സിൽവർ നിറത്തിലുള്ള ആ ചെറിയ കാർ ഗേറ്റു കടന്ന് റോഡിലെ തിരക്കിൽ മറയും വരെ ഉത്തര കണ്ണെടുത്തില്ല. അവളുടെ കാതിൽ ശേഖർ ദാസ് പറഞ്ഞ വാക്കുകൾ അപ്പോഴും നിറഞ്ഞുനിന്നു.

“എനിയ്‌ക്ക് നാളേയ്‌ക്കകം മറുപടി ലഭിക്കണം.”

അങ്ങനെ പെട്ടെന്ന് മറുപടി പറയാവുന്ന ഒരു ചോദ്യമല്ലല്ലോ ശേഖർ ചോദിച്ചത്. ജീവിതത്തിൽ ഇനി ഇങ്ങനെ ഒരു ചോദ്യത്തെ നേരിടേണ്ടി വരുമെന്ന് താൻ കരുതിയിരുന്നേയില്ലല്ലോ. എന്നിട്ടും അതു സംഭവിച്ചു.

വിവാഹത്തിന് സമ്മതമാണോ? ഇതാണ് ശേഖറിന്‍റെ ചോദ്യം.

ഇതിന് അതെയെന്നോ അല്ലെന്നോ മറുപടി നൽകാം. അതിലേതുവേണം എന്ന സന്ദേഹത്തിൽ കഴമ്പില്ല. തന്‍റെ മനം ആഗ്രഹിച്ച ഒരു ചോദ്യവും അതിന്‍റെ ഉത്തരവും. പക്ഷേ, മറ്റുള്ളവരുടെ പ്രതികരണം, പ്രത്യേകിച്ച് വീട്ടുകാരുടെ… അതാണ് ഉത്തരയെ ആശങ്കപ്പെടുത്തുന്നത്. ഉത്തര വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത കേട്ടാൽ ആരാണ് അന്തം വിടാത്തത്.

ഈ പ്രായത്തിൽ ഉത്തരയ്‌ക്ക് എന്തിന്‍റെ കേടാണ് എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. വയസ് 40 കഴിഞ്ഞു. ഇനി ആണോ കെട്ടി, കുഞ്ഞുകുട്ടിപരാധീനക്കാരിയാകാൻ പോകുന്നത്? ആരാണാവോ ആ നിർഭാഗ്യവാൻ… അയാൾ ശരിക്കും കല്ല്യാണം കഴിക്കാനാണോ വിളിക്കുന്നത്? അല്ലേ, വീട്ടുവേലക്കാരികൾക്കൊക്കെ എന്താ ഒരു ഡിമാന്‍റ്? അപ്പോ പിന്നെ ഇതു സൂത്രമല്ലേ… ഉണ്ണുണ്ണിയമ്മാവൻ നെഞ്ചു തടവി പറയുന്നത് ഉത്തരയ്‌ക്ക് കൺമുന്നിൽ തെളിഞ്ഞുവന്നു.

യഥാർത്ഥത്തിൽ ശേഖർ തന്നെ സ്‌നേഹിക്കുന്നുണ്ടോ? സൗന്ദര്യത്തിൽ ആകൃഷ്‌ടനായി വന്നുവെന്നു കരുതാൻ താൻ അത്ര വലിയ സുന്ദരിയൊന്നുമല്ല. എങ്കിലും ആകർഷകത്വം ഉള്ള മുഖമാണ് തന്‍റേതെന്ന് പണ്ട് കൂട്ടുകാർ പറയാറുണ്ട്. യൗവ്വനം നശിക്കാത്ത ശരീരവുമായി ഒറ്റയ്‌ക്കുള്ള ജീവിതം പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയി. ആരുടേയും കണ്ണുകൾ തന്നിൽ പതിയരുത് എന്ന് ഉത്തര ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

നിറപ്പകിട്ടുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഭംഗിയായ വസ്‌ത്രധാരണം വരെ വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നിട്ടും ശേഖർ തന്നെ എങ്ങനെ ശ്രദ്ധിച്ചു…? തന്നേക്കാൾ പ്രായം കുറഞ്ഞ സുന്ദരികളെ അയാൾക്ക് ഒരു പ്രയാസവുമില്ലാതെ കിട്ടുമെന്നിരിക്കേ, എന്താണ് ശേഖർ തന്നിൽ കണ്ടത്?

