സമയചക്രം പലവട്ടം കറങ്ങിക്കഴിഞ്ഞു. എനിക്കൊരു കുടുംബമായി, നിനക്കും. മനസിൽ പ്രേമമുണ്ടായിരുന്നത് ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇതിനർത്ഥം ഞാനെന്‍റെ കുടുംബത്തോട് വഞ്ചന ചെയ്യുമെന്നോ, നിന്നെ കാണുന്നതിനോ നിന്നെ ലഭിക്കുന്നതിനോ വേണ്ടി അസ്വസ്ഥനാവുന്നു എന്നോ അല്ല. എന്‍റെ പരിമിതികളെ അവഗണിക്കാൻ സാധിക്കുമോ? ഇതു ശരിയാണോ? എനിക്കെന്തെങ്കിലും പിഴവു സംഭവിക്കുമോ?
പ്രണയിക്കുക എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആരുടെയെങ്കിലും വിശ്വാസം തകർത്ത് സ്വയം സുഖിക്കുകയെന്നല്ലല്ലോ? ഞാൻ സന്തുഷ്ടനാണ്. വളരെയേറെ. നിന്‍റെ കൂടെ ജീവിക്കുമായിരുന്നെങ്കിൽ ഞാൻ എത്ര സന്തുഷ്ടനാകുമായിരുന്നോ അതിലേറെ സംതൃപ്തമാണ് ഇപ്പോൾ അവളോടൊത്തുള്ള ജീവിതം.
പിന്നെയെന്താണെന്നറിയില്ല ഇന്ദ്രിയങ്ങൾ വഴി തെറ്റിപ്പോകുന്നത്. നീ എന്നെ കാണാതെ അസ്വസ്ഥനാണെന്നതാണ് ഈ വഴി തെറ്റലിനു കാരണം. രാപകൽ നീയെന്നെക്കുറിച്ച് ആലോചിക്കുന്നില്ലേ. ഞാനുമായി കൂടിക്കാഴ്ച നടത്തുവാനാഗ്രഹിക്കുന്നില്ലേ? നീയെന്‍റെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കുന്നു. ഞാനിന്ന് ഉത്തരവാദിത്തങ്ങളിൽ നിന്നും പുറം തിരിയുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ നീയുമായി മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നു. എന്നാലവസാനം ഈ ചെയ്തികളെക്കുറിച്ചോർത്ത് കോപാകുലനുമാകുന്നു. എന്താണെനിക്കിങ്ങനെ സംഭവിക്കുന്നത്?
ഞാനെന്‍റെ കുടുംബത്തെ ഉപേക്ഷിക്കുവാനാഗ്രഹിക്കുന്നില്ല. അവർ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. നീയും ഈ വിഷമസ്ഥിതിയിൽ കുടുങ്ങിയിരിക്കുകയാണോ, നിനക്കു മുന്നിലും യാതൊരു മാർഗ്ഗവുമില്ലെ, എന്നെ അസ്വസ്ഥനാക്കുന്നതെന്തിനാണ്?
അവനവനു വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നത്. അവനവന്‍റെ സുഖത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നത്. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയെന്നതാണ് യഥാർത്ഥ ജീവിതം. പലപ്പോഴും സ്വയം നഷ്ടപ്പെട്ടു പോകുന്നു. വിചിത്രമാണ് മനസ്സിന്‍റെ ഈ അവസ്‌ഥ. ജീവിത യാഥാർത്ഥ്യവുമായി ഒരു കളിതമാശ അപരാധമാണെന്നറിയാം. അതാണിപ്പോൾ ഞാൻ ചെയ്യുന്നത്.
“മതി, ഇനിയെഴുതുന്നതു നിർത്തൂ.” അടുക്കള ഭാഗത്തു നിന്നുയർന്നു വന്ന നമ്രതയുടെ തീക്ഷ്ണസ്വരം കേട്ട് പെട്ടെന്ന് വികാസിന്‍റെ പേനയൊന്നിളകി. അയാളപ്പോൾ ഏകാഗ്ര ചിത്തനായിരുന്നു.
“ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ? എനിക്ക് വിശന്നിട്ടു വയ്യ. നിങ്ങളുടെ ഈ എഴുത്തുകുത്ത് കഴിഞ്ഞു വേണം എനിക്കിത്തിരി ഭക്ഷണം കഴിക്കാൻ.” നമ്രത ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വയ്ക്കുന്നതിനിടയിൽ പറഞ്ഞു.
എഴുത്തവസാനിച്ചു. പക്ഷേ മനസ്സിൽ കഴിഞ്ഞു പോയ ചിത്രങ്ങൾ പൊങ്ങി വന്നിരുന്നു. ഇവയെ ആധാരമാക്കിയാണ് വികാസ് പുതിയ നോവലെഴുതിക്കൊണ്ടിരുന്നത്. അയാൾ മനസ്സില്ലാമനസ്സോടെ ഡൈനിംഗ് ടേബിളിനടുത്തിട്ടിരിക്കുന്ന കസേരയിൽ പോയിരുന്നു.
“പ്രസിദ്ധീകരണക്കാർക്ക് മറ്റന്നാൾ കൊടുക്കേണ്ടതാ. അൽപം താമസിച്ചാൽ വെള്ളത്തിൽ വരച്ച വര പോലെയാകും.” വികാസ് തന്‍റെ പ്ലേറ്റ് അടുത്തേക്ക് നീക്കിക്കൊണ്ട് പറഞ്ഞു.
“ശരിയാണ്. എന്നാൽ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമല്ലേ. അപ്പോഴല്ലേ ബുദ്ധി പ്രവർത്തിക്കൂ” നമ്രത വളരെ സ്നേഹത്തോടെ വികാസിന്‍റെ മുടി തലോടിക്കൊണ്ട് പറഞ്ഞു.
“ശരി, ഇപ്പോഴെന്താണെഴുതിക്കൊണ്ടിരിക്കുന്നതെന്നു പറയൂ. അതെക്കുറിച്ചൊന്നും പറയാറില്ലല്ലോ?” വികാസ് ഒന്ന് പരിഭ്രമിച്ചു. നമ്രത തന്‍റെ ജീവിതത്തെ ചികയുകയാണോ എന്ന് അയാൾക്കു തോന്നി. അവളോട് എന്താ പറയുക.
“പുതുമയുള്ളതൊന്നുമില്ല. ചിക്കിച്ചികഞ്ഞ ഭാഗങ്ങൾ പുതിയ രീതിയിൽ, പുതിയ ശബ്ദങ്ങൾ ചേർത്ത് വിളമ്പുന്നു എന്നു മാത്രം.”
“കഥാംശങ്ങൾ യാഥാർത്ഥ്യം തന്നെയായിരിക്കും. ഈ ശബ്ദങ്ങൾ തന്നെയായിരിക്കും. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. അങ്ങനെയെങ്കിൽ എന്തു നല്ല കഥയാണെഴുതിയിരിക്കുന്നത് എന്നാളുകൾക്ക് തോന്നും.” നമ്രതയുടെ വാക്കുകൾ വികാസിന്‍റെ മനസ്സിന്‍റെ ഭാരം വർദ്ധിപ്പിച്ചു.
“നീയെന്താണ് വിചാരിക്കുന്നത്. ഈ എഴുത്തുകാരന് പുതിയതായി ഒന്നും നൽകാൻ സാധിക്കില്ലെന്നോ?”
“ഉവ്വ്, നൽകാനാകും. ഒരു പുതിയ നോവൽ” നമ്രത പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.
വികാസ് നിശബ്ദനായിരുന്നു. ഭക്ഷണം കഴിച്ചു തുടങ്ങി. നമ്രതയ്ക്ക് എഴുത്തുകാരന്‍റെ മനസ്സോ ഭാവനയോ ഒന്നുമറിയില്ലെന്നയാൾക്കു തോന്നി. എങ്ങനെയറിയാനാണ്. ശാസ്ത്രം പഠിച്ചവർക്ക് സാഹിത്യത്തെക്കുറിച്ച് ഒരറിവുമുണ്ടാകില്ല. എഴുത്തിന്‍റെ വ്യഥ അറിയുമായിരുന്നെങ്കിൽ അവൾക്കെന്നെ മനസ്സിലാകുമായിരുന്നു.
