപ്പറ്റിയൊക്കെ അറിയാമോ” അവൾ ഉത്തരമൊന്നും പറഞ്ഞില്ല, എന്തു മണ്ടൻ ചോദ്യം എന്ന മട്ടിൽ അമ്മയെ ഒന്നു നോക്കിയതല്ലാതെ പെട്ടെന്നു തന്നെ അവൾ വാചാലയായി.

“എന്തു മണ്ടത്തരാ അമ്മ പറയണത്? യൂ ട്യൂബിൽ നോക്കിയാൽ എല്ലാം അറിയാലോ…” കൂടുതൽ അറിവുകൾ നേരിടാതിരിക്കാനെന്നോണം അമ്മ അടുക്കളയിലേക്കു പിൻവാങ്ങി.

ഇടക്കു വച്ച് എന്തോ ഓർത്തിട്ടെന്ന വണ്ണം വീണ്ടും ഗൗരി ഗ്രാൻമായുടെ അടുത്തേക്ക് ഓടി വന്നു. അമ്മ കേൾക്കുന്നില്ല എന്നുറപ്പുവരുത്തിയശേഷം അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതേ… എനിക്ക് പേട്യാവ്ണ്ണ്ട്, അച്ചൂ…”

“എന്തിനാ പേടിക്കണത്? പെൺ കുട്ട്യോളായാ ഇങ്ങനൊക്കെ ഉണ്ടാവും…” അവർ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അതല്ല… നൂറാനും ഹൂദയും എല്ലാവരും പറയ്വാ… ഇങ്ങനെ ഉണ്ടായാൽ മാത്രേ വുമൺ ആവുകയുള്ളൂത്രേ… ഞാൻ ഇപ്പോ ഗേളല്ലേ?”

കൂട്ടുകാർക്കു കിട്ടിയത് തനിക്ക് കിട്ടാത്തതിന്‍റെ നേരിയ മ്ലാനത അവളുടെ മുഖത്ത് പടർന്നു കിടപ്പുണ്ടായിരുന്നു. എന്താണ് ഗൗരിയോട് പറയേണ്ടതെന്നറിയാതെ മൗനം പാലിക്കുകയാണ് ഉണ്ടായത്. തന്‍റെ ഈ പ്രായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ തന്നെ മടിയായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ…! അവർക്ക് എല്ലാം അറിയാം.

നീണ്ട കാലത്തേക്കുള്ള വസന്തമാണ് അവർ കാത്തിരിക്കുന്നത്. ജൈവ ശാസ്ത്രപരമായ മാറ്റങ്ങൾ എത്ര നേരത്തെയാണ് പ്രകൃതി ഒരുക്കുന്നത്… സമൂഹത്തിലെ വെല്ലുവിളികളും ചൂഷണങ്ങളും കഴുകൻ കണ്ണുകളും ഇത്തിരിപ്പോന്ന ഈ കുഞ്ഞുങ്ങൾ എങ്ങനെ തിരിച്ചറിയും…

വീണ്ടും വരാന്തയിൽ ഒരു പറ്റം കൂട്ടികളുടെ ആർപ്പുവിളിയും ബഹളവും കേട്ടുതുടങ്ങി. അതിനിടയിൽ നിന്നും ഗൗരിയും റെയ്ച്ചലുമൊക്കെ ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

“ഇറ്റ് വാസ് എ ഫെയ്ക്ക് ന്യൂസ്…” ആവേശത്തള്ളിച്ചയാൽ അടഞ്ഞു പോയ സ്വരത്തോടെ ഗൗരി വീടിനുള്ളിലേക്കു നോക്കി കൂവിയാർത്തു.

“അമ്മേ, അച്ചൂ… നൂറാൻ പറഞ്ഞത് ഫെയ്‌ക്കാണ്… പറ്റിച്ചതാണ്…” ഗൗരി ആശ്വാസത്തോടെ പുറത്തേക്കോടി.

ഗൗരിയുടെ അമ്മയും ഗ്രാൻമായും പരസ്പരം നോക്കി, എന്തു പറയണമെന്നറിയാതെ. തന്‍റെ തലമുറയിൽപ്പെട്ടവർ സ്വന്തം അമ്മയോടു പോലും പറയാൻ മടിച്ചിരുന്ന കാര്യം എത്ര വ്യക്‌തതയോടെയാണ് ഇന്നത്തെ കുട്ടികൾ പറയുന്നത്! ലജ്‌ജയോ അറപ്പോ അവരെ തൊട്ടുതീണ്ടിയിട്ടില്ല.

പുതിയ വേവലാതികളും വിഹ്വലതകളുമായി ഗൗരിയും സംഘവും വരാന്തയിൽ കൂടെ തിരക്കിട്ടു നടന്നുപോയി. രണ്ടു ദിവസം മുമ്പ് വുമൺ ആയ പെൺകുട്ടി അവളുടെ പാവയേയും കൈയിലെടുത്ത് അവരോടൊപ്പം എത്താനായി ഓടുന്നുണ്ടായിരുന്നു.

മനോഹരമായ ലോകവും അതിനുള്ളിലെ സന്തോഷവും മാത്രം കാണുന്ന ഈ കുഞ്ഞുങ്ങൾ…  അവരെ എതിർപ്പാർത്തിരിക്കുന്ന ലോകത്തിന്‍റെ വികൃതമായ മുഖവും പരുക്കൻ യാഥാർത്ഥ്യങ്ങളും തിരിച്ചറിയുമ്പോൾ പതറിപ്പോകുമല്ലോ എന്നോർത്ത് ഗ്രാൻമായുടെ നെഞ്ചു പിടഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...