“എനിക്ക് ഉത്തരയെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്, താൻ എന്തു പറയുന്നു?” ഒരു മുഖവുരയും?ഇ ല്ലാതെയുള്ള ആ ചോദ്യം. സത്യം പറഞ്ഞാൽ മതിമറന്നു സന്തോഷിച്ച നിമിഷങ്ങളായിരുന്നില്ലേ അത്.

“കൊള്ളാം, താങ്കൾ ചുമ്മാ കളിയാക്കുകയാണല്ലേ, എത്രയോ പെൺകുട്ടികൾ നിങ്ങൾക്കു മുന്നിൽ ക്യൂ നിൽക്കുന്നു. അപ്പോഴാണോ… ഈ ഞാൻ?”

“ഉത്തര പറഞ്ഞതു ശരിയാ, ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്‌ക്കും എന്ന പോലെയാണ് എന്‍റെ അവസ്‌ഥ. എന്‍റേത് ആദ്യവിവാഹമല്ല. ആദ്യമായി ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയെക്കുറിച്ചോർക്കുമ്പോൾ അതുപോലൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല.”

ശേഖർ പറഞ്ഞുതുടങ്ങി, തന്‍റെ പൂർവ്വ വിവാഹത്തിന്‍റെ കഥ.

ശേഖർ ആദ്യം ജോലി ചെയ്‌ത ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു നാൻസി. പരിചയമില്ലാത്ത നഗരവും ജനങ്ങളും. ഇതിനിടയിൽ നാൻസി നീട്ടിയ സൗഹൃദ ഹസ്‌തം വലിയ ആശ്വാസമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.

വിവാഹശേഷം ആദ്യത്തെ മൂന്നാലു വർഷം ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നെപ്പിന്നെ അവളാകെ ചെയ്‌ഞ്ച് ആയി. സദാസമയം ടിവി കാണും അല്ലെങ്കിൽ പുറത്തു കറങ്ങും, എന്നെയോ മകളെയോ ശ്രദ്ധിക്കാറില്ല. അതു ചോദ്യം ചെയ്‌തപ്പോൾ അവൾ വിവാഹമോചനത്തിനു തയ്യാറായി. ഒപ്പം മകളേയും കൂട്ടി. പിന്നീട് അവൾ മറ്റൊരു വിവാഹവും ചെയ്‌തു. ഇത്രയും കാലം വിവാഹം വേണ്ടെന്ന് കരുതി. പക്ഷേ ജീവിതത്തിന്‍റെ സായന്തനത്തിലെത്തുമ്പോൾ തീർച്ചയായും ഒരു കൂട്ടുവേണമെന്ന ചിന്ത ഇപ്പോൾ ശക്‌തമായിരിക്കുന്നു.” ശേഖറിങ്ങനെ പലതും പറഞ്ഞു.

“പക്ഷേ ശേഖറിനറിയാമോ എനിക്കെത്ര വയസായി എന്ന്?”

“42. ശരിയല്ലേ, അതിനെന്താണ് കുഴപ്പം. പ്രണയം തോന്നിയാൽ പ്രായം ഒരു ഘടകമാണോ? ഈ പ്രായത്തിലുള്ള എത്രയോ സ്‌ത്രീകൾ ഉത്സാഹവതികളായി കുടുംബജീവിതം നയിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം സമയമുണ്ട്, ആലോചിക്കൂ…” ആ ചോദ്യമാണ് ഉത്തരയെ കുഴക്കുന്നത്.

ഉത്തര ജനാലയിലൂടെ പുറത്തേക്ക് മിഴി നീട്ടി. അവൾക്കപ്പോൾ തന്‍റെ കുട്ടിക്കാലം ഓർമ്മ വന്നു. കൂട്ടുകുടുംബത്തിന്‍റെ തിരക്കുകളിലും രസങ്ങളിലും അസ്വാരസ്യങ്ങളിലും കുടുങ്ങിയ ബാല്യം. സത്യം പറഞ്ഞാൽ മറ്റൊരു ജന്മമാണ് ആ കാലം എന്നുതോന്നും. ബാല്യം കൗമാരം കടന്ന് യൗവ്വനത്തിലേക്ക് കാലൂന്നിയതുപോലും അറിഞ്ഞില്ല താൻ.