“നോക്കൂ, ഞാൻ പ്രിയയെ സ്കൂളിൽ കൊണ്ടു വിടാൻ പോകുവാ. അതുകൊണ്ട് താക്കോൽ അടുത്ത വീട്ടിലേൽപ്പിച്ച് പോയാൽ മതി.”
നമ്രതയും ജ്യോതിയും തമ്മിൽ വലിയ അന്തരമുണ്ടെന്നയാൾക്കു തോന്നി. ഒരാൾ ആകാശമെങ്കിൽ മറ്റൊരാൾ ഭൂമി. ഞാനോ… സാഹിത്യകാരൻ.
എഴുത്തുകാരൻ ഉപയോഗമില്ലാത്തവനൊന്നുമല്ല. മൂന്നുനേരത്തെ ഭക്ഷണത്തിനുള്ള വകയുണ്ടാക്കുന്നുണ്ട്. പ്രിയയെ നല്ലൊരു സ്കൂളിലാണ് പഠിപ്പിക്കുന്നത്. വീട്ടുചെലവും നടന്നു പോവുന്നുണ്ട്. നമ്രതയും സന്തുഷ്ടയാണ്. ഇതിനപ്പുറമെനിക്കെന്താണ് വേണ്ടത്? പക്ഷേ… നമ്രത ശരിക്കും നമ്രയാണ്. ജ്യോതി എന്‍റെ ജീവിതത്തിലെ വിളക്കും. ഞങ്ങളൊന്നിച്ചായിരുന്നെങ്കിൽ സുഖമായി ജീവിക്കുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.
ഞാൻ ഒരു സാധാരണ മനുഷ്യനും ജ്യോതി ചപല സ്വഭാവമുള്ള, ആധുനികതയുടെ കൊടുങ്കാറ്റിൽ പെട്ടുലയുന്ന ഒരു ചഞ്ചലചിത്തയായ പെൺകുട്ടിയും. ഞാനവളെ ആഗ്രഹിച്ചിരുന്നു… അവളെക്കാണുമ്പോഴെല്ലാം ഇവളാണെന്‍റെ ജീവിതത്തിന്‍റെ ഏകാശ്രയമെന്ന് തോന്നിയിരുന്നു.
എനിക്കറിയാം, അവളുടെ വീട്ടുകാരെന്നെ തൊഴിൽരഹിതൻ, കൊള്ളരുതാത്തവൻ, ഉപയോഗശൂന്യൻ എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാൽ വാസ്തവത്തിൽ ഞാനങ്ങനെയൊന്നുമായിരുന്നില്ല. അപ്പോഴും പഠിക്കുവാനുള്ള താൽപര്യവും എന്തെങ്കിലുമൊക്കെ ആയി തീരുവാനുള്ള ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. ജ്യോതിക്കത് അറിയാമായിരുന്നതു കൊണ്ടായിരിക്കും അവളെന്നെ സ്നേഹിച്ചത്.
ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ നടന്നില്ല. അവൾ തന്‍റെ കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അകന്നു പോയി. അവസാനം ഞാനും ഗത്യന്തരമില്ലാതെ മറ്റൊരു വിവാഹം കഴിച്ചു.
ഒരു സാധാരണ കുടുംബാംഗമായ നമ്രത അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവളിലെ സംസ്കാര സമ്പന്നത ഇരു കുടുംബങ്ങളെയും പരസ്പരം അടുപ്പിച്ചു. ശരിയാണ്, മനസ്സിൽ ജ്യോതിയുടെ ഓർമ്മ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. എന്നാൽ നമ്രതയുടെ പെരുമാറ്റം എന്നെ തീർത്തും അവളുടേതു മാത്രമാക്കി.
കാലാന്തരത്തിൽ നമ്രത പ്രിയയ്ക്ക് ജന്മം നൽകി. ജ്യോതിയ്ക്കും ഇതേ സമയമൊരാൺകുട്ടി പിറന്നതായി അറിഞ്ഞിരുന്നു. ജ്യോതി സ്വപ്നം കണ്ടതു പോലുള്ള ജീവിതമല്ല അവൾക്കു ലഭിച്ചിരുന്നത്. അവൾക്ക് തന്‍റെ കുടുംബവുമായുള്ള ബന്ധം മടുത്തിരുന്നു.