അവിചാരിതമായി ഒരു ദിനം വീട്ടിൽ വന്ന അതിഥികളാണ് തനിക്കു വിവാഹപ്രായമായിരിക്കുന്നു എന്ന തോന്നൽ പോലും അന്ന് ഉണ്ടാക്കിയത്. ചെക്കനെക്കുറിച്ച് യാതൊരു സ്വപ്‌നവുമില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്ന് തീരുമാനിച്ചുറപ്പിച്ചു. വീട്ടിൽ എപ്പോഴും അതിഥികൾ, പലഹാരങ്ങളുടേയും പൂക്കളുടേയും കൊതിപ്പിക്കുന്ന ഗന്ധം. വിവാഹച്ചടങ്ങുകൾക്ക് മുന്നോടിയായി വീടൊരുങ്ങുമ്പോൾ അതെല്ലാം ഒരു സ്വപ്‌നം എന്നപോലെ കണ്ടാസ്വദിച്ചു നിന്നതല്ലേ താൻ. വാദ്യ ഘോഷങ്ങളിൽ മുങ്ങിയ കല്ല്യാണച്ചടങ്ങുകൾക്കൊടുവിൽ വരന്‍റെ ഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കുള്ള മുഹൂർത്തമായി. അപ്പോഴാണ് ഭർതൃപിതാവ് തന്‍റെ അച്‌ഛനോടക്കാര്യം ചോദിച്ചത്.

“നിങ്ങൾ തരാമെന്നു പറഞ്ഞ തുക തന്നില്ലല്ലോ! അതങ്ങു കിട്ടിയാൽ ഞങ്ങൾക്കു പോകാമായിരുന്നു. സമയത്തിനു വീട്ടിൽ കയറാനുള്ളതാണേ…”

“തരാമെന്നു പറഞ്ഞ പണം? ആര് പറഞ്ഞു? എനിക്കൊന്നും മനസ്സിലായില്ല.” അച്‌ഛൻ ആശങ്കയോടെ ചോദിക്കുന്നത് ഇന്നലെയെന്നപോലെ കാതിലലയ്‌ക്കുന്നു!

“ഓഹോ, അപ്പോൾ നിങ്ങൾ നാടകം കളിക്കുകയാണല്ലേ? നിശ്ചയത്തിന്‍റെയന്ന് എന്താ പറഞ്ഞേ, 10 ലക്ഷം വരെ ചെലവാക്കാമെന്നല്ലേ?” ചെറുക്കൻ വീട്ടുകാരുടെ മട്ടും മാതിരിയും മാറുന്നത് ഉൾക്കിടിലത്തോടെ കണ്ടുനിന്നു.

“ചെലവാക്കാമെന്നു പറഞ്ഞാൽ അത് നിങ്ങൾക്ക് തരാമെന്ന വാക്കാണോ? ഞാൻ സ്‌ത്രീധനം നൽകുന്നതിനെക്കുറിച്ചല്ല പറഞ്ഞത്.” അച്‌ഛന്‍റെ മറുപടി അവർക്ക് ഒട്ടും ദഹിച്ചില്ലെന്ന് വ്യക്‌തമായി.

“നിങ്ങൾ തന്ന വാക്കുപാലിക്കണം. 10 ലക്ഷം കിട്ടാതെ പറ്റില്ല. അങ്ങനെ സമ്മതിച്ചതുകൊണ്ടാണല്ലോ ഈ കല്ല്യാണം നടത്താൻ തീരുമാനിച്ചത് തന്നെ.”

“ചേട്ടാ, നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചു എന്നതിൽ സങ്കടമുണ്ട്. ക്ഷമിക്കൂ.” കാര്യങ്ങൾ ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന് ബോധ്യമായപ്പോൾ അച്‌ഛൻ ക്ഷമയാചിച്ച് പ്രശ്നം ഒതുക്കാൻ ശ്രമിച്ചു. പക്ഷേ ഭർതൃപിതാവും അമ്മാവനും കാർക്കശ്യം വിടാൻ ഒരുക്കമല്ലായിരുന്നു. ഇതൊന്നും എന്‍റെ റോളല്ല എന്ന മട്ടിൽ കല്ല്യാണച്ചെറുക്കൻ ദൂരെമാറി നിന്ന് കൂട്ടുകാരോട് സംസാരിക്കുന്നു.

“ഞങ്ങടെ പയ്യൻ ഡോക്‌ടറാണെന്ന ഓർമ്മ വേണം. 50 ലക്ഷം വരെ തരാൻ തയ്യാറുള്ളവർ ക്യൂ നിൽക്കുമ്പോഴാ, നിങ്ങളുടെ മോളെ ഇഷ്‌ടപ്പെട്ടെന്ന് അവൻ പറഞ്ഞത്. ങാ.. അവന്‍റെ ഇഷ്‌ടമല്ലേ എതിരു നിൽക്കണ്ട എന്നു കരുതി. അതിപ്പോ ഇത്ര വലിയ ചതി ആവുമെന്ന് നിനച്ചില്ല.”

“എന്തായാലും ശരി… ഇത്രയും വലിയ തുക നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല, പെട്ടെന്ന് സംഘടിപ്പിക്കാവുന്ന തുകയല്ലല്ലോ നിങ്ങൾ ചോദിക്കുന്നത്. ഈ കല്ല്യാണച്ചെലവ് തന്നെ വളരെ കഷ്‌ടപ്പെട്ടാ കണ്ടെത്തിയത്. ഇനിയും താങ്ങാനുള്ള ശേഷി ഇപ്പോഴില്ല.”

അച്‌ഛൻ താഴ്‌ന്ന സ്വരത്തിൽ പറയുന്നത് ഞാൻ തല കുനിച്ചുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.

“കൊള്ളാം! കാശിനു പാങ്ങില്ലായിരുന്നേൽ കൊക്കിലൊതുങ്ങിയത് കൊത്തിയാ പോരായിരുന്നോ?” അയാൾ പുച്‌ഛത്തോടെ അച്‌ഛനെ നോക്കുന്നു.

“അനർത്ഥം പറയാതെ ചേട്ടാ, എത്രയും വേഗം ഞാൻ പണം എത്തിച്ചു തരാം. പക്ഷേ ഇപ്പോൾ ഈ പ്രശ്നം വിട്.”

“ഓ… എന്നാൽ തന്‍റെ മോളെ അപ്പോൾ ഞങ്ങൾ കൊണ്ടുപൊയ്‌ക്കോളാം, എന്താ?”

ഇത്രയുമായപ്പോൾ തന്‍റെ മൂന്നു സഹോദരന്മാർക്ക് ഇടപെടേണ്ടി വന്നു.

“നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല…”

“എന്തുകൊണ്ട് പറ്റില്ലാന്നാ…? വാടാ നമുക്ക് പോകാം…” അയാൾ മുരണ്ടുകൊണ്ട് തന്‍റെ കൂട്ടരെ ക്ഷണിച്ചു.

“നിങ്ങളുടെ മകൻ ഞങ്ങളുടെ സഹോദരിയെ വിവാഹം ചെയ്‌തു കഴിഞ്ഞിരിക്കുന്നു. അപ്പോൾ അവൾ നിയമപ്രകാരം അവന്‍റെ ഭാര്യയാണ്.”

“അക്കാര്യത്തിൽ ഞങ്ങളും എതിർപ്പ് പറഞ്ഞില്ലല്ലോ, പക്ഷേ കിട്ടാനുള്ളത് കിട്ടിയേ പറ്റൂ” ചെറുക്കന്‍റെ അച്‌ഛൻ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായിരുന്നില്ല.

“ഹേ മിസ്‌റ്റർ, സ്‌ത്രീധനം വാങ്ങുന്നത് കുറ്റകരമാണെന്ന് നിങ്ങൾക്ക് അറിയില്ലേ. കൂടുതൽ കലഹിച്ചാൽ ഞങ്ങൾ പോലീസിനെ വിളിക്കും.”