എന്നെക്കുറിച്ചുള്ള ഓർമ്മകൾ അലട്ടിയപ്പോൾ ഫോൺ മണികൾ മുഴങ്ങുവാൻ തുടങ്ങി. സംസാരം തഴയ്ക്കുവാൻ തുടങ്ങി. വീണ്ടും പുതിയ രീതിയിൽ സ്നേഹബന്ധം തളിരിട്ടു. പലപ്പോഴും ഞാൻ സ്വയം കുറ്റപ്പെടുത്തി. നമത്രയെ വഞ്ചിക്കുന്നത് തെറ്റാണെന്ന് എിക്ക് തോന്നിയിരുന്നു. അവൾക്കെതിരെ ചിന്തിക്കും വിധം അവളിൽ യാതൊരു കുറ്റവും കണ്ടുപിടിക്കുവാൻ എനിക്ക് സാധിച്ചില്ല. ഇല്ല, ഞാനങ്ങനെ ചെയ്യുകയില്ല. നമ്രതയെ ഉപേക്ഷിക്കുവാൻ സാധിക്കില്ലെന്നു മാത്രമല്ല നമ്രതയെ വിട്ടു നിൽക്കുന്നതിനെ കുറിച്ചാലോചിക്കാൻ പോലും വയ്യ. അവൾക്കെന്നെ കൂടാതെ ജീവിക്കാൻ സാധിക്കില്ല. അവളെന്നെ വളരെയേറെ സ്നേഹിക്കുന്നു. ഞാനവളെയും.
എനിക്ക് വഴിതെറ്റിപ്പോയി, ഇതെനിക്കറിയാം. ജ്യോതിയും സ്നേഹമാഗ്രഹിക്കുന്നുണ്ട്. ഇതിലവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ആരുടെയെങ്കിലും മനസ്സിനെ നോവിച്ച് എന്‍റെ സ്നേഹം നേടിയെടുക്കാനവളാഗ്രഹിക്കുന്നുമില്ല.
എന്താണ് ശരി എന്താണ് തെറ്റ്, ഒന്നും മനസ്സിലാവുന്നില്ല. നമ്രതയോടെല്ലാം പറഞ്ഞാലോ? നമ്രതയുടെ മനസ്സിൽ ജ്യോതിയുമായുള്ള ബന്ധത്തെ പറ്റി സംശയം തോന്നിയാലോ… എന്‍റെ ജീവിതത്തിലെ അഗ്നിപർവ്വതം എന്നാണാവോ പൊട്ടിത്തെറിക്കുക. തന്‍റെ ഭർത്താവ് പരസ്ത്രീയുമായി ബന്ധമുള്ളവനാണെന്നറിയുവാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല.
ഞാൻ നമ്രതയുടെ സ്വന്തമാണ്. എന്‍റെ മനോവിഷമം അവൾ മനസ്സിലാക്കുമോ?
കോളിംഗ് ബെൽ അടിച്ചപ്പോൾ വികാസ് സ്വപ്ന ലോകത്തിൽ നിന്നും ഞെട്ടിയുണർന്നു. കഥയിൽ നമ്രതയെയും ജ്യോതിയേയും കുറിച്ച് പരാമർശിക്കുന്നത് തെറ്റാണെന്ന് അയാൾക്ക് തോന്നി. നമ്രതയിത് വായിക്കുകയാണെങ്കിൽ തീർച്ചയായും അവൾക്ക് സംശയം തോന്നും. എഴുത്തുകാരൻ തന്‍റെ ജീവിതത്തിലെ സംഭവങ്ങൾ എഴുതി തന്‍റെ ദുഃഖമകറ്റുന്നു എന്ന കാര്യം അവൾക്കറിയാവുന്നതാണ്. ഞാനെന്‍റെ ജീവിതം പകർത്തിയിരിക്കുന്നതായി അവൾക്കു തോന്നിയാലോ?
വീണ്ടും കോളിംഗ് ബെൽ അടിച്ചപ്പോൾ വികാസ് വേഗമെഴുന്നേറ്റ് വാതിൽ തുറന്നു. നമ്രത സ്കൂളിൽ നിന്നും പ്രിയയെ വിളിച്ചു കൊണ്ടു വന്നതായിരുന്നു.