“എടാ, പോലീസ് എന്നുപറഞ്ഞു വിരട്ടാതെ… ഞങ്ങൾക്ക് നിങ്ങടെ പൈസയും വേണ്ട, നിങ്ങടെ പെണ്ണിനേം വേണ്ട… അത്ര തന്നെ. ഇവന് ഒരു പെണ്ണിനെ കിട്ടാനാണോ വിഷമം., നല്ല കാര്യമായി…!”

“ശരി നിങ്ങൾക്കിഷ്‌ടമുള്ളത് ചെയ്‌തോളൂ, ഇവൾ ഞങ്ങളുടെ കൂടപ്പിറപ്പാണ്. ഇവളെ പോറ്റാനുള്ള വക ഞങ്ങൾക്കിപ്പോഴുമുണ്ട്.”

“ആയിക്കോട്ടെ… നിങ്ങടെ പെങ്ങളെ നിങ്ങളു തന്നെയങ്ങ് സംരക്ഷിച്ചാട്ടേ…”

ഭർതൃവീട്ടുകാരുടേയും ആങ്ങളമാരുടേയും വാഗ്വാദത്തിനിടയിൽ അച്‌ഛനും അമ്മയും നിസ്സഹായരായി. ചെറുക്കൻ വീട്ടുകാർ തിരക്കിട്ട് ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അമ്മ വിലപിച്ചു.

“മക്കളേ, എന്താണിതൊക്കെ, പെൺകുട്ടിയുടെ കല്ല്യാണം കഴിഞ്ഞില്ലേ, ഇനി അവളെ ചെറുക്കന്‍റെ കൂടെ എങ്ങനെയെങ്കിലും വിടണം.”

“അമ്മ വിഷമിക്കാതെ, ഈ പണക്കൊതിയന്മാരുടെ വീട്ടിലേക്ക് നമ്മുടെ കുട്ടിയെ വിടാതിരിക്കുകയാണ് ഭേദം. ഇപ്പോഴെങ്കിലും ഇവരുടെ തനിസ്വരൂപം മനസിലായത് നന്നായി.”

“പക്ഷേ പെണ്ണിന്‍റെ ഭാവിയെക്കുറിച്ച് നിങ്ങൾ ആലോചിച്ചോ? വിവാഹിത എന്ന പേരുവീണില്ലേ. ഇനി നല്ലൊരു ബന്ധം കിട്ട്വോ. അവളെ എങ്ങനെയെങ്കിലും ചെറുക്കന്‍റെ കൂടെ വിടണം” അമ്മ കരഞ്ഞു.

“ഇത്തരം ഭീഷണിയിൽ ഭയന്ന് പണം കൊടുത്ത് നമ്മളവളെ അയച്ചാലും ജീവിതം സുഖകരമാവുമെന്ന് ഒരു ഉറപ്പുമില്ല അമ്മേ, ഇപ്പോൾ അവൾ നമ്മോടൊപ്പം ജീവനോടെ ഉണ്ടെന്ന് ആശ്വസിക്കാം. അല്ലെങ്കിൽ ചിലപ്പോൾ…”

“പക്ഷേ ചെറുക്കൻ വീട്ടുകാര് പറഞ്ഞത് കേട്ടില്ലേ, അവരു വേറെ കെട്ടും എന്ന്..”

“ആവട്ടെ നമുക്കും ആ വഴി നോക്കാം.”

പക്ഷേ അങ്ങനെയൊക്കെ പറയുന്നത് പോലെ കാര്യങ്ങൾ നടത്തുക അത്ര എളുപ്പമല്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു. കാര്യത്തോടടുത്തപ്പോൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു. കല്ല്യാണാലോചനയുമായി വന്നവരൊക്കെ ധനമോഹികളോ രണ്ടാംകെട്ടുകാരോ ആയിരുന്നു. ഒരൊറ്റ ചെക്കനേയും ഉത്തരയ്‌ക്കും ഇഷ്‌ടമായില്ല. 30 വയസ്സു കഴിഞ്ഞതോടെ കല്ല്യാണാലോചനകളുടെ ഒഴുക്കും നിലച്ച മട്ടായി.