“വാതിൽ തുറക്കുവാനിത്രയും നേരമോ… എഴുതുവാനായി ഇരിക്കുകയായിരുന്നോ?” നമ്രത ചോദിച്ചു.
“ഉവ്വ്, മുഴുവൻ പാരഗ്രാഫും തീർത്തിട്ട് എഴുന്നേൽക്കാമെന്ന് വിചാരിച്ചു.” ഇത്രയും പറഞ്ഞ് വികാസ് തന്‍റെ മുറിയിലേക്കു പോയി. അയാൾ തന്‍റെ നോവലിൽ പരാമർശിച്ചിരിക്കുന്ന നമ്രതയുടെയും ജ്യോതിയുടേയും പേരുകൾ വെട്ടുവാൻ തുടങ്ങി. തന്‍റെ ജീവിതത്തിലെ യാഥാർത്ഥ്യം നമ്രത അറിയരുതെന്നയാൾ ആഗ്രഹിച്ചു.
വികാസ് തന്‍റെ കഥ ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ സ്ഥിതിയിൽ അയാൾ അസ്വസ്ഥനായിരുന്നു. തന്‍റെ വിഷമതകൾ മനസ്സിലാക്കാനാരുമില്ലെന്നതിനാലാണ് നോവലെഴുതാൻ തുടങ്ങിയത്. തന്‍റെ ദുഃഖവും വിഷമവുമെല്ലാം ആരുമായി പങ്കുവയ്ക്കും?
മറ്റെന്തെങ്കിലും വിഷമതകളായിരുന്നെങ്കിൽ നമ്രതയുമായി പങ്കു വയ്ക്കാമായിരുന്നു. എന്നാലിത് ജ്യോതിയെക്കുറിച്ചായതിനാൽ സമൂഹമിതിനെ തെറ്റായി മാത്രമേ കരുതുകയുള്ളൂ. വികാസിന്‍റെയും ജ്യോതിയുടെയും ബന്ധത്തിന് സെക്സിന് സ്‌ഥാനമില്ലായിരുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. അവർ അത്തരത്തിൽ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
എന്നാൽ സമൂഹത്തിന് ഈ പവിത്രതയെച്ചൊല്ലി എന്താവലാതിയാണുള്ളത്. ഒരാൺകുട്ടിയും പെൺകുട്ടിയും കൂടി ഒരുമിച്ചു പോകുന്നതു കണ്ടാൽ മതി കടുകോളം ചെറിയ കാര്യം പർവ്വതത്തോളം പെരുപ്പിച്ചു കാണിക്കും. എനിക്ക് സമൂഹത്തെ ഭയമില്ല. ഭയമുണ്ടെങ്കിൽ നമ്രതയെ കുറിച്ചോർക്കുമ്പോൾ മാത്രം. അവൾക്കെന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്ന ഭയം ഇല്ല. ഞാനൊരിക്കലും പറയില്ല. ഞാൻ സ്ഥിതിഗതികൾ മോശമാക്കാനാഗ്രഹിക്കുന്നില്ല.
ഒരുപക്ഷേ നമ്രത എന്നെ മനസിലാക്കി വിശ്വാസപൂർവ്വം ജ്യോതിയെ സ്വീകരിക്കുമെങ്കിൽ പ്രശ്നമെത്ര ലളിതമായിത്തീർന്നേനേ… ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നെനിക്കറിയാം. എന്‍റെ ചിന്തകളും പ്രവൃത്തികളും ഒരിക്കലും വിശ്വാസവഞ്ചന ചെയ്‌തിട്ടില്ല.
എല്ലാം അവസാനിപ്പിക്കാൻ ജ്യോതിയോട് തുറന്നു പറഞ്ഞാലോ. നിനക്ക് ഭർത്താവുണ്ട്, കുട്ടിയുണ്ട്. നിന്‍റേതായ ജീവിതമുണ്ട്. അത് ജീവിക്കൂ… എന്നിലെന്താണുള്ളത്, ഞാൻ നിസ്സഹായൻ. കുടുംബസമ്മർദ്ദങ്ങൾ സഹിച്ച് ജീവിക്കുന്ന ഒരാൾ.
ഞാൻ ജ്യോതിയോട് അന്യായം ചെയ്യില്ല. ദുഃഖങ്ങൾക്കിടയിൽ നിന്ന് ചില നിമിഷങ്ങളെങ്കിലും സന്തോഷത്തോടെ ചെലവഴിക്കാനാണ് എന്നെ അവൾ ഫോൺ ചെയ്യുന്നതും കാണാൻ ശ്രമിക്കുന്നതും.
“വിഷമിച്ചിരിക്കുന്നതെന്താണ്?” നമ്രത മുറിയിലേക്ക് പ്രവേശിച്ചു കൊണ്ട് ചോദിച്ചു.
വികാസ് ഞെട്ടിപ്പോയി. തന്‍റെ മുഖത്തെ വിഷാദഭാവം മറച്ചു വച്ച് അയാൾ ചിരിക്കുവാൻ ശ്രമിച്ചു.
“എവിടെയെങ്കിലും ഉടക്കിയോ? എന്താ കഥ മുന്നോട്ടു പോകുന്നില്ലേ?” നമ്രത ചോദിച്ചു.
“ഇല്ല… അങ്ങനെയൊന്നുമില്ല നമ്രതേ, ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ പ്രതിസന്ധികൾ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കും.”
“ഇത് കഥയിലാണോ അതോ താങ്കൾക്കാണോ?”
അയാൾ വല്ലാതെയായി. മനസ്സിലുള്ളത് പുറത്ത് വന്ന് സംഗതിയാകെ വഷളാകുമോ എന്നുപോലുമയാൾ ഭയന്നു. അതിനാൽ തന്‍റെ ഭാഗം ന്യായീകരിക്കും വിധം പറഞ്ഞു.
“ഇല്ല കഥയിലിതുപോലൊരു ഡൈവേർഷനുണ്ട്.”
“എഴുത്തുകാരന് തന്‍റെ എല്ലാ പ്രശ്നങ്ങളും എഴുത്തിലൂടെ ദൂരീകരിക്കാവുന്നതല്ലേയുള്ളൂ, ഇനി പറ്റില്ല എന്നുണ്ടെങ്കിൽ ആ പേനയിങ്ങു തരൂ ഞാൻ ശരിയാക്കിത്തരാം.” നമ്രത പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
നമ്രതയുടെ ചിന്താശക്തി അപാരമായിരുന്നു. നമ്രതയോടെല്ലാം തുറന്നു പറഞ്ഞ് ഈ ആന്തരിക സംഘർഷത്തിൽ നിന്നും മോചനം നേടണമെന്ന് വികാസ് ആഗ്രഹിച്ചു. അയാൾ ചോദിച്ചു. “നമ്രതേ, ഭാര്യാഭർതൃ ബന്ധത്തിനിടയ്ക്ക് മറ്റൊരു പെൺകുട്ടി വരുകയാണ്. ആ പെൺകുട്ടി ഭർത്താവിന്‍റെ പൂർവ്വകാമുകിയുമാണ്. വർഷങ്ങൾക്കുശേഷം തന്‍റെ പൂർവ്വ കാമുകനിൽ നിന്നും അതേ സ്നേഹം അവൾ ആഗ്രഹിക്കുന്നു. ഈയവസ്ഥയിൽ ആ ഭാര്യാഭർത്താക്കന്മാർ എന്തു ചെയ്യും?”
“ഇതു ചോദ്യമാണോ അതോ കഥയുടെ ഭാഗമാണോ?”
“കഥയുടെ ഈ ഭാഗത്താണ് ഞാനുടക്കിയിരിക്കുന്നത്.”
“ഇതിനായി എനിക്ക് നിങ്ങളുടെ കഥ മുഴുവനും വായിക്കേണ്ടി വരും. ഇങ്ങു തരൂ… ഇത്രയും പറഞ്ഞ് നമ്രത ഫയലെടുത്ത് മറിച്ചു നോക്കി.