“നിങ്ങൾ ഈ വീട് വിറ്റിട്ടായാലും പെണ്ണിനെ ഇറക്കി വിട്…” അമ്മയ്‌ക്ക് എപ്പോഴും ഈ പല്ലവി മാത്രം. യൗവനം പിന്നിട്ട മകൾ വീട്ടിൽ അവിവാഹിതയായി കഴിയുന്നത് ഓർത്താൽ ഏത് അമ്മയാണ് വിഷമിക്കാതിരിക്കുക?

ഭാര്യയുടെ സങ്കടവും നിർബന്ധവും സഹിക്കാനാവാതെ ഉത്തരയുടെ അച്‌ഛൻ ചെറുക്കൻ വീട്ടുകാരെ വീണ്ടും പോയി കണ്ടുനോക്കി. ചെറുക്കൻ വിവാഹിതനായിട്ടില്ല. പക്ഷേ അവൻ വിദേശത്താണത്രേ. നാട്ടിലേക്ക് മടങ്ങാൻ താല്‌പര്യമില്ല. അതുകൊണ്ട് പെൺകൊച്ചിന്‍റെ ഭാവിയെ കരുതി അവളെ വേറെ കെട്ടിക്കുകയാണ് ഉത്തമം. ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല. അവരുടെ സംഭാഷണത്തിന്‍റെ ചുരുക്കം അതായിരുന്നു. അതോടെ അവശേഷിച്ച ആശയും അസ്‌തമിച്ചു. ആ നിരാശയിൽ അച്‌ഛൻ രോഗബാധിതനായി. താമസിയാതെ അദ്ദേഹത്തിന്‍റെ വേർപാടും സംഭവിച്ചു.

അമ്മയും താനും വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ മൂത്ത ചേട്ടനാണ് അവർക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടത്. സുധീറേട്ടന് റെയിൽവേയിലാണ് ജോലി. അവിടെ സ്വന്തമായ വീടുണ്ട്. നല്ല നിലയിലാണ് സുധീറിന്‍റെ ജീവിതം. മുംബൈയിൽ വീട്ടിലെ ജോലികൾ അമ്മ ഏറ്റെടുത്തു. രണ്ടുപേരും ജോലിക്കു പോയാൽ പിന്നെ കുട്ടികളെ നോക്കുന്ന ജോലി ഉത്തരയ്‌ക്കുമായി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇളയ സഹോദരന്‍റെ വിളി വന്നു. അമ്മ കൂടെ ചെല്ലണം. ഭാര്യയുടെ പ്രസവമടുത്തു. അവളുടെ അമ്മ നേരത്തേ മരിച്ചു. അപ്പോൾ പിന്നെ അമ്മയുടെ സ്‌ഥാനത്തു നിന്ന് കാര്യങ്ങൾചെയ്യേണ്ടത് വേറെ ആരാണ്? അമ്മയ്‌ക്കും സന്തോഷമായിരുന്നു. അങ്ങനെ ഉത്തരയും അമ്മയോടൊപ്പം പോയി.

ഇപ്പോൾ അവളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. മാറി മാറി മൂന്നു സഹോദരങ്ങൾക്കു വേണ്ടി പാദസേവ ചെയ്യുക. രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ഉത്തര ജീവിക്കുകയാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും പരിമിതമായ ജീവിതം. മറ്റുള്ളവർക്കു വേണ്ടി ഉരുകി വെളിച്ചം പരത്തുന്ന മെഴുകുതിരി പോലെ. ആൾക്കൂട്ടത്തിലെ ഏകാകിയെപ്പോലെ അവൾ മൂകമായി, ചുറ്റുമുള്ള നിറക്കാഴ്‌ച്ചകൾ അവളെ ആകർഷിച്ചതുമില്ല. വല്ലപ്പോഴും നിറയുന്ന മിഴികൾ തനിക്കും മനസ്സുണ്ടെന്ന തോന്നൽ അവളിലുണ്ടാക്കി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...