ആദ്യം വികാസ് നമ്രതയെ തടയുവാനാഗ്രഹിച്ചു. പക്ഷേ പെട്ടെന്ന് നിന്നു പോയി. വരാനുള്ളതു വഴിയിൽ തങ്ങില്ല. അറിയട്ടെ എല്ലാം. കഥയിൽ ഇടയ്ക്കിടെ ജ്യോതിയുടെയും നമ്രതയുടെയും പേരുകൾ വെട്ടിയിട്ടുണ്ടായിരുന്നില്ല. എന്‍റെ വിഷമത്തിന്‍റെ കാരണമെന്താണെന്നവളറിയും. എന്നായാലും സത്യാവസ്‌ഥ പുറത്തു വരാനുള്ളതല്ലേ. അയാൾ ആശ്വസിച്ചു.
നമ്രതയാഗ്രഹിക്കുകയാണെങ്കിൽ ഞാനെല്ലാം ഉപേക്ഷിക്കാൻ തയ്യാറാണ്. ജീവിതത്തിലെല്ലാ മനുഷ്യർക്കും ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു പറഞ്ഞ് ഞാനവളോടു മാപ്പു ചോദിക്കും. അതിനു ശേഷം ഞാൻ ജ്യോതിയോട് എന്‍റെ ജീവിതത്തിൽ നിന്ന് അകലാൻ അപേക്ഷിക്കും. എനിക്കെന്‍റെ കുടുംബമാണ് വലുത്.
വിവാഹത്തിനു മുമ്പ് ഞാൻ ജ്യോതിയെ സ്നേഹിച്ചിരുന്നു. വിവാഹശേഷം അവളെന്‍റെ ജീവിതത്തിലേക്ക് വരുന്നത് തെറ്റാണ്. അവൾ എങ്ങനെ ജീവിച്ചാലും വിരോധമില്ല. അവൾക്ക് അവളുടേതായ ജീവിതമുണ്ട്.
ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് നമ്രത വികാസിനെ നോക്കി. ഇനിയെന്താകും എന്നോർത്ത് വികാസ് അസ്വസ്ഥനായി. ഇമവെട്ടാതെ അയാൾ ഭാര്യയെ നോക്കി ക്കൊണ്ടിരുന്നു.
നമ്രത ഫയൽ ഒരു വശത്തേക്കു വച്ച് എഴുന്നേറ്റു നിന്നു. ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് പറഞ്ഞു. “വികാസ്, ജീവിതമെന്നത് കഥകൾ കൂടിച്ചേർന്നുണ്ടായ ലോകമാണ്. ഈ കഥകളും കഥാഭാഗങ്ങളും യാഥാർത്ഥ്യമായില്ലെങ്കിൽ പിന്നെ ജീവിതമേ ഉണ്ടാകില്ലായിരുന്നു. ഏതെങ്കിലുമൊരു ഭാഗം അപൂർണ്ണമായി നിന്നു പോയാൽ ജീവിതം തന്നെ നിന്നു പോകും. ഇത് മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. ജീവിതം ഒരു നദിയാണ്. നദിയുടെ പ്രവാഹം നിലച്ചു പോയാൽ അതിലെ വെള്ളം ദുർഗന്ധമുള്ളതും ഉപയോഗശൂന്യവുമാവും.” ചെറിയ മൗനത്തിനു ശേഷം നമ്രത പറഞ്ഞു.
“ജീവിതം അഥവാ ജീവിതവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇടയ്ക്കുവെച്ച് നിന്നു പോകുമ്പോൾ ജീവിതത്തിന്‍റെ രസം തന്നെയില്ലാതായിത്തീരും. ജീവിതത്തിലൊരു ഭാഗവും അപൂർണ്ണമാവരുത്. പൂർണ്ണമായാൽ മാത്രമേ ഒരു നോവൽ തയ്യാറാവുകയുള്ളൂ. ജീവിതത്തിന്‍റെ ബാക്കി ഭാഗവും പൂർണ്ണമാകാനനുവദിക്കൂ… നോവൽ ശ്രേഷ്ഠമാകുമോ എന്നു നോക്കാം.” ഇത്രയും പറഞ്ഞ് നമ്രത മുറിയിൽ നിന്നിറങ്ങിപ്പോയി. വികാസ് ഒന്നും മിണ്ടാതെ അവൾ പോവുന്നതു നോക്കിയിരുന്നു.